UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മനസ് നിറയും (വയറും) ഈ നിറവിനെയറിഞ്ഞാല്‍

Avatar

സുഫാദ് ഇ മുണ്ടക്കൈ

വിഷമയമല്ലാത്ത തക്കാളിയും പച്ചമുളകും വഴുതിനയും വെണ്ടയും മത്തനും കുമ്പളവും ചേര്‍ന്ന രുചികരമായ സാമ്പാര്‍ കൂട്ടി ഭക്ഷണം കഴിച്ചിട്ടുണ്ടോ നിങ്ങള്‍? ആഗ്രഹിക്കാറുണ്ടോ, നിങ്ങളുടെ കുഞ്ഞുങ്ങള്‍ ആരോഗ്യപ്രദമായവ ഭക്ഷിച്ച് ആരോഗ്യവാന്മാരായിത്തീരണമെന്ന്? തിരിച്ചറിഞ്ഞിട്ടുണ്ടോ, അധ്വാനിച്ച് വില കൊടുത്ത് വാങ്ങി ഭക്ഷിക്കുന്നവ മരണ ഗുളികകളാണെന്ന്? ചിന്തിക്കുവാന്‍ സാധിക്കുമോ മാനംമുട്ടെ ഉയര്‍ന്ന് നില്‍ക്കുന്ന കെട്ടിടങ്ങളില്ലാത്ത, വീതിയേറിയ പാതകളും പാതകള്‍ നിറഞ്ഞു പായുന്ന വാഹനങ്ങളുമില്ലാത്ത, മലിനവായുവില്ലാത്ത ഒരു നഗരത്തെക്കുറിച്ച്?

ഇങ്ങനെ ചിന്തിക്കുന്ന, ആഗ്രഹിക്കുന്ന, ജീവിക്കുന്ന ചിലരുണ്ട് കോഴിക്കോട്ടെ വേങ്ങേരിയില്‍. അവര്‍ ‘നിറവാ’ര്‍ന്നൊരു മാതൃക അവതരിപ്പിച്ച് വിജയിപ്പിച്ച് കാണിച്ച് തന്നിട്ട് എട്ടു വര്‍ഷത്തോളമായി. നൂറ്റൊന്ന് കുടുംബങ്ങള്‍ ചേര്‍ന്ന് ഏതോ നല്ല നിമിഷത്തില്‍ ജന്മം നല്‍കിയതാണ് നിറവ്. രാസവളം ചേര്‍ക്കാതെ അടുക്കളത്തോട്ടം നിര്‍മ്മിക്കുക, പച്ചക്കറിക്കൃഷി ചെയ്യുക, സ്വയം പര്യാപ്തത നേടുക, ഇതായിരുന്നു പ്രാരംഭ ലക്ഷ്യങ്ങള്‍. ഇന്നാ ലക്ഷ്യം കൈവരിച്ചു എന്ന് മാത്രമല്ല, വലിയ നേട്ടങ്ങളിലേക്ക് പ്രവേശിക്കുക കൂടി ചെയ്യുന്നു ഈ കൂട്ടായ്മ. ശാസ്ത്രീയമായ പുതിയ കൃഷിരീതികള്‍ സ്വായത്തമാക്കിയതിലൂടെ വലിയ മുന്നേറ്റമാണ് ഇവര്‍ നടത്തിയിരിക്കുന്നത്. ചെറുതല്ല ഈ നേട്ടം.

പുകവലിക്കാത്ത, മയക്കുമരുന്നുകളുപയോഗിക്കാത്ത, വീടിന്റെ അകത്തളങ്ങളില്‍ മാത്രം ഒതുങ്ങിക്കഴിയുന്ന നമ്മുടെ വീട്ടമ്മമാര്‍ക്കിടയില്‍ കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നത് എന്തുകൊണ്ടാണ്? വേങ്ങേരിയിലെ കുടുംബങ്ങള്‍ തങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയിലൂടെ അതിനുത്തരം കണ്ടെത്തി. വിഷലിപ്തമായ പച്ചക്കറികള്‍ കഴുകിവൃത്തിയാക്കുന്നതിലൂടെ, അവ കഴിക്കുന്നതിലൂടെ, പപ്പടത്തിന്റെ കവര്‍ പോലും അടുപ്പിലിട്ട് കത്തിച്ച് കാര്‍ബന്‍ ഡയോക്‌സൈഡ് പോലുള്ള മാരകവാതകങ്ങള്‍ ശ്വസിക്കുന്നതിലൂടെ തങ്ങള്‍ വരുത്തിവച്ച ഒരു വിനയാണിതെന്ന്.ആ ദുരന്തത്തില്‍ നിന്നും മുക്തി നേടാന്‍ അവര്‍ കണ്ടെത്തിയ വിപ്ലവാത്മകമായ ഒരാശയമാണ് നിറവ്. വലിയൊരു കാര്‍ഷികസംസ്‌കാരത്തിന്റെ പ്രതാപം പേറി നടക്കുന്ന വേങ്ങേരിയിലെ ജനങ്ങള്‍ അവര്‍ക്കിടയില്‍ നിന്നും, ഇതര ഗ്രാമങ്ങളില്‍ നിന്നുമായി ശേഖരിച്ച വിത്തുകള്‍ ഉപയോഗിച്ച് തങ്ങളുടെ അടുക്കളത്തോട്ടങ്ങളിലും ടെറസുകളിലുമായി കൃഷിക്ക് തുടക്കം കുറിച്ചു.

ബെസ്റ്റ് ഓഫ് അഴിമുഖം 

ഈ കൊല്ലാക്കൊല കാണാത്തവര്‍
വയനാട്ടില്‍ ഇനി ഓപ്പറേഷന്‍ മഞ്ഞക്കൊന്ന
രാജന്റെ പ്രവര്‍ത്തിയാണ് അയാളുടെ പരസ്യവും
ആണവ തരിശുപാടങ്ങളിലെ കൃഷി
വരാന്‍ പോകുന്നത് പട്ടിണിക്കാലം

2009ല്‍ ബി ടി വഴുതിനയുടെ ഭീഷണിയില്‍ ഉത്തരേന്ത്യന്‍ ഗ്രാമങ്ങള്‍ വഴുതിന തീയിലിട്ട് പ്രതിഷേധം ഉയര്‍ത്തിയപ്പോള്‍ വേങ്ങേരിയിലെ കര്‍ഷകര്‍ ഒരു ലക്ഷത്തിലധികം വഴുതിന തൈകള്‍ ഉല്‍പ്പാദിപ്പിച്ച്, സൗജന്യമായി വിതരണം ചെയ്ത് കൊണ്ട് ഹാനികരമല്ലെന്ന് ശാസ്ത്രീയമായിതെളിയിക്കാത്ത ജനിതകമാറ്റം വരുത്തിയ വഴുതിന തല്‍ക്കാലം തങ്ങളുടെ നാട്ടിലേക്ക് പ്രവേശിപ്പിക്കുന്നില്ലെന്ന് ഉച്ചൈസ്തരം പ്രഖ്യാപിക്കുകയായിരുന്നു. നീളത്തില്‍ ഭീമനും, കൂടുതല്‍ വിളവ് ലഭിക്കുന്നതും, ചവര്‍പ്പില്ലാത്തതുമായ ഈ വഴുതിനയാണ് പിന്നീട് വേങ്ങേരി വഴുതിന എന്ന പേരില്‍ അറിയപ്പെട്ടത്. അന്യം നിന്ന് പോകാറായ ആനക്കൊമ്പന്‍ വെണ്ട, വൈദ്യ കുമ്പളം, ചതുരപ്പയര്‍ തുടങ്ങി നാടന്‍ ഇനങ്ങളും ഈ കൂട്ടായ്മയുടെ സംരക്ഷണത്തിലുണ്ട്. ഇതില്‍ നിന്നും മിച്ചം വരുന്ന ജൈവകാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ശേഖരിച്ച് പ്രത്യേക ഔട്ട്‌ലെറ്റുകള്‍ വഴി വിപണിയിലേക്കെത്തിക്കാനും അവര്‍ ശ്രദ്ധിക്കുന്നു.ഇന്ന് വേങ്ങേരിയിലെ ഓരോ കുടുംബവും അയ്യായിരം രൂപ മുതല്‍ പതിനായിരം രൂപ വരെ അധികവരുമാനം കണ്ടെത്തുന്നു ഇതിലൂടെ. എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും മിനിമം വില നിശ്ചയിച്ച് കര്‍ഷകരില്‍ നിന്നും നേരിട്ട് സംഭരിക്കുന്നതിലൂടെ കര്‍ഷകര്‍ക്ക് മാന്യമായ വില ലഭിക്കുന്നു. മാത്രവുമല്ല, അന്യസംസ്ഥാനങ്ങളിലെ കാലാവസ്ഥാ വ്യതിയാനങ്ങളോ രാഷ്ട്രീയപരമായ മാറ്റങ്ങളോ കേരളത്തിലെ വിപണിവില നിശ്ചയിക്കുമ്പോള്‍ നിറവിലെ ഉല്‍പ്പന്നങ്ങളെ അത് ബാധിക്കുന്നുമില്ല. നബാര്‍ഡിന്റെയും സംസ്ഥാന സര്‍ക്കാറിന്റെയും മികച്ച പിന്തുണ ഇതിന് ഊര്‍ജ്ജം പകരുന്നു.

ജൈവകൃഷിയും മാലിന്യസംസ്‌കരണവും സമാന്തരമായി നടക്കേണ്ട ഒന്നാണ്. തങ്ങളുടെ വീടുകളിലെ ജൈവ, അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിലൂടെ ഊര്‍ജ്ജോല്‍പ്പാദനത്തിലും, ശുചീകരണത്തിലും ഇവര്‍ വേറിട്ടൊരു മാതൃകയാവുന്നു. വിദ്യാര്‍ത്ഥികളുടേയും ഉദ്യോഗസ്ഥരുടേയും കൂട്ടായ പരിശ്രമം കൂടെ ആയപ്പോള്‍ നഷ്ടപ്പെട്ട കാര്‍ഷികസംസ്‌കൃതിയെ വീണ്ടെടുക്കലായി മാറി അത്. എന്‍ ഐ ടിയിലെയും ഐ എച് ആര്‍ ഡിയിലെയും വിദ്യാര്‍ത്ഥികളുടെ സഹായത്തോടെ പുതുതായി വികസിപ്പിച്ചെടുത്ത സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് കര്‍ഷകരുടെ സംശയങ്ങള്‍ക്ക് വാട്ട്‌സ്ആപ്പിലൂടെയും മറ്റു സാമൂഹികമാധ്യമങ്ങളിലൂടെയും മറുപടി കൊടുത്ത് ശാസ്ത്രസാങ്കേതികവിദ്യ സാധാരണക്കാര്‍ക്ക് പ്രയോജനപ്പെടുത്താന്‍ വേണ്ടിയുള്ളതാണ് ഐ ടി@ നിറവ്. നിറവിന്റെ നേതൃത്വത്തില്‍ പ്രൊവിസന്‍സ് വിമന്‍സ് കോളേജിലെ എന്‍ എസ് എസ് യൂണിറ്റ് ‘നിറവ് യൂത്ത് ഫാര്‍മേര്‍സ് ക്ലബി’ന് രൂപം നല്‍കിയിട്ടുണ്ട്. കൃഷിയുടെ നല്ല പാഠങ്ങള്‍ ഈ രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ചവരിലൂടെ പുതുതലമുറയിലേക്ക് എത്തിക്കുകയും അതിലൂടെ വിഷമുക്തമായ കാര്‍ഷികമുന്നേറ്റവുമാണ് ക്ലബ് ലക്ഷ്യം വെക്കുന്നത്. പതിനായിരക്കണക്കിന് വാഴത്തൈകള്‍ ഉല്‍പ്പാദിപ്പിക്കുക, ജൈവവളങ്ങള്‍ ഉല്‍പ്പാദിപ്പിച്ച് അത് മാത്രം ഉപയോഗിച്ച് വിളയിക്കുക, അതും പുതിയ തലമുറയുടെ പങ്കാളിത്തത്തോടു കൂടി എന്നത് നവകേരള സമൂഹത്തില്‍ അത്ഭുതാവഹമാണ്.

കാര്‍ഷികേതര പ്രവര്‍ത്തനങ്ങളിലും നിറവ് സജീവമാണ്. ഊര്‍ജ്ജമേഖലയില്‍ ഇവര്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജശ്രീ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. വൈദ്യൂതിയുടെ അമിതമായ ഉപഭോഗം നിയന്ത്രിക്കുന്നതിന് എല്‍ ഇ ഡി ബള്‍ബുകള്‍ സ്വയം നിര്‍മ്മിച്ച് ഉപയോഗിക്കുന്നു. ട്യുബ് ലൈറ്റുകളും എമര്‍ജന്‍സി ലാമ്പുകളും ഉല്‍പ്പദിപ്പിക്കുന്ന യൂണിറ്റായി അത് വളര്‍ന്നു. പത്താം ക്ലാസുകാരികളും പന്ത്രണ്ടാം ക്ലാസുകാരുക്കുമൊക്കെ എല്‍ ഇ ഡി നിര്‍മ്മാണത്തില്‍ പരിശീലനം നേടിക്കഴിഞ്ഞു. ജലസംരക്ഷണവും മിതമായ ഉപയോഗവും ഉറപ്പ് വരുത്തുന്നതിന് വേണ്ടി ‘ജലശ്രീ’ പദ്ധതിക്ക് രൂപം നല്‍കി മഴക്കുഴികള്‍, കിണര്‍ റീച്ചാര്‍ജ്ജ് തുടങ്ങിയവയെ പ്രോത്സാഹിപ്പിക്കുന്നു. സി ഡബ്ലിയു ആര്‍ ഡി എം-ന്റെ സഹായത്തോട് കൂടി മഴമാപിനി സ്ഥാപിച്ച് ചരിത്രം സൃഷ്ടിച്ചു. ഇത് ജലശ്രീക്ക് മറ്റൊരു മുതല്‍ക്കൂട്ടായി. കോഴിക്കോടിനകത്തും പുറത്തുമുള്ള റസിഡന്‍സ് അസോസിയേഷനുകളെ ഉള്‍പ്പെടുത്തി പ്രവര്‍ത്തനമണ്ഡലം കൂടുതല്‍ വിപുലമാക്കുകയാണ് നിറവ്.

നൂറ്റൊന്ന് കുടുംബങ്ങള്‍ക്ക് ഇത് സാധിക്കുമെങ്കില്‍ ഒരു പഞ്ചായത്തിന്, ജില്ലക്ക് എന്ത് കൊണ്ട് സാധ്യമാകുന്നില്ല? ഒട്ടേറെ ഗ്രാമങ്ങള്‍ ഇത് പാഠമാക്കുന്നുണ്ട്. മറ്റു സംസ്ഥാനങ്ങള്‍ നിര്‍വാര്‍ന്ന ഈ ആശയം ഏറ്റെടുക്കുമ്പോള്‍ കേരളമേ അസൂയ തോന്നരുത്. ഇന്ന് തുടങ്ങിയാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിജയിപ്പിക്കാം ഇത്തരം സംരംഭങ്ങള്‍. ഇതൊരു ചിന്താവിഷയമാവട്ടെ, ഒരു മാതൃകയാവട്ടെ, നാടിന് ഗുണകരമാവട്ടെ, കേരളത്തിന് നല്ലൊരു കാഴ്ച്ചയും കാഴ്ച്ചപ്പാടുമാവട്ടെ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍