UPDATES

ന്യൂസ് അപ്ഡേറ്റ്സ്

2012 ഡിസംബര്‍ 16ന് ശേഷവും ഇന്ത്യയിൽ ഒന്നും മാറിയിട്ടില്ല- നിര്‍ഭയ പെണ്‍കുട്ടിയുടെ പിതാവ്

Avatar

അഴിമുഖം പ്രതിനിധി
‘അദ്ദേഹം (നരേന്ദ്ര മോദി) പേടിയില്ലാത്തവനാണെന്ന് അവര്‍ പറയുന്നു. ഞങ്ങള്‍ക്ക് നീതി കിട്ടാന്‍ അദ്ദേഹം സഹായിക്കുമോ?’- രണ്ട് വര്‍ഷം മുമ്പ് രാജ്യ മനഃസാക്ഷിയെ ഞെട്ടിച്ച ക്രൂര മാനഭംഗത്തിനിരയായ തന്റെ മകളെ ഓര്‍ക്കുമ്പോള്‍ പുറത്ത് വരുന്ന കണ്ണുനീരിനെ തടഞ്ഞുനിറുത്തിക്കൊണ്ട് ഡിസംബര്‍ 16 കൂട്ടബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ് ചോദിക്കുന്നു.

 

അടുത്തകാലത്ത് ഉബര്‍ കാറില്‍ വച്ച് ഡല്‍ഹിയിലെ ഒരു എക്‌സിക്യൂട്ടീവ് ബലാല്‍സംഗം ചെയ്യപ്പെട്ടതിനെ ഓര്‍മ്മിച്ചുകൊണ്ട് അദ്ദേഹം തുടരുന്നു, ‘2012 ഡിസംബര്‍ 16ന് ശേഷം ഇന്ത്യയില്‍ ഒരു മാറ്റവും സംഭവിച്ചിട്ടില്ല. നമ്മുടെ മന്ത്രിമാരും നേതാക്കന്മാരും നല്‍കിയ എല്ലാ വാഗ്ദാനങ്ങളും പ്രസ്താവനകളും പൊള്ളയാണെന്ന് തെളിഞ്ഞു. അവര്‍ക്ക് വെള്ളിവെളിച്ചത്തില്‍ നില്‍ക്കാന്‍ നമ്മുടെ വേദനകള്‍ സഹായിക്കുന്നു’.

‘അവള്‍ക്ക് നീതി ലഭിക്കുന്നതിനായി ഞാന്‍ എന്തു ചെയ്തുവെന്ന് എന്റെ മകള്‍ എന്നോട് ചോദിക്കുന്നു. അവളെ പോലെയുള്ള അനേകം പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കുന്നതിനായി ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് അവള്‍ ചോദിക്കുന്നു. ഞാന്‍ എത്ര നിസായഹയനും തുച്ഛനുമാണെന്ന് ഇപ്പോഴാണ് തിരിച്ചറിയുന്നത്,’ ആ കാളരാത്രിക്ക് ശേഷം ഒരു ദിവസം പോലും താന്‍ സ്വസ്ഥമായി ഉറങ്ങിയിട്ടില്ല എന്ന് വെളിപ്പെടുത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു.

അക്ഷയ് താക്കൂര്‍, വിനയ് ശര്‍മ, പാവന്‍ ഗുപ്ത, മുകേഷ് എന്നീ പ്രായപൂര്‍ത്തിയായ നാല് പ്രതികള്‍ക്കും അതിവേഗ കോടതി 2013 സെപ്തംബര്‍ 13ന് വധശിക്ഷ വിധിച്ചിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ ഡല്‍ഹി ഹൈക്കോടതി ഈ ശിക്ഷ ശരിവച്ചു. എന്നാൽ പ്രതികൾ നൽകിയ അപ്പീലിനെ തുടർന്ന് സുപ്രീം കോടതി  വധശിക്ഷ സ്റ്റേ ചെയ്തിരിക്കുകയാണ്. ഇനി സുപ്രീം കോടതിയിൽ നിന്ന് എന്ത് വിധി ഉണ്ടാകുമെന്ന് കാത്തിരിക്കുകയാണ് ഈ കുടുംബം.

 

തങ്ങളുടെ മകളെ ബലാല്‍സംഗം ചെയ്ത് കൊന്നതിന് കുറ്റവാളികളായി വിധിക്കപ്പെട്ട നാല് പേരുടെ ശിക്ഷ ഇനിയും നടപ്പാക്കാതെ ഇരിക്കുമ്പോള്‍ എങ്ങനെയാണ് കാര്യങ്ങളില്‍ മാറ്റമുണ്ടാകുന്നതെന്ന് അവളുടെ കുടുംബം അത്ഭുതം കൂറുന്നു.

‘തെളിവുകളെല്ലാം അവര്‍ക്ക് എതിരായിരിക്കുമ്പോള്‍ എന്തുകൊണ്ടാണ് അധികൃതര്‍ക്ക് ശിക്ഷ നടപ്പാക്കാന്‍ സാധിക്കാത്തത്?’ നിരാശയോടെ അദ്ദേഹം ചോദിക്കുന്നു.

2012 ഡിസംബര്‍ 16ന് ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ വച്ചാണ് ഒരു പ്രായപൂര്‍ത്തിയാവാത്ത കുറ്റവാളി ഉള്‍പ്പെടെ ആറ് പേര്‍ ചേര്‍ന്ന് 23 കാരിയായ ഫിസിയോതൊറാപ്പി വിദ്യാര്‍ത്ഥിനിയെ കൂട്ട മാനഭംഗത്തിനും ക്രൂര പീഢനത്തിനും ഇരയാക്കിയത്. പിന്നീട് യുവതിയെയും അവരുടെ പുരുഷ സുഹൃത്തിനെയും തണുത്ത ഡിസംബര്‍ രാത്രിയില്‍ റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു.

പ്രത്യേക ചികിത്സയ്ക്കായി സിംഗപ്പൂരിലേക്ക് വിമാനത്തില്‍ എത്തിച്ച യുവതി, അവിടുത്തെ ആശുപത്രിയില്‍ വച്ച് 2012 ഡിസംബര്‍ 29ന് ഗുരുതരമായ ആന്തരിക പരിക്കുകള്‍ മൂലം മരണമടയുകയായിരുന്നു.

പുതിയ സര്‍ക്കാരില്‍ നിന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചു. ‘അദ്ദേഹം (നരേന്ദ്ര മോദി) പേടിയില്ലാത്തയാളാണെന്ന് അവര്‍ പറയുന്നു. അദ്ദേഹം തീരുമാനങ്ങളെടുക്കാന്‍ കെല്‍പ്പുള്ളയാളാണെന്നും അവര്‍ പറയുന്നു. അങ്ങനെയാണെങ്കില്‍ ഞങ്ങള്‍ക്ക് നീതി ലഭ്യമാക്കാന്‍ അദ്ദേഹം സഹായിക്കുമോ?’ പിതാവ് ചോദിക്കുന്നു.

നിര്‍ഭയ ജ്യോതി ട്രസ്റ്റ് രൂപീകരിച്ചെങ്കിലും, സര്‍ക്കാരും അധികാരികളും ‘തങ്ങളുടെ വാക്കുകള്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ട’തായി, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലൈംഗിക പീഢനങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് നിയമസഹായവും പുനഃരധിവാസവും പ്രദാനം ചെയ്യുന്നതിനായി ഈ വര്‍ഷം മേയ് പത്തിന് ആരംഭിച്ച ലാഭേച്ഛയില്ലാത്ത സംഘടനയാണ് നിര്‍ഭയ ജ്യോതി ട്രസ്റ്റ്.

ഡല്‍ഹി ഐടിഒയിലുള്ള ട്രസ്റ്റിന്റെ ഓഫിസില്‍ വച്ച് ധീരഹൃദയയ്ക്ക് സ്മരണാഞ്‌ലി ഒരുക്കുകയാണ് കുടുംബം. ആറ് കുറ്റവാളികളില്‍ ഒരാളെ ഡല്‍ഹി തിഹാര്‍ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

സംഭവത്തില്‍ പങ്കാളിയായ കുട്ടിക്കുറ്റവാളിയെ ബാലനീതി ബോര്‍ഡ് 2013 ഓഗസ്റ്റ് 31ന് മൂന്ന് വര്‍ഷത്തേക്ക് സന്മാര്‍ഗ്ഗ പാഠശാലയിലേക്ക് അയച്ചിരുന്നു. ജുവൈനല്‍ നിയമം പ്രകാരം നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ ശിക്ഷയാണിത്.

ഡല്‍ഹി പോലീസ് നല്‍കുന്ന വിവരങ്ങള്‍ പ്രകാരം നഗരത്തില്‍ ബലാല്‍സംഗ കുറ്റങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജനുവരി ഒന്നിനും ഒക്ടോബര്‍ 20നും ഇടയില്‍ 10,064 കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടതെങ്കില്‍ ഈ വര്‍ഷം ഇത് 11,683 കേസുകളായി വര്‍ദ്ധിച്ചു. സ്ത്രീകള്‍ക്കെതിരായ അതിക്രമത്തില്‍ 16 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഡിസംബര്‍ 16 മാനഭംഗത്തിന് ശേഷം ഇത്തരം കുറ്റങ്ങളുടെ എളുപ്പത്തില്‍ വിചാരണ പൂര്‍ത്തിയാക്കാനും കൂടുതല്‍ ശിക്ഷ നല്‍കാനും കഴിയുന്ന തരത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനായി സര്‍ക്കാര്‍ ജസ്റ്റിസ് ജെ എസ് വര്‍മ കമ്മിറ്റിയെ നിയമിച്ചു. ബലാല്‍സംഗം വിരുദ്ധ നിയമത്തില്‍, കമ്മിറ്റി സമര്‍പ്പിച്ച നിരവധി നിര്‍ദ്ദേശങ്ങള്‍ ഇപ്പോള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

2012 കൂട്ട ബലാല്‍സംഗത്തിന് ശേഷം ആറ് അതിവേഗ കോടതികള്‍ സ്ഥാപിക്കുകയും കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കിടയില്‍ 800 കേസുകള്‍ തീര്‍പ്പാക്കുകയും ചെയ്തു. പക്ഷെ, ഇപ്പോഴും 1000 ത്തില്‍ അധികം ബലാല്‍സംഗ കേസുകളാണ് ഡല്‍ഹി കോടതികളില്‍ കെട്ടിക്കിടക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍