UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിഹാര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ലോകത്തിലൊരിടത്ത് വച്ചും മദ്യപിക്കരുതെന്ന് നിതിഷ് കുമാറിന്റെ ഉത്തരവ്

ഉദ്യോഗസ്ഥര്‍ക്കും ജഡ്ജിമാര്‍ക്കും ഇത്തരത്തില്‍ വിലക്കേര്‍പ്പെടുത്തുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് ബിഹാര്‍

പത്ത് മാസമായി മദ്യനിരോധനം തുടരുന്ന ബിഹാറില്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുമായി മുഖ്യമന്ത്രി നിതിഷ് കുമാര്‍. സംസ്ഥാനത്തിന് പുറത്തുവച്ചോ വിദേശത്ത് വച്ച് പോലുമോ ഉദ്യോഗസ്ഥരാരും മദ്യപിക്കരുതെന്നാണ് നിര്‍ദ്ദേശം. നിരോധന ഉത്തരവിന് ബിഹാര്‍ ക്യാബിനറ്റ് ഈ ആഴ്ച അനുമതി നല്‍കി.

ഉദ്യോഗസ്ഥരും ജഡ്ജിമാരും മജിസ്‌ട്രേറ്റുമാരും ലോകത്തിലെവിടെയെങ്കിലും വച്ച് മദ്യപിച്ച് പിടിക്കപ്പെട്ടാല്‍ ശിക്ഷ അനുഭവിക്കണമെന്നാണ് പുതിയ നിയമം. ഡിസ്മിസ്, സസ്‌പെന്‍ഷന്‍, ശമ്പളക്കുറവ് തുടങ്ങിയ ശിക്ഷകളായിരിക്കും ഇവര്‍ക്ക് ലഭിക്കുക. ജോലി സമയത്ത് മദ്യപിക്കരുതെന്ന നിയമത്തില്‍ ഭേദഗതി വരുത്തിയാണ് പുതിയ നിയമം. ഉദ്യോഗസ്ഥര്‍ക്കും ജഡ്ജിമാര്‍ക്കും ഇത്തരത്തില്‍ വിലക്കേര്‍പ്പെടുത്തുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് ബിഹാര്‍.

സംസ്ഥാനത്തിന് പുറത്ത് ഡെപ്യൂട്ടേഷനില്‍ നിയോഗിക്കപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും ഈ നിയമം ബാധകമാണ്. സംസ്ഥാനത്ത് മദ്യനിരോധനം നിലനില്‍ക്കുമ്പോഴും ഉദ്യോഗസ്ഥര്‍ മദ്യപിക്കുന്നുണ്ടെന്ന് ഒരു പൊതുചടങ്ങില്‍ ഒരാള്‍ മുഖ്യമന്ത്രിയോട് ചൂണ്ടിക്കാട്ടിയതാണ് പുതിയ തീരുമാനത്തിന് പിന്നിലുള്ള കാരണം. അതേസമയം സംസ്ഥാനത്തിന് പുറത്തുള്ള ഉദ്യോഗസ്ഥര്‍ എങ്ങനെ നിരീക്ഷണത്തില്‍പ്പെടുമെന്ന് വ്യക്തമല്ല. എന്നാല്‍ പരാതി ലഭിക്കുന്നതനുസരിച്ച് നടപടിയെടുക്കുമെന്നാണ് കരുതപ്പെടുന്നത്.

തെരഞ്ഞെടുപ്പ് വാഗ്ദാനമായ മദ്യനിരോധനം നടപ്പാക്കിയതോടെ വിപ്ലവകരമായ മുന്നേറ്റമാണ് സംസ്ഥാനത്തുണ്ടായതെന്നാണ് നിതിഷ് കുമാര്‍ അവകാശപ്പെടുന്നത്. ഏപ്രിലില്‍ നടപ്പാക്കിയ നിരോധനത്തിന് ശേഷം സംസ്ഥാനത്തെ കുറ്റകൃത്യങ്ങളില്‍ വ്യാപകമായ കുറവ് വന്നു. കഴിഞ്ഞമാസം നിതിഷ് കുമാറും അദ്ദേഹത്തിന്റെ സഖ്യകക്ഷി നേതാവായ ലാലു പ്രസാദ് യാദവും ചേര്‍ന്ന് മദ്യനിരോധനത്തെ പിന്തുണയ്ക്കുന്നവരുടെ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു. സംസ്ഥാനം കണ്ട ഏറ്റവും വലിയ മനുഷ്യച്ചങ്ങലയാണ് ഇതെന്നാണ് വിലയിരുത്തപ്പെട്ടത്.

പ്രതിപക്ഷമായ ബിജെപിയില്‍ നിന്നുള്ള നേതാക്കള്‍ പോലും ഈ മനുഷ്യച്ചങ്ങലയില്‍ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിഹാറിലെ മദ്യനിരോധനത്തെ പ്രകീര്‍ത്തിച്ചിരുന്നു. മനുഷ്യച്ചെങ്ങല 11,000 കിലോമീറ്റര്‍ നീണ്ടു നിന്നതായാണ് ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍