UPDATES

വിശാഖ് ശങ്കര്‍

കാഴ്ചപ്പാട്

വിശാഖ് ശങ്കര്‍

ന്യൂസ് അപ്ഡേറ്റ്സ്

‘ഇന്ത്യയുടെ മകൾ’ ആരെ കയ്യൊഴിയുന്നു? അവളെ ആര് കയ്യൊഴിയുന്നു?

2012 ഡിസംബർ 16ന് തലസ്ഥാന നഗരിയായ ദില്ലിയിലെ ഒരു ബസിൽ വച്ച് ബലാത്സംഗത്തിന് വിധേയയായി ദാരുണമായി കൊലചെയ്യപ്പെട്ട ജ്യോതി സിംഗ് എന്ന ഇന്ത്യയുടെ ‘നിർഭയ’ യെക്കുറിച്ചുള്ള ഡോക്യുമെന്ററിക്ക് ബിബിസി അനുമതി നേടുന്നത് കഴിഞ്ഞ സർക്കാരിന്റെ കാലത്താണ്. അധികാരികളുടെ അനുമതിയോടെ ചിത്രീകരിക്കപ്പെട്ട ആ ഡോക്യുമെന്ററി വനിതാ ദിനമായ മാർച്ച് എട്ടിന് സംപ്രേക്ഷണം ചെയ്യാനിരിക്കെയാണ് അതിൽ ഉൾപ്പെട്ട, കേസിലെ പ്രതി മുകേഷ് സിങ്ങുമായുള്ള അഭിമുഖത്തെയും, അദ്ദേഹത്തിന്റെ അഭിഭാഷകരുടെ പരാമർശങ്ങളെയും കുറിച്ചുള്ള വാർത്തകൾ ചില പത്രങ്ങൾ പുറത്തുവിടുന്നത്. അതിനുശേഷമാണ് സംപ്രേക്ഷണം തടഞ്ഞുകൊണ്ടുള്ള കോടതി വിധിയും പാർലമെന്റിലെ പ്രതിപക്ഷ ഒച്ചപ്പാടും എല്ലാം. പക്ഷേ അപ്പോഴും മനസിലാവാത്തത് പ്രസ്തുത ഡോക്യുമെന്ററിയുടെ സംപ്രേക്ഷണത്തിൽ ഇത്രകണ്ട് എതിർക്കപ്പെടെണ്ടതായി എന്താണുള്ളത് എന്നാണ്.

 

ഈ വിവാദവും, നിരോധനവും എല്ലാം ചേർന്ന് ആ ഡോക്യുമെന്ററിയ്ക്ക് ആഗോള പ്രേക്ഷക ശ്രദ്ധയും വാർത്താ പ്രാധാന്യവും നല്കുകയും അവയെ മുൻനിർത്തി ബിബിസി അത് പ്രഖ്യാപിത ദിവസമായ മാർച്ച് എട്ടിനും മൂന്ന് ദിവസം മുമ്പ് അഞ്ചാം തിയതി രാവിലെ സംപ്രേക്ഷണം ചെയ്യുകയും ചെയ്തു. ഇന്ത്യയിൽ അത് നിരോധിതമെങ്കിലും ഇന്ത്യാക്കാർക്കും കാണാൻ കഴിയുംവിധം അവർ അത് യൂട്യൂബിൽ അപ്ലോഡ് ചെയ്തു. അങ്ങനെ കോടതി നിരോധിച്ച ഡോക്യുമെന്ററി യൂട്യൂബ് വഴി കണ്ടിട്ടും എന്തിനിത് നിരോധിക്കപ്പെട്ടു എന്നത് മനസിലാവാതെ തുടരുന്നു എന്നതാണ് വിചിത്രം.

 

എന്തിന് നിരോധനം?

‘ഇന്ത്യയുടെ മകൾ’എന്ന ഈ ഡോക്യുമെന്ററി അപ്ലോഡ് ചെയ്യപ്പെട്ട് ഏതാണ്ട് അരദിവസത്തിനുള്ളിൽ യൂട്യൂബിൽ നിന്നും നീക്കം ചെയ്യപ്പെട്ടു. ഇത്ര പണിപ്പെട്ട് തമസ്കരിക്കാൻ അതിൽ എന്തായിരുന്നു പ്രശ്നം? അനുമതി കരാർ ലംഘിച്ചു എന്നതാണ് സർക്കാർ ഭാഷ്യമായി പറഞ്ഞുകേൾക്കുന്ന ഒന്ന്. ഗവേഷണബന്ധിയും, സാമൂഹ്യവുമായ ആവശ്യങ്ങൾക്കല്ലാതെ ‘കച്ചവട’ താല്പര്യങ്ങൾക്കായി അത് ഉപയോഗിക്കാൻ പാടില്ല എന്നതാണ് പറയപ്പെടുന്ന നിബന്ധന. അത് ലംഘിച്ചു എന്നതാണ് പറഞ്ഞു കേൾക്കുന്ന ഒരു കാരണം.

 

ഇത്തരം ഒരു ഡോക്യുമെന്ററിയുടെ പ്രദർശനം സാമൂഹ്യമായ താല്പര്യങ്ങൾ മുൻനിർത്തിയാണോ അതോ കച്ചവടതാല്പര്യം മുൻനിർത്തിയാണൊ നടന്നത് എന്നത് എങ്ങനെ തീർപ്പാക്കും? പ്രാഥമികമായി അദ്ധ്യയനപരമോ, ചരിത്രപരമോ ആയ സത്യങ്ങളെ രേഖപ്പെടുത്താൻ ഉദ്ദേശിച്ച് നിർമ്മിക്കപ്പെടുന്ന, ഭാവനാ സൃഷ്ടികൾ അല്ലാത്ത  വസ്തുതാബന്ധിയായ ചലചിത്രാഖ്യാനങ്ങളായാണ് ഡോക്യുമെന്ററികൾ പൊതുവിൽ നിർവചിക്കപ്പെടുന്നത്. അവ നിർമ്മിക്കപ്പെടുന്നത് കേവലമായ കച്ചവട താല്പര്യങ്ങൾ മാത്രം മുൻനിർത്തിയല്ല എന്ന് ഈ നിർവചനത്തിൽ തന്നെ വ്യക്തമാണ്. ‘ഇന്ത്യയുടെ മകൾ’ എന്ന ഡോക്യുമെന്ററി നിർവചനത്തിലെ അദ്ധ്യയനപരവും, ചരിത്രപരവുമായ ചലച്ചിത്ര ആഖ്യാനം എന്ന നിബന്ധന പാലിക്കാത്ത, കേവലം കച്ചവടതാല്പര്യങ്ങൾ മാത്രം മുൻനിർത്തി എടുക്കപ്പെട്ട ഒരു തട്ടുപൊളിപ്പൻ പടമാണെന്ന് വ്യാഖ്യാനിക്കാൻ ചില്ലറ കസർത്ത് പോര. ചാനൽ വഴി സംപ്രേക്ഷണം ചെയ്യുന്നതാണ് കച്ചവടതാല്പര്യമായി വ്യാഖ്യാനിക്കപ്പെടുന്നതെങ്കിൽ അതും വിചിത്രമായ ഒരു വ്യാഖ്യാനമാണ്. ഡോക്യുമെന്ററികൾക്ക് അവയുടെ സാമൂഹ്യമായ കടമ നിർവഹിക്കാനാകുന്നത് അതിനെ പരമാവധി മനുഷ്യരിലേയ്ക്ക് എത്തിച്ചുകൊണ്ടാണ്. അതിനായി അവർക്ക് ലഭ്യമായ മാധ്യമങ്ങളിൽ ഒന്നാണ് ടിവി ചാനൽ; അതിനെ അവർ ഉപയോഗിച്ചു എന്ന് മാത്രം. 

 

ഈ ഡോക്യുമെന്ററിയ്ക്ക് ഇന്ത്യയിൽ പ്രദർശനാനുമതി നിഷേധിച്ചതിന് സർക്കാരും നിയമസംവിധാനവും നിരത്തുന്ന ന്യായങ്ങൾ അവിടെ നില്ക്കട്ടെ. അതിലും ഒക്കെ വിചിത്രമായി തോന്നിയത് പ്രസ്തുത ചലചിത്രത്തിനെതിരേ കവിതാ കൃഷ്ണനെയും, വൃന്ദാ ഗ്രോവറിനെയും, ഉര്‍‌വ്വശി ഭൂട്ടാലിയയെയും പോലെയുള്ള സ്ത്രീപക്ഷ ആക്ടിവിസ്റ്റുകൾ ഉന്നയിക്കുന്ന വിമർശനങ്ങളിലെ, സാംസ്കാരിക യുക്തികളാണ്. 

 

 

വിമർശനങ്ങൾ 

‘ഇന്ത്യയുടെ മകൾ’ എന്ന തലക്കെട്ടിലെ ‘മകൾ’ എന്ന പ്രയോഗം തന്നെ നിലനില്ക്കുന്ന സാഹചര്യങ്ങളിൽ സ്ത്രീയെ പിതൃകേന്ദ്രീകൃതമായ ഒരു രക്ഷാകർതൃ വ്യവസ്ഥയിൽ കൊണ്ട് കെട്ടുന്നു എന്നതാണ് ഒരു വിമർശനം. അത് തത്വത്തിൽ ശരിയാണ് താനും. പക്ഷെ അത്തരം ഒരു അവധാനതക്കുറവ് കൊണ്ട് മാത്രം ആ ഡോക്യുമെന്ററി നല്കുന്ന പിതൃകേന്ദ്രീകരണ വിമർശനങ്ങൾ അസാധുവാകുന്നില്ല.

 

മറ്റൊന്ന് അത് ഇന്ത്യൻ പുരുഷത്വത്തിനെതിരേ ഉള്ള സാമാന്യവൽകൃതമായ വംശീയ അധിക്ഷേപമാകുന്നു എന്നതാണ്. അതിനെ അങ്ങനെ ആകുന്നതായി അംഗീകരിക്കാൻ ലെസ്ലീ ഉഡ്വിൻ എന്ന സ്ത്രീയുടെ ബ്രിട്ടീഷ് പശ്ചാത്തലത്തിൽ കവിഞ്ഞൊന്നും ഡോക്യുമെന്ററിയുടെ ദൃശ്യപാഠം നല്കുന്നില്ല. ഇന്ത്യൻ പൊതുബോധം സ്ത്രീ വിരുദ്ധമാണെന്നത് ഒരു വസ്തുതയാണ്. ആപേക്ഷികമായ വ്യത്യാസങ്ങൾ നിലനിർത്തിക്കൊണ്ട് ലോക പൊതുബോധം എന്ന് അതിനെ വികസിപ്പിക്കാനുമാകും. അപ്പോഴും ഇന്ത്യൻ പുരുഷത്വത്തെ മുഴുവൻ  ഈ ഡോക്യുമെന്ററി ബലാത്സംഗികളായി ചിത്രീകരിക്കുന്നു എന്ന വ്യാഖ്യാനം വസ്തുതാവിരുദ്ധം തന്നെയാണ്. അതിൽ നിരന്തരം സംസാരിക്കുന്ന മനുഷ്യാവകാശ പ്രവർത്തകനായ പുരുഷൻ, ജ്യോതീ സിംഗിന്റെ ആദ്യകാല അദ്ധ്യാപകനും സുഹൃത്തുമായ ചെറുപ്പക്കാരൻ തുടങ്ങിയവർ ഇന്ത്യയിൽ ബാക്കിയാകുന്ന ‘മനുഷ്യ’രുടെ പ്രതിനിധാനം പര്യാപ്തമാം വണ്ണം തന്നെ ചെയ്യുന്നുണ്ട്. 

 

ഡോക്യുമെന്ററിയിൽ അവർക്ക് കിട്ടിയ സമയം ബലാത്സംഗത്തെ ന്യായീകരിക്കുന്നവർക്ക്, അവരുടെ സാംസ്കാരിക യുക്തികൾക്ക് ലഭിച്ച സമയത്തെക്കാൾ കുറവാണെങ്കിൽ അത് വസ്തുതാ കഥനം എന്ന നിലയിൽ ആ ഡോക്യുമെന്ററിയുടെ ഘടനാപരമായ ആഴത്തെ തന്നെയാണ് പ്രതിനിധാനം ചെയ്യുന്നത്. വർത്തമാന ഇന്ത്യയുടെ സാംസ്കാരിക മണ്ഡലത്തിൽ ഇത്തരം യുക്തികൾ പാർശ്വവൽക്കരിക്കപ്പെടുന്നു എന്ന് അത് ധ്വനിപ്പിക്കുന്നു. എന്നാൽ അത് കൂടെ നില്ക്കുന്നത് ഏറെ സമയം തിരശീലാസാന്നിധ്യം നല്കിയ മുകേഷ് സിങ്ങിനെയും, അയാളുടെ അഭിഭാഷകരെയും പോലെയുള്ളവർക്കൊപ്പം അല്ല എന്നത് അത് കണ്ട ആർക്കും ബോധ്യമാകുകയും ചെയ്യും.

 

ഹേറ്റ് സ്പീച്ച് 

ഈ ഡോക്യുമെന്ററി നിറയെ ഹേറ്റ് സ്പീചാണെന്നും അത് ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ 153A(1) പ്രകാരം കുറ്റകരമാണെന്നുമാണ് മറ്റൊരു വിമർശനം. ഇത് കലയുടെ ആഖ്യാനബന്ധിയായ സങ്കേതങ്ങളെക്കുറിച്ച് സാമാന്യവിവരമെങ്കിലും ഉള്ളവർ ഉന്നയിക്കാൻ പാടുള്ള വിമർശനമല്ല. ദില്ലി കൂട്ട ബലാത്സംഗക്കേസിൽ ശിക്ഷിയ്ക്കപ്പെട്ട് തൂക്കുകയർ കാത്ത് കിടക്കുന്ന മുകേഷ് സിങ്ങിനും, അയാളുടെ അഭിഭാഷകർക്കും മുന്നോട്ട് വയ്ക്കാനുള്ള യുക്തികളെ ഈ ഡോക്യുമെന്ററി അതുപോലെ ഡോക്യുമെന്റ് ചെയ്യുന്നുണ്ട്. പ്രസ്തുത ചലച്ചിത്രം നല്കുന്ന ദർശനമോ, അതിന്റെ വൈകാരികമായ സഹയാനമോ അവർക്കൊപ്പമാണെന്ന് അത് കണ്ട ആർക്കും പറയാനാവില്ല.

 

വധശിക്ഷ പോലെയുള്ള പ്രാകൃതമായ ഒരു ശിക്ഷാവിധിയ്ക്ക് മുഖാമുഖം നില്ക്കുമ്പോഴും മുകേഷ് സിങ്ങ് താൻ ചെയ്തെന്ന് ഭരണകൂടവും, നീതിപീഠവും വിധിച്ച കുറ്റകൃത്യത്തെ അഭിസംബോധന ചെയ്യുന്ന രീതി, അതിന്റെ യുക്തി, കേവലം ഞെട്ടിയ്ക്കുന്നത് മാത്രമല്ല, ഇവിടെ നിലനില്ക്കുന്ന സാമൂഹ്യവ്യവസ്ഥയിൽ, അത് വികസിപ്പിച്ചെടുത്ത ജനാധിപത്യബോധത്തിൽ ഇനിയും വിശ്വസിക്കുന്നത് മൗഢ്യം മാത്രമാകുമെന്ന് തെളിയിക്കുന്നത് കൂടിയാണ്. താൻ ചെയ്ത കുറ്റത്തിൽ തെല്ലും പശ്ചാത്താപമില്ലാത്ത ഒരു കൊടും കുറ്റവാളിയുടെ മനോനില എന്ന നിലയിൽ അല്ല മുകേഷ് സിങ്ങിന്റെ യുക്തി നമ്മെ ഞെട്ടിപ്പിക്കുന്നത്; മറിച്ച് ഒരു വ്യക്തിയെ തൂക്കിലേറ്റിയതുകൊണ്ടൊന്നും ഉച്ചാടനം ചെയ്യാനാവാത്തവണ്ണം പരന്നതും, പ്രബലവും പലപ്പോഴും കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള കേവലമായ നിർവചനങ്ങൾക്ക് പുറത്ത് ഒരു സ്വതന്ത്ര സാംസ്കാരികമൂല്യമായി നിലനിൽക്കുന്നതുമായ പിതൃകേന്ദ്രീകൃത മൂല്യങ്ങളുടെ സാമൂഹ്യവ്യാപ്തിയും ആഴവുമാണ്. മുകേഷ് സിങ്ങ് മുന്നോട്ട് വയ്ക്കുന്ന നിരീക്ഷണങ്ങളും, അതിന്റെ യുക്തിബന്ധിയും, ദാർശനികവുമായ രീതിശാസ്ത്രവും അയാൾ തന്റെ സ്വതന്ത്ര ബൌദ്ധിക അന്വേഷണങ്ങളിൽനിന്ന് രൂപപ്പെടുത്തിയവയല്ല. വിദ്യാസമ്പന്നനോ, പണ്ഡിതനോ അല്ലാത്ത അയാൾ ഇന്നും മാറ്റമില്ലാതെ തുടരുന്ന നമ്മുടെ പിതൃകേന്ദ്രീകൃത സാമൂഹ്യ, രാഷ്ട്രീയ വീക്ഷണങ്ങളുടെ, സദാചാരദർശനങ്ങളുടെ ശില്പികളായ, ഇന്നും ആദരിക്കപ്പെടുന്ന പൂർവ്വസൂരികളുടെ, ആർഷഭാരത സാംസ്കാരിക ദർശനത്തിന്റെ ഒരു ഇരയാകുന്നു.

 

ഇതാണ് സ്പർദ്ധ വളർത്തുക ലക്ഷ്യമിട്ടുള്ള ആഖ്യാനം എന്ന നിലയിലേയ്ക്ക് വൃന്ദയെയും, ഉർവശിയെയും പോലെയുള്ള സ്ത്രീപക്ഷ ആക്ടിവിസ്റ്റുകളാൽ  വ്യാഖ്യാനിക്കപ്പെടുന്ന ഈ ഡോക്യുമെന്ററിയുടെ കാഴ്ച നല്കുന്ന അനുഭവം. നമുക്ക് അതിന്റെ വിശദാംശങ്ങളെ ഒന്നൊന്നായി പരിശോധിക്കാം.

 

 

‘ഇന്ത്യയുടെ മകൾ’ 

പെണ്‍മക്കളുടെ ജനനം അത്രകണ്ട് ആഘോഷിയ്ക്കപ്പെടാത്ത ഇന്ത്യൻ യാഥാർത്ഥ്യത്തെ സൂചിപ്പിച്ചുകൊണ്ട്   പാരമ്പര്യവിരുദ്ധമായി മകളുടെ ജനനം മധുരം വിതരണം ചെയ്ത് ആഘോഷിച്ച ജ്യോതീ സിംഗിന്റെ മാതാപിതാക്കളിൽ നിന്നാണ് ഡോക്യുമെന്ററി തുടങ്ങുന്നതെങ്കിൽ അത് തന്റെ മാധ്യമത്തിനുമേൽ ഉഡ്വിനുള്ള കൈത്തഴക്കം എന്നേ പറയാനുള്ളൂ. ഒരു പെണ്ണായി പിറന്നിട്ടും അവൾക്ക് സ്വപ്നങ്ങൾ ഉണ്ടായിരുന്നു എന്ന്, അവ ഒത്തുതീർപ്പുകളുടെതായിരുന്നില്ല എന്ന് ധ്വനിപ്പിച്ചുകൊണ്ട് തുടരുന്ന ഡോക്യുമെന്ററി ജ്യോതിയെക്കാൾ ഒരുപാട് പ്രായമൊന്നും അധികമില്ലാത്ത അവളുടെ ആദ്യ പഠന സഹായിയായ ചെറുപ്പക്കാരനിലേയ്ക്ക് എത്തുന്നു. സ്വാഭാവികമായും അയാളാണ് അവളുടെ സ്വപ്നങ്ങളെക്കുറിച്ച്, വ്യക്തിത്വത്തെക്കുറിച്ച്, അതിലെ പാരമ്പര്യവിരുദ്ധവും, പുരോഗമനോന്മുഖവും, വ്യതിരിക്തവുമായ ധാരകളെക്കുറിച്ച് നമുക്ക് ആദ്യധാരണകൾ നല്കുന്നത്. അവിടെനിന്നാണ് ഡോക്യുമെന്ററി ഇന്ത്യക്കാരെ ആരെയും ഓർമ്മിപ്പിക്കേണ്ടാത്ത ആ ദുരന്തന്തത്തിന്റെ ആഖ്യാനത്തിലേയ്ക്ക് കടക്കുന്നത്. 

 

ഡോക്ടറാകുക, അതിലൂടെ വൈദ്യസഹായം ഇനിയും അകലെയായ തന്റെ ഗ്രാമത്തിന് കൈത്താങ്ങാകുക എന്ന സ്വപ്നത്തിന് ദാരിദ്ര്യം തടസ്സമായപ്പോൽ അവൾ പറഞ്ഞത് മകളുടെ മാംഗല്യത്തിനായി കരുതി വച്ചിരിക്കുന്ന ധനം വിദ്യാഭ്യാസത്തിനായി ചിലവഴിക്കുക എന്ന പോംവഴിയാണ്. അവിടം മുതൽ അവളും, പരമ്പരാഗത സ്വത്ത് വിറ്റ്‌ മകളെ വിവാഹം കഴിപ്പിക്കുന്നതിനു പകരം അവളെ പഠിപ്പിക്കുന്നതിലൂടെ ജ്യോതിയുടെ മാതാപിതാക്കളും പാരമ്പര്യത്തെ ചൊടിപ്പിയ്ക്കാൻ തുടങ്ങി എന്ന് ഡൊക്യുമെന്ററി വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. കൂടാതെ കോൾ സെന്ററിൽ രാത്രിവേല ചെയ്തും, മൂന്നോ നാലോ മണിക്കൂറുകൾ മാത്രം ഉറങ്ങിയുമായിരുന്നു ഇല്ലായ്മകൾക്കെതിരെ അവൾ പൊരുതി ജയിച്ചത്. യാഥാസ്ഥിതികതയെയും, പാരമ്പര്യത്തെയും സ്വാഭാവികമായും  ചൊടിപ്പിയ്ക്കുന്ന പെണ്‍വിജയത്തിന്റെ കലാശമായിരുന്നു പരീക്ഷയുടെ യുദ്ധകാലങ്ങൾക്ക് ശേഷം സുഹൃത്തുമായി ഒരു സിനിമ കണ്ട് ‘റിലാക്സ്’ ചെയ്യാൻ അവൾ തീരുമാനിച്ചതും മാതാപിതാക്കൾ സമ്മതിച്ചതും. അത് തന്നെയായിരുന്നു അവളുടെ ദുരന്തമായതും. അതായത് അവളുടെ സ്വാതന്ത്ര്യബോധവും, പെണ്മക്കൾക്ക് സ്വപ്നം കാണാൻ സ്വാതന്ത്ര്യമുണ്ട് എന്നത് അംഗീകരിക്കാൻ മനസുണ്ടായിരുന്ന മാതാപിതാക്കളുടെ ഉല്പതിഷ്ണുത്വവും. 

 

ഇതിനിടയിൽ മുകേഷ് സിങ്ങ് എന്ന പ്രതിക്കും, കൂട്ടുപ്രതിയുടെ ഭാര്യക്കും, മറ്റ് പ്രതികളുടെ മാതാപിതാക്കൾക്കും പറയാനുള്ളതും ഡോക്യുമെന്ററി നമുക്ക് കേൾപ്പിച്ച് തരുന്നുണ്ട്; ഒപ്പം പുരുഷകേന്ദ്രീകൃതമായ ഇന്ത്യൻ സാമൂഹ്യ പൊതുബോധത്തിന്റെ തനത് പ്രതിനിധാനം  രണ്ട് പ്രതിഭാഗം വക്കീലന്മാരുടെ വാക്കുകളിലൂടെയും. എന്നാൽ അത് കാണിയുടെ സഹജാവബോധത്തെ ആ കുറ്റവാളികളിലേക്കും, അവരുടെ വക്കീലന്മാരുടെ വാദങ്ങളിലേക്കും കേന്ദ്രീകരിച്ചുകൊണ്ടല്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അവർക്ക് നല്കിയ സമയത്തിലൂടെ ഡോക്യുമെന്ററി ധ്വനിപ്പിക്കുന്നത് സ്ത്രീകൾക്കെതിരെ ഇവിടെ നടക്കുന്ന അക്രമങ്ങൾക്കും നീതിനിഷേധത്തിനും ചില പുരുഷന്മാരുടെ വ്യക്തിതല അപഭ്രംശങ്ങളും, കുറ്റവാസനയും മാത്രമല്ല, അതിന് സാംസ്കാരികവും, സ്ഥാപനപരവുമായ വേരുകൾ ഉണ്ട് എന്നാണ്. അതുതന്നെയാവണം പിതൃകേന്ദ്രീകൃത അധികാര സ്ഥാപനങ്ങൾ എന്ന നിലയിൽ സർക്കാരിനെയും, നീതിന്യായസംവിധാനങ്ങളെയും യഥാർത്ഥത്തിൽ പ്രകോപിപ്പിക്കുന്നതും. 

 

മുകേഷ് സിങ്ങിന്റെ നീതിബോധം 

മുകേഷ് അടിവരയിട്ട് പറയുന്ന ഒരു കാര്യം സ്ത്രീയും പുരുഷനും തുല്യരല്ല എന്നതാണ്. അദ്ദേഹത്തിന്റെ വക്കീൽ ഉൾപ്പെടെ ജാതി, മത, വർഗ്ഗ, ലിംഗ ഭേദമെന്യേ നമ്മുടെ സമൂഹത്തിലെ ബഹുഭൂരിപക്ഷവും അവരുടെ ലിംഗരാഷ്ട്രീയത്തിന്റെ അടിസ്ഥാന പ്രമാണമായി സ്വീകരിച്ചിരിക്കുന്നതും ഇത് തന്നെയാണ്. ബലാത്സംഗത്തെ, അതിലെ അക്രമത്തെയൊക്കെ അപലപിക്കുമ്പൊഴും അവരുടെ യുക്തിപദ്ധതിയിൽ നിറഞ്ഞുനില്ക്കുന്ന കുറെ ‘പക്ഷേ’കളുണ്ട്. ആ പക്ഷേകൾ പറയാതെ പറയുന്നതാണ് മുകേഷ് സിങ്ങ് ഉച്ചരിച്ചത്,

 

“മാന്യയായ ഒരു സ്ത്രീ രാത്രി ഒൻപത് മണിക്ക് കറങ്ങി നടക്കില്ല”; “വീട്ടുജോലിയും ഗൃഹ പരിപാലനവുമാണ് സ്ത്രീയുടെ ജോലികൾ”; “ശരിയല്ലാത്ത രീതിയിൽ വസ്ത്രം ധരിച്ച്, ശരിയല്ലാത്ത കാര്യങ്ങൾ ചെയ്ത്, ബാറിലും, ഡിസ്കോയിലും കറങ്ങി നടക്കുകയല്ല”. എന്ന വാചകത്തിന്റെ വിവിധ വകഭേദങ്ങൾ ബഹുമാന്യരായ പല സാമൂഹ്യ, സാംസ്കാരിക നായിക/നായകന്മാരിൽ നിന്ന് നമ്മൾ കേട്ടിട്ടില്ലേ? അതങ്ങനെ ആയിരിക്കുന്നിടത്തോളം “ബലാൽസംഗങ്ങൾക്ക്  പുരുഷനേക്കാൾ ഉത്തരവാദി സ്ത്രീയാണ്” എന്ന മുകേഷിന്റെ യുക്തി അവരുടെ വരികൾക്കിടയിലും  പതുങ്ങി കിടപ്പുണ്ട്. വനിതാ കമ്മീഷന്റെ തലപ്പത്തിരുന്നുകൊണ്ട്  ജസ്റ്റിസ് ശ്രീദേവി പെൺ വസ്ത്രധാരണത്തിലെ പ്രലോഭനസാധ്യതകളെക്കുറിച്ച് സിദ്ധാന്തിച്ചത് ഞെട്ടിപ്പിക്കുന്നത് അവർ സ്വയം ഒരു സ്ത്രീയാണ് എന്നതിലുപരി സ്ത്രീകളുടെ സ്വാതന്ത്ര്യവും, ജനാധിപത്യാവകാശങ്ങളും ഉയർത്തിപ്പിടിയ്ക്കാനായി രൂപവൽക്കരിച്ച ഒരു കമ്മിഷന്റെ തലപ്പത്തേയ്ക്ക് നിയമജ്ഞ എന്ന പരിഗണന കൂടി നിലനിർത്തി  കടന്നുവന്ന വനിത എന്ന നിലയിലാണ്. ഇത്തരം പുരുഷകേന്ദ്രീകൃതമായ സാമൂഹ്യ, സദാചാര ബോധങ്ങൾ വച്ച് പുലർത്തുന്ന പുരുഷ സാംസ്കാരിക നായകന്മാരെ ഇനി പേരെടുത്ത് പരാമർശിക്കേണ്ടതില്ലല്ലോ. അതിന് തുനിഞ്ഞാൽ ലേഖനം പോര, ഒരു പുസ്തകമോ, പുസ്തക പരമ്പര തന്നെയോ വേണ്ടിവരും!

 

ഈ കുറ്റകൃത്യത്തിലെ യഥാർത്ഥ പ്രതികൾ ചേരിനിവാസികളും, വിദ്യാഹീനരുമായ ആറു ചെറുപ്പക്കാരുടെ വർഗ്ഗസ്വത്വമല്ല, മറിച്ച്  വർഗ്ഗ, ലിംഗ, ജാതി, മത ഭേദമില്ലാതെ നമൂടെ സാമൂഹ്യ പൊതുബോധത്തിൽ മേൽക്കൈ നേടി നിലനിന്നുവരുന്ന പുരുഷകേന്ദ്രീകൃത സാമൂഹ്യപൊതുബോധമാണെന്ന് അടിവരയിടുന്നു ഉപരിവർഗ്ഗത്തിൽപ്പെട്ട വിദ്യാസമ്പന്നരും, നിയമജ്ഞരുമായ പ്രതിഭാഗം അഭിഭാഷകരുടെ വാക്കുകൾ. 

 

 

യാഥാസ്ഥിതിക മൂല്യങ്ങൾ എന്ന അദൃശ്യനായ വേട്ടക്കാരൻ 

ബലാത്സംഗം പോലെയുള്ള കുറ്റകൃത്യങ്ങളിൽ അത് ചെയ്യുന്ന പുരുഷന്മാരേക്കാൾ കുറ്റവാളികൾ അതിന് സാഹചര്യം ഒരുക്കുന്ന സ്ത്രീകളാണ് എന്ന് മുകേഷ് സിങ്ങ്  നിരീക്ഷിക്കുന്നതിലെ ഭീകരത യഥാർത്ഥത്തിൽ ശിക്ഷിയ്ക്കപ്പെട്ട് മരണം കാത്ത് കിടക്കുന്ന അയാളുടെ ദുരന്തത്തിന്റെ ഭാഷയിലല്ല, പുറത്ത് സ്വതന്ത്രമായി വിഹരിക്കുന്ന, സാങ്കേതികമായി മാത്രം കുറ്റവാളി അല്ലാതാകുന്ന പൊതുസമൂഹത്തിന്റെ യുക്തിയിലും നീതിബോധത്തിലുമാണ് ഇവിടെ ആവിഷ്കരിക്കപ്പെടുന്നത്. പിതൃകേന്ദ്രീകൃത സാമൂഹ്യവ്യവസ്ഥയുടെ സദാചാരബോധം സ്ത്രീവിരുദ്ധവും, ജാതി, മത, വർഗ്ഗ, ലിംഗ വിഭജനങ്ങൾക്ക് അതീതമായ പൊതുസ്വഭാവം ഉൾക്കൊള്ളുന്നതും ആയ ഒരു സ്വതന്ത്ര ആഖ്യാനമാണ്. ദീർഘകാലം സാംസ്കാരിക മേൽക്കൈ ആസ്വദിച്ചിരുന്ന ആ സാമൂഹ്യ വ്യവസ്ഥയുടെ സൈദ്ധാന്തികമായ ഉറവിടങ്ങളിൽ നിന്നാണ് പുരുഷാധികാരത്തിന്റെ സദാചാരമൂല്യങ്ങൾ രൂപീകരിക്കപ്പെടുന്നതും പൊതുബോധമായി അത് ഉറഞ്ഞുകൂടുന്നതും. അത്തരം ഒരു പൊതുബോധത്തിൽ നിന്നാണ് ‘ഓണർ കില്ലിംഗ്’ പോലെയുള്ള ‘സാംസ്കാരിക, സദാചാര’ ആശയങ്ങൾക്ക് വ്യക്തിഗത നടപ്പിലാക്കലുകൾ ഉണ്ടാകുന്നത്. അതാകട്ടെ വ്യക്തിഗത സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുന്നതും. ഈ കേസിൽ പ്രതിഭാഗത്തിനായി വാദിച്ച വക്കിലന്മാരിൽ ഒരാളായ എ പി സിങ്ങ് തന്റെ ഒരു ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ എടുക്കാം,

 

“എന്റെ മകളോ, സഹോദരിയോ വിവാഹപൂർവ്വബന്ധത്തിൽ ഏർപ്പെടുകയും, സ്വയം കളങ്കപ്പെടുത്തുകയും ചെയ്താൽ, അത്തരം പ്രവർത്തികളിലൂടെ സ്വന്തം മുഖവും, സ്വഭാവമഹിമയും നഷ്ടപ്പെടുത്തിയാൽ,ഞാൻ മകളായാലും സഹോദരിയായാലും അവളെ ഉറപ്പായും എന്റെ തോട്ടത്തിൽ കൊണ്ടുപോയി, മുഴുവൻ കുടുംബത്തിന്റെയും മുമ്പിൽ വച്ച് പെട്രോൾ ഒഴിച്ച് കത്തിക്കും”

 

ഇയാൾ അഭിമാനപൂർവ്വം പ്രഖ്യാപിക്കുന്ന പ്രവർത്തി ഒരു കുറ്റകൃത്യമാണെന്ന് നിയമജ്ഞനായിരിക്കുമ്പോഴും തിരിച്ചറിയുന്നില്ലെങ്കിൽ നമ്മുടെ നീതിന്യായവ്യവസ്ഥയുടെ ഒരു ഭാഗം എന്ന നിലയിൽ അദ്ദേഹം നമ്മുടെ വ്യവസ്ഥയെക്കുറിച്ച്, അതിലെ നീതിബോധത്തെ കുറിച്ച് പൊതുസമൂഹത്തിന് നല്കുന്ന സന്ദേശം എന്തായിരിക്കും? ഇയാൾ തന്റെ മകളും സഹോദരിയും സ്വമേധയാ ആയാലും അല്ലെങ്കിലും സ്വീകരിച്ച അടിമത്തം, അല്ലെങ്കിൽ വ്യക്തിജീവിതത്തിൽ അത്തരമൊരു നിഷേധത്തിന്റെ ആവശ്യം വന്നില്ല എന്ന ആനുകൂല്യം മാത്രം മുൻനിർത്തി കുറ്റവാളി അല്ലാതെ തുടരുന്ന, ഒരു പൊട്ടൻഷ്യൽ കുറ്റവാളിയാണെന്നിരിക്കേ അദ്ദേഹത്തെപ്പോലെ ഉള്ളവർ വാദിക്കുന്ന, അദ്ദേഹത്തെ പോലെയുള്ളവർക്കും ടെസ്റ്റെഴുതി പാസായി ജഡ്ജിയാകാവുന്ന ഒരു കോടതി സംവിധാനത്തിൽ നിന്ന് നമുക്ക് എന്ത് നീതിയാണ് പ്രതീക്ഷിയ്ക്കാനുള്ളത്?

 

പൈങ്കിളിത്തം നിറഞ്ഞുനില്ക്കുന്ന ഭാഷയിൽ സ്ത്രീത്വത്തെ പുഷ്പത്തിനോടും, മാണിക്യത്തിനോടുമൊക്കെ ഉപമിക്കുന്ന മറ്റൊരു വക്കീൽ മനുസ്മൃതിയെ തന്റേതായ രീതിയിൽ ആവിഷ്കരിക്കുകയാണ്. മാണിക്യത്തെ തെരുവിൽ ഉപേക്ഷിച്ചാൽ കാണുന്നവൻ അത് എടുത്തുകൊണ്ട് പോകും എന്ന് ബലാത്സംഗത്തെ സ്വാഭാവികം മാത്രമാക്കുന്ന അയാൾ ലോകത്തെ ഏറ്റവും മികച്ച സംസ്കാരം തങ്ങളുടേതാണെന്നും അതിൽ സ്ത്രീകൾക്ക് സ്ഥാനമേ ഇല്ല എന്നും കൂടി പറഞ്ഞുവയ്ക്കുന്നു. നമ്മുടെ സാമൂഹ്യ പൊതുബോധത്തെ, അതിലെ ആന്തരിക വൈരുദ്ധ്യങ്ങളെ, കറുപ്പും വെളുപ്പുമായി സമീപിക്കാനാവാത്ത അതിന്റെ ഉള്ളടക്കത്തെ ഇതിലും നന്നായി ആവിഷ്കരിക്കാമായിരുന്നു എന്നത് രൂപപരവും, ഘടനാപരവും, ലാവണ്യബന്ധിയുമൊക്കെയായി കലാവിമർശനത്തിന്റെ മേഖലയിൽ ചർച്ച ചെയ്യേണ്ട വിഷയമാണ്. ആപേക്ഷികവും ഒട്ടൊക്കെ ആത്മനിഷ്ഠവുമായ അത്തരം കാരണങ്ങൾ കൊണ്ട് ഒരു ഡോക്യുമെന്ററിയുടെ സാമൂഹ്യമായ ഉള്ളടക്കം പ്രതിലോമകരമോ, നിരോധിക്കേണ്ടതോ ആകുന്നില്ല.   

 

ഈ ഡോക്യുമെന്ററി ശബ്ദലേഖനം ചെയ്ത മുകേഷ് സിങ്ങിന്റെ വാക്കുകൾ, അയാളുടെ അഭിഭാഷകരുടെ വാക്കുകൾ ഒക്കെയും ഈ ആഖ്യാനത്തിൽ വിരുദ്ധൊക്തികളായാണ് നിലനിൽക്കുന്നതെന്ന് ഇനിയും വിശദീകരിക്കേണ്ടതില്ലല്ലൊ. ചുരുങ്ങിയത് നമ്മുടെ പാർലമെന്ററി പ്രാതിനിധ്യം വഹിക്കുന്ന, ഇനിയും നിയമപരമായി ശിക്ഷിയ്ക്കപ്പെടാത്ത നമ്മുടെ സ്വന്തം സംഘികൾ പ്രത്യക്ഷമായി നടത്തിയ ഹേറ്റ് സ്പീച്ചുകളുടെ പശ്ചാത്തലത്തിൽ കൂടി വേണം ഇതിനെ അങ്ങനെ വ്യാഖ്യാനിക്കാൻ!

 

നീതിപീഠത്തെ സ്വാധീനിക്കൽ 

ഇത്തരം ഒരു ഡോക്യുമെന്ററി പ്രദർശിപ്പിക്കപ്പെട്ടാൽ അത് നീതിന്യായവ്യവസ്ഥയെ സ്വാധീനിക്കാൻ ഇടയുണ്ടെന്നും, അത് ഒരുപക്ഷെ വാദിയ്ക്കെതിരോ, പ്രതിക്കെതിരോ ആയ മുൻവിധികളെ നീതിന്യായ വ്യവസ്ഥയിൽ നിന്ന് തന്നെ ഉല്പാദിപ്പിച്ചേക്കാം എന്നത് മേല്പറഞ്ഞ ആക്ടിവിസ്റ്റുകളുടെ മറ്റൊരു പ്രമുഖവാദമാണ്. അഫ്സല്‍ ഗുരുവിനെതിരെയും, ബാബറി മസ്ജിദ് കേസിലും ഒക്കെ വന്ന വിധികളുടെ അടിസ്ഥാനത്തിൽ കോടതി പൊതുബോധത്തിന് അതീതമാണെന്ന് പറയാനാവില്ല എന്നത് സത്യം. പക്ഷെ അപ്പോഴും നിയമവ്യവസ്ഥ മുൻവിധികൾക്കതീതമല്ലാത്തവണ്ണം ദുർബലവും, അന്ത:സത്തയില്ലാത്തതും ആയതുകൊണ്ട്  ഈ ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ പാടില്ല എന്ന വാദം വലിച്ചുനീട്ടിയാൽ എവിടംവരെ എത്തിയ്ക്കാം? 

 

കോടതികൾ സ്വാധീനിക്കപ്പെടുന്നതിന്റെ ഇന്ത്യന്‍ ചരിത്രം തെളിയിക്കുന്നത് മുൻവിധിയായി തീരുന്ന പൊതുബോധമെന്ന ഭീഷണിയെയാണ്. ഈ ഡോക്യുമെന്ററി ബലാത്സംഗത്തെ കുറിച്ചോ, പിതൃകേന്ദ്രീകൃതത്വത്തെക്കുറിച്ചോ ഉള്ള ഭാരതീയ പൊതുബോധത്തെ വൈകാരികമായോ, വസ്തുതാപരമായോ  പിന്തുണയ്ക്കുന്ന ഒന്നല്ല എന്ന് മാത്രമല്ല, അതിനെ രൂക്ഷമായി വിമർശിയ്ക്കുന്ന ഒന്നുകൂടിയാണ്. എന്നീട്ടും സ്ത്രീസ്വത്വവാദികൾ ഉൾപ്പെടെയുള്ളവരാൽ ഈ ചലച്ചിത്രം വിമർശിക്കപ്പെടുന്നു അഥവാ അത്  ഉൾക്കൊള്ളുന്ന ദൃശ്യങ്ങളുടെ സാംസ്കാരിക ധ്വനികൾ കയ്യൊഴിയപ്പെടുന്നു.

 

 

വംശീയമായ വിമർശനം 

2014ൽ മാത്രം 18 ‘ഓണർ കില്ലിംഗ്’ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട് എന്ന രാജ്യസഭയിൽ അവതരിപ്പിച്ച കണക്ക് പരിഗണിച്ചാൽ, എ പി സിങ്ങ് എന്ന നിയമജ്ഞൻ, വേണ്ടിവന്നാൽ താൻ അഭിമാനപൂർവ്വം ചെയ്തേനേ എന്ന് പരസ്യപ്പെടുത്തുന്ന ‘അഭിമാനക്കൊല’ തനത് വ്യക്തിതലസാഹചര്യങ്ങളിൽ കഴിഞ്ഞ വർഷം മാത്രം 18 തവണ ആവർത്തിക്കപ്പെട്ടിട്ടുണ്ട് എന്ന് കാണാം. ഇവയൊന്നും ഏതെങ്കിലും മതത്തിന്റെയോ വർഗത്തിന്റെയൊ ജാതിയുടെയൊ പരിധിയിലേക്ക് ചുരുക്കാവുന്നവയുമായിരുന്നില്ല. ആ നിലയ്ക്ക് ഭരണഘടനയുടെ നാല് തൂണുകളും ചേരുന്ന നമ്മുടെ പൊതുസമൂഹം ഇരയായി കാണുന്നത് കൊലപാതകികളെയാണൊ അതോ കൊല ചെയ്യപ്പെട്ടവരെയാണൊ എന്നത് വ്യക്തമല്ല. പുരുഷകേന്ദ്രീകൃതമായ സാമൂഹ്യനിയമങ്ങളുടെ ലംഘനം ഭരണഘടനക്കും ശിക്ഷാനിയമത്തിനും പുറത്ത് കുറ്റകരമായി വ്യാഖ്യാനിക്കപ്പെടുന്നു എന്നതാണ് വസ്തുത. ബലാത്സംഗം ഉൾപ്പെടെയുള്ളവ ‘ശിക്ഷാവിധികൾ’ആകുന്നത് അതിന്റെ ഭാഗമായാണ്. ഇവിടെ നടക്കുന്നത്  കേവലം വ്യക്തികളെ വേട്ടക്കാരായി ചിത്രീകരിച്ചുകൊണ്ട് യഥാർഥ വേട്ടക്കാരനായ വ്യവസ്ഥ സൗകര്യപൂർവ്വം വെളുപ്പിച്ചെടുക്കുകയും ഇര എന്ന പദത്തെ തന്നെ ഒരു അസംബന്ധവൽക്കരിക്കുകയും തന്നെയാണ്.

 

മുകേഷ് സിങ്ങിന്റെ വക്കീൽ മുകളിൽ സൂചിപ്പിച്ച അഭിമുഖത്തിൽ പറയുന്നത് സാഹചര്യങ്ങൾ ആവശ്യപ്പെട്ടാൽ ഇന്ത്യൻ ശിക്ഷാനിയമപ്രകാരം കുറ്റകൃത്യമായ ‘ഓണർ കില്ലിംഗ്’ഒരു നിയമജ്ഞാനായിരിക്കെ തന്നെ താൻ ചെയ്യുമെന്നാണ്. ഇത് നിലനിൽക്കുന്ന നിയമത്തോടുള്ള പരസ്യമായ വെല്ലുവിളി അല്ലെങ്കിൽ പിന്നെ എന്താണ്? നീതിബോധം എന്നത് ഒരു പൊതുസമൂഹത്തെ സംബന്ധിച്ചിടത്തോളം സാമൂഹ്യമായി പകർന്ന് കിട്ടുന്നതാണ്. അത്തരം ഒരു സാമൂഹ്യ നീതിബോധത്തെ തന്നെയാണ് മുകേഷ് സിങ്ങും പിൻതുടരുന്നത്. ഇവിടെ ആ നീതിബോധത്തെ പ്രതിസ്ഥാനത്ത് നിർത്താതെ, അതിന്റെ കാലഹരണപ്പെട്ട യുക്തിപദ്ധതിയിൽ അന്തർലീനമായ കുറ്റം തെളിയിക്കാതെ വ്യക്തികളെ തൂക്കി കൊന്നതുകൊണ്ട് കേവലം പ്രതികാരം മാത്രമേ സാധ്യമാകു. തുല്യനീതി എന്ന ഭരണഘടനാ മൂല്യത്തിന്റെ പാർശ്വവൽക്കരണം അങ്ങനെ തന്നെ തുടരും.

 

ഇത് ഈ ഡോക്യുമെന്റ്റിയുടെ പാഠം മുന്നോട്ട് വയ്ക്കുന്ന ഒരു വിമർശനമാണ്. ഇതിനെ വംശീയമായ വിമർശനമായി ചുരുക്കുന്നതിലൂടെ സംഭവിക്കുന്നത് വസ്തുതകൾക്കുമുകളിൽ അവയുടെ ആഖ്യാനത്തിന്റെ കർതൃത്വം പ്രതിഷ്ഠിക്കപ്പെടുന്നു എന്നതാണ്. സ്വത്വ രാഷ്ട്രീയത്തിന്റെ കണ്ണട കാഴ്ചയെ അതിന്റെ പല കോണുകളിൽനിന്ന് ഒന്നിലേക്ക് ചുരുക്കി സ്വന്തം താല്പര്യങ്ങൾക്ക് അനുരൂപമായി പർവ്വതീകരിക്കുന്നു. അത് വ്യാഖ്യാനങ്ങളെ വസ്തുതകൾക്ക് മുകളിൽ അന്തിമമായി പ്രതിഷ്ഠിക്കുന്നു. അങ്ങനെയാണ് ‘ഇന്ത്യയുടെ മകൾ ‘ എന്ന ഡോക്യുമെന്ററി അതിന്റെ പാഠം ഉല്പാദിപ്പിക്കുന്ന പ്രശ്നങ്ങളെ തമസ്കരിച്ചുകൊണ്ട് അതിന്റെ കർതൃത്വവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലേക്ക് മാത്രമായി ചുരുക്കപ്പെടുന്നത്. ഇതാവട്ടെ യഥാർഥത്തിൽ ഇന്ന് ഇന്ത്യ നേരിടുന്ന സാംസ്കാരിക ഹിന്ദുത്വവൽക്കരണത്തിന്റെ പരോക്ഷപാഠങ്ങളായ, സംവാദസാധ്യതകൾ അടച്ച ഏകവംശീയതയുടെ ഉപാഖ്യാനങ്ങളായി സ്ത്രീപക്ഷ, മതേതര, ജനാധിപത്യ മൂല്യങ്ങളെ ചുരുക്കുന്നതും.

 

കർത്താവ് എന്ന പുരുഷനും, പ്രമാണങ്ങളാൽ നിഷേധിക്കപ്പെടുന്ന സ്തീയുടെ ഏജൻസിയും 

മിക്കവാറും എല്ലാ മതങ്ങളിലും ദൈവം പുരുഷനാണ്; ഏകദൈവവിശ്വാസങ്ങളിൽ പ്രത്യേകിച്ചും. ബഹുദൈവവിശ്വാസം പുലർത്തുന്ന ഹിന്ദുമതത്തിൽ പോലും  പൊതുവിൽ അംഗീകരിക്കപ്പെടുന്ന കേന്ദ്രം പുരുഷമാത്രമായ, സൃഷ്ടി, സ്ഥിതി, സംഹാരങ്ങളുടെ ത്രിത്വമാണ്. ഇത് യാദൃശ്ചികമാകാൻ വകയില്ലല്ലോ. അതുകൊണ്ട് തന്നെയാണ് മത പ്രമാണങ്ങൾ മാനവികമായ ചില ഉദാരതകളുടെ അപവാദങ്ങൾക്കപ്പുറം തത്വത്തിൽ പുരുഷ കേന്ദ്രീകൃതം തന്നെയാകുന്നത്. ഇത്തരം പ്രമാണങ്ങൾ പ്രാഥമികവും, അന്തിമവുമായി  നിഷേധിക്കുന്നത് സ്ത്രീയുടെ ഏജൻസി തന്നെയാണ്. മനുസ്മൃതി ശ്ലോകവൽക്കരിച്ച സ്ത്രീയ്ക്ക് മുകളിലുള്ള പുരുഷന്റെ രക്ഷാകർതൃത്വം വിവിധ പദാവലികളിൽ മറ്റ് പല മത പ്രമാണങ്ങളിലും ആവർത്തിച്ച് കാണുന്നത് പുരുഷകേന്ദ്രീകൃത ലോകവീക്ഷണം ഒറ്റപ്പെട്ട ഒരു പ്രതിഭാസമായിരുന്നില്ല എന്ന് തെളിയിക്കുന്നു. അതുകൊണ്ട് അത് അനിഷേധ്യമായി മാറുമോ? 

 

ദുർബലർക്ക് മുകളിൽ പ്രബലർ അവരുടെ ആധിപത്യം സ്ഥാപിക്കുന്നതിന്റെ ആദ്യപടി പലപ്പോഴും അവരുടെ ഏജൻസി അഥവാ ‘കർതൃത്വശേഷി’യുടെ നിരാസത്തിലൂടെയാണ്. മതം ഒരു അധികാര നിർമ്മിതി എന്ന നിലയിൽ മനുഷ്യന് അവന്റെ നന്മ തിന്മകൾ സ്വയം തീരുമാനിക്കാനുള്ള ശേഷിയില്ല എന്ന് ആദ്യം സിദ്ധാന്തവൽക്കരിച്ചു. മറ്റൊരു അതീത ശക്തിയാൽ നിർമ്മിക്കപ്പെട്ടവൻ എന്ന നിലയിൽ മനുഷ്യരുടെ ബുദ്ധിയ്ക്കോ അന്വേഷണ ത്വരയ്ക്കോ അവരുടെ നിർമ്മാതാവിന്റെ ബുദ്ധിയെ കടന്ന് പോകാനാവില്ലല്ലൊ. ആ കർത്താവായ ദൈവം പുരുഷാകാരിയാണ്. ആ ആകാരത്തിന്റെ യുക്തിയും സ്വാഭാവികമായും പുരുഷകേന്ദ്രീകൃതമാകും. അതിനെ നിഷേധിക്കാൻ ഇതര ആകാരങ്ങൾക്ക് സാധ്യമല്ല. അതാണ് ഏജൻസി നിഷേധത്തിന്റെ ആദ്യ പാഠം.

 

സൃഷ്ടിയിലെ  ആദ്യവിഛേദം എന്ന നിലയിൽ അത് ലിംഗപരമായി തീർന്നതും സ്വാഭാവികം. അങ്ങനെ അധികാരത്തിന്റെ ആദ്യവിഛേദവും ലിംഗപരമായി തീർന്നു. ആദ്യത്തെ കീഴാളത്തം സ്ത്രീയിൽ വന്ന് പതിച്ചു. തുടർന്ന് നിരവധി ഉപവിഭജനങ്ങളിലൂടെ ആദ്യത്തെ വിഭജനം അപ്രസക്തമായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു. ജാതീയവും, മതപരവും, വർഗ്ഗപരവും, വർണ്ണപരവുമായ വിഭജനങ്ങളുടെ പുരുഷനിർമ്മിത ബൃഹദാഖ്യാനങ്ങളിൽ സ്ത്രീ ഒരു ഉപപാഠമായി ചുരുങ്ങി. അവളുടെ ഏജൻസീനഷ്ടത്തിന്റെ ഇതിഹാസം തുടങ്ങുന്നത് അങ്ങനെ കൂടിയാണ്. തന്റെ ലൈംഗീകതയിൽ പോലും നിർണ്ണയാവകാശമില്ലാത്ത സ്ത്രീ ഇതര വർഗ്ഗീകരണങ്ങളെയൊക്കെ അപ്രസക്തമാക്കുന്ന അധികാരത്തിന്റെ  പ്രാഥമിക ഇരയാണ്. മാസക്കുളികഴിഞ്ഞ് വരുന്ന പെണ്ണുടലിൽ അഭൗമമായ ചൈതന്യമുണ്ടെന്നും അതിലേയ്ക്ക് ആകർഷിയ്ക്കപ്പെടുന്ന പുരുഷനെ അവൾ നിഷേധിച്ചാൽ വരുതിയിൽ കൊണ്ടുവരാൻ സാമ, ദാന, ദണ്ഢമുറകൾ ആകാമെന്നും സിദ്ധാന്തിക്കുന്ന പ്രമാണങ്ങൾ ഉറപ്പിക്കുന്നത് ആ നിർണ്ണയാവകാശനഷ്ടത്തെ, അവളുടെ സ്വത്വനിരാകരണത്തെ തന്നെയാണ്.

 

 

ബലാത്സംഗത്തിനിരയാകവേ സ്ത്രീകൾ പാലിക്കേണ്ട പെരുമാറ്റച്ചട്ടം 

മുകേഷ് സിങ്ങ് ബിബിസിക്ക് നല്കിയ അഭിമുഖത്തിൽ നടത്തുന്ന ശ്രദ്ധേയമായ പരമർശങ്ങളിൽ ഒന്ന് ബലാത്സംഗം  ചെയ്യപ്പെടുമ്പോൾ സ്ത്രീ പ്രതിഷേധിക്കാൻ, ചെറുക്കാൻ പാടില്ല എന്നതാണ്. അങ്ങനെ ചെയ്താൽ ബലാത്സംഗശേഷം അവർ അവളെ എവിടെയെങ്കിലും ഉപേക്ഷിച്ച് പൊയ്ക്കൊള്ളും. എന്നാൽ ചെറുത്ത് നില്ക്കാൻ ശ്രമിച്ചാലോ, അത് ചിലപ്പോ അവളുടെ ജീവൻ തന്നെ നഷ്ടപ്പെടുത്തിയേക്കാം. അപ്പോൾ ജ്യോതീ സിംഗിന്റെ കാര്യത്തിൽ സംഭവിച്ചത് അവൾ പെരുമാറ്റചട്ടം ലംഘിച്ചു എന്നതാണ്. അവൾ നടത്തിയ ചെറുത്തുനിൽപ്പാണ് പുരുഷകോപത്തെ ക്ഷണിച്ചുവരുത്തിയതും, ഗുഹ്യഭാഗങ്ങളിൽ ജാക്കി ലിവർ കടത്തുവോളം അതിനെ ആളിച്ചതും. ചുരുക്കത്തിൽ ജ്യോതി അവളുടെ മരണം ഇരന്നു വാങ്ങുകയായിരുന്നു എന്ന് !

 

പിതൃകേന്ദ്രീകൃത സദാചാരവ്യവസ്ഥയുടെ പെൺപെരുമാറ്റച്ചട്ടത്തിലെ മൂന്ന് ഖണ്ഡങ്ങളിൽ ഒന്ന് മാത്രമാണ് മുകളിൽ പറഞ്ഞത്. ബലാത്സംഗം ചെയ്യപ്പെടാതിരിക്കാൻ അവൾ ചെയ്യേണ്ടത് പ്രാഥമികമായി ഗൃഹവേലയും, കുട്ടികളെ വളർത്തലുമായി കഴിവതും വീട്ടിൽ ഇരിക്കുക എന്നതാണ്. ഇനി അഥവാ പുറത്തിറങ്ങിയാൽ ഒപ്പം പിതാവിനെയോ, സഹോദരനെയോ, ഭർത്താവിനെയോ, മകനെയോ കൂട്ടണം. പരപുരുഷന്മാർക്ക് പ്രലോഭനം ഉണ്ടാക്കാത്ത വണ്ണം വസ്ത്രം ധരിക്കണം. (അവർക്ക് ഏത് വസ്ത്രം ധരിച്ച് കണ്ടാലാണ് പ്രലോഭനം ഉണ്ടാകുക എന്നത് ചട്ടത്തിൽ എടുത്ത് പറഞ്ഞിട്ടില്ല. പ്രത്യേകിച്ചും മൂന്നും നാലും വയസുള്ള പെണ്‍കുട്ടികൾ ധരിക്കേണ്ട വസ്ത്രം!) അസമയത്ത് പുറത്തിറങ്ങുകയേ അരുത്.

 

ഇനി ഒരു പ്രത്യേക സാഹചര്യത്തിൽ സ്ത്രീയ്ക്ക് ആ പെരുമാറ്റ ചട്ടം ലംഘിക്കേണ്ടിവന്നു എന്ന് വയ്ക്കുക. അപ്പോൾ ചെയ്ത കുറ്റത്തിന്റെ ശിക്ഷ പ്രതിഷേധങ്ങളില്ലാതെ, നിശബ്ദം അനുഭവിക്കണം. പിതൃകേന്ദ്രീകൃത സാമൂഹ്യവ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ബലാത്സംഗം എന്നത് വ്യവസ്ഥയെ ലംഘിക്കുന്ന സ്ത്രീകൾക്കുള്ള കോടതിബാഹ്യവും, അപ്രഖ്യാപിതവും എന്നാൽ അംഗീകൃതവുമായ ഒരു ശിക്ഷ മാത്രമാണ്! അത് മിണ്ടാതെ വാങ്ങി പൊയ്ക്കൊള്ളണം. ഇനി അതിന് ശേഷമോ, കുടുംബത്തിന്റെ അഭിമാനം കരുതി അത് സ്വന്തം ഉടലിലും ആത്മാവിലുമായി കുഴിച്ച് മൂടി കഴിഞ്ഞുകൊള്ളണം. ഇങ്ങനെ മൂന്ന് ഖണ്ഢങ്ങളുള്ള അദൃശ്യ, അലിഖിത പെരുമാറ്റച്ചട്ടത്തെ ലംഘിക്കുന്നവരാണ് ബലാത്സംഗങ്ങൾ ഉല്പാദിപ്പിക്കുന്നത്. അതായത് ബലാത്സംഗം പോലെയുള്ള സംഭവങ്ങളെ  സംബന്ധിച്ചിടത്തോളം സ്ത്രീകളാണ്, പുരുഷന്മാരിൽ ഉപരി ഉത്തരവാദികൾ!

 

സ്ത്രീലിംഗത്തിന്റെ തുല്യത: ഉപപാഠങ്ങളായി വിഭജിക്കട്ട  പ്രതിരോധം 

സമൂഹം, സംസ്കാരം, അധികാരം തുടങ്ങിയ നിർമ്മിതികൾക്കിടയിൽ എവിടെയോ വച്ച് നഷ്ടമായ തുല്യത എന്ന മനുഷ്യാവകാശം സാംസ്കാരിക തലത്തിൽ വീണ്ടെടുക്കപ്പെടുന്നത് പത്തിരുനൂറുവർഷങ്ങൾക്ക് മുമ്പ് മാത്രമാണ്. പക്ഷെ അപ്പോഴേക്കും അസമത്വം എന്നത് ജാതീയവും, മതപരവും, വർഗ്ഗീയവും, വംശീയവുമായ നിരവധി തലങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ഇതിഹാസ സമാനമായ ഒരു സാംസ്കാരിക പാഠം ആയിക്കഴിഞ്ഞിരുന്നു. ഇവയിലൊക്കെ മാറ്റമില്ലാതെ തുടർന്ന അധികാരത്തിന്റെ ആദിമവിഛേദം ലിംഗപരമായ ചെറുത്ത് നിൽപ്പുകളെ വിവിധ ഉപപാഠങ്ങളായി ചുരുക്കിക്കഴിഞ്ഞിരുന്നു. കറുത്തവന്റെ പ്രതിരോധത്തിൽ, ദളിതന്റെ പ്രതിരോധത്തിൽ, ദരിദ്രന്റെ പ്രതിരോധത്തിൽ ഒക്കെ സ്ത്രീയുമുണ്ടായിരുന്നു. പക്ഷെ അവളുടെ പ്രശ്നങ്ങൾ പുരുഷകേന്ദ്രീകൃതമായ അവളുടെ വ്യവസ്ഥയുടെ പ്രതിരോധത്തിലൂടെ സ്വയം പരിഹരിക്കപ്പെടും എന്ന സാംസ്കാരികധാരണ സ്ത്രീ സ്വത്വവാദം സ്വന്തം നിലയ്ക്ക് വികസിക്കുന്നത് വരെ തുടർന്നു.

 

സ്ത്രീ എന്നത് പുരുഷ വിരാട് രൂപത്തിന്റെ പല ഉപാഖ്യാനങ്ങളിൽ ഒന്നല്ല, അത് സ്വയം ഒരു ബൃഹദാഖ്യാനമാണെന്ന സിദ്ധാന്തം സ്ത്രീ വാദത്തിലൂടെ മാത്രമാണ് മുഖ്യധാരയിലേയ്ക്കെത്തിയത് എന്നത് ഒരു വസ്തുതയാണ്. എന്നാൽ അത് ബൌദ്ധികമായി ഒരു ന്യൂനപക്ഷത്തിന്റെ മാത്രം ബോധ്യമായി ചുരുങ്ങി എന്നതും വസ്തുതയാണ്. ഭൂരിപക്ഷം ഉപരിപ്ലവമായ വിപ്ലവസങ്കല്പങ്ങളിൽ തുടർന്നു. അവർ അതിന് ഉപരിപ്ലവങ്ങളായ പ്രതിരോധങ്ങളേയും ബിംബങ്ങളെയും,  ആചാരങ്ങളെയും കണ്ടുപിടിച്ചുകൊണ്ടേയിരുന്നു. അങ്ങനെയാണ് ആറ്റുകാൽ പൊങ്കാല പോലെ പുരുഷ രക്ഷാകർതൃത്വത്തിൽ രൂപം കൊണ്ട ഇടങ്ങൾ, സ്ത്രീപ്രതിരോധത്തിന്റെ ഇടങ്ങളായി ബിംബവൽക്കരിക്കപ്പെടുന്നത്: കമ്പോളത്തത്തിന്റെ പെണ്ണുടൽ അധിനിവേശങ്ങൾക്കെതിരായ സ്ത്രീപക്ഷ ചെറുത്തുനില്പ്പിന്റെ ബിംബമായി പർദ്ദ മാറുന്നത് പോലെ.

 

ഇവിടെയൊക്കെ പൊതുവിൽ സംഭവിക്കുന്നത് പുരുഷരാഷ്ട്രീയത്തിന്റെ താല്പര്യങ്ങളുടെ ഉപ പാഠങ്ങളായി സ്ത്രീപ്രതിരോധങ്ങൾ പരിവർത്തിപ്പിക്കപ്പെടുന്നു എന്നതാണ്. പിതൃകേന്ദ്രീകൃത സാമൂഹ്യവ്യവസ്തയ്ക്കെതിരെ ഒരു ചെറുവിരൽ പോലും അനക്കാത്ത ഇത്തരം രാഷ്ട്രീയങ്ങൾ സ്ത്രീയുടെ ചെറുത്ത് നിൽപ്പിനെ വിഘടിപ്പിക്കുക മാത്രമല്ല, അതിനെ മുഴവനായി ഉപപാഠവൽക്കരിക്കുകയും ചെയ്യുന്നു. അതിനെ ചെറുക്കുന്ന സ്ത്രീകൾ വർഗ്ഗ, വംശ, ജാതി, മത വഞ്ചകരാകുന്നു. അല്പം കൂടി മയപ്പെടുത്തിയാൽ യൂറോപ്യൻ യുക്തി ദർശനങ്ങളാൽ വഴിതെറ്റിക്കപ്പെട്ട കുഞ്ഞാടുകളാകുന്നു. എങ്ങനെ പറഞ്ഞാലും സ്ത്രീകൾക്ക് എന്നല്ല, പുരുഷേതരമായ ഒന്നിനും സ്വന്തമായി ഏജൻസി ഇല്ല, സ്വന്തം ലിംഗസ്വത്വത്തിൽ പോലും തീരുമാനമെടുക്കാനുള്ള ശേഷി ഇല്ല എന്ന് തന്നെയാണ് സിദ്ധാന്തവൽക്കരിക്കപ്പെടുന്നത്. അതായത് സ്ത്രീ പുരുഷന് തുല്യ അല്ലെന്ന്. അത് മാത്രമാണ് മുകേഷ് സിങ്ങും പറഞ്ഞത്. അതിന് ആ അഭിമുഖം സംപ്രേക്ഷണം ചെയ്യുന്നത് തടഞ്ഞതുകൊണ്ടൊന്നും കാര്യമില്ല. ധൈര്യമോ, സ്ഥൈര്യമൊ ഉണ്ടെങ്കിൽ അഭിമുഖീകരിക്കേണ്ടത് പിതൃകേന്ദ്രീകൃത സാമൂഹ്യ അധികാര വ്യവസ്ഥയെയും അതിന്റെ സൈദ്ധാന്തിക ഉറവിടങ്ങളെയുമാണ്; അവയെ തന്നെയാണ്.

 

സർക്കാരും, നിയമസംവിധാനങ്ങളും ഈ ഡോക്യുമെന്ററിയെ തമസ്കരിക്കാൻ തിടുക്കപ്പെടുന്നത് അത് വിമർശിയ്ക്കുന്നത് ‘നിർഭയ’കേസിലെ പ്രതികളായ വ്യക്തികളെ മാത്രമല്ല, അവരെ സൃഷ്ടിച്ച വ്യവസ്ഥയെക്കൂടിയാണ് എന്നത് കണ്ടുകൊണ്ടാവണം. കാരണം ഈ ഒരു കോണിലൂടെ വികസിക്കുന്ന വിമർശനം അധികാരത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ സ്ഥാപനങ്ങളെ, അവർ പണിപ്പെട്ട് ഉണ്ടാക്കിയ ഹെഗമണിയെ ആണ് ചോദ്യം ചെയ്യുന്നത്. പക്ഷെ സ്ത്രീപക്ഷ ആക്റ്റിവിസ്റ്റുകൾക്ക് ഇതിനോടുള്ള പ്രതിഷേധത്തിന്റെ യുക്തി എന്താണാവോ? അവർ എൻഡിടിവിയ്ക്ക് അയച്ച കത്തിലെ “ലൈംഗികാതിക്രമങ്ങൾക്ക് സഹായകമായ ഇന്ത്യന്‍ ക്രിമിനൽ നീതി സം‌വിധാനത്തിലെ പാളിച്ചകള്‍ക്കും കാലതാമസത്തിനുമെതിരെ ചാനലിലൂടെയുള്ള ഒരു ആശയപ്രചരണം എന്ന നിലയ്ക്കാണ്‌ എന്‍.ഡി.ടി.വി. ഈ ചിത്രത്തിന്റെ സം‌പ്രേക്ഷണം ഉദ്ദേശിക്കുന്നതെന്ന് അറിയാനിടയായി. ഈ സിനിമ കണ്ടവർ എന്ന നിലയ്ക്ക് അത്തരമൊരു വിഷയവും ഈ ഡോക്യുമെന്ററി ഏറ്റെടുക്കുന്നില്ല എന്ന് പറയാൻ കഴിയും. പകരം, ഞങ്ങളുടെ പ്രവര്‍ത്തനത്തിലൂടെ, അത്തരം നിയമസം‌വിധാനത്തിനെതിരെ ഞങ്ങൾ പലപ്പോഴും നിലപാടുകളെടുത്തിട്ടുണ്ട്.” എന്ന ഭാഗത്തെ അവസാന വരിയിലാവും അതെന്ന് തോന്നുന്നു.

 

വിശാഖ് ശങ്കര്‍

വിശാഖ് ശങ്കര്‍

എഴുത്തുകാരന്‍, സാമൂഹിക നിരീക്ഷകന്‍. വിദേശത്ത് താമസം. അഴിമുഖത്തില്‍ വിപരീതപഥങ്ങള്‍ എന്ന കോളം ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍