UPDATES

ട്രെന്‍ഡിങ്ങ്

അഞ്ചുവര്‍ഷം കൂട്ടബലാത്സംഗത്തിനിരയായി; മൂകയായ ആ പത്തൊമ്പതുകാരി വിവരങ്ങള്‍ എഴുതി നല്‍കി

ഒരു വലിയ മനുഷ്യക്കടത്ത് സംഘം ഇതിന്റെ പിന്നിലുണ്ടെന്നും പൊലീസ് സംശയിക്കുന്നു

ഉത്തര്‍പ്രദേശില്‍ പല ഭാഗങ്ങളില്‍ വച്ച് അഞ്ച് വര്‍ഷം നിരവധി പേരാല്‍ ബലാത്സംഗം ചെയ്യപ്പെടുകയും വില്‍ക്കപ്പെടുകയും ചെയ്ത മൂകയായ 19കാരിയെ ഗാസിയാബാദ് പൊലീസിന്റെ മനുഷ്യക്കടത്ത് വിരുദ്ധ യൂണിറ്റ് രക്ഷപ്പെടുത്തി. ചില രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജൂലൈ പതിനൊന്നിനാണ് ബംഗാള്‍ സ്വദേശിയായ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. ബംഗാള്‍ സ്വദേശികളായ കുട്ടിയുടെ മാതാപിതാക്കള്‍ തൊഴില്‍ തേടിയാണ് ഉത്തരപ്രദേശിലെ സഹാറന്‍പൂരില്‍ എത്തിയത്. എന്നാല്‍ രോഗബാധിതരായ അവര്‍ മരിക്കുകയും കുട്ടി അനാഥമാവുകയുമായിരുന്നു.

അന്ന് പതിനാല് വയസ് മാത്രമുണ്ടായിരുന്ന പെണ്‍കുട്ടി ഫുര്‍ഖന്‍ എന്ന് വിളിക്കുന്ന ഒരാളുടെ വീട്ടുവേലക്കാരിയായി മാറി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇയാള്‍ തന്നെ ബലാത്സംഗം ചെയ്യാറുണ്ടായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞു. തുടര്‍ന്ന് ഫുര്‍ഖന്റെ ഭാര്യയുടെ സഹായത്തോടെ അക്ഷയ് എന്നൊരാളും ഇരയെ പീഡിപ്പിച്ചു. തുടര്‍ന്ന് മെഹിദ് ഹസന്‍, സാദ് മാലിക് എന്നിവര്‍ക്ക് അവര്‍ പെണ്‍കുട്ടിയെ വില്‍ക്കുകയായിരുന്നു. ഇവര്‍ ഇരയെ വീണ്ടും ബലാത്സംഗം ചെയ്യുകയും പിന്നീട് മുറാദ് നഗറിലുള്ള അനില്‍ കാശ്യപ് എന്ന ആളിന് വില്‍ക്കുകയും ചെയ്യുകയായിരുന്നു. ഇയാള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും പിന്നീട് വിവാഹം കഴിച്ചതായി രേഖയുണ്ടാക്കുകയുമായിരുന്നു.

സംസാരശേഷിയില്ലാത്ത, എട്ടാം ക്ലാസുവരെ മാത്രം പഠിച്ച കുട്ടി വിവരങ്ങള്‍ പോലീസിന് എഴുതി നല്‍കുകയായിരുന്നു. അഞ്ച് വര്‍ഷത്തിനിടയില്‍ ഉണ്ടായ സംഭവപരമ്പരകള്‍ പരസ്പരം ബന്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഗാസിയാബാദ് ജില്ല മജിസ്‌ട്രേറ്റ് മിനിസ്തി എസ് കേസിന്റെ നേരിട്ടുള്ള മേല്‍നോട്ടം വഹിക്കുകയാണ്. സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള ആശ ജ്യോതി കേന്ദ്രത്തിലെ പ്രിയഞ്ജലി മിശ്ര പെണ്‍കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കുന്നുണ്ട്. ഷഹാറന്‍പൂര്‍ പോലീസിന്റെ വനിത ഹെല്‍പ്പ്‌ലൈനില്‍ ജൂണ്‍ ഒന്നിന് ലഭിച്ച ഒരു ഫോണ്‍വിളിയാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുന്നതിലേക്ക് നയിച്ചത്. ഇവര്‍ ഗാസിയാബാദ് പൊലീസിന് വിവരം കൈമാറുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ് തങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കുന്നവരുടെയും പൊതുജനങ്ങളില്‍ നിന്നുള്ള വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ ജൂലൈ പതിനൊന്നിന് കാശ്യപിന്റെ വീട്ടില്‍ നിന്നും പെണ്‍കുട്ടിയെ രക്ഷിക്കുകയായിരുന്നു.

താന്‍ പെണ്‍കുട്ടിയെ വിവാഹം കഴിച്ചുവെന്ന് കശ്യപ് അവകാശപ്പെടുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ ഒപ്പോടുകൂടിയ ഒരു കടലാസ് മാത്രമേ ഇയാള്‍ക്ക് തെളിവായി ഹാജരാക്കാന്‍ സാധിച്ചുള്ളു. മാത്രമല്ല, ആരോപണവിധേയരായ അക്ഷയ്, മാലിക്, ഹസന്‍ എന്നിവരാണ് സാക്ഷികളായി ഒപ്പിട്ടിരുന്നതെന്ന് ജില്ല പ്രൊബേഷന്‍ ഓഫീസര്‍ ചന്ദ്രമോഹന്‍ ശ്രീവസ്തവ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. ഒരു വലിയ മനുഷ്യക്കടത്ത് സംഘം ഇതിന്റെ പിന്നിലുണ്ടെന്നും പൊലീസ് സംശയിക്കുന്നു.

കേസ് അന്വേഷണത്തിന് താന്‍ നേരിട്ട് മേല്‍നോട്ടം വഹിക്കുകയാണെന്നും പ്രതികള്‍ക്കെതിരെ ഗുണ്ട ആക്ടും മറ്റ് പ്രധാന കുറ്റങ്ങളും ചുമത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ജില്ല മജിസ്‌ട്രേറ്റ് അറിയിച്ചു. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട ചട്ടങ്ങളും ഇവര്‍ക്കെതിരെ ചുമത്തും. ഇരയെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ഡിഎം വ്യക്തമാക്കി. ഏജന്‍സികള്‍ വഴി ഗാര്‍ഹീക ജോലിക്കായി നിയോഗിക്കപ്പെടുന്ന പെണ്‍കുട്ടികള്‍ നേരിടുന്ന ചൂഷണവും പീഢനവും തടയുന്നതിനായി റസിഡന്‍സ് അസോസിയേഷനുകളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചുചേര്‍ക്കുമെന്നും ജില്ല മജിസ്‌ട്രേറ്റ് അറിയിച്ചു. പെണ്‍കുട്ടി ബലാല്‍സംഗം ചെയ്യപ്പെടുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പ്രതികള്‍ക്കെതിരെ പോസ്‌കോ നിയമവും ചേര്‍ക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍