UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിര്‍ഭയ(o) ഒരു ആണ്‍കുട്ടി!

Avatar

ശ്രീരേഖ സതി

ഡല്‍ഹിയിലെ ചൂടുള്ള ഒരു പകല്‍. രണ്ടാഴ്ചനീളുന്ന ജെന്‍ഡര്‍ പരിശീലനപരിപാടിയുടെ ഭാഗമായി വനിതാ പരിശീലകര്‍ പഠിപ്പിക്കുന്ന സ്വയരക്ഷാമുറകള്‍ പഠിക്കാനായി യൂണിഫോമിട്ട നൂറുകണക്കിന് പെണ്‍കുട്ടികള്‍ നിരന്നു നില്ക്കുന്നു. ഇത്തരം പരിശീലനങ്ങളിലും അച്ചടക്കശീലങ്ങളിലും എനിക്കു വലിയ താത്പര്യമില്ലായിരുന്നു എങ്കിലും ഇതെങ്ങനെ മുന്നോട്ടുപോകുന്നുവെന്ന് അറിയാന്‍ ആകാംക്ഷയുണ്ടായിരുന്നു. തത്കാലം എന്റെ ആകാംക്ഷ ശരീരചലനങ്ങളില്‍ പ്രാവീണ്യം നേടുന്ന കുട്ടികളുടെ ചിത്രങ്ങളെടുക്കുന്നതില്‍ ഒതുക്കി. സല്‍വാര്‍ കമ്മീസും ഹിജാബും ഒക്കെ ധരിച്ച കുട്ടികള്‍ ശരീരങ്ങള്‍ ചലിപ്പിച്ച് അലര്‍ച്ചകളോടെ പൊരുതുന്നത് കണ്ടപ്പോള്‍ ഞാന്‍ ഉദ്ദേശിച്ചത്ര മോശമല്ല കാര്യങ്ങള്‍ എന്ന് തോന്നി. പെട്ടെന്നാണ് അത് സംഭവിച്ചത്. സല്‍വാര്‍ കമ്മീസ് ധരിച്ച, സ്മാര്‍ട്ട് ആയ, ദൃഢഗാത്രയായ, പൊട്ടും സിന്ദൂരവുമണിഞ്ഞ ട്രെയിനര്‍ ഒരു നാണംകുണുങ്ങിപ്പെണ്ണിന്‍റെ അരികില്‍ വന്നു കരണക്കുറ്റിക്ക് ഒരടി. ഒപ്പം സ്വപ്നം കാണല്‍ നിറുത്തി വേഗത്തില്‍ ശരിയായി അഭ്യാസങ്ങള്‍ ചെയ്യാന്‍ ഹിന്ദിയില്‍ വഴക്കും. ഒരു നിമിഷം കണ്‍മുന്നില്‍ നടന്നത് എനിക്ക് വിശ്വക്കാനായില്ല. അടുത്ത നിമിഷം ഭീതിയും ദേഷ്യവും നിറഞ്ഞ മുഖത്തോടെ ഞാന്‍ അവരുടെ അടുത്തുചെന്ന് ഇനിയൊരു പെണ്‍കുട്ടിയെ തൊട്ടാല്‍ അവിടെ അവസാനിപ്പിക്കും ട്രയിനിംഗ് എന്ന് വ്യക്തമാക്കി. 

 

സ്വരക്ഷാ പരിശീലനമാണത്രേ! ആളുകള്‍ സങ്കല്‍പ്പിക്കുന്നത്ര ലളിതമല്ല അത്. ഈ സ്വരക്ഷാ പരിശീലനത്തിന്റെ അര്‍ത്ഥമെന്താണെന്ന് എനിക്കിപ്പോഴും മനസിലായിട്ടുമില്ല. എന്നാല്‍ ഈ രാജ്യത്തെ പെണ്‍കുട്ടികളെയും സ്ത്രീകളെയും പലതും ‘പഠിപ്പിക്കു’ന്നതിനെപ്പറ്റി ചിലത് പറയാനുണ്ട്. എങ്ങനെയാണ് ഒരു പെണ്‍കുട്ടിയുടെ ആത്മവിശ്വാസം ഉയര്‍ത്താനും സ്വരക്ഷയ്ക്ക് അവളെ പ്രാപ്തയാക്കാനും കഴിയുക? ആക്റ്റിവിസ്റ്റുകളും അക്കാദമിക്കുകളും എന്‍ജിഓകളും ഗവണ്മെന്റും അടങ്ങുന്ന ഈ വ്യവസ്ഥയില്‍ സ്വരക്ഷ പഠിപ്പിക്കാന്‍ പണം മുടക്കേണ്ടതുണ്ടോ? ഉണ്ടെങ്കില്‍ അതെത്ര? സ്ത്രീകളെ സ്വരക്ഷ പഠിപ്പിക്കേണ്ടതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനാണോ? സുരക്ഷയ്ക്കായി സ്വരക്ഷാനടപടികളാണ് വേണ്ടത് എന്നതില്‍ പാര്‍ട്ടിഭേദമില്ലാതെ എല്ലാവരും യോജിക്കുന്നത് എന്തുകൊണ്ടാണ്? സ്ത്രീകളെ ഈ രക്ഷാനടപടികള്‍ പഠിപ്പിക്കുക എന്നതിനപ്പുറം അവരുടെ ദൈനംദിന ജീവിതത്തില്‍, വീടിനകത്തെ ആണ്‍കോയ്മാസംസ്കാരത്തെപ്പറ്റി ആരെങ്കിലും പറയാറുണ്ടോ? സ്ത്രീകളെ ശാക്തീകരിക്കാനായി ഇത്തരം സ്വരക്ഷാ-അച്ചടക്കശീലങ്ങങ്ങള്‍ നടത്തുന്നതിനെപ്പറ്റി പുനര്‍വിചിന്തനം നടത്തേണ്ടിയിരിക്കുന്നു. കാരണം നിര്‍ഭയ സംഭവത്തിനുശേഷം സ്ത്രീ സുരക്ഷയ്ക്കായി ഏതാണ്ട് രണ്ടായിരം കോടി രൂപ എന്ന ഭീമന്‍ തുകയാണ് നീക്കിവെച്ചിരിക്കുന്നത് എന്നോര്‍ക്കുക.

 

 

ഫണ്ടും സ്ത്രീശാക്തീകരണവും

2012 ഡിസംബറില്‍ നിര്‍ഭയ എന്ന് പേരിട്ടുവിളിക്കുന്ന ഫിസിയോതെറാപ്പി വിദ്യര്‍ത്ഥി ഡല്‍ഹിയില്‍ വെച്ച് കൂട്ടബാലാത്സംഗത്തിന് ഇരയായ ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ സ്ത്രീസുരക്ഷയ്കായി നിര്‍ഭയ ഫണ്ട് പ്രഖ്യാപിച്ചത്. 2013ല്‍ കേന്ദ്ര ബജറ്റില്‍ കോണ്ഗ്രസ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത് ആയിരം കോടി രൂപയാണ്. സ്ത്രീകളുടെ സുരക്ഷയും അഭിമാനവും സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍-എന്‍ജിഓ സംരംഭങ്ങള്‍ക്ക് ഈ പണം നല്‍കുമെന്നാണ് അന്നത്തെ കേന്ദ്രമന്ത്രി പറഞ്ഞത്. ധനമന്ത്രാലയത്തിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എക്കണോമിക് അഫയെഴ്സും വനിതാ-ശിശു ക്ഷേമ മന്ത്രാലയവും ഈ ഫണ്ട് ചുമതല നിര്‍വഹിക്കും, അതിനു മുമ്പ് മറ്റു മന്ത്രാലയങ്ങളോട് കൂടിയാലോചിക്കും എന്നുമായിരുന്നു തീരുമാനം. 

 

ഈ ഫണ്ട് പലതരം പദ്ധതികള്‍ക്ക് ഉപയോഗിക്കാം, സ്ത്രീ ശാക്തീകരണം ആയിരിക്കണം ലക്ഷ്യം എന്ന് മാത്രം. ശ്രദ്ധേയമായ ഒരു കാര്യം, ആദ്യ പദ്ധതികളിലൊന്ന് ആ ദാരുണസംഭവത്തിന്‍റെ ഓര്‍മ്മ ജനിപ്പിക്കും വിധം ആധുനിക സജ്ജീകരണങ്ങള്‍ ഉള്ള പുതിയ ബസുകള്‍ വാങ്ങുക എന്നതായിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റു നാഷണല്‍ അര്‍ബന്‍ റിന്യൂവബിള്‍ മിഷനുകീഴില്‍ വന്ന ഈ പദ്ധതി പൊതു ഗതാഗത സംവിധാനങ്ങളില്‍ സുരക്ഷ ഉറപ്പുവരുത്താനായിരുന്നു. എന്നാല്‍ പുതിയ ബസുകളില്‍ എങ്ങനെ സ്ത്രീസുരക്ഷ ഉറപ്പാക്കുമെന്ന് മാത്രം ആര്‍ക്കും മനസിലായില്ല. പദ്ധതിക്കുള്ള പ്രൊപ്പോസല്‍ വന്നയുടന്‍ തന്നെ നാണക്കേടൊഴിവാക്കാന്‍ സര്‍ക്കാര്‍ പ്രസ്താവനയിറക്കി. സ്ത്രീകള്‍ക്ക് സുരക്ഷാനടപടികള്‍ ഇല്ലെങ്കില്‍ പുതിയ ബസുകള്‍ വാങ്ങില്ല. ബസുവാങ്ങല്‍ പദ്ധതികള്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ആദ്യം പൊതുഗതാഗത സംവിധാനങ്ങ ളായ ബസ്, ഓട്ടോ ടാക്സി തുടങ്ങിയവയിലൊക്കെ ക്യാമറകളും ട്രാക്കിംഗ് ഉപകരണങ്ങളും ഒക്കെ ഘടിപ്പിക്കണം. എന്നാല്‍ നിര്‍ഭയ ഫണ്ട് ഉപയോഗിച്ചോ അല്ലാതെയോ ഒരു സംസ്ഥാന സര്‍ക്കാരും ഇതുവരെ ഇതൊന്നും നടപ്പാക്കിയതായി അറിവില്ല. 

 

ഈ ഫണ്ടിന് കീഴില്‍ ലഭിച്ച പ്രൊപ്പോസലുകളുടെ വിവരങ്ങള്‍ ധനമന്ത്രാലയം 2013 ഡിസംബറില്‍ ഒരു പത്രക്കുറിപ്പിലൂടെ പുറത്തുവിട്ടു: മൊബൈല്‍ കമ്പനികള്‍ നിര്‍ബന്ധിത എസ്ഓഎസ് ബട്ടണ്‍ കൊണ്ടുവരാനുള്ള ഒരു പദ്ധതിയായിരുന്നു ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന്റെത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ പോലീസ് സഹായം ഈ ഫോണ്‍ ട്രേസ് ചെയ്ത് എത്തിക്കാനും ഇതില്‍ ആലോചനയുണ്ടായിരുന്നു. ഇതിന്റെ ഉദ്ദേശ ചെലവ് ആയിരം കോടി രൂപയും. ഇതിനോടൊപ്പം റിസ്റ്റ് വാച്ചിന്റെ രൂപത്തിലുള്ള ഒരു പേര്‍സണല്‍ സേഫ്റ്റി ഡിവൈസ് വികസിപ്പിക്കാനുള്ള പദ്ധതിയുമുണ്ടായിരുന്നു. മറ്റൊന്ന് റോഡ്, ഗതാഗത മന്ത്രാലയത്തിന്റെ പദ്ധതിയാണ്. എല്ലാ പൊതുവാഹനങ്ങളിലും ട്രാകിംഗ് ഉള്ള ജിപിഎസ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക, സിറ്റി കമാന്ടും കണ്‍ട്രോള്‍ സെന്ററും സ്ഥാപിക്കുക, സിസിടിവി ക്യാമറകള്‍, യാത്രക്കാരുടെ വിവരങ്ങള്‍ സൂക്ഷിക്കാനുള്ള സംവിധാനം സ്മാര്‍ട്ട്ഫോണുകളിലൂടെ ലഭ്യമാക്കുക, എന്നിങ്ങനെ പലതരം സുരക്ഷാപദ്ധതികള്‍ ഉദ്ദേശിച്ചിരുന്ന ഈ പദ്ധതിയുടെ ഏകദേശ ചെലവ് 1700 കോടി രൂപയായിരുന്നു. മൂന്നാമത്തെ പദ്ധതി റെയില്‍വേ മന്ത്രാലയത്തിന്റെതായിരുന്നു. ട്രെയിനുകളില്‍ എസ്ഓഎസ് സംവിധാനം കൊണ്ടുവരാനും കോള്‍സെന്ററുകള്‍ മുഖേന ഹെല്പ്ലൈന്‍ സംവിധാനം കൊണ്ടുവരാനും ഒക്കെ പദ്ധതിയിട്ട ഈ പ്രോജക്റ്റിന്റെ ഏകദേശ ചെലവ് 25 കോടി രൂപയും.

 

 

ഈ മൂന്നു മന്ത്രാലയങ്ങളും പദ്ധതികള്‍ കൊണ്ടുവന്നതുകൊണ്ട് അടുത്ത വര്‍ഷത്തെ നിര്‍ഭയഫണ്ടും കൂടി ചേര്‍ത്ത് രണ്ടായിരം കോടി രൂപയാക്കി ഈ പദ്ധതികള്‍ എല്ലാം തന്നെ നടപ്പില്‍ വരുത്തുകയും സ്ത്രീകളുടെ സുരക്ഷയ്ക്കായുള്ള നടപടികള്‍ സംഭവിക്കേണ്ടതുമാണ്. എന്നാല്‍ ആദ്യവര്‍ഷത്തെ ആയിരം കോടി രൂപ തന്നെ ഉപയോഗിക്കപ്പെടാതെ കിടക്കുന്നു. മറ്റൊരു ആയിരം കോടി രൂപ കൂടി ഈ സാമ്പത്തികവര്‍ഷത്തില്‍ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ 2014 ഫെബ്രുവരി വരെയുള്ള കണക്ക് അനുസരിച്ച് സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭ സമിതി പാസാക്കിയ രണ്ടു പ്രോപ്പോസലുകള്‍ക്ക് വേണ്ടിപ്പോലും ഇതേവരെ പണം ചെലവാക്കിയിട്ടില്ല.

 

കേന്ദ്ര ആഭ്യന്തര വകുപ്പിന് സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന്‍ പ്രോപ്പോസലുകള്‍ എത്തിയിരുന്നു. പെണ്‍കുട്ടികള്‍ പഠിക്കുന്ന വിദ്യാലയങ്ങള്‍ക്കടുത്തും മറ്റു പൊതുസ്ഥലങ്ങളിലും പോലീസ് വാഹനങ്ങള്‍ എത്തിക്കുക, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക പോലീസ് യൂണിറ്റുകള്‍ തുടങ്ങുക, പോലീസുകാര്‍ക്ക് പരിശീലന പരിപാടികള്‍, പരസ്യപ്രചാരണങ്ങള്‍, വര്‍ക്ക്‌ഷോപ്പുകള്‍, സെമിനാറുകള്‍, സമ്പൂര്‍ണ സ്ത്രീ ബറ്റാലിയനുകള്‍, സമ്പൂര്‍ണ്ണ സ്തീ പോലീസ് സ്റ്റേഷനുകള്‍, കൂടുതല്‍ വനിതാപോലീസുകാര്‍ എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് കേരള, കര്‍ണാടക സര്‍ക്കാരുകള്‍ ഉന്നയിച്ചത്. എല്ലായിടത്തും സൂക്ഷ്മനിരീക്ഷണ സംവിധാനങ്ങള്‍ കൊണ്ടുവരിക, സ്ത്രീകള്‍ക്ക് സ്വരക്ഷാപരിശീലനം നല്‍കുക തുടങ്ങിയവയാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ഏര്‍പ്പെടുത്തുന്നത്. നിര്‍ഭയ ഫണ്ട് ഉപയോഗിച്ച് കോളേജുകളിലും സ്കൂളുകളിലും മള്‍ട്ടി നാഷണല്‍ കമ്പനികളിലും സ്ത്രീകള്‍ക്ക് ക്ലാസുകള്‍ സംഘടിപ്പിക്കാനാണ് ഡല്‍ഹി പോലീസ് പദ്ധതിയിട്ടത്. രണ്ടാഴ്ചത്തെ പരിശീലനം കൊണ്ട് പെണ്‍കുട്ടികള്‍ക്ക് ശല്യക്കാരെ കൈകാര്യം ചെയ്യാന്‍ കഴിയും എന്നതായിരുന്നു ആലോചന. സ്പെഷ്യല്‍ പോലീസ് യൂണിറ്റ് ഫോര്‍ വിമെന്‍ ആന്‍ഡ്‌ ചില്‍ഡ്രന്‍ എന്ന പരിശീലന യൂണിറ്റിന്റെ കീഴിലാണ് ഈ പദ്ധതികള്‍ നടക്കുന്നത്. അവര്‍ എന്‍ജിഒകളുടെ സഹായത്തോടെ വര്‍ക്ക്ഷോപ്പുകള്‍ നടത്തുന്നുമുണ്ട്. ഈ പരിപാടികള്‍ക്കെല്ലാം വേണ്ടി അവര്‍ക്ക് ഇപ്പോള്‍ നിര്‍ഭയഫണ്ടില്‍ നിന്ന് ആവശ്യത്തിന് പണം ലഭിക്കുന്നു.

 

ജൂണ്‍ 2014ല്‍ വനിതാ-ശിശുക്ഷേമമന്ത്രാലയം നിര്‍ഭയ സെന്ററുകള്‍ എന്ന പേരില്‍ അക്രമത്തിനിരയായ സ്ത്രീകള്‍ക്കായി ‘വണ്‍ സ്റ്റോപ്പ് ക്രൈസിസ് സെന്ററുകള്‍’ (OSCC) തുടങ്ങാനുള്ള ഒരു പദ്ധതി കുറിപ്പ് തയ്യാറാക്കി. അക്രമങ്ങള്‍ക്കിരയായവര്‍ക്ക് ഒരേ സ്ഥലത്ത് തന്നെ വൈദ്യ-നിയമ-സൈക്കോളജി പരിരക്ഷ ലഭ്യമാക്കുക എന്നതാണ് ലക്‌ഷ്യം. ജസ്റ്റിസ് ഉഷാ മെഹ്റ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ ആശയം. ഡല്‍ഹി സര്‍ക്കാര്‍ ഈ സെന്‍ററുകളെ നിര്‍ഭയ സെന്ററുകള്‍ എന്ന് വിളിക്കാനും തീരുമാനിച്ചു. ഈ സെന്ററിന്റെ ആശയം മലേഷ്യ, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്ന മോഡലുകളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. തുടര്‍ന്ന്‍ രണ്ടുവര്‍ഷത്തെയ്ക്ക് 487 കോടി രൂപ ആവശ്യപ്പെട്ടുകൊണ്ട് വനിതാ-ശിശുക്ഷേമമന്ത്രാലയം ധനമന്ത്രാലയത്തിന് പ്രൊപ്പോസല്‍ അയച്ചു. ബലാത്സംഗ ഇരകള്‍ക്ക് അതിവേഗം നീതി ലഭ്യമാക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കുക, സ്വതന്ത്ര സഞ്ചാരത്തിന് സുരക്ഷിത ഇടങ്ങള്‍ ഒരുക്കുക എന്നിവയൊക്കെയാണ്‌ പദ്ധതി. ഏറ്റവും ചുരുങ്ങിയ ചെലവില്‍ ഈ വിഷയത്തെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ കൈകാര്യം ചെയ്യുന്ന പദ്ധതിയായിട്ടും വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ ഈ പദ്ധതി മാത്രമാണു കൂടുതല്‍ ‘വ്യക്തമായ ആശയങ്ങള്‍’ ആവശ്യപ്പെട്ട് ധനമന്ത്രാലയം തിരിച്ചയച്ചത്.   

 

 ശാക്തീകരണം ആരെ, എന്തിന്, എങ്ങനെ?

അസമത്വം, വിവേചനം, അടിച്ചമര്‍ത്തപ്പെട്ടവരും ആനുകൂല്യങ്ങള്‍ അനുഭവിക്കുന്നവരും തമ്മിലുള്ള ബന്ധം എന്നിവയെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ രണ്ടു തരത്തിലാണ് പൊതുവേ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളത്. അശക്തരും അടിച്ചമര്‍ത്തപ്പെട്ടവരെയും ശക്തിപ്പെടുത്തുക എന്നതാണ് ഒന്നാമത്തെത്. എന്നാല്‍ ഇതിലെ പ്രധാനപ്പെട്ടതും പലപ്പോഴും അവഗണിക്കപ്പെടുന്നതുമായ കാര്യം ശക്തരായവരില്‍ നിന്ന് അവര്‍ അനുഭവിക്കുന്ന ആനുകൂല്യങ്ങള്‍ എടുത്തുമാറ്റുക എന്നതാണ്. അസമത്വമുണ്ടാക്കുന്നതിലെ ഒരു പ്രധാനകാരണം ഈ ശക്തരായവര്‍ അനുഭവിക്കുന്ന ആനുകൂല്യങ്ങള്‍ തന്നെയാണ്. ഈ അവസരത്തില്‍ പുരുഷന്മാരെ ഈ ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തുമ്പോള്‍ ഈ ‘ശക്തി-അശക്തി’കളുടെ നിര്‍മിതിയില്‍ അവര്‍ക്കുള്ള പങ്ക് വ്യക്തമാകും. സ്ത്രീസുരക്ഷയും ശാക്തീകരണവും ഉറപ്പുവരുത്തണമെങ്കില്‍ ഇങ്ങനെ ഒരു പുതിയ രീതിയില്‍ കാര്യങ്ങളെ മനസിലാക്കിയേ മതിയാകൂ.

 

കൃത്യമായ, ഫലപ്രദമായ ഇടപെടലുകളിലൂടെ സ്ത്രീകളുടെ അവസ്ഥ പടിപടിയായി മെച്ചപ്പെടുത്തുകയും അവരുടെ അക്രമാനുഭവങ്ങള്‍ക്ക് പൂര്‍ണ്ണപരിഹാരം കണ്ടെത്തുകയുമാണ് ലക്ഷ്യമാക്കേണ്ടത്. സ്ത്രീ ഇരകള്‍ക്ക് നീതി ലഭ്യമാക്കുക, അവരുടെ പ്രശ്നാവസ്ഥകള്‍ പരിഹരിക്കാനാവുക, നിയമപരമായും സാമൂഹ്യമായും വിജയിക്കാനാകുക, കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പുവരുത്തുക എന്നിവയാണ് ലക്‌ഷ്യം. വനിതാ-ശിശുക്ഷേമമന്ത്രാലയത്തില്റെ ഈ ക്രൈസിസ് സെന്ററുകള്‍ക്കായുള്ള ആവശ്യം പ്രധാനമാകുന്നത് ഇവിടെയാണ്‌. വര്‍ക്കിംഗ് വിമെന്‍സ് ഹോസ്റ്റലുകള്‍, ഷെല്‍ട്ടര്‍ ഹോമുകള്‍ എന്നിവയിലൂടെ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുക തുടങ്ങിയ നടപടികള്‍ക്ക് ഹൈടെക് സംവിധാനങ്ങളെക്കാള്‍ പ്രായോഗികതയുണ്ട്. അപ്പോള്‍ പിന്നെ ഇത്തരം പദ്ധതികളെ എന്തിനാണ് സര്‍ക്കാര്‍ പ്രായോഗികമല്ലെന്നും പ്രാധാന്യമര്‍ഹിക്കുന്നതല്ലെന്നും കരുതുന്നത്?

 

പുരുഷന്മാരെ, പ്രത്യേകിച്ച് ആണ്‍കുട്ടികളെ ചിത്രത്തിലെത്തിക്കുകയാണ് ഒരു പ്രധാന ആവശ്യം. സമൂഹത്തിലെ പുരുഷകേന്ദ്രിത അവസ്ഥയില്‍ നിന്ന് അവര്‍ പഠിച്ചവയെല്ലാം മാറ്റിയെടുക്കുക എന്നതാണ് പ്രധാനം. ‘ആണു’ങ്ങളായിപ്പോയി എന്ന ഒറ്റ കാരണം കൊണ്ട് അവര്‍ അനുഭവിക്കുന്ന ആനുകൂല്യങ്ങളെപ്പറ്റി തിരിച്ചറിയാന്‍ പലപ്പോഴും പുരുഷന്മാര്‍ക്കും ആണ്‍കുട്ടികള്‍ക്കും കഴിയാറില്ല; പലപ്പോഴും അവരത് മനസിലാക്കാന്‍ ശ്രമിക്കാറുമില്ല. അപൂര്‍വം ചിലരെങ്കിലും ഇത് തിരിച്ചറിയാനും മാറ്റത്തിന്റെ ആദ്യപടിയായി ഈ തിരിച്ചറിവിനെ കാണാനും ശ്രമിക്കാറുണ്ട്. എന്നാല്‍ ബഹുഭൂരിപക്ഷവും ഇത് അവഗണിക്കുകയാണ് പതിവ്. ആണ്‍കോയ്മയുടെയും അക്രമത്തിന്റെയും സംസ്കാരത്തില്‍ നിന്ന് ആണ്‍കുട്ടികളെ മോചിപ്പിക്കുക എന്നത് ഏറെ ശ്രമകരമായ കാര്യമാണ്. ഇവിടെ ഇത്തരം വിഷയങ്ങള്‍ സമൂഹത്തിലെ ആണ്‍കുട്ടികളെ പരിശീലിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന രീതികളെപ്പറ്റി ചര്‍ച്ച ചെയ്യുക പ്രധാനമാണ്. സ്ത്രീശാക്തീകരണ പദ്ധതികളില്‍ ഇതുവരെ പുരുഷന്മാരെ ഇടപെടുത്താന്‍ ഉണ്ടായ ശ്രമങ്ങളില്‍ എല്ലാം തന്നെ അക്രമ സ്വഭാവത്തിലുള്ള ‘ആണത്തത്തിന്റെ ആഘോഷ’മാണ് നടക്കുന്നത്. സ്ത്രീകളെ സംരക്ഷിക്കുക എന്നതിന്റെ പേരില്‍ ഇത്തരം ‘ആണത്ത ആഘോഷങ്ങള്‍’ ധാരാളം നടക്കുന്നുമുണ്ട്. എന്നാല്‍ തങ്ങളിലെ ‘ആണത്ത’ സ്വഭാവത്തെ മനസിലാക്കാനും അതിനോടൊപ്പം സമൂഹം പഠിപ്പിക്കുന്ന ആണ്‍കൊയ്മാസ്വഭാവങ്ങളെ ഒഴിവാക്കാനും ആണ്‍കുട്ടികളെ പഠിപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നില്ല.

 

 

അക്കാദമികലോകത്ത് ‘ആണത്ത’യും ‘ആണ്‍കോയ്മ’യെയും പറ്റി ധാരാളം പഠനങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ പുരുഷന്മാരെ ബോധവല്‍ക്കരിക്കാന്‍ കുറച്ചുകൂടി നേരിട്ടുള്ള ഇടപെടലുകലാണ് വേണ്ടത്. ഇത് പലപ്പോഴും മറന്നുപോകുന്ന കാര്യമാണ്. പല യുവാക്കളും ആണ്‍കുട്ടികളും ലൈംഗികചൂഷണങ്ങള്‍ക്ക് വിധേയരാകുന്നുണ്ടെന്നും അങ്ങനെയുള്ളവര്‍ക്ക് പോകാനിടമില്ലെന്നും കൂടി ഓര്‍മ്മിക്കേണ്ടതുണ്ട്. മാത്രമല്ല, കുട്ടികളെ ‘ആണാക്കി തീര്‍ക്കുന്ന’ പ്രക്രിയയില്‍ നിന്നു അല്‍പ്പമെങ്കിലും മാറി പ്രവര്‍ത്തിച്ചാല്‍ ശിക്ഷയാകട്ടെ അതിഭീകരവും. എന്നാല്‍ തീവ്ര ആണ്‍കോയ്മാസമൂഹമായ ഇന്ത്യയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന അക്രമങ്ങളോളം ഇതിനെ താരതമ്യപ്പെടുത്താനാകില്ല. സ്ത്രീശാക്തീകരണത്തോടൊപ്പം പുരുഷബോധവല്‍ക്കരണവും ആരംഭിക്കേണ്ട സമയം വളരെ വൈകിയിരിക്കുന്നു. കുറഞ്ഞ പക്ഷം സ്ത്രീകള്‍ എന്തൊക്കെ ചെയ്യണം, ചെയ്തുകൂടാ എന്ന് പറഞ്ഞുപഠിപ്പിക്കുന്നതെങ്കിലും നിറുത്തി പകരം ആണ്‍കുട്ടികള്‍ എന്തൊക്കെ ചെയ്യണം, ചെയ്യരുത് എന്ന് അവരെ പഠിപ്പിക്കേണ്ട സമയമായി.

 

അപ്പോള്‍ ഈ രണ്ടായിരം കോടി നിര്‍ഭയ ഫണ്ട് നാമെങ്ങനെയാണ് ചെലവിടേണ്ടത്? സിസിടിവിയും ജിപിഎസും സ്മാര്‍ട്ട്‌ ഫോണും സ്വരക്ഷാക്ലാസുകളും നടത്തിയാണോ അത് ചെലവാക്കേണ്ടത്? അതോ ദീര്‍ഘദര്‍ശനത്തോടെയുള്ള, കൂടുതല്‍ പ്രായോഗികമായ നടപടികള്‍ സ്വീകരിക്കണോ? സ്വയം പ്രതിരോധ ക്ലാസുകള്‍ക്ക് ചെലവിടുന്ന പണം ആയിരക്കണക്കിന് ബലാത്സംഗ ഇരകളായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നീതി ലഭ്യമാക്കാന്‍ ഉപയോഗിച്ചുകൂടെ? സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സ്വരക്ഷാക്ലാസുകള്‍ ലഭിക്കണോ വേണ്ടയോ എന്നതല്ല ഇവിടെ പ്രധാനം. പൊതുഫണ്ട് വന്‍തോതില്‍ ഇത്തരം പരിപാടികള്‍ക്ക് ഉപയോഗിക്കുന്നതാണ് പ്രശ്നം. സാധിക്കുന്നവര്‍ തങ്ങളുടെ കുട്ടികളെ സ്വരക്ഷാമുറകള്‍ പഠിപ്പിക്കുക തന്നെ ചെയ്യണം. ഒരുപക്ഷെ മാതാപിതാക്കള്‍ക്ക് തങ്ങളുടെ മക്കള്‍ക്ക് നല്‍കാന്‍ കഴിയുന്ന ഒരു മികച്ച കാര്യം സ്വരക്ഷാവിദ്യാഭ്യാസമായിരിക്കും. സത്യം പറയാമല്ലോ, ഇന്ത്യന്‍ സ്റേറ്റ് പെണ്‍കുട്ടികളുടെ രക്ഷയ്ക്കായി രണ്ടായിരം കോടി രൂപാ മുടക്കുന്നുണ്ടെങ്കില്‍ എന്റെ അഭിപ്രായത്തില്‍ അതില്‍ നിന്നു ഒരു രൂപാ പോലും അത് നമ്മുടെ പെണ്‍കുട്ടികളെ കരാട്ടെ പഠിപ്പിക്കാനോ സ്മാര്‍ട്ട്‌ ഫോണുകള്‍ വാങ്ങിക്കാനോ അല്ല ചെലവിടേണ്ടത്. സ്മാര്‍ട്ട്‌ഫോണും കാമറകളും മറ്റു ടെക്നോളജി സംവിധാനങ്ങളും കോടിക്കണക്കിന് സാധാരണക്കാരില്‍ എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ ആ പണം എവിടെയാണ് പോകുന്നതെന്ന് മനസിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട. ആയിരക്കണക്കിന് സ്ത്രീകള്‍ക്ക് അടിസ്ഥാന വൈദ്യ-നിയമപരിരക്ഷകള്‍ പോലും ലഭ്യമാകാത്ത ഈ രാജ്യത്ത് ഈ പണം സ്ത്രീശാക്തീകരണത്തിന്റെ പേരില്‍ ഐടി കമ്പനികള്‍ക്ക് കൊടുക്കേണ്ടിവരുന്നത് നിര്‍ഭാഗ്യകരമാണ്. വിദ്യാഭ്യാസം, ആരോഗ്യപ്രശ്നങ്ങള്‍, പെണ്‍ഭ്രൂണഹത്യ, അഭിമാനഹത്യ എന്നിങ്ങനെയുള്ള വലിയ് വിഷയങ്ങള്‍ ഒക്കെ മറക്കാം. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ മികച്ച രീതിയില്‍, പ്രായോഗികമായി നേരിടുന്നതിനെപ്പറ്റി മാത്രമാണ് ആകെ ചോദിക്കുന്നത്. രണ്ടായിരം കോടി ഒരു ചെറിയ തുകയല്ല. അത് ഒരുപാടുപേരെ സംരക്ഷിക്കാന്‍ ഉപയോഗിക്കാനാകും. ഫാസ്റ്റ് ട്രാക്ക് കോടതികളും കൂടുതല്‍ പോലീസും തെരുവുവിളക്കുകളും കക്കൂസുകളും സ്ത്രീകള്‍ക്കുള്ള ഷെല്‍ട്ടര്‍ ഹോമുകളും എല്ലാം ചര്‍ച്ച ചെയ്യപ്പെട്ടുകഴിഞ്ഞു. എന്നാല്‍ ഒരു എസ് ഓ എസ് അലര്‍ട്ടിന്റെ പേരില്‍ ഈ പണം ഏതെങ്കിലും കോര്‍പ്പറേറ്റിനു കൊടുക്കുകയാണെങ്കില്‍ അതെത്രത്തോളം കുറ്റകരമാകും എന്നാണാലോചിക്കേണ്ടത്. കാരണം നമ്മുടെ സമൂഹത്തില്‍ ഇത്തരത്തില്‍ ആക്രമണത്തിന് ഇരയാകുമ്പോള്‍ കൈയില്‍ ഒരു ഫോണ്‍ ഉണ്ടാവുകയും അത് തക്കസമയത്ത് ഉപയോഗിക്കാന്‍ ഉള്ള മനസ്സാന്നിധ്യം ഉണ്ടാവുകയും അതിലുപരി ആ സമയത്ത് സഹായം ലഭിക്കാനും ‘ഭാഗ്യ’മുള്ള എത്ര സ്തീകള്‍ ഉണ്ടാകും!?

 

(ഡല്‍ഹി ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ സരോജിനി നായിഡു സെന്‍റര്‍ ഫോര്‍ വിമണ്‍സ് സ്റ്റഡീസില്‍ അധ്യാപികയാണ് ശ്രീരേഖ. )

അഴിമുഖം പ്രസിദ്ധീകരിച്ച ശ്രീരേഖയുടെ മറ്റൊരു ലേഖനം; ആറളവും ആദിവാസിയും പുനരധിവാസത്തിന്റെ പിച്ചച്ചട്ടിയും

 

*Views are Personal

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍