UPDATES

ബൈജു എന്‍ നായര്‍

കാഴ്ചപ്പാട്

ബൈജു എന്‍ നായര്‍

ന്യൂസ് അപ്ഡേറ്റ്സ്

ആ പഴയ പാവാടക്കാരിയല്ല നിസാൻ എക്‌സ്‌ട്രെയ്ൽ

രണ്ടുമാസം മുമ്പ് തായ്‌ലന്റിൽ ചെന്നപ്പോൾ പുതിയ നിസാൻ എക്‌സ്‌ട്രെയ്ൽ കണ്ടു ഞെട്ടി. തൊട്ടടുത്ത മാസം ദുബായില്‍ ചെന്നപ്പോൾ വീണ്ടും എക്‌സ്‌ട്രെയ്ൽ കണ്ടു, വീണ്ടും ഞെട്ടി. ഞെട്ടാൻ കാരണം എക്‌സ്‌ട്രെയ്‌ലിന്റെ രൂപമാണ്. പണ്ട് കൊത്തങ്കല്ലു കളിച്ചു നടന്ന പാവാടക്കാരിയല്ല, ഇന്നത്തെ എക്‌സ്‌ട്രെയ്ൽ. ‘മോളങ്ങു വളർന്നു സുന്ദരിയായല്ലോ’ എന്ന് ആരെക്കൊണ്ടു പറയിപ്പിക്കും വിധം യൗവ്വനയുക്തയായ തരുണീമണിയായി മാറിയിരിക്കുന്നു, എക്‌സ്‌ട്രെയ്ൽ.

ഇത്രയും കാലം ഇന്ത്യയിൽ നമ്മൾ കണ്ടിരുന്ന എക്‌സ്‌ട്രെയിലിനെ എസ് യു വി എന്നു പോലും വിളിക്കാൻ തോന്നുമായിരുന്നില്ല. സൗമ്യഭാവങ്ങളോടു കൂടിയ ഒരു സോഫ്റ്റ് റോഡർ മാത്രമായിരുന്നു, അത്. കാഴ്ചയിലെ ആ ‘പാവത്തം’ മൂലമാവാം, എക്‌സ്‌ട്രെയ്ൽ ഇന്ത്യയിൽ വിജയമായതേയില്ല. പക്ഷേ ഒന്നുണ്ട്; ഉപയോഗിച്ചവരെല്ലാം ഹാപ്പിയായിരുന്നു. റീസെയ്ൽ വില കുറവാണ് എന്നതു മാത്രമാണ് എക്‌സ്‌ട്രെയ്ൽ ഉടമകളെ അലട്ടുന്ന പ്രശ്‌നം.

ഏതായാലും ഗൾഫിലും യൂറോപ്പിലും തായ്‌ലന്റിലും മറ്റും വൻ വിജയമായി മാറിയ എക്‌സ്‌ട്രെയ്ൽ ഇപ്പോൾ ഇന്ത്യയിലും വരികയാണ്. 2016 ഒടുവിൽ ഇന്ത്യയിൽ വിപണിയിലെത്തുമെന്നു കരുതപ്പെടുന്ന എക്‌സ്‌ട്രെയ്‌ലിന്റെ ടെസ്റ്റ്‌ഡ്രൈവിനായി ‘സ്മാർട്ട്‌ഡ്രൈവ്’ തായ്‌ലന്റിലെത്തി.

കാഴ്ച
പഴയ എക്‌സ്‌ട്രെയ്‌ലുമായി പുലബന്ധം പോലുമില്ല, പുതിയ മോഡലിന്. അങ്ങേയറ്റം മോഡേൺ ആണ് പുതിയ എക്‌സ്‌ട്രെയ്ൽ. ഇപ്പോൾ വന്നിരിക്കുന്നത് എക്‌സ്‌ട്രെയ്‌ലിന്റെ മൂന്നാം ജനറേഷനിൽപ്പെട്ട മോഡലാണ്. ക്വാഷ്  കായ് എന്ന മോഡലിന്റെ മുഖഭാഗവും പുതിയ ടിയാനയുടെ ബോഡി ലൈനുകളുമൊക്കെ എക്‌സ്‌ട്രെയ്‌ലിൽ സമഞ്ജസം സമ്മേളിച്ചിട്ടുണ്ട്. ബൂമറാങ്ങിന്റെ ഷെയ്പ്പിലുള്ള ഡേ ടൈം റണ്ണിങ് ലാമ്പ് മനോഹരമായ ഹെഡ്‌ലാമ്പിൽ ഇഴുകിച്ചേർന്നു നിൽക്കുന്നു. വിടർന്ന ചിരിയോടെ, ഗ്രില്ലിനു നടുവിൽ ‘വി’ ഷെയ്പ്പിൽ ക്രോമിയം ലൈൻ. അതിന്മേൽ നിസാന്റെ ലോഗോ.

ഉയർന്ന ബോണറ്റിലും ബമ്പറിലും പവർ ബൾജുകൾ കാണാം. ബമ്പറിനു താഴെ ഗ്രില്ലിനെക്കാൾ വലിയ എയർഡാം. എയർഡാമും ബമ്പറിന്റെ ലോവർ ഏരിയയും നിർമ്മിച്ചിരിക്കുന്നത് ഫൈബറിലാണ്. ബമ്പറിലെ ചെത്തിയെടുത്ത സ്ലോട്ടിൽ ഫോഗ്‌ലാമ്പ്. കനത്ത വീൽ ആർച്ചുകൾ ബമ്പറിലെ പവർ ബൾജുകളിലേക്ക് ലയിച്ചു ചേരുന്നുമുണ്ട്.

വശങ്ങളിലും കരുത്തിന്റെ പ്രതീകമായ ബോഡിലൈനുകൾ കാണാം. സൈഡ് വിൻഡോകൾ ഉയർന്നു കയറി ക്വാർട്ടർ ഗ്ലാസിൽ അവസാനിക്കുന്നു. മേലെ റൂഫ്‌റെയ്ൽ ഉണ്ട്; ഭംഗിയുള്ള അലോയിയും.

പിൻഭാഗം അതിഗംഭീരമായി ഡിസൈൻ ചെയ്തിരിക്കുന്നു. വശങ്ങളിൽ നിന്നാരംഭിക്കുന്ന പിൻ വിൻഡ്ഷീൽഡ് പിൻഭാഗത്തിന്റെ പകുതിയും കവരുന്നു. വലിയ ടെയ്ൽ ലാമ്പ് സുന്ദരം. ബൂട്ട്‌ലിഡിലെ പവർബൾജുകൾ താഴെയുണ്ട്. നമ്പർ പ്ലേറ്റിനു മേലെ ക്രോമിയം സ്ട്രിപ്പ്. ഇരട്ട എക്‌സ്‌ഹോസ്റ്റ് കൂടിയാകുമ്പോൾ, എക്‌സ്‌ട്രെയ്‌ലിന്റെ ഡിസൈന് നൽകാം, ഒരുഗ്രൻ കൈയടി.

ഉള്ളിൽ
2705 മി.മീറ്റർ വീൽബെയ്‌സ് ഉള്ളതുകൊണ്ട് ഉൾഭാഗത്ത് ഇഷ്ടംപോലെ സ്ഥല സൗകര്യമുണ്ട്. 5-7 സിറ്റിങ് ഓപ്ഷനുകളിൽ പുതിയ എക്‌സ്‌ട്രെയ്ൽ ലഭ്യമാണ്.

ഡാഷ്‌ബോർഡിന്റെയും ഉൾഭാഗത്തെ ഡിസൈനുകളുടെ കാര്യത്തിലും എക്‌സ്‌ട്രെയ്ൽ, പഴയ മോഡലിനെക്കാൾ അഞ്ചുതലമുറയെങ്കിലും മുന്നിലാണ്. കറുപ്പിന്റെയും ഗ്ലോസി ബ്ലാക്കിന്റെയും സിൽവർ ഫിനിഷിന്റെയും സുന്ദരലോകമാണ് ഉള്ളിൽ. ഡാഷ്‌ബോർഡിന് മേലെ നീണ്ടുനിവർന്നൊരു എ സി വെന്റ്. അതിനു താഴെ ഗ്ലോസി ബ്ലാക്ക് പ്രതലത്തിൽ 5 ഇഞ്ച് ഇൻഫോ ടെയ്ൻമെന്റ് സ്‌ക്രീൻ. മ്യൂസിക് സിസ്റ്റം, നാവിഗേഷൻ, റിവേഴ്‌സ് ക്യാമറ എന്നിവയെല്ലാം ഈ സ്‌ക്രീനിൽ കാണാം, നിയന്ത്രിക്കാം. അതിനുതാഴെ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോളിന്റെ സ്വിച്ചുകൾ.

ഗ്ലോസി ബ്ലാക്ക് പശ്ചാത്തലത്തിൽ ഓട്ടോമാറ്റിക് ഗിയർഷിഫ്റ്റിന്റെ ലിവർ. സ്റ്റിയറിങ്‌വീലിൽ ബ്ലൂടൂത്ത് ടെലിഫോണി, ക്രൂയിസ് കൺട്രോൾ, മ്യൂസിക് സിസ്റ്റം എന്നിവയുടെ സ്വിച്ചുകൾ സ്റ്റീൽ ഫിനിഷിൽ ഒന്നാന്തരം ലെതർ സീറ്റുകൾ. രണ്ട്, മൂന്ന് നിര സീറ്റുകൾക്കും കപ്‌ഹോൾഡറുകളും എസി വെന്റുകളുമുണ്ട്. മൂന്നാം നിര സീറ്റിൽ ഉയരമുള്ളവർക്ക് ദീർഘദൂരയാത്ര ബുദ്ധിമുട്ടാകും. പനോരമിക് സൺറൂഫ്, ലെയ്ൻ ഡിപ്പാർച്ചർ വാണിങ് സിസ്റ്റം, ബ്ലൈൻഡ് സ്‌പോട്ട് മോണിട്ടറിങ് സിസ്റ്റം, ആറ് എയർബാഗുകൾ, എബിഎസ്, ഇബിഡി, ബോഡിറോൾ കൺട്രോൾ സിസ്റ്റം എന്നിങ്ങനെ എസ് യു വിക്കു വേണ്ടതെല്ലാം എക്‌സ്‌ട്രെയ്ൽ തരുന്നുണ്ട്. കൂടാതെ, ബൂട്ട്‌ലിഡ് തുറക്കാൻ ബട്ടൺ അമർത്തുകയോ കീ തിരിക്കുകയോ വേണ്ട എന്ന സൗകര്യവുമുണ്ട്. സെൻസറിനു മുന്നിൽ എന്തെങ്കിലുമൊന്ന് വീശിക്കാണിച്ചാൽ ബൂട്ട് തുറക്കും. ഇരു കൈകളിലും ലഗേജുമായി വരുന്നവർക്ക് വളരെ സഹായകരമാണ് ഈ സംവിധാനം.

എഞ്ചിൻ
2.5 ലിറ്റർ പെട്രോൾ, 2 ലിറ്റർ ഡീസൽ എഞ്ചിനുകളാണ് എക്‌സ്‌ട്രെയ്‌ലിന് പല രാജ്യങ്ങളിലുള്ളത്. എന്നാൽ ഇന്ത്യയിൽ പെട്രോൾ- ഇലക്ട്രിക് സാങ്കേതിക വിദ്യയോടെ ഹൈബ്രിഡ് മോഡലാണ് വരാൻ പോകുന്നത്. 145 ബി എച്ച് പിയാണ് പെട്രോൾ എഞ്ചിൻ നൽകുന്നതെങ്കിൽ ഇലക്ട്രിക് മോട്ടോർ 40.3 ബി എച്ച് പിയും നൽകും. നിസ്സാന്റെ റീജനറേറ്റീവ് ബ്രേക്കിങ്ങോടു കൂടിയ വൺ-മോട്ടോർ- ടു- ക്ലച്ച് ഹൈബ്രിഡ് സിസ്റ്റമാണിത്.

ഇലക്ട്രിക് മോഡിലാണ് വാഹനം ചലിച്ചു തുടങ്ങുക. അതിനുശേഷം, 30 കിലോമീറ്റർ വേഗതയെടുത്തു കഴിയുമ്പോൾ പെട്രോൾ എഞ്ചിൻ പ്രവർത്തനസജ്ജമാകുന്നു. പക്ഷേ അപ്പോഴും ഇലക്ട്രിക് മോട്ടോറിന്റെ ടോർക്ക് പെട്രോൾ എഞ്ചിന് പിൻബലം നൽകുകയും ചെയ്യും. സി വി ടിയാണ് ഗിയർ ബോക്‌സ്.ഡീസൽ എഞ്ചിനേക്കാൾ 30 ശതമാനം മൈലേജും കൂടുതൽ തരുമത്രേ, ഈ ഹൈബ്രിഡ് സൈറ്റപ്പ്.

അരങ്ങൊഴിയുന്ന എക്‌സ്‌ട്രെയിലിനെക്കാൾ 5. മി.മീ. നീളവും 30 മി.മീ വീതിയും 10. മിമീ. ഉയരവും 75 മി.മീ വീൽബെയ്‌സും 5 മി.മീ ഗ്രൗണ്ട് ക്ലിയറൻസും കൂടുതലുണ്ട്. പുതിയ എക്‌സ്‌ട്രെയ്‌ലിന്. പക്ഷേ, പൂർണ്ണമായും ഇറക്കുമതി ചെയ്ത മോഡലാണ് ഇന്ത്യയിൽ വരുന്നത് എന്നതിനാൽ വില 30 ലക്ഷം രൂപയിലധികമാകാൻ സാധ്യതയുണ്ട്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

ബൈജു എന്‍ നായര്‍

ബൈജു എന്‍ നായര്‍

കേരളത്തിലെ ആദ്യത്തെ ഓട്ടോമൊബൈല്‍ ജേര്‍ണലിസ്റ്റായ ലേഖകന്‍ സ്മാര്‍ട്ട് ഡ്രൈവ് മാസികയുടെ ചീഫ് എഡിറ്ററാണ്.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍