UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡല്‍ഹി പീഡനക്കേസിലെ ‘കുട്ടിപ്പുള്ളി’ ഇപ്പോള്‍ എന്തു ചെയ്യുകയാണ്?

Avatar

രമാ ലക്ഷ്മി
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഇരുപതു മാസങ്ങള്‍ക്ക് മുമ്പായിരുന്നു. ന്യൂഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ഒരു ബസില്‍ വെച്ച് യുവതിയായ ഒരു വിദ്യാര്‍ത്ഥിനിയെ ഒരു കൌമാരക്കാരനും മറ്റ് അഞ്ചു പേരും ചേര്‍ന്ന് അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്. രാജ്യത്തേയാകെ ഞെട്ടിച്ചു ആ സംഭവം. അസാധാരണമായ തരത്തില്‍ ദേശീയ പ്രതിഷേധമുയര്‍ത്തിയ ആ സംഭവത്തോടെ ഇന്ത്യയിലെ സ്ത്രീസുരക്ഷയെ കുറിച്ചുള്ള പൊതുസംവാദത്തിന്റെ രീതിയില്‍ത്തന്നെ മാറ്റം വന്നു.

ഇന്നിപ്പോള്‍ ന്യൂഡല്‍ഹിയിലെ ഒരു ദുര്‍ഗുണപരിഹാര കേന്ദ്രത്തില്‍ തന്റെ മുറിയില്‍ ചിത്രം വരയുമായി ശാന്തമായ മണിക്കൂറുകള്‍ കഴിച്ചുകൂട്ടുകയാണ് ആ കൌമാരക്കാരന്‍. ഒരു ബാലനീതി കോടതി അയാളെ 3 വര്‍ഷത്തേക്കാണ് അവിടെ കഴിയാന്‍ വിധിച്ചത്.

മഞ്ഞയും നീലയും കലര്‍ന്ന രാജകീയ വസ്ത്രങ്ങള്‍ ധരിച്ച്, കിരീടം വെച്ച്,ചുമരിലെ അലങ്കാരക്കണ്ണാടിയില്‍ നോക്കുന്ന ഒരു യുവതിയെയാണ് അയാള്‍ ഏറ്റവും ഒടുവില്‍ വരച്ചത്. ‘രാജകുമാരി’ എന്നാണ് ആ ചിത്രത്തിന്റെ പേര്.

മറ്റൊരു ചിത്രത്തില്‍ തികച്ചും ഗ്രാമീണമായ അന്തരീക്ഷത്തില്‍ സാരിയുടുത്ത, ഒരുമിച്ച് നൃത്തം ചെയ്യുന്ന സ്ത്രീകളെയാണ് അയാള്‍ വരച്ചിരിക്കുന്നത്. പിന്നെ ഒട്ടകങ്ങള്‍, പക്ഷിക്കൂടുകള്‍, ഉദ്യാനങ്ങള്‍ അങ്ങനെ പലതും. അവയെല്ലാം അയാളുടെ ചിത്രംവര പഠന മുറിയില്‍ തൂങ്ങിക്കിടക്കുന്നു.

“ഈ മാസം നഗരത്തില്‍ നടന്ന ഒരു മത്സരത്തില്‍ അയാളുടെ ചിത്രങ്ങള്‍ക്ക് സമ്മാനം കിട്ടി,” സ്ഥാപനത്തിന്റെ മേധാവി രാജീവ് ലക്ര പറഞ്ഞു. “സമ്മാനം വാങ്ങാന്‍ പോയ ദിവസം അവന്‍ തികച്ചും ആകാംക്ഷവാനായിരുന്നു എങ്കിലും പ്രതീക്ഷയിലുമായിരുന്നു. അവന്‍ മാറുകയാണെങ്കില്‍, സ്വീകരിക്കാന്‍ ലോകം തയ്യാറാണ്. ആ ലക്ഷ്യത്തിലേക്കാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.”

പൊതുജനദൃഷ്ടിയില്‍ നിന്നും അകന്നുമാറി ആ കൌമാരക്കാരന്‍ കടന്നുപോകുന്ന സാവധാനത്തിലുള്ള, ശാന്തമായ പരിവര്‍ത്തനത്തിന്റെ ഒരു ഭാഗം മാത്രമാണു കല. പാചകം, തുന്നല്‍, പ്രാഥമിക ഗണിതം, പെരുമാറ്റ മര്യാദകള്‍ എന്നിവയെല്ലാം അയാള്‍ പഠിക്കുന്നു; വോളിബോളും കളിക്കുന്നു.

അയാളില്‍ ‘ക്ഷോഭത്തിന്റെ ഒരടയാളവുമില്ല,’ എന്നാണ് അയാളെ നോക്കുകയും, കല ആധാരമാക്കിയ ഇടപെടല്‍ രീതികള്‍ നടത്തുകയും ചെയ്യുന്ന മന:ശാസ്ത്രജ്ഞന്‍ ശുചി ഗോയല്‍ പറഞ്ഞത്. “മറ്റുള്ളവര്‍ക്ക് സ്വീകാര്യനാവാന്‍ അയാള്‍ അധികമായി പരിശ്രമിക്കുന്നുണ്ട്. തന്റെ ചിത്രങ്ങളില്‍ അയാള്‍ക്ക് അഭിമാനവുമുണ്ട്.”

കൂടുതല്‍ കുട്ടികള്‍ കുറ്റങ്ങളിലേര്‍പ്പെടുന്നു
2012 ഡിസംബര്‍ 16-നു ബലാത്സംഗം ചെയ്തവരില്‍ ഏറ്റവും ക്രൂരത കാണിച്ചത് ഈ കൌമാരക്കാരനായിരുന്നു എന്നാക്ഷേപിക്കപ്പെടുന്നു. തെരുവിലുയര്‍ന്ന പ്രതിഷേധങ്ങളില്‍ ഇയാളുടെ പ്രായം പരിഗണിക്കാതെ കടുത്ത ശിക്ഷ നല്‍കണമെന്ന ആവശ്യം ഉയര്‍ന്നു.

ഇന്ത്യന്‍ നിയമപ്രകാരം 18  വയസ്സോ അതിനു താഴെയോ പ്രായമുള്ള കുറ്റവാളികള്‍ക്ക് നാല്‍കാവുന്ന പരമാവധി ശിക്ഷ ഒരു ദുര്‍ഗുണപരിഹാര കേന്ദ്രത്തില്‍ മൂന്നു വര്‍ഷമാണ്. ബലാത്സംഗം നടന്നപ്പോള്‍ ഇയാള്‍ക്ക് 18 തികയാന്‍ വെറും ആറു മാസമാണ് ബാക്കിയുണ്ടായിരുന്നത്. കുറ്റകൃത്യം നടന്നു അഞ്ചു ദിവസത്തിന് ശേഷം നഗരത്തില്‍നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കവേ ഒരു ബസ് ടെര്‍മിനലില്‍നിന്നുമാണ് ഇയാളെ പിടികൂടിയത്. മറ്റുള്ളവരില്‍ നിന്നും മാറ്റി പ്രത്യേകമായാണ് ഇയാളെ വിചാരണ ചെയ്തതും.

തീര്‍ത്തും ആക്രമാസക്തമായ കുറ്റകൃത്യങ്ങളില്‍- കൊലപാതകം, ബലാത്സംഗം പോലുള്ളവ- ഏര്‍പ്പെടുന്ന 18 വയസ്സു തികയാത്തവരെ മുതിര്‍ന്നവരെപ്പോലെ പരിഗണിക്കാനുള്ള ഒരു നിയമം പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ പുതിയ സര്‍ക്കാരിനെ പ്രേരിപ്പിച്ചതുവരെ ഈ സംഭവമാണ്.

കഴിഞ്ഞ വര്‍ഷം 1884 ബാലാത്ക്കാരങ്ങളില്‍ 18 വയസ്സു തികയാത്തവര്‍ പ്രതികളാണ്. 2012-ല്‍ ഇത് 1,175 ആയിരുന്നു. ഡല്‍ഹിയില്‍ ഇക്കാലയളവില്‍ ഇത് 63-ല്‍ നിന്നും 163-ആയി ഉയര്‍ന്നു.

വളര്‍ച്ച
അവനെ ഡിസംബര്‍ 16-ലെ പുള്ളി’ എന്നു വിളിക്കരുതെന്ന് ഞങ്ങള്‍ മറ്റ് കുട്ടികളോട് പറഞ്ഞിട്ടുണ്ട്. ഒരു സഹോദരനും സുഹൃത്തുമായി കണക്കാക്കാനാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത്,” ലാക്ര പറഞ്ഞു.

ഈയിടെ ഒരു മതവുമായി ബന്ധപ്പെട്ട ഉത്സവത്തോട് അനുബന്ധിച്ച് അവന്‍ ഉപവാസം അനുഷ്ഠിച്ചു. ടി വി യില്‍ ചലച്ചിത്രങ്ങളും പാട്ടുകളും പരമ്പരകളുമൊക്കെ കാണാനാണ് അവനിഷ്ടം. മുറ്റത്തെക്കു പറന്നുവരുന്ന പ്രാവുകളെ അവനിഷ്ടമാണ്. ചിലതിനെയൊക്കെ തിരിച്ചറിയുകയും ചെയ്യാം. ഇംഗ്ലീഷില്‍ ചില ചെറിയ വാചകങ്ങള്‍ പറയാനും അവന്‍ പഠിച്ചിരിക്കുന്നു.

അയാള്‍ കാര്യങ്ങള്‍ വേഗത്തില്‍ പഠിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. ഹൃദയം കൊണ്ടല്ല, തല കൊണ്ടാണ് അവന്‍ പ്രവര്‍ത്തിക്കുന്നതെന്ന് അവര്‍ പറയുന്നു.

പുറംലോകത്ത് ഒരിയ്ക്കലും കിട്ടാതിരുന്ന അവസരങ്ങളാണ് ഇവിടെ അവന് കിട്ടിയതെന്നാണ് അധികൃതര്‍ പറയുന്നത്. വടക്കേ ഇന്ത്യയിലെ ഒരു ഗ്രാമത്തിലെ വിദ്യാലയത്തില്‍ നിന്നും കൊഴിഞ്ഞുപോയ അവന്‍, ഡല്‍ഹിയില്‍ ഒരു കുട്ടിത്തൊഴിലാളിയാക്കാമെന്ന തന്റെയൊരു ബന്ധുവിന്റെ വാഗ്ദാനം കേട്ടാണ് എട്ടു വര്‍ഷം മുമ്പ് നാടുവിട്ടത്. തട്ടുകടയിലും ബസ് കഴുകുന്ന പണിയുമടക്കം പല ജോലികളും ചെയ്ത അവന്‍ സ്വന്തമായാണ് ആഹാരത്തിന് വക കണ്ടെത്തിയത്. കുറച്ചുകാലം വീട്ടിലേക്ക് പണമയക്കുകയും ചെയ്തു. പക്ഷേ പിന്നീടത് നിന്നപ്പോള്‍ അവന്റെ വീട്ടുകാര്‍ കരുതിയത് അവന്‍ മരിച്ചുപോയെന്നാണ്.

ബെസ്റ്റ് ഓഫ് അഴിമുഖം 

18 തികഞ്ഞാല്‍ ബലാത്സംഗം ചെയ്യാമോ?
ഡല്‍ഹി വിധിക്കപ്പുറം : നീതിതേടുന്നത് ഒരു ലക്ഷത്തിലേറെ സ്ത്രീകള്‍
ഞാനുമാണ് നിര്‍ഭയ എങ്കില്‍
പെണ്‍കുപ്പായങ്ങളിലെ എക്‌സ്ട്രാ കുടുക്കുകള്‍
ഓരോ സ്ത്രീയും പറയാന്‍ ആഗ്രഹിക്കാത്ത കാര്യങ്ങള്‍

ബലാത്ക്കാരം നടന്ന ആ ഡിസംബര്‍ രാത്രിയില്‍ മദ്യപിച്ചുള്ള ഒരു ആഘോഷ സവാരിക്കായി അവനും മറ്റ് അഞ്ചു പേര്‍ക്കൊപ്പം ചേര്‍ന്നെന്നാണ് പോലീസ് പറയുന്നുന്നത്. ബസില്‍ കയറാന്‍ ഇരയെ വിളിച്ചുകയറ്റിയതും അവനാണ്.

നഗരത്തില്‍,‘മുതിര്‍ന്നവരുടെ ലോകത്തേക്ക് അവന്‍ വളരെ വേഗം എത്തിപ്പെട്ടു,’ ഗോയല്‍ പറഞ്ഞു.

അവര്‍ ആറു പേരും ആ യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുകയും മാറിമാറി ബലാത്സംഗം ചെയ്യുകയും ചെയ്തു. ആക്രമണത്തിന് ശേഷം അവളെ ആ ശീതക്കാറ്റടിച്ച രാത്രിയില്‍ വഴിയരുകില്‍ അക്രമികള്‍ മരിക്കാനായി തള്ളിയിട്ടു. ഒരു ഇരുമ്പ് കമ്പി കുത്തിക്കയറ്റിയതിനെ തുടര്‍ന്നുള്ള അണുബാധമൂലം അവള്‍ പിന്നീട് മരിച്ചു.

അവനൊരിക്കലും കുറ്റം സമ്മതിച്ചില്ല
പുനരധിവാസത്തില്‍ പുരോഗതിയുണ്ടെങ്കിലും അവനൊരിക്കലും ബലാത്സംഗക്കുറ്റം സമ്മതിച്ചിട്ടില്ലെന്ന് ഗോയല്‍ പറയുന്നു.

“ആ സംഭവത്തെക്കുറിച്ച് സംസാരിക്കുന്നതേ അവന്‍ ഒഴിവാക്കുന്നു. ഇപ്പൊഴും അത് നിഷേധിക്കുന്നതുകൊണ്ടായിരിക്കാം, ഒരിയ്ക്കലും അതവന്‍ സമ്മതിച്ചിട്ടില്ല. അതുകൊണ്ടുതന്നെ പശ്ചാത്താപവും പ്രകടിപ്പിച്ചിട്ടില്ല.”

അവന്റെ അമ്മ രണ്ടു തവണ അവനെ ഇവിടെയെത്തി സന്ദര്‍ശിച്ചു. പക്ഷേ അതവന്‍ നിരുത്സാഹപ്പെടുത്തുകയായിരുന്നു. പ്രതികളിലൊരാളായ ബസ് ഡ്രൈവര്‍ തടവില്‍ തൂങ്ങിമരിച്ചു. മറ്റുള്ള പ്രതികളെ വിചാരണ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. ഇവര്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്.

‘ഈ കൌമാരക്കാരന്‍ ഉടനെ സ്വതന്ത്രനാകും. അയാളെ നമ്മള്‍ സുഖപ്പെടുത്തിയില്ലെങ്കില്‍ നഗരത്തിലെ പൌരന്‍മാര്‍ക്ക് അയാള്‍ ഭീഷണിയാകും. ഇവിടെ കഴിയുന്ന കുട്ടികളെ ഒരു പുത്തന്‍ ജീവിതത്തിനു പ്രാപ്തരാക്കുകയെന്നത് ഞങ്ങളുടെ കടമയാണ്,” വനിതാ, ശിശുക്ഷേമ വകുപ്പ് ഡയറക്ടര്‍ സൌമ്യ ഗുപ്ത പറഞ്ഞു.

അതേസമയം അവന്‍ അധികൃതരെ തന്റെ പെരുമാറ്റവും പാചകവും കൊണ്ട് ആകര്‍ഷിക്കുന്നു.

“ചില ദിവസങ്ങളില്‍ അവന്‍ ആകെ ഉത്സാഹഭരിതനായി ഞങ്ങളോടു പറയും,”ക്ഷേമകാര്യ ഉദ്യോഗസ്ഥനായ ലവ് കുമാര്‍ ധവാന്‍ പറഞ്ഞു,“സര്‍, ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് ഒരു പ്രത്യേക ഭക്ഷണം വെച്ചുതരും. നിങ്ങള്‍ക്കത് ഇഷ്ടപ്പെടും.”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍