UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നില്‍പ്പുസമരം: ചര്‍ച്ച പരാജയം

Avatar

എം കെ രാംദാസ്

സെക്രട്ടറിയേറ്റിന് മുന്നിലെ ആദിവാസികളുടെ നില്‍പ്പുസമരം അവസാനിപ്പിക്കാനുള്ള നീക്കം വീണ്ടും പരാജയപ്പെട്ടിരിക്കുന്നു. അമ്പത്തിരണ്ട് ദിവസം പിന്നിടുന്ന സമരത്തിന് ആധാരമായ വിഷയങ്ങള്‍ തത്വത്തിലംഗീകരിക്കുന്ന സര്‍ക്കാര്‍ നിലപാടിനെ അതേ വിധത്തില്‍ അംഗീകരിക്കാന്‍ ആദിവാസി ഗോത്ര മഹാസഭ തയ്യാറല്ല. നിയമങ്ങളും കരാറുകളും നടപ്പില്‍ വരുത്തുന്നതില്‍ സര്‍ക്കാര്‍ ഭാഗത്തു നിന്നുണ്ടാവുന്ന വീഴ്ച ആദിവാസികള്‍ ചൂണ്ടിക്കാണിക്കുന്നു.

പട്ടികവര്‍ഗ മേഖല പ്രഖ്യാപനമെന്ന പ്രധാന ആവശ്യം അംഗീകരിക്കാന്‍ ഇന്നത്തെ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി പി കെ ജയലക്ഷ്മിയും തയ്യാറായി. 1996-ലെ പ്രസ്തുത നിയമം നടപ്പിലാക്കിയ ഒറീസ, മധ്യപ്രദേശ്, ഝാര്‍ഘണ്ട് എന്നിടങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ക്രോഢീകരിക്കണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിനായി ഒരു മാസത്തെ സമയം ആവശ്യമാണെന്നും ഇതിനിടയില്‍ കാര്യങ്ങള്‍ക്ക് വ്യക്തതയുണ്ടാക്കാമെന്നും സര്‍ക്കാര്‍ ഭാഗത്തുനിന്നും നിര്‍ദ്ദേശമുണ്ടായി. മന്ത്രിസഭാ തീരുമാനമെന്ന കടമ്പ കടക്കാന്‍ ഇത്തമൊരു റിപ്പോര്‍ട്ട് ആവശ്യമാണെന്ന വിശദീകരണമാണ് സര്‍ക്കാര്‍ ഭാഗത്തുനിന്നും ഉണ്ടായത്.

വനാവകാശ നിയമം എന്ന ആവശ്യം പൂര്‍ണമായും അംഗീകരിക്കാനുള്ള സന്നദ്ധത ചര്‍ച്ചയില്‍ സര്‍ക്കാര്‍ പ്രകടിപ്പിച്ചു. നിയമം നടപ്പിലാക്കുന്നതിലുള്ള കാലതാമസവും വൈമുഖ്യവും പരിഹരിക്കാന്‍ നടപടി വേണമെന്ന നിലപാടാണ് സമര സമിതി ഇക്കാര്യത്തില്‍ സ്വീകരിച്ചത്.

മുത്തങ്ങ ഇരകള്‍ക്ക് വാഗ്ദാനം ചെയ്ത നഷ്ടപരിഹാരവും പുനരധിവാസവും വീണ്ടും ഉറപ്പ് നല്‍ക്കാനും ഒരിക്കല്‍ക്കൂടി സര്‍ക്കാര്‍ ഭാഗം ശ്രമിച്ചു. നടപ്പിലാവാത്ത ഇത്തരം ഉറപ്പുകളുടെ വ്യര്‍ത്ഥത തുറന്ന് കാണിക്കാന്‍ ഇന്നത്തെ കൂടിക്കാഴ്ചയില്‍ ശ്രമമുണ്ടായി. ആറളം കമ്പനി പിരിച്ചുവിടണമെന്ന ആവശ്യം അംഗീകരിക്കാന്‍ ഇപ്പോള്‍ തയ്യാറല്ല എന്ന സൂചനയാണ് മുഖ്യമന്ത്രി നല്‍കിയത്. പുനരധിവസിപ്പിക്കപ്പെട്ട ആദിവാസികളുടെ ഉന്നമനത്തിന് കമ്പനി ഗുണകരമാണ് എന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. ആറളത്തെ ആദിവാസികള്‍ക്ക് പ്രത്യേക പാക്കേജെന്ന നിര്‍ദ്ദേശവും കൂടിക്കാഴ്ചയില്‍ ഉയര്‍ന്നു.

നില്‍പ്പ് സമരം- അഴിമുഖം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ 

നിങ്ങളൊരുത്തരം തന്നേ പറ്റൂ- ഗീതാനന്ദന്‍ സംസാരിക്കുന്നു
ഇനിയും ഇവരെ മഴയത്തും വെയിലത്തും നിര്‍ത്തണോ?-നില്‍പ്പുസമര വേദിയില്‍ സാറാ ജോസഫ്
ജയലക്ഷ്മിയല്ല, മത്സരിക്കേണ്ടിയിരുന്നത് ഞാന്‍- സി കെ ജാനു തുറന്നടിക്കുന്നു
ആദിവാസി നില്‍പ്പ് സമരം, മദ്യ നിരോധനം: സംവിധായകന്‍ ജോയ് മാത്യു പ്രതികരിക്കുന്നു
ഒരു പിടി മണ്ണിന് വേണ്ടി നില്‍ക്കുകയാണവര്‍- നില്‍പ്പ് സമരത്തിലെ ജീവിതങ്ങളിലൂടെ

അമിത രാസവളവും കീടനാശിനികളും ഉപയോഗിച്ചുള്ള കൈതച്ചക്ക കൃഷിയ്ക്ക് തടയിടാന്‍ സര്‍ക്കാര്‍ തയ്യാറാണ്. ആറളം കമ്പനി പിരിച്ചുവിടാന്‍ സര്‍വകക്ഷി തീരുമാനം വേണമെന്ന നിലപാടിലാണ് മുഖ്യമന്ത്രി.

നില്‍പ്പുസമരത്തിന് പൊതുസമൂഹത്തിന്റെ പിന്തുണ ഏറി വരുന്നത് ആദിവാസികളുടെ ആവേശം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ആം ആദ്മി പാര്‍ട്ടി പോലുള്ള സംഘടനകള്‍ സമരത്തിന് പിന്തുണയുമായി സമരപന്തലിലെത്തിയതും ശ്രദ്ധേയമായി. സാറാ ജോസഫ്, കെ അജിത് എന്നിവരുടെ പങ്കാളിത്തം സമരം അവസാനിപ്പിക്കണമെന്ന ഉദ്ദേത്തോടെയുള്ള സര്‍ക്കാര്‍ ഇടപെടലിന് കാരണമായി.

ഓണത്തിന് മുമ്പ് സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഭാഗത്തുനിന്നും വലിയ സമ്മര്‍ദം ഉണ്ടാവുന്നുണ്ട്. കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. എ കെ ആന്റണിയോട് ഗോത്രസഭ നേതൃത്വം സമര സാഹചര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്.

ഗോത്രമഹാ സഭ ഉന്നയിച്ച ആവശ്യങ്ങളോട് പൊതുവെ അനുകൂലമായ നിലപാടാണ് ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നത്. സമരം ആരംഭിച്ചതിന് ശേഷം ആദിവാസി ഗോത്ര മഹാസഭ നേതാക്കളായ സി കെ ജാനു, എം ഗീതാനന്ദന്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചകളുടെ തുടര്‍ച്ചയായാണ് ഇന്നത്തെ ചര്‍ച്ചകള്‍ നടന്നത്.

സാറ ജോസഫ്, കെ അജിത, കുസുമം ജോസഫ് എന്നിവരാണ് ആദിവാസികളുടെ പ്രതിനിധികളായി സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്കെത്തിയത്. ജാനു, ഗീതാനന്ദന്‍ കൂടിക്കാഴ്ചയുടെ മിനിട്ട്‌സില്‍ നിന്നും ആരംഭിച്ച ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പട്ടികവര്‍ഗ മന്ത്രി പി കെ ജയലക്ഷ്മി എന്നിവര്‍ക്കൊപ്പം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. 

സമരം അവസാനിപ്പിക്കാനുള്ള നീക്കം ഊര്‍ജ്ജിതമാക്കണമെന്ന നിര്‍ദ്ദേശമാണ് മുഖ്യമന്ത്രിയില്‍ നിന്നും ഉണ്ടായത്. ഇതിനായി വകുപ്പ് മന്ത്രി പി കെ ജയലക്ഷ്മിയെ ചുമതലപ്പെടുത്തുകയും ചെയ്തു. സമരം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സി കെ ജാനു, ഗീതാനന്ദന്‍ എന്നിവരുമായി ചര്‍ച്ചകള്‍ നടത്തണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍