UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിന്ന് കാലു ചുവന്നവര്‍ക്കൊപ്പം; ഒരു അനുഭവക്കുറിപ്പ്

Avatar

സിറാജ് പനങ്ങോട്ടിൽ

അന്ന് സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസ് ലൈബ്രറിയിലെ സുദീർഘമായ  വായനയിൽ നിന്നും കുറച്ചു ആശ്വാസം കണ്ടെത്തണം എന്ന ആഗ്രഹത്തിലാണ് തിരുവനന്തപുരം സെക്രട്ടറിയേട്ടിനു മുന്നിൽ നില്പ് സമരം നടത്തുന്ന ആദിവാസികളെ സന്ദർശിക്കാം എന്ന് തീരുമാനിച്ചത്. ദിവസങ്ങളോളം ഫേസ്ബുക്കിലും ട്വിറ്ററിലുമായി ഞാനും അതിനെ കുറിച്ച് വാചാലമായിരുന്നെങ്കിലും അവരെ നേരിട്ട് കണ്ടു ഐക്യദാർഡ്യം പ്രകടിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. മാത്രമല്ല മറ്റുള്ളവർ ഫേസ്ബുക്ക് പ്രൊഫൈൽ മാറ്റുന്നത് കൊണ്ട് ഞാനും അങ്ങനെ ചെയ്യുന്നു എന്നുള്ള നിലയിൽ മാത്രമായിരുന്നു ഏറെക്കുറെ എന്റെ ഐക്യദാർഡ്യം 

സ്റ്റാച്യു ബസ് സ്റൊപ്പിന്റെ അടുത്ത് എത്തിയപ്പോഴേക്കും തന്നെ ചെണ്ടയുടേയും മറ്റും ശബ്ദം കേൾക്കാൻ തുടങ്ങിയിരുന്നു. ബസിൽ നിന്നുമിറങ്ങി സമരപ്പന്തലിലേക്ക് നീങ്ങുമ്പോഴേക്കുമതാ ഒരു ആദിവാസി ചെറുപ്പക്കാരൻ സംഭാവന പിരിക്കാൻ വേണ്ടി ബക്കറ്റുമായി മുന്നിൽ ചിരിച്ചു കൊണ്ട് നില്ക്കുന്നു. തുളസി എന്നാണ് അവന്‍റെ പേര്. സമരപ്പന്തലിൽ ഉണ്ടായിരുന്ന ഒരാൾ പറഞ്ഞത് രാവിലെ മുതൽ രാത്രി വരെ തുളസിയുടെ പണി സംഭാവന പിരിക്കലാണ് എന്നാണ്. പണം ശേഖരിക്കുന്നതിന് വേണ്ടി തുളസിയുടെ കയ്യിലുള്ളതടക്കം  ആകെ സമരപ്പന്തലില്‍ ആകെയുള്ളതു മൂന്നു ബക്കറ്റുകളാണ്. എന്നാൽ തുളസിയുടെ കയ്യിലുള്ളത് ഒരു സാഹചര്യത്തിലും അവൻ വേറെ ആളുടെ കയ്യില്‍ എൽപ്പിക്കില്ല. മണിക്കൂറുകളോളം അങ്ങോട്ടുമിങ്ങോട്ടും നടന്നു പൈസ പിരിക്കുമ്പോൾ ക്ഷീണം മാറ്റാൻ വേണ്ടി ഒന്ന് ഇരിക്കാൻ ആരെങ്കിലും ആവശ്യപ്പെട്ടാൽ ചിരിച്ചു കൊണ്ട് തലയാട്ടി വീണ്ടും തുടരും അവന്റെ പിരിവ്. ആരോട് പൈസ ചോദിക്കണമെന്നോ എങ്ങനെ ചോദിക്കണമെന്നോ തുളസിക്കറിയില്ല. സമരപ്പന്തലിന്റെ മുൻപിലൂടെ പോകുന്ന ആർക്കു മുന്നിലും തുളസിയുടെ ബക്കറ്റ് നീളും. അത് ചിലപ്പോൾ സ്കൂൾ വിദ്യാർഥികളാകാം, വൃദ്ധരാകാം, ഉദ്യോഗസ്ഥരാകാം. അതൊന്നും തുളസിയെ സംബന്ധിച്ച് പ്രശ്നമേ അല്ല. ഇങ്ങനെ നോട്ടീസ് കാണിച്ചു പിരിവ് നടത്തുമ്പോൾ ചില വിരുതന്മാരായ  വിദ്യാർഥികൾ നോട്ടീസ് മാത്രം വാങ്ങി പൈസ നൽകാതെ ചിരി മാത്രം സമ്മാനിച്ച് പോകുമ്പോൾ തുളസിയും ചിരിക്കും. നിഷ്കളങ്കമായ ചിരി. സമരത്തിന്‌ വേണ്ടി അവനെക്കൊണ്ട് ചെയ്യാൻ കഴിയുന്ന ആകെയുള്ള സഹായം ഇതാണ്. ചെറിയ അംഗവൈകല്യം ഉള്ളത് കൊണ്ട് മറ്റുള്ളവർ ചെയ്യുന്നത് പോലെ ചെണ്ട കൊട്ടാനോ പാട്ട് പാടാനോ  കഴിയില്ലെങ്കിൽ പോലും അവന്റെ ശരീരം കൊണ്ട് ചെയ്യാനാവുന്നത് ഒരു മടിയും ക്ഷീണവുമില്ലാതെ നിരന്തരം തുളസി ചെയ്യുന്നു എന്നത് നമ്മെയൊക്കെ ചിന്തിപ്പിക്കുന്നതാണ്. 

ഇങ്ങനെ സമര മുഖത്തുള്ള ഓരോ അംഗങ്ങളും അവർക്കാവുന്നത് ചെയ്യുന്നത് കൊണ്ടാണ് നൂറ്റി ഇരുപതിലേറെ ദിവസങ്ങൾ പിന്നിട്ടിട്ടും സമരം തുടർന്ന് കൊണ്ടിരിക്കുന്നത്. ഒരു ഐക്യദാർഡ്യം എന്ന നിലയിൽ ഒരു മണിക്കൂർ തുടർച്ചയായി നിന്നപ്പോള്‍ തന്നെ ഇരുപത്തിനാലുകാരനായ എനിക്ക് കാല് വേദനയും ദാഹവും കാരണം ഇരിക്കേണ്ടി വന്നപ്പോൾ എന്റെ അടുത്തുള്ള ഒരു സ്ത്രീ (പേര് ഓർക്കുന്നില്ല) മണിക്കൂറുകളായി അതേ സ്ഥലത്ത് അതും ദിവസങ്ങളോളം തുടർച്ചയായി നിൽക്കുന്നു എന്നത് എന്നെ വേദനിപ്പിക്കുകയായിരുന്നു. ശക്തമായ വെയിൽ ഉണ്ടാവുമ്പോൾ പോലും ആരോ സംഭാവനയായി നൽകിയ കുടകളും അത് തികയാതെ വരുമ്പോൾ പേപ്പറുകളും ഉപയോഗിച്ച് അവർ നിൽപ്  തുടരുമ്പോൾ എൻറെ ഉമ്മയുടെ പ്രായത്തിലുള്ള സ്ത്രീ സ്വന്തം കിടപ്പാടത്തിനു വേണ്ടി തെരുവിൽ നിൽക്കുന്നതായി ഞാൻ ഓർത്തു പോയി. 

ബെസ്റ്റ് ഓഫ് അഴിമുഖം 

ചുംബന സമരമല്ലായിരുന്നു നമ്മള്‍ ചര്‍ച്ച ചെയ്യേണ്ടിയിരുന്നത്‌
സര്‍ക്കാരേ; നിങ്ങളുടെ സൗജന്യറേഷനല്ല, സ്വന്തം ഭൂമിയാണ് ആദിവാസിക്ക് വേണ്ടത്
നില്‍പ്പുസമര വേദിയിലെത്താന്‍ സുധീരന് വേണ്ടി വന്നത് 118 ദിവസം
ഇത് അവസാന സമരമാകണം- നില്‍പ്പു സമരം 100 ദിനം പിന്നിടുമ്പോള്‍ സി കെ ജാനു സംസാരിക്കുന്നു
സിനിമാക്കാര്‍ നില്‍പ്പു സമര വേദിയില്‍ നിന്നാല്‍ എന്താണ് കുഴപ്പം?

സമരപ്പന്തലിൽ ഐക്യദാർഡ്യം പ്രകടിപ്പിക്കാൻ വന്ന ഓരോരുത്തരെയും കുടുംബാംഗങ്ങളെ പോലെയാണ് സമരക്കാർ പരിഗണിക്കുന്നത്. ഞാനും അനുഭവിച്ചു അത്തരം ഊഷ്മളമായ സ്വീകരണം. പന്തലിൽ നിന്നും പിരിഞ്ഞു പോന്നപ്പോൾ എന്റെ കുടുംബത്തെ വിട്ടു ദൂരെ പഠിക്കാൻ പോയിരുന്ന സമയത്തുണ്ടായിരുന്ന അതെ ഫീലിംഗ് എനിക്കനുഭവപ്പെട്ടു. ഇത് പോലെ തന്നെയായിരുന്നു അവിടെ ഉണ്ടായിരുന്ന കുട്ടികള്‍ക്കും. ഇപ്പോൾ പോകേണ്ട ചേട്ടാ കുറച്ചു കഴിഞ്ഞു പോയാൽ പോരെ എന്ന് ചോദിച്ചു എന്റെ വിരലിൽ തൂങ്ങിയ കൊച്ചു കുട്ടിക്ക് എന്റെ അനുജത്തിയുടെ അതെ പ്രായമായിരുന്നു. 

നിന്ന് സമരം ചെയ്ത സ്ത്രീകൾക്കും കുട്ടികൾക്കും അവിടെ നൽകാനുണ്ടായിരുന്നത് തൊട്ടടുത്തുള്ള ഉന്തു വണ്ടി കച്ചവടക്കാരനില്‍ നിന്നും വാങ്ങുന്ന ഓറഞ്ചും രാവിലെ കൊണ്ട് വന്ന പച്ച വെള്ളവും മാത്രമായിരുന്നു. സമരത്തിൽ പങ്കെടുക്കുന്ന ഒരു ചേച്ചി പറഞ്ഞത് വെള്ളം അധികം കുടിക്കാറില്ല, കാരണം തൊട്ടടുത്തൊന്നും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ സൗകര്യങ്ങളില്ല എന്നതായിരുന്നു. രാവിലെ സമരക്കാർക്ക് താമസിക്കാനായി വാടകക്കെടുത്ത വീട്ടിൽ നിന്നും ഇറങ്ങിയാൽ രാത്രി മാത്രമാണ് തിരിച്ചു പോകുക. അത് കൊണ്ട് തന്നെ പകൽ സമയങ്ങളിൽ മൂത്ര ശങ്കയെ വേണ്ടത്ര അവർ ഗൗനിക്കാറില്ല.  ഇത് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് ബോധ്യപ്പെടുത്തിയപ്പോൾ “ഇതൊക്കെ വേറെയും കുറെ ആളുകൾ പറഞ്ഞിരുന്നു, പക്ഷെ ഞങ്ങൾ എന്ത് ചെയ്യാനാ?” എന്ന സമരക്കാരുടെ നിസ്സഹായമായ ചോദ്യത്തിനു മുൻപിൽ എനിക്ക് മറുപടി ഒന്നും തന്നെ ഉണ്ടായിരുന്നില്ല. 

യാദൃശ്ചികമായാണ് ശിശുദിനത്തിന്റെ അന്ന് തന്നെ സമരപ്പന്തലിൽ പോകാൻ തോന്നിയത്. സമരത്തിന്റെ തൊട്ടടുത്തുള്ള തൂണിൽ തൂക്കിയിട്ട പ്ലക്കാർഡിൽ എഴുതി വെച്ച ഒരു വാചകം ഇങ്ങനെയായിരുന്നു “നിങ്ങൾ ശിശുദിനം ആഘോഷിക്കുമ്പോൾ ഞങ്ങൾ തെരുവിൽ നില്ക്കുന്നു”. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട ശിശുദിന റാലിയിൽ ഏകദേശം അയ്യായിരത്തോളം കുട്ടികളാണ് ഉണ്ടായിരുന്നത്. വിവിധ തരം വർണങ്ങളുടെയും പ്ലോട്ടുകളുടെയും അകമ്പടിയോടെ നടത്തിയ റാലിയിൽ ഉണ്ടായിരുന്ന നൂറു കണക്കിന് പ്ലക്കാർഡുകളുടെ ഇടയിൽ ഒരു കുട്ടി ഉയർത്തിപ്പിടിച്ച പ്ലക്കാര്‍ഡില്‍ ഉണ്ടായിരുന്നത് “വികസനം മനുഷ്യന് വേണ്ടിയാവണം” എന്ന വാചകം ആയിരുന്നു. പ്ലക്കാർഡിൽ എഴുതിയത് പോലെ അധികാരികൾ നടപ്പിലാക്കിയിരുന്നെങ്കിൽ കാൽ ചുവന്നു കാടിന്റെ മക്കൾക്ക്‌ ഇങ്ങനെ നില്ക്കേണ്ടി വരില്ലായിരുന്നു. ചെണ്ട കൊട്ടി പിഞ്ചു കുഞ്ഞുങ്ങളുടെ കൈകള്‍ പരുക്കനാകില്ലായിരുന്നു. ബക്കറ്റുമായി വികലാംഗനായ തുളസിക്ക് സംഭാവന ചോദിച്ചു നടക്കേണ്ടിവരില്ലായിരുന്നു. 

സമരപ്പന്തലിലെ ഏറ്റവും ചെറിയ കുട്ടി അജിത്ത് വർണശഭളമായ റാലി കണ്ടത് തൂണിൽ ചാരി നിന്നിരുന്ന അമ്മയുടെ കൈ പിടിച്ചു കൊണ്ടായിരുന്നു. റാലിയില്‍ ബലൂണുകൾ പിടിച്ചു കൊണ്ട് കുട്ടികള്‍ സമരപ്പന്തലിന്റെ മുന്നിലൂടെ കടന്നു പോയപ്പോൾ അജിത്ത് അമ്മയോട് ചോദിച്ചു അമ്മേ എനിക്കത് വേണം. അപ്പോൾ അമ്മ മറുപടി കൊടുത്തത് നീ പഠിച്ചു വലുതാകുമ്പോൾ മാത്രമേ നിനക്ക് അത് കിട്ടുകയുള്ളൂ എന്നായിരുന്നു. കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. ചില വാക്കുകൾക്ക് ആയുധങ്ങളേക്കാൾ മൂർച്ചയാണ് എന്ന് പറയുന്നത് വെറുതെയല്ല എന്ന് എനിക്ക് തോന്നിയ അപൂർവം ചില നിമിഷങ്ങളിലൊന്നാന്നായിരുന്നു അത്. 

എങ്കിലും അധികാരികളുടെ മൂക്കിനു താഴെ ദിവസങ്ങളായി നടത്തുന്ന സമരത്തെ പ്രധാന രാഷ്ട്രീയ പാർട്ടികളും അധികാരികളും ഒരു പോലെ  അവഗണിച്ചിട്ടും സോഷ്യൽ മീഡിയകളിലൂടെയും വിവിധ തരം സാമൂഹ്യ സംഘടനകളുടെ സജീവ സാന്നിധ്യം കൊണ്ട് സമരം ജനശ്രദ്ധയാകർഷിക്കുന്നു എന്നതിൽ ആദിവാസികൾ സന്തുഷ്ടരാണ്.  വൈകുന്നേരങ്ങളിൽ തിരുവനന്തപുരത്തും അതിന്റെ സമീപ പ്രദേശങ്ങളിലും ജോലി ചെയ്യുന്നവരിൽ വളരെ കുറച്ചെങ്കിലും ആളുകൾ അൽപ സമയമെങ്കിലും ആദിവാസികളോട് ഐക്യദാർഡ്യം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി അവിടെ ചെലവഴിക്കുന്നത് എനിക്ക് നേരിട്ടു കാണാൻ കഴിഞ്ഞു. പക്ഷെ അതിനും പരിമിതികളുണ്ട്. ഇനിയും ഇവരെ വെയിൽ കൊള്ളിച്ചു കൂടാ. ഒരു പരിഹാരം എത്ര നേരത്തെ കാണാൻ കഴിയുമെങ്കിൽ അതാണ്‌ അവർ ആഗ്രഹിക്കുന്നത്. കേരളത്തിലെ മത സംഘടനകളും രാഷ്ട്രീയ – വിദ്യാര്‍ഥി സംഘടനകളും ആദിവാസികളുടെ അവകാശം നേടിക്കൊടുക്കുന്നതിൽ ഒറ്റക്കെട്ടായി ഇറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

(ബംഗളൂർ അസിം പ്രേംജി യൂണിവേഴ്സിറ്റിയിലെ പി ജി വിദ്യാര്‍ഥിയാണ്  ലേഖകന്‍)

 

*Views are personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍