UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നില്‍പ്പ് സമരം: ഒത്തുതീര്‍പ്പാക്കുമ്പോഴും ബാക്കിയാകുന്ന ചോദ്യങ്ങള്‍

Avatar

അനന്‍ജന സി. 

ചുംബനസമരങ്ങള്‍ അങ്ങോളം ഇങ്ങോളം അലയടിക്കുന്ന കേരളത്തില്‍ സമരങ്ങള്‍ പുതുമയല്ല. തന്റെ അവകാശങ്ങള്‍ നിഷേധിക്കപെടുന്നു എന്ന അവസരത്തില്‍ യാതൊരു അലക്ഷ്യവും കൂടാതെ മലയാളി പലപ്പോഴായും പ്രതികരിച്ചിരുന്നത് സമരങ്ങളില്‍ കൂടിത്തന്നെയായിരുന്നു. വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള സദാചാര സാമാജികരുടെ കടന്നു കയറ്റത്തിനെതിരെയായിരുന്നു കേരളത്തിലെ ആളുകള്‍ ചുംബന കൂട്ടായ്മകളും സമരങ്ങളും സംഘടിപ്പിച്ചത്. കാര്യത്തിന്റെ ഗൌരവം വ്യക്തമായതോടെ പിന്നീടു രാജ്യത്തിന്റെ പല ദിക്കുകളിലും നിരവധി വിദ്യാര്‍ഥികള്‍ ഇതിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സമരങ്ങളും പ്രകടനങ്ങളും നടത്തുകയുണ്ടായി .

 

ഇതേ കേരളത്തില്‍ വേറൊരിടത്ത് അനവധി നാളുകളായി തങ്ങളുടെ അവകാശങ്ങള്‍ക്കായി സമരം ചെയുന്ന വേറൊരു സമൂഹവും നിലനിന്നിരിന്നു, ലാഘവത്തോടെ പറഞ്ഞു തീര്‍ത്ത നില്‍പ്പ് സമരം. മാധ്യമങ്ങളും രാഷ്ട്രീയവും എല്ലാം പരസ്പരധാരണയോടെ അവഗണിച്ച ഒന്ന്. ആര്‍ക്കും വേണ്ടാത്തത് എന്ന നിലയില്‍ വളരെ തന്ത്രപൂര്‍വ്വമായിരുന്നു നില്‍പ്പ് സമരം ചിത്രീകരിക്കപെട്ടത്. എന്തുകൊണ്ട് അവരെ ആരും ശ്രദ്ധിച്ചില്ല? എന്തുകൊണ്ട് ചുംബന സമരം ആര്‍ജിച്ച വീറും ചുറുചുറുക്കും നില്‍പ്പ് സമരത്തിന് നേടാന്‍ കഴിഞ്ഞില്ല? ഒത്തുതീര്‍പ്പാക്കി എന്നു പറയുമ്പോഴും നില്‍പ്പ് സമരം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ നിരവധിയാണ്.

 

എന്തുകൊണ്ട് നില്‍പ്പ് സമരത്തിന് കോര്‍പ്പറേറ്റ് മാധ്യമങ്ങളുടെയോ ഭീമന്‍ വോട്ട് രാഷ്ട്രീയത്തിന്റെയോ പിന്‍ബലം ഉണ്ടായില്ല? ഈ സമര പോരാളികള്‍ തങ്ങള്‍ക്ക് ഒരു ഭീഷണിയേ അല്ല എന്ന്‍ ഇവരെ വേട്ടയാടിക്കൊണ്ടിരിക്കുന്ന കൊലകൊമ്പന്മാര്‍ നേരത്തേ അവരെ അറിയിച്ചിരുന്നോ? വെറും രണ്ടു ദിവസത്തെ പൊട്ടലും ചീറ്റലും കഴിഞ്ഞാല്‍ സമര ചൊടിയും പോരാളികളുടെ വീര്യവും താനേ കെട്ടടങ്ങികൊള്ളും എന്ന് ഇവര്‍ക്ക് പൂര്‍ണ വിശ്വാസം നല്കിയ ഘടകമെന്തായിരുന്നു? മലയാളിയുടെ നിത്യ ജീവിതത്തിന്റെ ഭാഗമായ രാഷ്ട്രീയബോധവും മാധ്യമ ശ്രദ്ധയും അപ്പോള്‍ തിരെഞ്ഞെടുക്കപ്പെട്ട വിഭാഗങ്ങളെയും വര്‍ഗ്ഗങ്ങളെയും മാത്രം സൂക്ഷ്മമായി കേന്ദ്രീകരിച്ചുണ്ടാക്കപ്പെട്ടതാണോ? അവകാശങ്ങള്‍, പഠിപ്പും ബാങ്ക് ബാലന്‍സും ഉള്ളവര്‍ക്ക് മാത്രമാണോ?

 

 

മനുഷ്യാവകാശം എന്നുള്ളത് അപ്പോള്‍ നമ്മളില്‍ ആരാണ്, ആരല്ല മനുഷ്യര്‍ എന്നു തീരുമാനിക്കുന്നവര്‍ക്ക് മാത്രമായി തീറെഴുതപ്പെട്ടിരിക്കുന്നതാണോ ? തീരുമാനങ്ങള്‍ അതെടുക്കുന്നവരെ മാത്രമല്ല അവര്‍ക്ക് ചുറ്റുമുള്ളവരെയും ബാധിക്കുന്ന ഒന്നാകുന്നു. എന്നാല്‍ ലാഭതാത്പര്യങ്ങള്‍ക്കായി ഒരു പ്രത്യേക ജനവിഭാഗത്തിന്റെ താത്പര്യം മാത്രം മുന്‍നിര്‍ത്തി വികസനം എന്ന ആപ്തവാക്യത്തിലൂടെ കോര്‍പ്പറേറ്റ് വ്യവസായം യഥാര്‍ത്ഥത്തില്‍ ഒരു homogenized കമ്മ്യൂണിറ്റിയെ സൃഷ്ടിക്കാനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. കച്ചവട കേന്ദ്രിതവും നിഷ്‌ക്രിയവുമായ ഒരു സമൂഹം ആരാണ് അവകാശികള്‍ എന്ന് ഭരണകൂടം കണ്ണടച്ച് വിധിക്കുന്ന ഈ വ്യവസ്ഥിതിയില്‍ നമ്മളുടെ നില നില്പ്പ് തന്നെ അപ്പോള്‍ ഒരു ചോദ്യചിഹ്നം അല്ലെ? ഒരു പറ്റം ജനതയുടെ അവകാശങ്ങള്‍ നിഷേധിച്ചുകൊണ്ടുള്ള ജനാധിപത്യ ഭരണത്തെ അപ്പോള്‍ എത്ര കണ്ട് നമ്മള്‍ക്കൊക്കെ വിശ്വസിക്കാം? ഭരണകൂടം, ജനാധിപത്യം, അവകാശം ഇങ്ങനെ നാമധേയങ്ങള്‍ നിരവധി. പക്ഷെ പേരിടുമ്പോള്‍ തന്നെ ചരമമടഞ്ഞ യാഥാര്‍ഥ്യങ്ങള്‍ മാത്രമാണിവയൊക്കെ. ഭരണകൂടവും വ്യവസ്ഥിതികളും എല്ലാം മാറുമ്പോഴും മാറാതെ നിലനില്കുന്നത് ചൂഷണം ചെയ്യപെട്ടുകൊണ്ടിരിക്കുന്ന ഈ അധ:സ്ഥിത വര്‍ഗ്ഗം തന്നെ. നാം അറിയാതെ നാം ചൂഷണത്തിനിരയായി കൊണ്ടിരിക്കുന്നു. മധ്യവര്‍ഗ്ഗ സാമ്പത്തീക ശ്രേണിയില്‍ നമ്മള്‍ സുരക്ഷിതരാണ് എന്ന് വരുത്തി തീര്‍ക്കുകയും നമ്മളെ നമ്മളില്‍ത്തന്നെ അരികുവത്കരിക്കുന്ന സ്വകാര്യലോഭികളും മുതലാളിത്ത വര്‍ഗ്ഗവും അവരുടെ സ്വകാര്യ താത്പര്യങ്ങളും സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു. വ്യത്യാസം ഒന്ന് മാത്രം; അവര്‍ കാലത്തിനൊത്ത് വേഷം മാറിയിരിക്കുന്നു, അതിനാല്‍ എളുപ്പം നമ്മള്‍ക്ക് അവരെ കണ്ടെത്താനാവില്ല. 

നില്‍പ്പ് സമരം ആര്‍ക്കും വേണ്ടാത്ത ഒരു പറ്റം ആദിവാസികളുടെ പാവക്കൂത്ത് ആയിരുന്നില്ല. മാധ്യമ ശ്രദ്ധയോ ജന ശ്രദ്ധയോ ഒന്നും കാംഷിക്കാതെ തന്ത്രപൂര്‍വ്വം നമ്മള്‍ എല്ലാവരും ചേര്‍ന്ന് മണ്ണിട്ട് മൂടാന്‍ ശ്രമിച്ചത് ഒരു പറ്റം ആദിവാസികളോ മാറ്റി നിര്‍ത്തപ്പെടുന്ന ഒരു ന്യൂനപക്ഷമോ മാത്രമല്ല, മറിച്ചു നമ്മുടെയെല്ലാം ഉറവിടം തന്നെയാണ്. ഒരുതരത്തില്‍ കോര്‍പ്പറേറ്റ് ഹിപോക്രാസിയുടെ ഭാഗമായി നമ്മളിലെ നമ്മളെ തന്നെ നമ്മള്‍ അന്യവത്കരിക്കുന്നു (അല്ലെങ്കില്‍ അന്യവത്കരിക്കാന്‍ ശ്രമിച്ചുകൊണ്ടേ ഇരിക്കുന്നു) അങ്ങനെയെങ്കില്‍ വികസനത്തിന്റെ ഭാഗമാവാന്‍ ഓടുന്ന നമ്മള്‍, കണ്ണുകള്‍ മന:പൂര്‍വം അടയ്ക്കുന്നതോ അതോ നിജസ്ഥിതി കാണാതെ പോവുന്നതാണോ എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു.

 

വികസനം എന്നത് ഒരാശയം മാത്രമാണ്. വികസനം എന്ന പദം എങ്ങനെ വിശദീകരിക്കും എന്നനുസരിച്ചിരിക്കും അത്. സ്വാതന്ത്ര്യം പോലെ വ്യക്തികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും അനുസരിച്ചു സമയാസമയം മാറ്റിമറിയ്ക്കാനും ഉപയോഗിക്കാനും കഴിയുന്ന വേറെ ഒരാശയം. എങ്കിലും, വികസനം എന്ന വഴിയേ ഇന്ന് തള്ളിക്കളയുന്ന പലതും നാളെ തിരിച്ചുകിട്ടാവുന്നതല്ല, ഇതിന്റെ പല ഉദാഹരണങ്ങളും അടുത്ത കാലത്തായി നമ്മള്‍ കണ്ടു കഴിഞ്ഞു (കണ്ടു കൊണ്ടേയിരിക്കുന്നു). പ്ലാച്ചിമട, സൈലന്റ് വാലി, എന്‍ഡോസള്‍ഫാന്‍… നിരത്താന്‍ നമ്മുടെ കയ്യില്‍ ഇനിയും നിരവധി പേരുകള്‍ ഉണ്ട്, ഒരുപക്ഷേ വരും കാലങ്ങളില്‍ അവ ഇനിയും കൂടും. ഉത്തരവാദികളെ തിരയേണ്ടത് മാത്രം പക്ഷെ വേറെ എവിടെയുമല്ല; നമ്മള്ളില്‍ തന്നെയാണ്. ഭൂമിക്കായി അല്ലെങ്കില്‍ വേറെ ലാഭതാത്പര്യങ്ങള്‍ക്കായി മുറിച്ചു മാറ്റുകയും പിന്നെ ഉന്മൂലനം ചെയ്യുകയും ചെയ്യപെടുന്ന ഈ അധ:സ്ഥിതര്‍ നമ്മുടെ മുന്‍പേ പോകുന്നു എന്നേ ഉള്ളു. നാളെ ഇവര്‍ക്ക് പകരം നമ്മളും തുടച്ചുമാറ്റപെടാം, വേട്ടയാടപ്പെടാം. 

 

 

ഫാസിസത്തിനെതിരായും മോറല്‍ പോലീസിങ്ങിനെതിരായും നമ്മള്‍ ശബ്ദമുയര്‍ത്തുന്നു, സമരങ്ങള്‍ നടത്തുന്നു. നല്ലത്. അത് ആവശ്യവുമാണ്. എന്നാല്‍ നില്‍പ്പ് സമരം ഏതോ ആദിവാസികളുടെ മാത്രം പ്രശ്‌നം ആയിരുന്നില്ല. നില്‍പ്പ് സമരം ഒരു ഓര്‍മപ്പെടുത്തല്‍ ആയിരുന്നു. വരും കാലങ്ങളിലേക്ക്. എല്ലാവരും മറക്കുന്ന അല്ലെങ്കില്‍ കണ്ടില്ല എന്ന് നടിക്കുന്ന ആ ഒരു പറ്റം മനുഷ്യര്‍ നാളെയുടെ നമ്മുടെ തന്നെ  ഛായാചിത്രം ആകുന്നു. അവരെ സംരക്ഷിക്കുക, അവരെയും കൂടി ഉള്‍ക്കൊള്ളുന്ന ജീവിതത്തിനു ചുക്കാന്‍ പിടിക്കേണ്ടത് അവരെക്കാള്‍ ഏറെ നമ്മുടെ തന്നെ ആവശ്യം ആകുന്നു.

ഈ വരികളും കൂടെ ചേര്‍ക്കട്ടെ:

First they came for the communists, and I did not speak out – because I was not a communist; 
Then they came for the socialists, and I did not speak out – because I was not a socialist; 
Then they came for the trade unionists, and I did not speak out – because I was not a trade unionist; 
Then they came for the Jews, and I did not speak out – because I was not a Jew; 
Then they came for me – and there was no one left to speak out for me. 

 

(പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയില്‍ എം.എ ഇംഗ്ലീഷ് വിദ്യാര്‍ഥിയാണ് അനന്‍ജന)

 

*Views are personal 


 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍