UPDATES

ബിഹാറില്‍ നീതിഷ് കുമാര്‍ ഇന്ന് വീണ്ടും അധികാരമേല്‍ക്കും

അഴിമുഖം പ്രതിനിധി

ബിഹാര്‍ മുഖ്യമന്ത്രിയായി ജെ.ഡി.യു. നേതാവ് നിതീഷ്‌കുമാര്‍ ഇന്ന് വീണ്ടും ചുമതലയേല്‍ക്കും. വൈകിട്ട് അഞ്ചിന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ കെ.എന്‍. ത്രിപാഠി സത്യവാചകം ചൊല്ലിക്കൊടുക്കും. ഒമ്പത് മാസത്തിനുശേഷമാണ് അദ്ദേഹം വീണ്ടും അധികാരത്തിലെത്തുന്നത്.

ബി.ജെ.പി.ക്കെതിരെ ദേശീയതലത്തില്‍ രൂപവത്കരിക്കാന്‍ ശ്രമിക്കുന്ന വിശാല കൂട്ടായ്മയുടെ വേദിയായി സത്യപ്രതിജ്ഞ ചടങ്ങ് മാറും. എസ്.പി. അധ്യക്ഷന്‍ മുലായംസിങ് യാദവ്, യു.പി. മുഖ്യമന്ത്രി അഖിലേഷ് യാദവ് മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ, ബി.എസ്.പി. നേതാവ് മായാവതി, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ആര്‍.ജെ.ഡി. അധ്യക്ഷന്‍ ലാലുപ്രസാദ് യാദവ് തുടങ്ങിയവരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

നിതീഷിനൊപ്പം എത്ര മന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഭൂരിപക്ഷം തെളിയിക്കാനായി നിതീഷിന് ഗവര്‍ണര്‍ മാര്‍ച്ച് 16വരെ സമയം നല്‍കിയിട്ടുണ്ട്. മാര്ച്ച് 11ന് ഭൂരിപക്ഷം തെളിയിക്കാനാണ് ജെ.ഡി.യു.വിന്റെ തീരുമാനമെന്ന് സൂചനയുണ്ട്.

ജെ.ഡി.യു.വിനെ പിന്തുണയ്ക്കുന്ന ആര്‍.ജെ.ഡി., കോണ്‍ഗ്രസ്, സി.പി.ഐ എന്നിവര്‍ മന്ത്രിസഭയില്‍ അംഗങ്ങളാകുന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇവര്‍ പുറത്ത് നിന്നും പിന്തുണക്കാനാണ് സാധ്യത എന്നാല്‍, ആര്‍.ജെ.ഡി.യില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതായി അറിയുന്നു.

തുടര്‍ച്ചയായി ഒമ്പത് വര്‍ഷം ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന നിതീഷ്‌കുമാര്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജെ.ഡി.യു.വിന് കനത്ത തിരിച്ചടിയേറ്റതിന്റെ ധാര്‍മിക ഉത്തരവാദിത്വമേറ്റെടുത്താണ് രാജിവെച്ചത്. തുടര്‍ന്ന് തന്റെ വിശ്വസ്തനായ ജിതന്‍ മാഞ്ചിയെ പിന്‍ഗാമിയാക്കുകയായിരുന്നു. എന്നാല്‍ അധികാരത്തിലേറിയ ശേഷം പാര്‍ട്ടിയുമായി ഇടഞ്ഞ മാഞ്ചി പാര്‍ട്ടിയില്‍ നിന്നും പുറത്താവുകയും ഭൂരിപക്ഷം തെളിയിക്കാനാവാതെ വെള്ളിയാഴ്ച രാജിവെക്കുകയുമായിരുന്നു. ഇതോടെയാണ് നിതീഷിന് വീണ്ടും മുഖ്യമന്ത്രിയാകാന്‍ അവസരമൊരുങ്ങിയത്. ഇത് നാലാം തവണയാണ് നിതീഷ് മുഖ്യമന്ത്രിയാകുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍