UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സൈറസിന് പിന്നാലെ എന്നെയും പുറത്താക്കി; നിര്‍മാല്യ കുമാറിന്റെ ബ്ലോഗിന്റെ പൂര്‍ണ്ണരൂപം

Avatar

സൈറസ് പി മിസ്ട്രിയെ പുറത്താക്കിയ അതേ ദിവസം താനും പുറത്താക്കപ്പെട്ടു എന്ന് ടാറ്റ സണ്‍സ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് കൌണ്‍സില്‍ അംഗം നിര്‍മാല്യ കുമാര്‍ വെളിപ്പെടുത്തി. അതേ സമയം നിര്‍മാല്യ കുമാര്‍ അവധിയിലാണ് എന്നായിരുന്നു ടാറ്റ സണ്‍സ് പറഞ്ഞിരുന്നത്. നിര്‍മാല്യ കുമാറിന്റെ ബ്ലോഗ് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം. 

“Calling all the people here to see the show
Calling for my demons now to let me go
I need something, give me something wonderful” 

എന്ന വരികള്‍ ഉള്‍ക്കൊള്ളുന്ന മൈക്കിള്‍ കിവാനുകയുടെ ലവ് ആന്റ് ഹേറ്റ് ആണ് ഒരു പ്രൊഫഷണല്‍ ഡിജെയായി പ്രവര്‍ത്തിക്കാന്‍ ഒരിക്കല്‍ ആഗ്രഹിച്ചിരുന്ന ഒരാളെന്ന നിലയില്‍, ഈ വര്‍ഷത്തെ എന്റെ പ്രിയപ്പെട്ട പാട്ട്.

കഴിഞ്ഞ തിങ്കളാഴ്ച, ടിബിഎല്‍എ എന്ന പേരില്‍ എല്ലാ വര്‍ഷവും ടാറ്റാ സ്പോണ്‍സര്‍ ചെയ്യുന്ന മത്സരപരിപാടിയിലെ ഒരു പാനല്‍ അംഗമായിരുന്നു ഞാന്‍. നൂറില്‍പരം വിദ്യാര്‍ത്ഥികളും മാനേജര്‍മാരും ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ബിഗ് ഡേറ്റ എന്നതായിരുന്നു പ്രമേയം. അടിസ്ഥാനവിവര വിശകലനത്തെ കേന്ദ്രീകരിക്കുന്ന ഒരു കമ്പനി രൂപീകരിക്കുന്നതിന് മുന്‍കൈയെടുക്കുന്നതിനുള്ള ഒരു നിര്‍ദ്ദേശം ഞാന്‍ മുന്നോട്ടു വച്ചപ്പോള്‍, അതിന്റെ സാധ്യതകളെ കുറിച്ചുള്ള ചോദ്യങ്ങളാണ് പങ്കെടുത്തവര്‍ ഉന്നയിച്ചത്. ചെയര്‍മാന്‍ സൈറസ് മിസ്ട്രിയോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടു എന്ന വാര്‍ത്ത ഇതിനിടയില്‍ ഒരു സഹപ്രവര്‍ത്തകന്‍ എന്റെ ചെവിയില്‍ മന്ത്രിച്ചു. ഞാന്‍ ഞെട്ടി-എന്ത്? എന്നാല്‍ ഒരു പാനലില്‍ ഇരിക്കുന്ന എന്നതിനാല്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നുണ്ടായിരുന്നെങ്കിലും ഇത് പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് ഞാന്‍ സംഘാടകനോട് ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു. തുടര്‍ന്നുള്ള അത്താഴത്തില്‍ ഞാന്‍ പങ്കെടുക്കുന്നില്ലെന്ന് സംഘാടകരെ അറിയിക്കുകയും ചെയ്തു.

തിരിച്ചു താമസസ്ഥലത്ത് എത്തിയ ശേഷം, കമ്പനിയില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. രാത്രി ഒമ്പത് മണിയോടെ, വളരെ അടുത്തും സംവാദങ്ങളില്‍ പലപ്പോഴും ഒരേ നിലവാട് സ്വീകരിക്കുന്നതിനാല്‍ സൗഹാര്‍ദപരമായും പ്രവര്‍ത്തിച്ചിരുന്ന ഒരു സഹപ്രവര്‍ത്തകന്റെ ഫോണ്‍ കാള്‍ എനിക്ക് ലഭിച്ചു. അദ്ദേഹം എന്നോട് പറഞ്ഞു: ‘നിങ്ങളുടെ സേവനം മേലില്‍ ആവശ്യമില്ല എന്ന് അറിയിക്കാനുള്ള വിഷമം പിടിച്ച ചുമതല എനിക്കാണ്’. ഒരു വിശദീകരണവുമില്ല. നാളെ രാവിലെ ഓഫീസില്‍ എത്തേണ്ടതില്ല എന്നതാണോ ഇതിനര്‍ത്ഥം എന്ന് ഞാന്‍ ചോദിച്ചു. ഉറച്ച മറുപടി തന്നെ ലഭിച്ചു. അതെ. ഒരു നിമിഷത്തിനുള്ളില്‍ എല്ലാം അവസാനിച്ചു. പ്രിയ വായനക്കാരെ ഒരു സഹതാപവും ആവശ്യമില്ല. നിരവധി ആളുകള്‍ക്ക് സംഭവിച്ചിട്ടുള്ളതും, ‘നിങ്ങള്‍ പുറത്താക്കപ്പെട്ടിരിക്കുന്നു!’ എന്ന ആശയത്തിന്റെ പുറത്ത് ഒട്ടനവധി ടിവി റിയാലിറ്റി പരിപാടികള്‍ അരങ്ങേറിയിട്ടുള്ളതുമാണ്. എന്നിട്ടും ആ നിമിഷത്തിന് തയ്യാറായി ഇരിക്കാന്‍ നിങ്ങള്‍ക്കാവുന്നില്ല. 18 വയസ്സിന് ശേഷം ആദ്യമായി തൊഴില്‍രഹിതനായിരിക്കുന്നു എന്ന് ഞാന്‍ തിരിച്ചറിഞ്ഞു.

കഴിഞ്ഞ വര്‍ഷങ്ങളില്‍ ബിഗ് ഡേറ്റ ടീമിലേക്ക് ഞാന്‍ കൂട്ടിച്ചേര്‍ത്ത ഏഴുപതിന് മേല്‍ പ്രായമുള്ള ആളുകളെ കുറിച്ചായിരുന്നു എന്റെ ആദ്യ ചിന്ത. അവര്‍ക്ക് എന്താണ് സംഭവിക്കാന്‍ പോകുന്നത്? ഗ്രൂപ്പിന്റെ അടിസ്ഥാന ശേഷിയായി നമ്മള്‍ ഇതിനെ വളര്‍ത്തിയെടുക്കും എന്ന എന്റെ വാക്കിന്റെ പുറത്താണ് അവര്‍ ഇതില്‍ ചേര്‍ന്നിരിക്കുന്നത്. ഈ സംരംഭത്തിന്റെ ചുമതല ഏറ്റെടുക്കണം എന്നപേക്ഷിച്ചുകൊണ്ട് ഒരു സഹപ്രവര്‍ത്തകന് ഞാന്‍ ഒരു സന്ദേശം അയച്ചു. എന്റെ നാലംഗ സംഘത്തെ കുറിച്ച് എനിക്ക് അത്ര ആശങ്കയുണ്ടായിരുന്നില്ല. കാരണം, ഗ്രൂപ്പില്‍ നിന്നും സമ്പന്നമായ അനുഭവപരിചയം ലഭിച്ച അവരെല്ലാം സ്വന്തം ഇടം കണ്ടെത്താന്‍ പ്രാപ്തിയുള്ളവരാണ്.

“You can’t break me down
You can’t take me down”

രാവിലെ എന്തു ചെയ്യാന്‍? അല്‍പം നിരാശയുണ്ട്. സാധാരണ എട്ടുമണിക്ക് പകരം എട്ടരയോടെ ഞാന്‍ സ്റ്റാര്‍ബക്‌സ് കോഫിയിലേക്ക് പുറപ്പെട്ടു. മുമ്പ് ഒരിക്കലും തോന്നാത്ത വിധത്തില്‍, സ്റ്റാര്‍ബക്‌സ് കോഫിയെ കുറിച്ച് ഒരു പുതിയ വിശ്വാസപ്രമാണം എന്നില്‍ ഉടലെടുത്തു: സ്യൂട്ടുകള്‍ ധരിച്ചിട്ടുണ്ടെങ്കിലും എവിടെയും പോകാനില്ലാത്ത തൊഴില്‍രഹിതരായ മാനേജര്‍മാര്‍ക്ക് വേണ്ടിയുള്ള ഒരിടം. ഓഫീസ് ഒഴിഞ്ഞുകൊടുക്കുകയും പിരിയല്‍ കരാര്‍ ഉണ്ടാക്കുകയും ചെയ്യേണ്ടതുണ്ടെങ്കിലും അതിനായി ബോംബെ ഹൗസ് വരെ പോകാനുള്ള ഒരു മാനസികാവസ്ഥയിലായിരുന്നില്ല ഞാന്‍. അത് മറ്റൊരു ദിവസമാകാം.

പിരിച്ചുവിടപ്പെടുന്നതോടെ, നിങ്ങളുടെ സുഹൃത്തുക്കളെയും നിങ്ങളോടൊപ്പം പ്രവര്‍ത്തിച്ചിരുന്നവരുടെ സമഗ്ര സവിശേഷതകളും നിങ്ങള്‍ തിരിച്ചറിയുന്നു. സംഘടനയുടെ ഉന്നത സ്ഥാനത്തേക്ക് നിങ്ങള്‍ പോകും തോറും ഈ ‘മനുഷ്യത്വ’ വശം ക്ഷയിക്കും എന്ന രസകരമായ ഉള്‍ക്കാഴ്ചയാണ് എനിക്കുണ്ടായത്. പിരമിഡിന്റെ എറ്റവും ‘താഴെ’തട്ടിലുണ്ടായിരുന്നവര്‍ എപ്പോഴത്തെയും പോലെ ബഹുമാനത്തോടെയും കരുതലോടെയുമാണ് എന്നോട് പെരുമാറിയത്. അവരുടെ ചിരി ആത്മാര്‍ത്ഥവും തുറന്നതുമായിരുന്നു. ഇടത്തട്ടിലുള്ളവരാകട്ടെ, ഞാന്‍ പോകുന്നതില്‍ എന്റെ സംഘത്തിലുള്ളവരെ പോലെ തന്നെ ആത്മാര്‍ത്ഥമായി ദുഃഖിച്ചു. എന്നോടൊപ്പം ജോലി ചെയ്യുന്നത് എത്ര രസകരമായിരുന്നു എന്നവര്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. കാര്യക്ഷമത ഇല്ലാത്തതുകൊണ്ടല്ല ഞാന്‍ പിരിച്ചുവിടപ്പെട്ടത് (കഴിഞ്ഞ മൂല്യനിര്‍ണയത്തില്‍ ഞാന്‍ വിശിഷ്ട നിലയിലായിരുന്നു). എല്ലായ്പ്പോഴും എന്റെ കഴിവിന്റെ പരമാവധി ഞാന്‍ പ്രവര്‍ത്തിക്കും- അതാണ് എന്നില്‍ നിന്നും ഞാന്‍ പ്രതീക്ഷിക്കുന്നതും മറ്റുള്ളവര്‍ക്ക് എന്നില്‍ നിന്നും പരമാവധി പ്രതീക്ഷിക്കാവുന്നതും. എന്റെ പദവിയായിരുന്നു പുറത്താക്കപ്പെടാനുള്ള കാരണം സൈറസുമായി തീവ്രമായും വിശാലമായുമുള്ള പ്രവര്‍ത്തനം ആവശ്യപ്പെടുന്ന ആ പദവി.

പിരമിഡിന്റെ തലപ്പത്തുള്ളവരുടെ പ്രതികരണം രസാവഹമായിരുന്നു. കഴിഞ്ഞ മൂന്നുവര്‍ഷം ഞാന്‍ വളരെ അടുത്ത് പ്രവര്‍ത്തിച്ചവരില്‍ മൂന്നുപേരൊഴികെയുള്ള സിഇഒമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും നിശബ്ദരായിരുന്നു. ഉയര്‍ന്ന പദവികള്‍ നമ്മളെ സ്വതന്ത്രരാക്കുന്നതിനെക്കാള്‍, അത് നഷ്ടപ്പെടുമോ എന്ന ചിന്തയുടെ തടവുകാരായി നമ്മള്‍ മാറുകയാണോ ചെയ്യുന്നതെന്ന് ഞാന്‍ അത്ഭുതപ്പെട്ടു. എന്റെ സംഘത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ വ്യക്തമായിരുന്നു. ഈ ആളുകള്‍ തലപ്പത്തുള്ളവരാണ്. സംവിധാനം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അവര്‍ക്കറിയാം. ഭാവിയില്‍ എന്നെക്കുറിച്ച് ആരെങ്കിലും സൂചിപ്പിക്കുകയാണെങ്കില്‍ അനുകൂലമായി ഒന്നും പറയരുത്. പുതിയ വാഴ്ചയില്‍ വിശ്വാസ്യത നേടായാനായി എന്നെ ബലികൊടുക്കുക. അതായിരുന്നു എന്റെ വിടവാങ്ങല്‍ ഉപദേശം.

“You can’t steal the things that God has given me
No more pain and no more shame and misery”

സാധാരണ ടാറ്റായില്‍ സംഭവിക്കാത്ത തരത്തിലുള്ള അനൗപചാരികമായ വിടവാങ്ങലായിരുന്നു എനിക്കെങ്കിലും, ടാറ്റാ ഗ്രൂപ്പിനെതിരായി എനിക്കൊന്നും പറയാനില്ല. 670,000 വരുന്ന ടാറ്റാ ജീവനക്കാരുടെ കുഴപ്പം കൊണ്ടല്ല ഇത് സംഭവിച്ചത്. ഇത് അവരില്‍ പ്രതിഫലിക്കാനും പാടില്ല. നാട്യങ്ങളില്ലാത്തവരും ആത്മാര്‍പ്പണം ചെയ്യുന്നവരുമായ ആളുകളെയാണ് ടാറ്റ ആകര്‍ഷിക്കുന്നത് എന്ന വസ്തുതയാണ് ഗ്രൂപ്പിന്റെ വൈശിഷ്ട്യമായി ഞാന്‍ കണക്കാക്കുന്നത്. സാധാരണ അമേരിക്കക്കാര്‍ പ്രയോഗിക്കുന്നത് പോലെ ടാറ്റയുടെ ‘സമ്മര്‍ദം’ അവര്‍ കുടിക്കുന്നു. പക്ഷെ അവര്‍ എത്രമാത്രം കഠിന പ്രയത്‌നം ചെയ്യുന്നുണ്ടെന്നും ഗ്രൂപ്പിനോടും അതിന്റെ മൂല്യങ്ങളോടും അവര്‍ എത്രമാത്രം പ്രതിജ്ഞാബദ്ധരാണെന്നും ഞാന്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. തീര്‍ച്ചയായും അവര്‍ ഒരു മഹാനായ ചെയര്‍മാനെ അര്‍ഹിക്കുന്നു.

അവസാനമായി, എന്റെ ജോലിയെ ഞാന്‍ ആത്മാര്‍ത്ഥമായി സ്‌നേഹിച്ചിരുന്നു. അതെനിക്ക് അറിവുകളും നൂറില്‍ പരം ബില്യണ്‍ ഡോളര്‍ കമ്പനിയിലെ നിര്‍ണായക സ്ഥാനവും നല്‍കി. ആശയങ്ങള്‍ പരസ്പരം പങ്കുവച്ചുകൊണ്ട്, പരസ്പരം വെല്ലുവിളിച്ചുകൊണ്ട് 2025ല്‍ കമ്പനി എങ്ങനെയായിരിക്കണം എന്നതിനെ കുറിച്ച് ഊര്‍ജ്ജസ്വലമായ ചര്‍ച്ചകള്‍ നടത്തുകയും പ്രവണതകളെയും സാമ്പത്തിക സാധ്യതകളെയും കുറിച്ച് സംവാദങ്ങള്‍ നടത്തിക്കൊണ്ട് ഒരു ആശയസമന്വയത്തിലെത്തുകയും 2025നു സാധ്യമായ മാതൃക മനസിലാക്കുകയും ചെയ്തു. 30 വര്‍ഷം നീണ്ടുനിന്ന എന്റെ ഔദ്യോഗിക ജീവിതത്തില്‍ മൂന്ന് തലവന്മാരെ എന്നെ പ്രചോദിപ്പിച്ചിട്ടുള്ളു: നോര്‍ത്തേണ്‍ യൂണിവേഴ്‌സിറ്റിയിലെ എന്റെ പിഎച്ച്ഡി ഉപദേശകനായിരുന്ന ലോവ് സ്‌റ്റൈന്‍, എല്‍ബിഎസില്‍ എന്റെ ഡീനായിരുന്ന ലോറ ടൈസണ്‍; പിന്നെ നിങ്ങളും. നന്ദി, സൈറസ്.

കൗമാരത്തില്‍ ഭിത്തിയില്‍ ഞാന്‍ കുറിച്ചിട്ടിരുന്ന ബ്രൂസ് സ്പ്രിംഗ്സ്റ്റീനിന്റെ വരികള്‍ ഉദ്ധരിച്ചുകൊണ്ട് ഞാന്‍ നിറുത്തട്ടെ:

“Someday girl I don’t know when
We’re gonna get to that place
Where we really wanna go
And we’ll walk in the sun
But till then tramps like us
Baby we were born to run”

തൊഴില്‍രഹിതനാണെങ്കിലും സുഹൃത്തുക്കളെ ഞാന്‍ അവിടെയെത്തിയിരിക്കുന്നു. ഞാന്‍ ഓടിയെത്തിയിരിക്കുന്നു.

(ലണ്ടന്‍ ബിസിനസ് സ്കൂളില്‍ മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ വിസിറ്റിംഗ് പ്രൊഫസറായ നിര്‍മാല്യ കുമാര്‍ ടാറ്റ സണ്‍സ് ഗ്രൂപ്പ് എക്സിക്യൂട്ടിവ് കൌണ്‍സില്‍ മെമ്പര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. Brand Breakout: How Emerging Market Brands Will Go Global അടക്കം ആറ് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍