UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യ അവന്‍റെ രാജ്യമാണ്; അവളുടെയല്ലെന്ന് പറയുമ്പോള്‍

Avatar

സനിത മനോഹര്‍

കൂട്ടരേ, എല്ലാവരും അറിഞ്ഞുകാണുമെല്ലോ, ഒരു ഇന്ത്യന്‍ സ്ത്രീ എങ്ങനെ ജീവിക്കണമെന്ന് അങ്ങ് ഡല്‍ഹി ജയിലില്‍ ഒരുത്തന്‍ പ്രസ്താവന ഇറക്കിയത്. അത് ഉച്ചത്തില്‍ വിളിച്ചു പറയാന്‍ തക്ക രീതിയില്‍ അവനെ വളര്‍ത്തിയ ഇന്ത്യന്‍ ഭരണകൂടത്തിനും നീതിന്യായവ്യവസ്ഥക്കും നമോവാകം. ഒപ്പം അവനെ ഹീറോ ആക്കിയ ബിബിസിക്കും അവന്റെ ഹീറോയിസം ആഘോഷിച്ച ഇന്ത്യന്‍ മാധ്യമ പ്രബുദ്ധര്‍ക്കും. എന്തുകൊണ്ടും അങ്ങനെ ഒരു പ്രസ്താവന ഇറക്കാന്‍ അവന്‍ യോഗ്യന്‍ ആണല്ലോ! അവനെന്താണ് ചെയ്തത്; പാതിരാത്രി ബസ്സില്‍ യാത്ര ചെയ്ത ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ച് നന്നാക്കി കളയാമെന്നു വിചാരിച്ചു. അവളെന്തിന് എതിര്‍ത്തു? അതുകൊണ്ടല്ലേ പാവം അവന് അവളെ കൊല്ലേണ്ടി വന്നത്. അല്ലേല്‍ പീഡിപ്പിച്ച് നന്നാക്കിയശേഷം അവന്‍ ടാക്‌സി വിളിച്ചു വീട്ടില്‍ കൊണ്ടുവിടില്ലായിരുന്നോ? അവന്‍ മദ്യപിക്കും, മയക്കുമരുന്ന് ഉപയോഗിക്കും, രാത്രി കാലങ്ങളില്‍ അലഞ്ഞുതിരിഞ്ഞു നടക്കും, തരംകിട്ടിയാല്‍ പെണ്ണിനെ കയറി ബലാല്‍സംഗം ചെയ്യും. അതൊരു തെറ്റേ അല്ലാട്ടോ; കാരണം ഇന്ത്യ അവന്റെ രാജ്യമാണ്; അവളുടെ അല്ല.

 

സമൂഹത്തിന്റെയും മതത്തിന്റെയും കുടുംബത്തിന്റെയും ഭരണാധികാരികളുടെയും ഒക്കെ അടക്കിഭരണത്തില്‍ നിന്ന് കുറെയൊക്കെ സ്വതന്ത്രയാവാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും സ്ത്രീകള്‍ പുരുഷനു വേണ്ട സുഖസൌകര്യങ്ങള്‍ ഒരുക്കി കൊടുക്കേണ്ടവളും മതവിശ്വാസവും സംസ്‌കാരവും കാത്തു സൂക്ഷിക്കേണ്ടവളും എതിര്‍പ്പും മുറുമുറുപ്പും കൂടാതെ വീട്ടുജോലി ചെയ്യേണ്ടവളും തന്നെയാണെന്ന് വിശ്വസിക്കുന്ന ഒരു സമൂഹം അവള്‍ക്ക് ചുറ്റും എന്നും ഉണ്ടെന്നതാണ് അവളുടെ ശാപം. അതുകൊണ്ടു തന്നെയാണ് അക്രമം നടത്തുന്ന പുരുഷന്‍ ഹീറോയും പീഡനത്തിന് ഇരയായ അവള്‍ കുറ്റക്കാരിയുമാവുന്നത്. സ്ത്രീക്കെതിരെയുള്ള ആക്രമണങ്ങള്‍ പുറത്തു വരുമ്പോള്‍ സ്വയം ശിക്ഷിക്കപ്പെടുന്നതും സമൂഹത്തില്‍ ഒറ്റപ്പെടുന്നതും സ്ത്രീ തന്നെയാണ്. ചോദ്യം ചെയ്യപ്പെടുന്നത് അവളുടെ വസ്ത്രധാരണവും രാത്രി സഞ്ചാരങ്ങളുമാണ്. അല്പവസ്ത്രധാരിയായും, മദ്യപിക്കുകയും പുകവലിക്കുകയും അന്യപുരുഷനോടൊപ്പം ഡാന്‍സ് ക്ലബ്ബുകളില്‍ പോവുകയും ചെയ്യുന്ന കുലംകെട്ട സ്ത്രീകളാണ് ആക്രമിക്കപ്പെടുന്നതെന്ന വാദത്തിന്റെ പൊള്ളത്തരം മനസ്സിലാക്കണമെങ്കില്‍ കണക്കുകള്‍ പരിശോധിക്കപ്പെടണം. പീഡിപ്പിക്കപ്പെട്ട സ്ത്രീകളൊന്നും തന്നെ ‘അല്പവസ്ത്രധാരികളായ കുലട’കളായിരുന്നില്ല. തീവണ്ടിയിലും ബസ്സിലും തെരുവിലും കലാലയങ്ങളിലും തൊഴിലിടങ്ങളിലും പ്രായഭേദമെന്യെ സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ടത് അര്‍ദ്ധരാത്രി ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോഴായിരുന്നില്ല. മുറ്റത്തും പറമ്പിലും കളിച്ചു കൊണ്ടിരുന്ന പിഞ്ചു പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടതും കൈപിടിച്ചു നടത്തേണ്ട അച്ഛനാല്‍ പീഡിപ്പിക്കപ്പെട്ടതും അര്‍ദ്ധരാത്രിയില്‍ ഒറ്റയ്ക്ക് നടന്നതു കൊണ്ടായിരുന്നില്ല.

 

ഇന്ത്യന്‍ സ്ത്രീകള്‍ക്ക് ചുറ്റും, സ്ത്രീയെ ലൈംഗീകമായി കീഴ്‌പ്പെടുത്തുവാന്‍ പുരുഷന് അവകാശമുണ്ടെന്നു കരുതുന്ന ആണും പെണ്ണും വിദ്യാഭ്യാസമുള്ളവരും ഇല്ലാത്തവരും ഒക്കെ ഉള്‍പ്പെടുന്ന ഒരു സമൂഹം ഉണ്ട്. ചെറുപ്പം മുതല്‍ തന്നെ ആണിനെ ആണായും പെണ്ണിനെ ‘പെണ്ണാ’യും വളര്‍ത്തി മതിലുകെട്ടിയ ഒരു സമൂഹം. ഒരു പെണ്ണിനെ ഒറ്റയ്ക്ക് കിട്ടിയാല്‍ കയറി പിടിക്കാന്‍ ആണിന് ധൈര്യം കൊടുത്ത ഈസമൂഹമാണ് ബാലാത്സംഗത്തിന്റെ ഇരയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതും. അപമാനിക്കപ്പെട്ട സ്ത്രീയുടെ ജാതി, വര്‍ഗ്ഗം, വസ്ത്രധാരണം, തൊഴില്‍, സദാചാരം, സ്വഭാവമഹിമ എന്നിങ്ങനെ അവളുടെ അമ്മയുടെ ചാരിത്ര്യവും അച്ഛന്റെ ചരിത്രവും വരെ പരിശോധനയ്ക്ക് വിധേയമാക്കുന്നതും ഈ സമൂഹമാണ്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തില്‍ കോടതികള്‍ പോലും അവലംബമാക്കുന്നത് ഈ സാമാന്യസമൂഹത്തിന്റെ യുക്തിയെ ആണെന്നതിന് തെളിവാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ബാലാത്സംഗ കേസുകളില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നത് അപൂര്‍വ്വമാണെന്ന കണക്കുകള്‍. ഇത്തരം സമൂഹത്തിന്റെ കാഴ്ചപ്പാടുകളെ വിദ്യാഭ്യാസം കൊണ്ട് തിരുത്തിക്കളയാം എന്ന ചിന്ത അസ്ഥാനത്താണെന്ന് നമുക്ക് ബോധ്യപ്പെടുത്തി തരുന്നു ഡല്‍ഹി കേസില്‍ പ്രതിഭാഗം വക്കീലിന്റെ പ്രതിയെ ന്യായീകരിക്കല്‍. വിദ്യാഭ്യാസമില്ലായ്മ അല്ലല്ലോ അയാളുടെ പ്രശ്‌നം. ‘ഇന്ത്യയുടെ മകള്‍’ ഡോക്യുമെന്ററി തീര്‍ച്ചയായും ഇന്ത്യന്‍ സമൂഹം കാണേണ്ടതു തന്നെ എന്നതില്‍ സംശയമില്ല. പക്ഷെ അതിന്റെ സംവിധായിക പ്രതിയെ നിസ്സാരവല്‍ക്കരിക്കുന്നതിനുപകരം ഹീറോ ആക്കി മാറ്റിയതിലൂടെ നേടിയത് ഡോക്യുമെന്ററിയുടെ ലോകശ്രദ്ധയായിരുന്നു. അവര്‍ക്ക് കൃത്യമായി അറിയാമായിരുന്നു അവന്റെ വൃത്തിക്കെട്ട ഹീറോയിസം ആണ് ഇന്ത്യയുടെ മകളുടെ വേദനയേക്കാള്‍ ഡോക്യുമെന്‍ററിയുടെ പ്രചാരണത്തിന് ഏറ്റവും നല്ല ഉപാധിയെന്ന്. അവര്‍ ഒരു സ്ത്രീ ആയിരുന്നു, വിദ്യാഭ്യാസമുള്ളവളുമായിരുന്നു എന്നത് ഏറെ വേദനാജനകം.

 
വേദോപദേശവും വിദ്യാഭ്യാസവും ഒന്നും വിലപ്പോവാത്ത അവസ്ഥയില്‍ ഇന്ത്യയില്‍ മാറ്റപ്പെടേണ്ടത് ഇന്ത്യന്‍ നിയമവ്യവസ്ഥ തന്നെയാണ്. കുറ്റവാളികള്‍ക്ക് ഇന്ത്യന്‍ നിയമത്തില്‍ കിട്ടുന്ന ആനുകൂല്യങ്ങളാണ് ക്രൂരമായ ആക്രമണങ്ങള്‍ കൂടി വരുന്നതിനു പിന്നിലെ ശാസ്ത്രം. അവള്‍ക്ക് ജീവന്‍ പോയി എന്നല്ലാതെ എനിക്കെന്താ ഒരുചുക്കും സംഭവിച്ചില്ല. ഞാനിവിടെ തിന്നും കുടിച്ചും ഒക്കെ സുഖമായി കഴിയുന്നു. കുറച്ചു കഴിഞ്ഞാല്‍ പുറത്തിറങ്ങി അന്തസ്സായി നെഞ്ചും വിരിച്ച് നടക്കുകയും ചെയ്യുമെന്ന്‍ അവന്റെ പ്രസ്താവനയിലൂടെ പറയാതെ പറയാനുള്ള ധൈര്യം അവനു നല്‍കിയത് ഇന്ത്യയിലെ ഈ നിയമവ്യവസ്ഥ തന്നെയാണ്. ഇതുവരെയുള്ള ബലാത്സംഗ കേസുകള്‍ പരിശോധിച്ചാല്‍ നമുക്കു കാണാന്‍ കഴിയും; നിയമത്തിന്റെ ആനുകൂല്യം ഉപയോഗിച്ച് പ്രതികളില്‍ മിക്കവാറും പേരും രക്ഷപ്പെടുകയാണ് ഉണ്ടായത് എന്ന്‍. സൂര്യനെല്ലി കേസുതന്നെ നോക്കൂ, ഇരയായ പെണ്‍കുട്ടിയും കുടുംബവും ഒറ്റപ്പെട്ട ജീവിതം നയിക്കുമ്പോള്‍ പ്രതികള്‍ വീരന്മാരായി വിലസി നടക്കുന്നു. ഒരു കുടുംബത്തെ പോറ്റാന്‍ ജോലിക്കിറങ്ങി തിരിച്ച പെണ്‍കുട്ടി ആയിരുന്നു സൗമ്യ. അവളോട് ക്രൂരത കാട്ടിയവന്‍ ജയിലില്‍ സസുഖം വാഴുന്നു. സദാചാരവാദികളും സദാചാരപോലീസും മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടവരും രാഷ്ട്രീയക്കാരും കുത്തക മാധ്യമങ്ങളും കോര്‍പ്പറേറ്റുകളും ചേര്‍ന്ന് ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥയെ ഉഴുതു മറിക്കുമ്പോള്‍ നിസ്സംഗതയോടെ നോക്കി നില്‍ക്കുന്ന ഭരണകൂടത്തിനും നിയമവ്യവസ്ഥക്കും നമ്മെ സംരക്ഷിക്കാന്‍ ആവില്ലെന്ന് തിരിച്ചറിഞ്ഞ സ്ഥിതിക്ക് നമുക്ക് ജാതി, മത, രാഷ്ട്രീയ ഭേദമെന്യെ ഇത്തരം ക്രൂരതകള്‍ക്കെതിരെ ഉറച്ച മനസ്സോടെ രംഗത്തിറങ്ങുകയും ശക്തമായി പ്രതിരോധിക്കുകയും ചെയ്യാം. പാര്‍ക്കിലോ ബീച്ചിലോ സ്വതന്ത്രമായി വിഹരിക്കുന്ന കമിതാക്കള്‍ക്കും ആണ്‍- പെണ്‍ സൗഹൃദങ്ങള്‍ക്കും പിറകെ പോവാതെ, സദാചാര സംരക്ഷകരേ, സ്ത്രീകള്‍ക്കെതിരെയുള്ള ക്രൂരമായ അക്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കാന്‍ ഉപയോഗിക്കൂ നിങ്ങളുടെ സംഘശക്തിയെ.

 

 

എന്തൊക്കെ പറഞ്ഞാലും നീയൊരു സ്ത്രീ അല്ലേയെന്ന് ചോദിക്കുന്ന സമൂഹത്തിന് അപ്പുറം സ്ത്രീയെ ബഹുമാനിക്കുകയും അവളുടെ കഴിവുകളെ ആദരിക്കുകയും പുരുഷനെപ്പോലെ സ്ത്രീയും സ്വതന്ത്ര വ്യക്തിയാണെന്ന് വിശ്വസിക്കുകയും ചെയ്യുന്ന ആണ്‍- പെണ്‍ സമൂഹവും നമുക്ക് ചുറ്റുമുണ്ട്. സ്വതന്ത്ര ചിന്തയും ചൈതന്യവുമുള്ള ഒരു പെണ്‍കരുത്തായി മുന്നേറാന്‍ ഈ സമൂഹത്തിന്റെ താങ്ങുണ്ടാവും നമുക്ക്. ഏത് ജീവിതാവസ്ഥയില്‍ നിന്നാണ് നാം സ്ത്രീ ജന്മങ്ങള്‍ ഇന്നത്തെ അവസ്ഥയിലേക്ക് ഉയര്‍ന്നു വന്നത്. എന്തൊക്കെ പ്രതിരോധങ്ങളെ, പ്രതിഷേധങ്ങളെ അതിജീവിച്ചിട്ടുണ്ട് നമുക്കു മുന്നേ നടന്ന പെണ്‍ ധൈര്യങ്ങള്‍. അവര്‍ കത്തിച്ചുവച്ച വിളക്കുണ്ട് നമുക്കു മുന്നില്‍. ആ വെളിച്ചത്തിലൂടെ പെണ്ണാണെന്ന അഭിമാനത്തോടെ നമുക്കും നമ്മുടെ പെണ്‍മക്കള്‍ക്കും മുന്നോട്ട് നടക്കാം. ഒപ്പം നമ്മുടെ പെണ്‍മക്കളെ, അവര്‍ക്ക് നേരെ വരുന്ന ആക്രമണങ്ങളെ ചെറുത്തു തോല്‍പിക്കാന്‍ പ്രാപ്തരാക്കാം. സ്വപ്നവഴിയെ തല ഉയര്‍ത്തിപ്പിടിച്ച് ഒരു തെമ്മാടികൂട്ടത്തിനും ചവിട്ടി മെതിക്കാന്‍ നിന്നു കൊടുക്കാതെ നമുക്കും നമ്മുടെ പെണ്‍മക്കള്‍ക്കും ഉറച്ച ചുവടുകള്‍ വച്ച് മുന്നേറാം.

 

(ഒമാനില്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തകയാണ് സനിത) 

 

*Views are personal

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍