UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എന്‍റെ കവചകുണ്ഡലങ്ങള്‍

കർണ്ണന്റെ കവചകുണ്ഡലം പോലൊരു കവചം എനിക്കുണ്ട്. അത് സൂര്യഭഗവാൻ തന്നതാണോ എന്ന് എനിക്കറിയില്ല. എന്തായാലും ഉണ്ട്.

പണ്ട് ദില്ലിയിൽ ജോലി ചെയ്യുന്ന കാലം. ഡിസംബറിലെ കൊടും തണുപ്പുള്ള ഒരു ദിവസം രാവിലെ ഉണർന്നത് ഓടിക്കൊണ്ടിരിക്കുന്ന ബസ്സിൽ ഒരു പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി എന്ന വാർത്ത കേട്ടുകൊണ്ടാണ്. ഞെട്ടി ഉണർന്ന് എണീറ്റു ഈ സംഭവത്തെ കുറിച്ച് കൂടുതൽ തിരക്കി പോയപ്പോൾ ഇടക്കിടെ മനസ്സിൽ തികട്ടി വരാറുള്ള സ്വന്തം അനുഭവങ്ങൾ ഞാൻ പറയാതെ തന്നെ ഒരു കോണിൽ പോയി ഒളിച്ചു.

വീടിന് അടുത്തുള്ള ഒരു വഴിയിലൂടെ രാത്രി വൈകി നടന്നുവരുമ്പോൾ ബൈക്കിലെത്തിയ ഒരു അപരിചിതൻ വഴി ചോദിക്കാനെന്ന വ്യാജേന നിർത്തി അസഭ്യം പറഞ്ഞതും ഞാൻ അയാളുടെ ബൈക്കിൽ ചവിട്ടി അത് വീണു എന്ന് ഉറപ്പാക്കിയ ശേഷം വീടുവരെ കണ്ണും പൂട്ടി ഓടിയതുമൊന്നും അപ്പോൾ മനസ്സിലേക്ക് വന്ന് എന്നെ ബുദ്ധിമുട്ടിച്ചില്ല. ദില്ലി കൂട്ടബലാത്സം നടന്ന് കുറേ ദിവസങ്ങൾ കഴിഞ്ഞ് ഒരു സഹപ്രവർത്തകൻ ദില്ലിയിലെ തെരുവുകളിൽ മോശം അനുഭവം ഉണ്ടാകാറുണ്ടോ എന്ന് ചോദിച്ചപ്പോൾ മാത്രമാണ് എന്റെ മനസ്സ് എന്നെ അത് ഓർമ്മിപ്പിച്ചത്.

ഇത്തരം ചിന്തകൾ തികട്ടി വന്നിരുന്നുവെങ്കിൽ ഓരോ ദിവസവും വഷളായിക്കൊണ്ടിരുന്ന ജ്യോതി സിംഗിന്റെ അവസ്ഥയും തെരുവിൽ നടന്ന പ്രതിഷേധങ്ങളും റിപ്പോർട്ട് ചെയ്യാൻ എനിക്ക് ആകുമായിരുന്നില്ല. സമരക്കാർക്ക് ഒപ്പം ഞാൻ അണിചേർന്നുപോയേനെ. അല്ലെങ്കിൽ വാക്കുകൾ കിട്ടാതെ വിതുമ്പി പോയേനെ. മനസ്സിൽ ഭയം തളം കെട്ടി ഒന്നിനും വയ്യാതെ ആകുമായിരുന്നു. മാധ്യമപ്രവർത്തക എന്ന നിലയിൽ കാര്യങ്ങളെ സമീപിക്കുമ്പോൾ ആളുകളുടെ ദുഖം ഞാൻ മനസ്സിലാക്കും. എന്നാൽ അതിന്റെ സ്വാധീനത്തിൽപ്പെട്ട് നിസ്സഹായവസ്ഥയിൽ ആകാൻ ഒരിക്കലും എന്റെ കവചം എന്നെ അനുവദിച്ചിട്ടില്ല.

അതാണ് എന്റെ കവചം. കർണ്ണന് കിട്ടിയ അത്രതന്നെ ഉറപ്പുള്ള കവചം. അതേ കവചത്തിന്റെ ആത്മവിശ്വാസത്തോടെയാണ് വീരമൃത്യു വരിച്ച ഒരു സൈനികന്റെ വീട്ടിലേക്ക് ചെന്നത്. മൃതദേഹം പൊതു ദർശനത്തിന് വച്ചിരിക്കുന്ന മൈതാനത്ത് നിൽക്കുമ്പോഴും എന്റെ കവചം ശക്തമായിരുന്നു. അന്തിമോപചാരം അർപ്പിക്കുന്ന ചിലർ മൊബൈലിൽ ചിത്രം എടുക്കാൻ ശ്രമിക്കുന്നത് കണ്ട് അവജ്ഞയും വെറുപ്പും തോന്നി. ഇവർക്കൊന്നും ഉളുപ്പില്ലേ എന്ന് ചിന്തിച്ച് നിൽക്കുമ്പോഴാണ് എന്റെ ചുമലിൽ ആരോ തട്ടിയത്. അടുത്ത് പരിചയമുള്ള ഒരു ദൃശ്യമാധ്യമപ്രവർത്തകൻ.

‘അൽപ്പമൊന്നു മാറി നിൽക്കാമോ, ഒരു പടം എടുക്കട്ടെ’

ഐ ഫോൺ ഉയർത്തിപ്പിടിച്ച് നിൽക്കുകയാണ് അയാൾ.

‘എന്തിനാ മാഷേ ഇങ്ങനെ മൊബൈലിൽ പടം എടുക്കുന്നത്. വേറെ ഒരു പണിയുമില്ലേ’

അപ്പോൾ നിങ്ങൾ ദൃശ്യങ്ങൾ പകർത്തുന്നില്ലേ എന്നായി ചോദ്യം. ജോലിയുടെ ഭാഗമായി ദൃശ്യങ്ങൾ പകർത്തിയല്ലേ പറ്റൂ. മൊബൈലിൽ ഓരോരുത്തരായി ചിത്രം എടുക്കുന്നതും മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തുന്നതും താരതമ്യം ചെയ്യാൻ പറ്റുമെന്ന് എനിക്ക് തോന്നിയില്ല. മാധ്യമപ്രവർത്തനത്തിന്റെ ഭാഗമായി എടുക്കുന്ന ഈ ദൃശ്യങ്ങളാണ് നേരിട്ട് കാണാൻ കഴിയാത്ത ലക്ഷക്കണക്കിന് ആളുകളിലേക്ക് ഈ വിവരങ്ങൾ എത്തിക്കുന്നത്. പൊതുദർശനത്തിന് വച്ചിരിക്കുന്ന മൃതദേഹം കാണാൻ എത്തുന്നവർ എല്ലാം മൊബൈലിൽ ചിത്രം പകർത്താൻ തുടങ്ങിയാൽ എന്താകും അവസ്ഥ?

എന്തൊരു ലോകം എന്ന് കരുതി നിൽക്കുമ്പോഴാണ് ഒരു കന്നഡ ചാനലിലെ വനിതാ റിപ്പോർട്ടറുടെ അഭ്യാസം തുടങ്ങുന്നത്. മൃതദേഹം അടങ്ങിയ പെട്ടി എനിക്ക് പിന്നിൽ വ്യക്തമല്ലേ എന്ന് കണ്ണുകൊണ്ട് ക്യാമറാമാനോട് തിരക്കി മുടി മുന്നോട്ടിട്ട്, ചുണ്ട് കൂട്ടി തിരുമ്മി അവൾ തയ്യാറെടുക്കുകയാണ്. നേരത്തെ ആ സൈനിക ഓഫീസറുടെ മൃതദേഹത്തിന് അരികെ ഇരിക്കുന്ന ബന്ധുക്കളുടെ അടുത്ത് കുത്തിയിരുന്ന് ബൈറ്റിന് ശ്രമിച്ചിരുന്ന ഇവരെ സൈനികർ അവിടെനിന്ന് പുറത്താക്കിയിരുന്നു. ഇപ്പോൾ സൈനികന്റെ മൃതദേഹവും അയാളുടെ ഭാര്യയും ഫ്രെയിമിൽ വരും പോലെ അവൾ റിപ്പോർട്ട് ചെയ്യാൻ ഒരുങ്ങുന്നു. ഒന്ന് പോയികിട്ടിയിരുന്നെങ്കിൽ എന്ന് കരുതി ഞാൻ അവിടെ നിന്നു. അപ്പോഴാണ് അടുത്ത ദുരന്തം. ടേക്കുകൾ എടുത്തുകൊണ്ടേയിരുന്നു. അരിപെറുക്കെ അരിപെറുക്കി, പതിനഞ്ചാം ടേക്ക് വരെ എത്തിയപ്പോൾ, ഒരു സൈനികൻ എത്തി അവളെ അവിടെ നിന്നും പുറത്താക്കി.

എന്റെ കവചം അപ്പോഴും എന്നെ രക്ഷിച്ചു നിർത്തി.

മൃതദേഹം സൈനിക ട്രക്കിൽ കയറ്റാൻ ഒരുങ്ങുകയാണ്. ത്രിവർണ്ണ പതാകയിൽ പൊതിഞ്ഞ മൃതദേഹം ട്രക്കിലേക്ക് ഉയർത്തുമ്പോൾ ജവാന്മാർ അദ്ദേഹത്തിന് ജയ് വിളിച്ചു. ജയ് വിളിക്കുന്ന ആ ജവാന്റെ മുഖത്തേക്ക് ‌ഞാൻ നോക്കി. അവിടെ കണ്ട വികാരം എന്താണെന്ന് എനിക്കറിയില്ല. മൃതദേഹം ഉയർത്തി എടുക്കുന്നതിനിടയിലും തൊണ്ടയിടറാതെ അയാൾ ജയ് വിളിക്കുന്നുണ്ടായിരുന്നു. ഒരുപക്ഷേ ഇനിയൊരു ആക്രമണത്തിൽ മരിക്കേണ്ടിവന്നാൽ തനിക്ക് വേണ്ടിയും മറ്റൊരു ജവാൻ ഇതുപോലെ ജയ് വിളിക്കും എന്നാണോ അയാൾ അപ്പോൾ മനസ്സിൽ കരുതിയത്. അങ്ങനെ തന്നെ ആണെന്ന് എനിക്ക് ഉറപ്പാണ്.

മൃതദേഹത്തിന് അരികെ മുഖത്ത് ഒരു ഭാവ വ്യത്യാസവും ഇല്ലാതെ കല്ലുപോലെ ഇരുന്ന ഭാര്യ, മൃതദേഹം എത്തുന്നതിന് മുമ്പ് എന്നോട് സധൈര്യം സംസാരിച്ച ശേഷം പൊട്ടിക്കരഞ്ഞ അച്ഛൻ, ഒന്നര വയസ്സുകാരി മകൾ എന്നിവരുടെ മുഖം എന്റെ മനസ്സിൽ തെളിഞ്ഞു. ആ ജവാന്റെ ശബ്ദം എന്റെ കാതിൽ മുഴങ്ങി. കണ്ണ് നിറഞ്ഞുവരുന്നത് അൽപം വൈകിയാണ് എന്റെ കവചം തിരിച്ചറിഞ്ഞത്. പക്ഷേ അന്നും എന്റെ കവചം എന്നെ കൈവിട്ടില്ല. നിറഞ്ഞ് തുളുമ്പും മുന്നെ എന്നെ രക്ഷിച്ചു. എന്റെ കവചത്തിന്റെ ബലത്തിൽ ഞാൻ അവിടെ നിന്ന് ദൂരേക്ക് മാറി. തത്സമയ റിപ്പോർട്ടിനായി ഓഫീസിൽനിന്ന് കോൾ വന്നത് അപ്പോഴാണ്. എന്റെ ശബ്ദം ഒരു സെക്കന്റ് നേരത്തേക്ക് പോലും ഇടറിയില്ലെന്ന് എനിക്ക് ഉറപ്പാണ്. എന്റെ കവചം ഇപ്പോഴും ശക്തം തന്നെയാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അഖില പ്രേമചന്ദ്രന്‍

അഖില പ്രേമചന്ദ്രന്‍

മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍