UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിര്‍ഭയയോട് നീതി കാട്ടുക

Avatar

അഡ്വ. ബി രഞ്ജിത് മാരാര്‍

രാജ്യത്തിന്റെ മന:സാക്ഷിയെ പിടിച്ചുകുലുക്കിയ ആ സംഭവം നടന്ന ദിവസത്തിന് മൂന്നു വര്‍ഷത്തിന് ശേഷം അതിലുള്‍പ്പെട്ട, അന്ന് പ്രായപൂര്‍ത്തിയാകാതിരുന്ന പ്രതിയെ Juvenile Justice (Care & Protection of Children ) Act 2000, 16-ആം വകുപ്പ് അനുസരിച്ച് മോചിപ്പിക്കുന്നതിന്റെ ഭാഗമായി സുരക്ഷിതമായ മറ്റൊരു പ്രദേശത്തേക്ക് മാറ്റിയിരിക്കുകയാണ്. സംഭവം നടക്കുന്ന സമയത്ത് രാജേന്ദര്‍ കുമാര്‍ എന്ന രാജു ബാലനീതി നിയമത്തിന്റെ പരിരക്ഷ ലഭിക്കാവുന്ന വിധത്തില്‍ 18 വയസിനു താഴെയായിരുന്നു. ബാലാവകാശ ഉടമ്പടിയനുസരിച്ചുള്ള അന്താരാഷ്ട്ര കടമകള്‍ക്കനുസൃതമായാണ് ഇന്ത്യയിലെ ബാലനീതി നിയമം. ഇതനുസരിച്ച് ഇന്ത്യയിലും 18 വയസിന് താഴെയുള്ള ആരെയും കുട്ടിയായും നിയമത്തിന്നു കീഴില്‍ juvenile ആയും കണക്കാക്കുന്നു. കുട്ടി എന്നതിന്റെ നിര്‍വചനത്തിന് ചില ഒഴിവുകള്‍ (exception) നല്‍കാമെങ്കിലും ഇന്ത്യയില്‍ നിയമനിര്‍മ്മാതാക്കള്‍ അത് വേണമെന്ന് കരുതിയില്ല. നിര്‍ഭയ കേസിലെ പ്രതി, വാര്‍ത്തകളനുസരിച്ചാണെങ്കില്‍ കുറ്റം ചെയ്ത കാലത്തെ അതേ മാനസികാവസ്ഥയോടെ ബാലനീതി നിയമത്തിന്റെ ചട്ടങ്ങള്‍ പ്രകാരം മോചിപ്പിക്കപ്പെടുകയാണ്. ഒരു സമൂഹം എന്ന നിലയില്‍ നാം പരാജയപ്പെടുകയാണോ ഇവിടെ?  അതോ നിലവിലെ നിയമത്തില്‍ എന്തെങ്കിലും പോരായ്മകളുണ്ടോ?

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 അനുസരിച്ച് നിയമാനുസൃതമായ നടപടിക്രമങ്ങള്‍ കൂടാതെ ഒരു മനുഷ്യന്റെയും ജീവനോ വ്യക്തി സ്വാതന്ത്ര്യമോ ഹാനിക്കാന്‍ പാടില്ല. Juvenile Justice Act അനുസരിച്ച് 18 വയസിന് താഴെയുള്ള ആരെയും-juvenile- ജീവപര്യന്തം തടവിനോ വധശിക്ഷക്കോ വിധിക്കാന്‍ പാടില്ല. 16 വയസിന് ശേഷമാണ് വിചാരണ നേരിടുന്നതെങ്കില്‍ അയാളെ മറ്റ് മുതിര്‍ന്നവര്‍ക്കൊപ്പം ശിക്ഷിക്കാനോ, അല്ലെങ്കില്‍ പ്രായപൂര്‍ത്തിയായ പ്രതികള്‍ക്ക് ബാധകമായ ശിക്ഷ നല്‍കാനോ പാടില്ല. നിര്‍ഭയ ബലാത്സംഗ, കൊലപാതക കേസില്‍ പ്രതിയായ രാജു juvenile ആണ്. ബാലനീതി നിയമം പ്രതിക്ക് ബാധകമാക്കുന്നതിനെതിരെയുള്ള കേസില്‍ സുബ്രമണ്യം സ്വാമിയും മറ്റുള്ളവരും കക്ഷിചേര്‍ന്നു. ബാലനീതി നിയമത്തിലെ വകുപ്പുകള്‍ക്കെതിരെയും ഹീനമായ കുറ്റകൃത്യങ്ങള്‍ക്ക് ബാലനീതി നിയമം ബാധകമാക്കരുതെന്ന് ആവശ്യപ്പെട്ടും സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജികള്‍ സമര്‍പ്പിച്ചു. Subrahmanian Swamy & Ors. V. Raju Through Member Juvenile justice Board & Ors (2014 ) 8 SCC 390 കേസില്‍ നിയമം ഭരണഘടനാനുസൃതമാണെന്നും കുറ്റകൃത്യങ്ങള്‍ക്കനുസരിച്ച് പ്രായപൂര്‍ത്തിയാകാത്തവരെ/juvenile- തരംതിരിക്കാനോ/വേര്‍തിരിക്കാനോ കഴിയില്ലെന്നും സുപ്രീം കോടതി വിധിച്ചു. നിയമവിരുദ്ധമായ പ്രവൃത്തികളിലേര്‍പ്പെട്ട കുട്ടികളുടെ പരിവര്‍ത്തനത്തിന് ലക്ഷ്യമിട്ടാണ് ബാലനീതി നിയമം എന്നും juvenile home വാസത്തിന് ശേഷം പുറത്തിറങ്ങുന്ന കുട്ടികള്‍ക്ക് ഒരു മാന്യമായ ജീവിതം തുടങ്ങാനാവശ്യമായ തരത്തിലുള്ള വകുപ്പുകള്‍ അതിലുണ്ടെന്നും കോടതി നിരീക്ഷിച്ചു.

എല്ലാ പൌരന്മാരുടെയും അന്തിമ രക്ഷിതാവ് ഭരണകൂടമാണെന്നും എല്ലാ പൌരന്മാരും സന്തോഷത്തോടെ കഴിയാനാണ്  അതാഗ്രഹിക്കുന്നതെന്നുമുള്ള “Parens Patriae” എന്ന സിദ്ധാന്തത്തില്‍ നിന്നാണ് ഈ ആശയം ഉരുത്തിരിയുന്നത്. പ്രായപൂര്‍ത്തിയാകാത്തവര്‍ ചെയ്ത കുറ്റകൃത്യങ്ങളുടെ ക്രൂരത ചിലതില്‍ അത്യധികമായിരിക്കാം. എങ്കിലും നിയമത്തിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ പരിഗണിച്ച്  സമൂഹം ഈ നിയമത്തെ അനുതാപത്തോടെയാണ് കാണേണ്ടത്. വ്യക്ത്യാധിഷ്ഠിതമായി ഇത്തരം നിയമങ്ങള്‍ നടപ്പാക്കുന്നതും സമൂഹത്തിന്റെ മന:സാക്ഷിയെ ഞെട്ടിക്കുന്ന കുറ്റകൃത്യം ചെയ്ത പ്രതിയുടെ രക്തത്തിനായി സമൂഹം മുറവിളി കൂട്ടുന്നതും ക്ഷേമരാഷ്ട്രം എന്ന സങ്കല്‍പ്പത്തെയാണ് തകര്‍ക്കുക. 

എന്നാല്‍ juvenile ആയിരുന്ന ഇയാളെ വിട്ടയച്ചാല്‍ അത് നിയമം കൃത്യമായി പാലിക്കുമെങ്കിലും നിയമനിര്‍മ്മാണത്തിന്റെ ലക്ഷ്യത്തെ സാധൂകരിക്കില്ല. നിയമത്തിന്റെ ലക്ഷ്യം പാലിക്കണമെങ്കില്‍ ഇവരെ ജീവിതത്തിലേക്ക്  മടക്കിക്കൊണ്ടുവരാനാകണം. നിര്‍ഭാഗ്യവശാല്‍ ഇങ്ങനെ വിട്ടയ്ക്കുന്ന juvenile ആയ പ്രതികളുടെ പില്‍ക്കാല  ജീവിതത്തെ കുറിച്ചോ, പ്രതികളെ മോചിപ്പിക്കാന്‍ അവരുടെ അഭിഭാഷകര്‍ ബാലനീതി നിയമം ഒരായുധമാക്കുന്നതിനെക്കുറിച്ചോ ഇന്ത്യയില്‍ ഒരു പഠനം പോലും നടന്നിട്ടില്ല.

പ്രതികള്‍ വിജയിക്കുന്നു, സംവിധാനം പരാജയപ്പെടുന്നു. ആര്‍ക്കും വേവലാതിയില്ല. മറ്റൊരു നിര്‍ഭയ സംഭവിക്കുംവരെയും വീട്ടിന്നകത്ത് സുരക്ഷിതമായി ഉറങ്ങാന്‍ കഴിയുന്നെങ്കില്‍ പിന്നെന്തിന് ആകുലപ്പെടണം. നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച കുട്ടിയെ മാന്യമായ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരലാണ് നിയമത്തിന്റെ ലക്ഷ്യം, അല്ലാതെ അയാളെ എളുപ്പം വിട്ടയക്കലല്ല. Juvenile home-ല്‍ നിന്നും പുറത്തുവിടുന്ന കുട്ടിയുടെ കാര്യത്തില്‍ ഭരണകൂടത്തിന് വലിയ കയ്യുണ്ട്. ഇവിടെ ഭരണകൂടം ഒരു രക്ഷിതാവിനെപ്പോലെ പ്രവര്‍ത്തിക്കുകയാണ് വേണ്ടത്, അയാളെ കയ്യൊഴിയുകയല്ല. വഴിതെറ്റിയ കുട്ടിയെ ശരിയാക്കാന്‍ തിരുത്തല്‍ നടപടികളെടുക്കണം. നിയമത്തിലെ വകുപ്പുകള്‍ അതിന്റെ ഉപരിപ്ലവമായ തലത്തില്‍ അനുസരിച്ചുകൊണ്ട്, വിട്ടയക്കല്‍ മാത്രമാണു ചെയ്യുന്നതെങ്കില്‍ നിങ്ങള്‍ പരാജയപ്പെട്ട രക്ഷിതാവാകുന്നത് സമൂഹത്തില്‍ മാത്രമല്ല, ജീവന്‍ വെടിഞ്ഞ നിര്‍ഭയയുടെ ആത്മാവിനോടു കൂടിയാണ്.

(സുപ്രീം കോടതി അഭിഭാഷകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍