UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിരോധനമല്ല വഴി; മാറേണ്ടത് സ്ത്രീകളോടുള്ള നമ്മുടെ മനോഭാവമാണ് എന്തുകൊണ്ടാണ് നിര്‍ഭയ ഡോക്യുമെന്ററിയുടെ സംപ്രേക്ഷണം നിങ്ങളെ അലോസരപ്പെടുത്തുന്നത്?

Avatar

ടീം അഴിമുഖം

2012 ലെ ഡല്‍ഹി കൂട്ടബലാല്‍സംഗത്തെ കുറിച്ച് ബ്രിട്ടീഷ് ഫിലിംമേക്കറായ ലെസ്ലി ഉദ്വിന്‍ ചെയ്ത ഡോക്യുമെന്ററിയുടെ പ്രക്ഷേപണം തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഒരു കുറ്റവാളിയുടെ വിവാദപരമായ അഭിമുഖം കണ്ടപ്പോള്‍ താന്‍ ‘ഞെട്ടുകയും വല്ലാതെ വേദനിക്കുകയും,’ ചെയ്തതായി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പാര്‍ലമെന്റിനെ അറിയിച്ചു. എന്നാല്‍ ഡോക്യൂമെന്ററി സംപ്രേക്ഷണം ചെയ്യരുതെന്ന ഇന്ത്യയുടെ അഭ്യര്‍ത്ഥന തള്ളിക്കളഞ്ഞ ബിബിസി, ഇന്ത്യന്‍ സമയം വ്യാഴാഴ്ച പുലര്‍ച്ചെ അത് സംപ്രേക്ഷണം ചെയ്യുകയും പിന്നീട് യു ട്യൂബില്‍ അപ്ലോഡ് ചെയ്യുകയും ചെയ്തു. ഇപ്പോള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഡോക്യുമെന്ററി യൂ ട്യൂബ് പിന്‍വലിച്ചിരിക്കുകയാണ്.

സ്ത്രീകള്‍ക്കെതിരായ ബലാല്‍സംഗവും മറ്റ് ലൈംഗിക അതിക്രമങ്ങളും ആഴത്തില്‍ പുഴുക്കുത്ത് നിറഞ്ഞ ഒരു സമൂഹത്തിന്റെ സൂചനയാണ്. തുടക്കം എന്ന നിലയില്‍ സര്‍ക്കാര്‍ ഈ വിവരങ്ങളിലൂടെ ഒന്ന് കണ്ണോടിക്കണം: 2012 ഡിസംബര്‍ 16ന് ഡല്‍ഹിയില്‍ പാരമെഡിക്കള്‍ വിദ്യാര്‍ത്ഥിനി കൂട്ടമാനഭംഗത്തിന് ഇരയായതിന് ശേഷമുള്ള 12 മാസങ്ങളില്‍, മതിയായ തെളിവുകള്‍ ഇല്ല എന്ന കാരണം ചൂണ്ടിക്കാട്ടി ബലാല്‍സംഗ കുറ്റം ആരോപിക്കപ്പെട്ടിരുന്ന 18,000 പുരുഷന്മാരെ രാജ്യത്തെ വിവിധ കോടതികള്‍ വെറുതെ വിട്ടു. 2013 ല്‍ തീരുമാനിക്കപ്പെട്ട 25,386 കേസുകളില്‍ വെറും 6,892 എണ്ണം മാത്രമാണ് ശിക്ഷിക്കപ്പെട്ടതെന്ന് ദേശീയ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ബലാല്‍സംഗത്തിന് ശ്രമിക്കുകയും കുറ്റം ആരോപിക്കപ്പെടുകയും ചെയ്തിരുന്ന 18,494 പേര്‍ തിരിച്ച് തെരുവുകളില്‍ മടങ്ങിയെത്തിയിട്ടുണ്ടെന്നാണ് ഇതിന്റെ അര്‍ത്ഥം. ഇവരെല്ലാം ബലാല്‍സംഗം ചെയ്തവരാണെന്ന് തീര്‍ച്ചയായും ഇതിന് അര്‍ത്ഥമില്ല. എന്നാല്‍ ഇതേ വര്‍ഷം തന്നെ തങ്ങള്‍ ബലാല്‍സംഗം ചെയ്യപ്പെട്ടതായി 33,000 സ്ത്രീകള്‍ പരാതിപ്പിട്ടിരുന്നു. അതായത് ഏകദേശം 90 സ്ത്രീകളാണ് പ്രതിദിനം ബലാല്‍സംഗം ചെയ്യപ്പെടുന്നത്. എന്നാല്‍ നിയമ പ്രക്രിയയുടെ കുരുക്കുകളെ കുറിച്ച് ആരും യഥാര്‍ത്ഥത്തില്‍ ആശങ്കാകുലരല്ല. കുറ്റവാളികള്‍ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരികപ്പെടുകയും ശിക്ഷക്കപ്പെട്ടു എന്നുറപ്പാക്കുകയും ചെയ്യുന്നതില്‍ ആര്‍ക്കും വലിയ താല്‍പ്പര്യമില്ല. ഡിസംബര്‍ കൂട്ടബലാല്‍സംഗത്തിന് ശേഷം, ബലാല്‍സംഗത്തെ നേരിടുന്നതിനായി വളരെ കര്‍ശനമായ ഒരു നിയമമാണ് ഇന്ത്യ നടപ്പിലാക്കിയത്. എന്നാല്‍ ഒരിക്കലും സംഭവിക്കാത്ത കടുത്ത ശിക്ഷയെക്കാള്‍ കൂടുതല്‍ ഫലപ്രദം ഉറപ്പുള്ള ചെറിയ ശിക്ഷകളാണെന്ന കാര്യം നാം മനസിലാക്കേണ്ടിയിരിക്കുന്നു.

എങ്ങനെയാണ് ആ പെണ്‍കുട്ടി ബലാല്‍സംഗം ക്ഷണിച്ചുവരുത്തിയത് എന്ന് ആ കുറ്റവാളി വിവരിക്കുമ്പോള്‍ നമ്മുടെ നിയമ നിര്‍മ്മാതാക്കള്‍ക്ക് പോലും ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് കരുതേണ്ടിയിരിക്കുന്നു. അയാള്‍ പറഞ്ഞ കാര്യങ്ങളുടെ പേരില്‍ അമിതരോഷമൊന്നും കൊള്ളേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. ജയിലുകളുടെ പുറത്തും തെരുവുകളിലും പൊതുഗതാഗത സംവിധാനങ്ങളിലും എന്തിനധികം രാജ്യത്തെമ്പാടുമുള്ള നമ്മുടെ വീടുകളുടെ നാല് ചുവരുകള്‍ക്കിലും പറയുന്ന കാര്യങ്ങള്‍ മാത്രമേ അയാളും പറഞ്ഞിട്ടുള്ളു. നമ്മുടെ ഭീകരതയാണ്, നമ്മുടെ ചീഞ്ഞ മാനസികാവസ്ഥയാണ് ആദ്യം പരിഹരിക്കേണ്ടതെന്ന് നമ്മുടെ എംപിമാര്‍ അംഗീകരിക്കേണ്ടിയിരിക്കുന്നു.

അയാള്‍ക്ക് എങ്ങനെയാണ് ജയിലില്‍ നിന്നും അഭിമുഖം നല്‍കാന്‍ സാധിച്ചത് എന്നതിന്റെ സാങ്കേതികവശങ്ങളെ കുറിച്ച് വേവലാതിപ്പെടുന്നതിന് പകരം അയാള്‍ ജയിലില്‍ അങ്ങനെ പറയാനുണ്ടായ സാഹചര്യങ്ങളെ കുറിച്ചാണ് നമ്മള്‍ അന്വേഷണം നടത്തേണ്ടത്. രാത്രി തെരുവില്‍ സഞ്ചരിച്ചാല്‍, തനിക്ക് സാന്ത്വനമാകുന്ന ഒരു സുഹൃത്തിനോടൊപ്പം സമയം പങ്കിട്ടാല്‍, തനിക്ക് ഇഷ്ടമുള്ള വസ്ത്രം ധരിച്ചാല്‍ ഒരു സ്ത്രീ അല്ലെങ്കില്‍ പെണ്‍കുട്ടി ബലാല്‍സംഗത്തിനുള്ള ക്ഷണമാണ് നല്‍കുന്നതെന്ന് എങ്ങനെയാണ് ഒരു പുരുഷന് ചിന്തിക്കാന്‍ കഴിയുന്നതെന്നാണ് നമ്മള്‍ വിലയിരുത്തേണ്ടത്. 

ഇത് നമുക്ക് നാണക്കേടാണ്. ഈ ഡിജിറ്റല്‍ ലോകത്തില്‍ ഒരു ഡോക്യൂമെന്ററി നിരോധിക്കുന്നത് പോലെയുള്ള തികച്ചും അസാധ്യമായ കാര്യങ്ങള്‍ ചെയ്യുന്നതിന് പകരം ഇത്തരം മാനസികാവസ്ഥകള്‍ക്കെതിരെ പോരാടാനാണ് നമ്മള്‍ ശ്രമിക്കേണ്ടത്. തന്റെ മകനോടൊപ്പം ആ അഭിമുഖം കാണുന്ന ഒരമ്മ, ആ ബലാല്‍സംഗി പറഞ്ഞതാണ് ലോകത്തില്‍ ഒരു സ്ത്രീക്കെതിരെ പറയാവുന്ന ഏറ്റവും അപമാനകരവും ക്രൂരവും നികൃഷ്ടവുമായ കാര്യമെന്ന് ആ മകനോട് പറഞ്ഞ് കൊടുക്കാന്‍ ആ അമ്മയ്ക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്. അങ്ങനെയാണ് നമ്മള്‍ സന്ദേശങ്ങളോട് പ്രതികരിക്കേണ്ടത്. അല്ലാതെ സന്ദേശവാഹകനെ ഇല്ലായ്മ ചെയ്തുകൊണ്ടല്ല.

ഇന്ത്യയില്‍ എപ്പോഴും രണ്ട് കഥകള്‍ പ്രചരിക്കും. ഒന്ന് വിദ്യാസമ്പന്നരായ, ടിവി കാണുന്ന ഉന്നതകുലജാതര്‍ വിശ്വസിക്കുന്ന കഥ. മറ്റേത് അവര്‍ വിശ്വസിക്കാത്ത യാഥാര്‍ത്ഥ്യവും. നമ്മള്‍ വിശ്വസിക്കാന്‍ ആഗ്രഹിക്കുന്നത് പോലെയുള്ള സുരക്ഷിതമായ ഒരു സമൂഹമല്ല നമ്മുടേത്. നമ്മുടെ ജീവിതസാഹചര്യങ്ങളിലേക്ക് കുറ്റകൃത്യങ്ങള്‍ ആക്രമിച്ച് കയറുക മാത്രമല്ല ചെയ്യുന്നത്. അത് ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ള സ്ത്രീകള്‍ക്ക് നേരെ സംഭവിക്കുന്നു.

2012 ല്‍ നടന്ന കൂട്ടമാനഭംഗം പോലെ ക്രൂരമായ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ ആരും ഒരു വിശദാംശങ്ങളും വിട്ടുകളഞ്ഞില്ല. എത്ര തുരുമ്പിച്ച് ഇരുമ്പ് കമ്പിയാണ് ആ ഇരയെ തുളച്ചുകയറിയതെന്ന് എനിക്ക് കൃത്യമായി അറിയാമായിരുന്നു. എത്ര തവണ അവള്‍ ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ടെന്നും എനിക്ക് കൃത്യമായി അറിയാമായിരുന്നു. കുറ്റകൃത്യം ചെയ്തവരെ കുറിച്ച്, അവര്‍ ജീവിക്കുന്ന വൃത്തികെട്ട സാഹചര്യങ്ങളെ കുറിച്ച്, അവരുടെ ഭൂതകാലത്തെയും കുറ്റകൃത്യങ്ങളെയും കുറിച്ച് വിവരിക്കുന്നതിനായി ധാരാളം പേജുകളും സംപ്രേക്ഷണ സമയവും ന്യൂസ് പ്രിന്റുകളും ചിലവഴിക്കപ്പെട്ടു. ശേഷം, നിര്‍ഭയ അന്തരിച്ചു. കീഴടക്കാനാവാത്ത ഒരാളുടെ, തന്റെ നേരെ ചീറിയടുത്ത പുരുഷന്മാരെ ധീരമായി നേരിട്ട ഒരാളുടെ വിശുദ്ധമായ ഓര്‍മയായി അവള്‍ മാറി. ബലാല്‍സംഗികളെ തൂക്കിലേറ്റുന്നതുമായി ബന്ധപ്പെട്ടല്ലാതെ ബലാല്‍സംഗത്തെ കുറിച്ച് സംസാരിക്കരുതെന്ന കീഴ്വഴക്കവും നിലവില്‍ വന്നിരിക്കുന്നു.

കൂടുതല്‍ വായനയ്ക്ക്:

http://www.thenewsminute.com/socials/611#at_pco=cfd-1.0&at_ab=per-3&at_pos=0&at_tot=15&at_si=54f7de9fea48b217

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍