UPDATES

സിനിമ

പ്രേക്ഷകരെ ആപ്പാക്കുന്ന നിര്‍ണ്ണായകം

Avatar

സഫിയ ഓ സി

ആറ് രൂപ കൊടുത്താല്‍ മാതൃഭൂമി പത്രം കിട്ടും. പിന്നെ എന്തിനാണ് 100 രൂപ കൊടുത്ത് നിര്‍ണ്ണായകം കാണുന്നത്? വികെ പ്രകാശ്-ആസിഫ് അലി-ബോബി, സഞ്ജയ് ടീമിന്റെ പുതിയ ചിത്രം നിര്‍ണ്ണായകം കണ്ടിറങ്ങുമ്പോള്‍ ഒരു സിനിമ കണ്ടിറങ്ങിയത് പോലെയല്ല തോന്നിയത്.  മാതൃഭൂമി പത്രത്തിലെ ഒരു എഡിറ്റോറിയല്‍ വായിച്ച പ്രതീതിയാണ്. അതേ.. സാമൂഹ്യ പ്രസക്തമായ, ജനങ്ങളോടുള്ള പ്രതിബദ്ധത തിളച്ചു മറിയുന്ന കാലിക പ്രസക്തമായ ഒരു സിനിമ. എന്തായാലും സമൂഹത്തിന്റെ മോശം പോക്കില്‍ ചിത്രത്തിന്റെ അണിയറക്കാര്‍ പ്രകടിപ്പിക്കുന്ന ആശങ്കയെ വില കുറച്ചു കാണുന്നില്ല. മാത്രമല്ല ആ മനോഭാവത്തെ അഭിനന്ദിക്കുകയും ചെയ്യുന്നു. പക്ഷേ ആ ആശങ്ക സിനിമാ രൂപത്തില്‍ തന്നെ നമ്മള്‍ സഹിക്കേണ്ടതുണ്ടോ എന്നാണ് ചോദ്യം. 

പാര്‍ട്ടിയില്‍ അത്യാവശ്യം കുഴപ്പങ്ങള്‍ ഉണ്ടെങ്കിലും ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളും സംഘവും ഉയര്‍ത്തിയ ആപ് തരംഗം ഇപ്പൊഴും വിട്ടുമാറിയിട്ടില്ല. അഴിമതിക്കെതിരെ അനീതിക്കെതിരെ ശബ്ദമുയര്‍ത്തുന്ന ആരെയും ആപ്പാക്കുന്ന രീതി ഡല്‍ഹിയിലെ ചൂല്‍ വിപ്ലവത്തോടെ സംഗതമായിട്ടുണ്ട്. അങ്ങനെ നോക്കുമ്പോള്‍ നിര്‍ണ്ണായകത്തില്‍ നെടുമുടി വേണു അവതരിപ്പിച്ച വേണുക്കുട്ടന്‍ നായരും, പ്രേംപ്രകാശിന്റെ സിദ്ധാര്‍ത്ഥ്‌ ശങ്കര്‍ എന്ന പുപ്പുലി വക്കീലും പിന്നെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെ പഠനം തനിക്ക് ശരിയാവില്ലെന്ന് തിരിച്ചറിഞ്ഞു ഉപേക്ഷിച്ചു വരുന്ന ആസിഫ് അലിയുടെ അജയുമെല്ലാം ആപാണ്. ഒപ്പം സിനിമ കണ്ട് കയ്യടിച്ച(?) പ്രേക്ഷകരും.

ഈ ആം ആദ്മി സിന്‍ഡ്രോമാണ് നിര്‍ണ്ണായകത്തിന്റെ അടിസ്ഥാനം. ഇതുവരെ നമ്മെ നയിച്ചു(?) എന്നവകാശപ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കന്മാരും മോശവും ജനങ്ങളില്‍ നിന്നുയര്‍ന്നു വന്നുകൊണ്ടിരിക്കുന്ന സംഘശബ്ദം ശരിയുമാണെന്നാണ് സംവിധായകന്‍ പറഞ്ഞു വെക്കുന്നത്. പ്രത്യേകിച്ച് സോഷ്യല്‍ മീഡിയയിലൂടെ ഉയര്‍ന്നു വരുന്ന മുല്ലപ്പൂ വിപ്ലവങ്ങള്‍. ഇത് ഒരു അരാഷ്ട്രീയ പടമാണെന്ന് സാമ്പ്രദായിക ഇടതുപക്ഷ ബുദ്ധിജീവികള്‍ (കോണ്‍ഗ്രസ്, ബി ജെ പി ബുദ്ധിജീവികളും) പറഞ്ഞേക്കാം. അതെന്തോ ആയിക്കോട്ടെ.. പക്ഷേ ഒരു സിനിമ എന്ന നിലയില്‍ എന്തനുഭവമാണ് നിര്‍ണ്ണായകം പ്രേക്ഷകന് നല്‍കുന്നത് എന്നതാണ് ഇവിടെ പ്രസക്തമായ ചോദ്യം. 

യഥാര്‍ഥത്തില്‍ ഈ ചിത്രത്തെ ഏത് വിഭാഗത്തിലാണ് നമ്മള്‍ പെടുത്തേണ്ടത്? കുടുംബ ചിത്രം? പ്രണയം? സാമൂഹ്യ പ്രസക്തിയുള്ള കുടുംബ ചിത്രം? അല്ലെങ്കില്‍ ലീഗല്‍ ത്രില്ലര്‍? ചിലപ്പോള്‍ നിങ്ങള്‍ ചോദിച്ചേക്കാം; എന്തിനാണ് സിനിമകളെ കാറ്റഗറൈസ് ചെയ്യുന്നത് എന്ന്‍. സിനിമ ആസ്വദിച്ചാല്‍ പോരേ? പക്ഷേ പല തോണിയില്‍ കാല് വെച്ച് എങ്ങനെയാണ് ഒരാള്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുക? അത് സിനിമാ സംവിധായകനായാലും പ്രേക്ഷകനായാലും!

നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലാണ് ചിത്രം തുടങ്ങുന്നത്. എന്തിനാണ് ചിത്രത്തിനിങ്ങനെയൊരു പട്ടാള പശ്ചാത്തലം എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. (പട്ടാള ചിത്രങ്ങളുടെ തല തൊട്ടപ്പന്‍ മേജര്‍ രവിപോലും കൈപൊള്ളി നില്ക്കുമ്പോഴാണ് വി കെ പിയുടെ സൈനികാഭ്യാസം). കണ്‍മുന്നില്‍ നടന്ന ഒരു ക്രൈമില്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് അജയ് എന്‍ ഡി എ ഉപേക്ഷിക്കാനുള്ള തന്‍റെ തീരുമാനം പ്രഖ്യാപിക്കുന്നത്. ഒരു ക്രൈമിനെതിരെ പ്രതികരിക്കുന്നത് അതിനേക്കാള്‍ വലിയ ക്രൈമായിക്കാണുന്നിടത്ത് തുടരാന്‍ എനിക്കുപറ്റില്ല എന്നുപറഞ്ഞാണ് അജയ് അവിടം വിടുന്നത് തന്നെ. പക്ഷേ പിന്നീട്  അയാള്‍ പാട്ടാളക്കാരനാവുന്നു എന്ന സൂചനയോടെയാണ് ചിത്രം അവസാനിക്കുന്നത്. നാട്ടിലെ അനീതികള്‍ക്കെല്ലാം പോം വഴി പാട്ടാളമാണെന്നാണോ? 

അടുത്തത് കോടതിയാണ്. എല്ലാവരാലും ലോര്‍ഡ്ഷിപ്പ് എന്ന് അഭിസംബോധന ചെയ്യപ്പെടുന്ന കോടതിക്ക് മുന്‍പിലാണ് രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രകടനത്തിനിടയില്‍പ്പെട്ട് കൊച്ചുമകളെ സമയത്തിന് ആശുപത്രിയില്‍ എത്തിക്കാന്‍ സാധിക്കാഞ്ഞു മരണപ്പെട്ടതിന്റെ പേരില്‍ സര്‍ക്കാരിനെതിരെ കേസ് പറയുന്ന  വേണുക്കുട്ടന്‍ നായര്‍ തന്‍റെ അവസാന പ്രതീക്ഷ അര്‍പ്പിക്കുന്നത്. അയാള്‍ നെഞ്ച് പൊട്ടി കരുണയ്ക്കായി അപേക്ഷിക്കുന്നത് കോടതിയോടാണ്. (അതേ നാട്ടിലാണ് റോഡില്‍ കിടന്നുറങ്ങുന്നവരെ വണ്ടി കയറ്റി കൊന്ന 100 കോടി ക്ലബുകാരന്‍ സല്‍മാന്‍ ഖാന്‍ വെളിയില്‍ ഇറങ്ങി വിലസുന്നതും പുരട്ച്ചി തലൈവി ജയലളിത വീണ്ടും പൊതുജനങ്ങളുടെ പണം ഉപയോഗിച്ച് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും).

ക്ഷമിക്കുക. സിനിമാ നിരൂപണം വീണ്ടും സാമൂഹ്യ പ്രശ്നങ്ങളിലേക്ക് വഴുതിപ്പോകുന്നു. അത് നിരൂപണത്തിന്റെ കുഴപ്പമാണോ? സിനിമ തന്നെ കടുത്ത സാമൂഹ്യ വിമര്‍ശനമാവുമ്പോള്‍ നിരൂപണം അങ്ങനെയാവരുത് എന്ന് ശഠിക്കുന്നത് ശരിയാണോ?

എഴുതി തള്ളപ്പെടേണ്ടവരല്ല വി കെ പ്രകാശും ബോബിയും സഞ്ജയുമൊക്കെ എന്ന പൂര്‍ണ്ണ ബോധ്യത്തോടെയാണ് ഇതെഴുതുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്പ് കണ്ട ഫ്രീക്കി ചക്ര എന്ന ഫാമിലി കോമഡി നല്കിയ ചിരി ഇപ്പോഴും മനസിലുണ്ട്. പക്ഷേ എല്ലാ വര്‍ഷവും മൂന്നും നാലും സിനിമ എടുത്ത് റെക്കോഡ് സൃഷ്ടിക്കണമെന്ന ആഗ്രഹത്തില്‍ നിന്ന് അദ്ദേഹത്തിന് പിന്മാറിക്കൂടെ. സിനിമകളുടെ മലവെള്ളപ്പാച്ചില്‍ സൃഷ്ടിച്ച് പ്രതിഭ ധൂര്‍ത്തടിച്ച ഐ വി ശശിയുടെ മാതൃക വി കെ പി പിന്തുടരേണ്ടതുണ്ടോ? നന്നായി ഹോം വര്‍ക്ക് ചെയ്ത് നല്ല പ്രമേയങ്ങളും മികച്ച സാങ്കേതിക വിദ്യയും ദൃശ്യ പരിചരണ സങ്കേതങ്ങളുമായി അദ്ദേഹത്തിന് എന്തുകൊണ്ട് വന്നു കൂട? ഇതൊരു സാദാ പ്രേക്ഷകന്റെ ചോദ്യമാണ്.

മലയാളത്തിന് എണ്ണം പറഞ്ഞ തിരക്കഥകള്‍ സമ്മാനിച്ച തിരക്കഥാ സഹോദരന്മാരാണ് ബോബിയും സഞ്ജയും. നോട്ട്ബുക്കും മുംബൈ പോലീസും ഹൌ ഓള്‍ഡ് ആര്‍ യുവുമെല്ലാം പ്രമേയപരമായ ധൈര്യത്തിന്റെയും തിരക്കഥാകൃത്തുക്കള്‍ എന്ന നിലയിലുള്ള പ്രാഗത്ഭ്യത്തിന്റെയും തെളിവുകളാണ്. തിരക്കഥയുടെ ഒരു സാന്നിധ്യവും അനുഭവിപ്പിക്കാത്ത നിര്‍ണ്ണായകത്തിലൂടെ തങ്ങളുടെ ഗ്രാഫ് ഏറെ താണുപോയെന്ന് അവര്‍ തിരിച്ചെറിയേണ്ടിയിരിക്കുന്നു.

ഇനി ആസിഫ് അലിയോടാണ്. തനിക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത കഥാപാത്രത്തെ അവതരിപ്പിക്കുന്നതാണ് ഒരു നടന്റെ/നടിയുടെ ദുസ്വപ്നം. പ്രത്യേകിച്ചും പ്രഗത്ഭ സംവിധായകര്‍ അത്തരം കഥാപാത്രങ്ങളുമായി മുന്‍പില്‍ വരുമ്പോള്‍. 30 മീറ്റര്‍ ഉയരത്തില്‍ നിന്ന് സ്വിമ്മിംഗ് പൂളിലേക്ക് ചാടുന്നതല്ല അഭിനയമെന്ന് ആസിഫ് തിരിച്ചറിയുമെന്ന് പ്രതീക്ഷിക്കാം.

ഇനി ഇതിലെ നായികമാര്‍. കുഞ്ഞായിരിക്കുമ്പോള്‍ ഉപേക്ഷിച്ച് പോയ അച്ചന്റെ അടുക്കല്‍ പോയ മകനെ മിസ്സ് ചെയ്യുന്നു എന്നു പറഞ്ഞ് കൊച്ചിയിലേക്ക് പറന്നെത്തുന്ന അമ്മയും സന്ദിഗ്ദ്ധ ഘട്ടത്തില്‍ അവനെ ഉപേക്ഷിക്കാതെ നായകന്റെ കൂടെ നില്‍ക്കുന്ന കാമുകിയും. അതില്‍ കവിഞ്ഞൊന്നും അവര്‍ക്ക് ചെയ്യാനുണ്ടായിരുന്നില്ല. ഒന്നും.!

ഇത്തരം സിനിമകള്‍ എടുത്തുകൊണ്ടിരിക്കുന്ന എടുക്കാന്‍ പോകുന്ന സിനിമാക്കാരോട് ഒരു അഭ്യര്‍ഥന കൂടി; നിങ്ങള്‍ സിനിമയാണ് എടുക്കുന്നത് ലേഖനമെഴുതുകയല്ല. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ കുറിച്ചോ, മനുഷ്യാവകാശത്തെ കുറിച്ചോ, ഹര്‍ത്താലിനോ കുറിച്ചോ ഒക്കെ നിങ്ങള്‍ സിനിമ എടുത്തോളൂ.. പക്ഷേ അതില്‍ സിനിമ ഉണ്ടാകണം. പ്രേക്ഷകനെ അനുഭവിപ്പിക്കണം.  

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വാല്‍ക്കഷ്ണം: മലയാള സിനിമയിലേക്ക് കാന്‍സര്‍ തിരിച്ചു വരുന്നു. കുമ്പസാരത്തില്‍ നായകന്റെ മകനാണ് കാന്‍സര്‍ എങ്കില്‍ ഇതില്‍ നായകന്റെ അച്ഛനാണ്. അതേ.. കല സമൂഹത്തിന്റെ കണ്ണാടി തന്നെയാണ്. (പുകസക്കാര്‍ പോലും ഉപേക്ഷിച്ച പഴയ മുദ്രാവാക്യം). കാരണം വിഷ പച്ചക്കറിയും മാഗിയും കോക്കുമൊക്കെ കഴിച്ച് മലയാളികള്‍ കാന്‍സര്‍ രോഗികളായി മാറിക്കൊണ്ടിരിക്കുന്നു എന്നാണ് നമ്മുടെ ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.  

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)     

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍