UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പിഎസി ചെയര്‍മാന്‍ കെവി തോമസിനെതിരെ ബിജെപി എംപിയുടെ അവകാശലംഘന നോട്ടീസ്

ഇതാദ്യമായാണ് ഒരു പാര്‍ലമെന്ററി സമിതി അംഗം ആ സമിതിയുടെ അദ്ധ്യക്ഷനെതിരെ അവകാശലംഘന നോട്ടീസുമായി രംഗത്തെത്തുന്നത്.

നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ച് വരുത്തി വിശദീകരണം തേടാന്‍ പാര്‍ലമെന്റ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിക്ക് (പിഎസി) അധികാരമുണ്ടെന്ന് പറഞ്ഞ സമിതി അദ്ധ്യക്ഷന്‍ കെവി തോമസിനെതിരെ അവകാശലംഘന നടപടി ആവശ്യപ്പെട്ട് ബിജെപി എംപി. പിഎസിയുടെ എട്ട് സബ്കമ്മിറ്റികളില്‍ രണ്ടെണ്ണത്തിന്റെ കണ്‍വീനറായ നിഷികാന്ത് ദുബെയാണ് ഇക്കാര്യം ആവശ്യപ്പെട്ട് ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന് കത്ത് നല്‍കിയത്. പാര്‍ലമെന്റ് സമിതിയുടെ അന്തസ് കെടുത്തുന്ന കക്ഷി രാഷ്ട്രീയ പ്രസ്താവനയാണ് കെവി തോമസ് നടത്തിയതെന്ന് നിഷികാന്ത് ദുബെ ആരോപിച്ചു.

തന്റെ കത്ത് അവകാശലംഘന നോട്ടീസ് ആയി കാണണമെന്നും വിഷയം ലോക്‌സഭയുടെ പ്രിവിലേജ് കമ്മിറ്റിക്ക് വിടണമെന്നും നിഷികാന്ത് ദുബെ ആവശ്യപ്പെട്ടു. ഇതാദ്യമായാണ് ഒരു പാര്‍ലമെന്ററി സമിതി അംഗം ആ സമിതിയുടെ അദ്ധ്യക്ഷനെതിരെ അവകാശലംഘന നോട്ടീസുമായി രംഗത്തെത്തുന്നത്. ജനുവരി ഒമ്പതിന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കെവി തോമസ് ഇക്കാര്യം പറഞ്ഞത്. പ്രസ്താവന പിന്‍വലിക്കാന്‍ തോമസിനോട് നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ജനുവരി 10നും നിഷികാന്ത് ദുബെ, സ്പീക്കര്‍ക്ക് കത്തയച്ചിരുന്നു. കമ്മിറ്റിയിലെ മറ്റ് അംഗങ്ങളുമായി ആലോചിക്കാതെയുള്ള ഏകപക്ഷീയമായ പ്രഖ്യാപനമാണ് നടത്തിയതെന്നും പാര്‍ലമെന്റ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായ നടപടിയാണ് കെവി തോമസിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്ന് നിഷികാന്ത് ദുബെ ആരോപിച്ചു.

ജനുവരി 13ന് പിഎസി യോഗം ചേര്‍ന്നപ്പോള്‍ കെവി തോമസിനെതിരെ വിമര്‍ശനവുമായി ബിജെപി അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് തോമസിന്‌റെ പ്രസ്താവനയോട് വിയോജിച്ച് പിഎസി വാര്‍ത്താക്കുറിപ്പിറക്കുകയും ചെയ്തു. നവംബര്‍ എട്ടിന് പ്രധാനമന്ത്രി നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചത്് മുതല്‍ തോമസ് പിഎസിയെ രാഷ്ട്രീയ ലക്ഷ്യങ്ങ്ള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നുണ്ടെന്ന് നിഷികാന്ത് ദുബെ ആരോപിക്കുന്നു. 2011ല്‍ ടുജി സ്‌പെക്ട്രം അഴിമതി കേസുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗിനെ വിളിച്ചുവരുത്താന്‍ പിഎസിക്ക് അധികാരമുണ്ടെന്ന് അന്നത്തെ ചെയര്‍മാന്‍ മുരളി മനോഹര്‍ ജോഷി പറഞ്ഞപ്പോള്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ അവകാശ ലംഘന നോട്ടീസ് ഉണ്ടായില്ല.

നേരത്തെയും കെവി തോമസും ബിജെപി അംഗങ്ങളും തമ്മില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിട്ടുണ്ട്. ജൂലായ് 12ന് അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടിലെ അഴിമതിയുമായി ബന്ധപ്പെട്ട് ദുബെയുടെ ആവശ്യം കെവി തോമസ് തള്ളിയിരുന്നു. സിഎജി രേഖകള്‍ പരിശോധിക്കാനായി തന്നെ പ്രതിരോധ സബ് കമ്മിറ്റി ചെയര്‍മാനാക്കണമെന്ന ആവശ്യമാണ് തോമസ് തള്ളിയിരുന്നത്. സബ് കമ്മിറ്റി അദ്ധ്യക്ഷന്മാരെ തീരുമാനിക്കുന്നത് താനാണെന്ന് കെവി തോമസ് പറഞ്ഞിരുന്നു. പിന്നീട് കോണ്‍ഗ്രസ് എംപിയെ കമ്മിറ്റി അദ്ധ്യക്ഷനാക്കുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍