UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരള നിയമസഭയിലെ ആദ്യത്തെ താമര കാസര്‍ഗോഡ് വിരിയുമോ?

Avatar

കെ എ ആന്റണി

സോളാര്‍, ബാര്‍ കോഴ, ലാവലിന്‍ തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടിയിരുന്ന ഒരു നിയമസഭ തെരഞ്ഞെടുപ്പാണ് ഉടനെ നടക്കാന്‍ ഇരിക്കുന്നത്. പക്ഷേ, എന്തുകൊണ്ടോ ഇത്തരം വിഷയങ്ങള്‍ പിന്നാക്കം പോകുന്ന രീതിയില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് പുതിയൊരു രാഷ്ട്രീയ മാനം കൈവന്നിരിക്കുന്നു.

ഓണം വരും… വിഷു വരും… എന്നു തുടങ്ങി ഇനി ആരൊക്കെ എന്തൊക്കെ എന്ന്‘ എന്ന എന്‍ എന്‍ കക്കാടിന്റെ സഫലമീ യാത്ര എന്ന കവിതയിലേക്ക് തന്നെ തിരിച്ചു പോകേണ്ട ഒരു രാഷ്ട്രീയ സ്ഥിതി വിശേഷം രൂപപ്പെട്ടുവരുന്നു എന്നു തന്നെ വേണം കരുതാന്‍. കക്കാടിന്റെ കവിത തുടങ്ങുന്നത് ആര്‍ദ്രമീ ധനുമാസ രാവുകളിലൊന്നില്‍ എന്ന ഇടത്തു നിന്നാണ്. ധനുമാസത്തിന്റെ ആര്‍ദ്രത തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മീനത്തിലും മേടത്തിലുമുണ്ടാകില്ല. സൂര്യന്‍ ഉച്ഛസ്ഥായിയില്‍ തിളച്ചു മറിയുന്ന കാലത്തു തന്നെയാണ് തെരഞ്ഞെടുപ്പ് എന്നതല്ല ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത. രാഷ്ട്രീയത്തിന്റെ താപ മാപിനിയും ഒരുപാട് ഉയര്‍ന്നു കഴിഞ്ഞു. അതാകട്ടെ നരേന്ദ്ര മോദി പ്രധാനമന്ത്രിയായതോടെ കേരളത്തിലെ കമ്മ്യൂണിസ്റ്റുകളുടെ അവസാനത്തെ നിലപാട് തറയും തകര്‍ക്കാനുള്ള തീപ്പന്തങ്ങളുമായി സംഘപരിവാര്‍ കടന്നു വരുന്ന ഒരു പുതിയ തെരഞ്ഞെടുപ്പിന്റെ ശംഖൊലി കൂടിയാണ്. ബിഡിജെഎസ് എന്തൊക്കെ പറയും എന്നുള്ളതല്ല ഇന്നത്തെ പ്രശ്‌നം. തമ്മില്‍ ഇണങ്ങിയും പിണങ്ങിയും അക്കീരമണ്‍ ഭട്ടതിരിപ്പാടും തുഷാര്‍ വെള്ളാപ്പള്ളിയും അച്ഛന്‍ വെള്ളാപ്പള്ളിയും ഒളിച്ചും പാത്തും കളിക്കുന്നത് ചുരുങ്ങിയത് പത്ത് താമരയെങ്കിലും കേരളത്തില്‍ നിന്ന് വിരിയിക്കാനാണ്.

ഭരണത്തുടര്‍ച്ച എന്നൊക്കെ പറയുമ്പോഴും തോറ്റു പോകാന്‍ സാധ്യതയുള്ള ഒരു നേര്‍ അങ്കത്തിനല്ല ഇക്കുറി ഉമ്മന്‍ചാണ്ടിയുടെ ശ്രദ്ധയത്രയും എന്നത് ഏറെ കൗതുകകരമാണ്. ആര്‍ ശങ്കര്‍ പ്രതിമ അനാച്ഛാദന വിഷയത്തില്‍ തമ്മില്‍ തെറ്റിയ ഉമ്മന്‍ചാണ്ടിയോട് കൂറു കാട്ടുന്ന വിനീതവത്സലന്റെ വാക്കുകള്‍ വെള്ളാപ്പള്ളിയുടെ നാവില്‍ നിന്നും നമ്മള്‍ അടുത്ത് കേട്ടതേയുള്ളൂ. മികവുറ്റ മുഖ്യമന്ത്രി. പാമ്പിനേയും പഴുതാരയേയും ഒരേ കൂട്ടില്‍ കൊണ്ടു നടക്കാന്‍ പോന്ന ഇതിനേക്കാള്‍ കേമപ്പെട്ട മറ്റാരാണ് ഉള്ളതെന്ന് വെള്ളാപ്പള്ളി നടേശന്‍ ചോദിച്ചത് രഹസ്യമായിട്ടല്ല പരസ്യമായിട്ടാണ്. അതുകൊണ്ട് തന്നെ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ചില അപ്രതീക്ഷിത സര്‍പ്പ ദംശനങ്ങളും ദാ ഭരണത്തിലേക്ക് എത്തിപ്പോയിയെന്ന് വിചാരിച്ച് നില്‍ക്കുന്ന സിപിഐഎമ്മും അവര്‍ നേതൃത്വം നല്‍കുന്ന മുന്നണിയും പ്രതീക്ഷിക്കേണ്ടതുണ്ട്.

ഇത് തെരഞ്ഞെടുപ്പിന്റെ ഒരു മുന്നുരയായി പറഞ്ഞ കാര്യങ്ങള്‍. ഇനിയിപ്പോള്‍ പറയാന്‍ പോകുന്നത് മഞ്ചേശ്വരം മുതല്‍ പാറശാല വരെ ഉള്ള ചില തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സീറ്റ് തര്‍ക്കങ്ങളും അതു സംബന്ധിയായ പ്രശ്‌നങ്ങളും. അഴിമുഖം ഇവിടെ പറയുന്ന സ്ഥാനാര്‍ത്ഥികളില്‍ പലരും സ്ഥാനാര്‍ത്ഥികള്‍ ആയിക്കൊള്ളണമെന്നില്ല. എങ്കിലും ഞങ്ങള്‍ക്ക് ലഭിക്കുന്ന വിവരങ്ങള്‍ വച്ച് നിലവിലുള്ള ചില ഗോസിപ്പുകളും പാര്‍ട്ടികള്‍ക്കുള്ളില്‍ നടക്കുന്ന ചര്‍ച്ചകളും പങ്കുവയ്ക്കുന്നു, അത്രമാത്രം.

സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ തുടങ്ങിയിട്ടേയുള്ളൂ. ഊഹാപോഹങ്ങളുടെ വെളിച്ചത്തില്‍ അതിനും അപ്പുറത്തേക്കും രാഷ്ട്രീയ ചിന്തകളിലേക്കും വായനക്കാര്‍ക്കും സ്വാഗതം.

തുടക്കം മഞ്ചേശ്വരത്തില്‍ നിന്നു തന്നെയാണ്. എല്ലാ രാഷ്ട്രീയ ജാഥകളും തുടങ്ങുന്ന മഞ്ചേശ്വരത്തു നിന്ന് തന്നെ. നേത്രാവതി നദിയുടെ കണ്ണീര്‍ പുരണ്ട അതിര്‍ത്തി നിയമസഭാ മണ്ഡലമാണ് മഞ്ചേശ്വരം. എക്കാലത്തും സിപിഐഎം കണ്ണില്‍ എണ്ണയൊഴിച്ച് കാത്തു സംരക്ഷിച്ചു പോന്ന അതിര്‍ത്തി. ഏറെക്കാലമായി ഒരു കുങ്കുമ പതാക പാറിക്കാന്‍ ആര്‍ എസ് എസ് കാത്തിരുന്ന കേരളത്തിലെ ആദ്യ നിയമസഭാ മണ്ഡലം. സിപിഐഎം കണ്ണില്‍ എണ്ണ പകര്‍ന്ന് തുടര്‍ന്നിരുന്ന പ്രതിരോധത്തിന്റെ തീപ്പന്തങ്ങള്‍ അറുപതികളുടെ തുടക്കത്തിലേ ജ്വലിച്ചു തുടങ്ങിയതാണ്. കണ്ണൂരിലെ സിപിഐഎം-ആര്‍ എസ് എസ് വൈരത്തിന് മാംഗ്ലൂര്‍ ഗണേശ് ബീഡിയുമായി കൂട്ടിച്ചേര്‍ക്കുന്നതില്‍ തുടങ്ങുന്നു ഈ വൈരത്തിന്റെ ആദ്യപാദം. പിന്നീടങ്ങോട്ട് കണ്ണൂര്‍ കൊലപാതക രാഷ്ട്രീയത്തിന്റെ ഭൂമികയായി മാറുകയായിരുന്നു. നിലവിലെ കാസര്‍ഗോഡ് ജില്ല കൂടി ഉള്‍പ്പെടുന്നതായിരുന്നു പഴയ കണ്ണൂര്‍.

ഇത്തവണത്തെ തെരഞ്ഞെടുപ്പിലും സിപിഐഎം ജാഗ്രവത്താണ്. ആരെ നിര്‍ത്തണം മഞ്ചേശ്വരത്ത് എന്നതാണ് സിപിഐഎമ്മിനെ അലട്ടുന്ന പ്രധാന പ്രശ്‌നം. ബിജെപിയുടെ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ തന്നെയാണ് എന്നത് പൂര്‍ണമായും ഉറപ്പായിക്കഴിഞ്ഞു. നിലവില്‍ മഞ്ചേശ്വരത്തെ എംഎല്‍എ മുസ്ലിംലീഗിലെ പി ബി അബ്ദുള്‍ റസാഖാണ്. കോണ്‍ഗ്രസ് എപ്പോഴും തന്ത്രപൂര്‍വം മുസ്ലിംലീഗിന് വച്ചുനീട്ടുന്ന രണ്ടു സീറ്റുകളാണ് മഞ്ചേശ്വരവും കാസര്‍ഗോഡും. ഒറ്റപാര്‍ട്ടി എന്ന നിലയില്‍ സിപിഐഎമ്മിന് ഇപ്പോഴും സ്വാധീനമുള്ള മണ്ഡലമാണ് മഞ്ചേശ്വരം. ഇടയ്ക്കിടെ അവര്‍ ജയിക്കും. പിന്നീട് കര്‍ണാടക വഴിയുള്ള ബിജെപിയുടെ കടന്നു വരവിനെ ചെറുക്കാന്‍ മുസ്ലിംലീഗിന് വോട്ട് മറിച്ചു നല്‍കുകയും ചെയ്യും. പാര്‍ട്ടി വക്കീലും ഏറെക്കാലം സിപിഐഎം എംപിയുമായിരുന്ന രാമണ്ണറേക്ക് 1996-ല്‍ സംഭവിച്ച അപകടം ഇതുതന്നെയായിരുന്നു. 1991-ല്‍ കോലീബി സഖ്യത്തിന്റെ ഭാഗമായി കെജി മാരാര്‍ വിജയത്തോട് അടുത്ത് പരാജയപ്പെട്ട മണ്ഡലം കൂടിയാണ് മഞ്ചേശ്വരം. 96-ലും സമാനമായ സ്ഥിതി ഭയന്ന സിപിഐഎം രാമണ്ണറേയെ വിജയിപ്പിക്കാന്‍ ശ്രമിക്കാതെ ബിജെപിയെ പ്രതിരോധിക്കാന്‍ ചേര്‍ക്കളം അബ്ദുള്ളയ്ക്ക് വോട്ട് മറിച്ചു നല്‍കുന്ന കാഴ്ചയും രാഷ്ട്രീയ കേരളം കണ്ടതാണ്. പിന്നീട് സിപിഐഎം ആ മണ്ഡലം തിരിച്ചു പിടിച്ചുവെങ്കിലും ഇക്കുറി മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ എങ്ങനെ ബിജെപിയെ പ്രതിരോധിക്കും എന്നറിയാതെ കുഴങ്ങുകയാണ്. യുഡിഎഫിനെ സംബന്ധിച്ചിടത്തോളം സീറ്റ് മുസ്ലിംലീഗിന്റേതാണ്. നിലവിലുള്ള എംഎല്‍എ തന്നെ മത്സരിക്കും.


പഴയ കണ്ണൂരിന്റെ ഭാഗമായിരുന്ന കാസര്‍ഗോഡ് ജില്ലയില്‍ അഞ്ചേയഞ്ച് അസംബ്ലി മണ്ഡലങ്ങളേയുള്ളൂ. മഞ്ചേശ്വരം, കാസര്‍ഗോഡ്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ലീഗിന് തീറെഴുതി കൊടുത്ത മഞ്ചേശ്വരവും കാസര്‍ഗോഡും കഴിഞ്ഞാല്‍ വിജയ സാധ്യത മറ്റു മൂന്നു മണ്ഡലങ്ങളിലും ഇല്ല. കാസര്‍ഗോഡ് ഐഎന്‍എല്ലില്‍ നിന്നും മാറി മുസ്ലിംലീഗിലെത്തിയ എന്‍ എ നെല്ലിക്കുന്നാണ് നിലവിലെ ജനപ്രതിനിധി. നെല്ലിക്കുന്ന് തന്നെയാകും ഇത്തവണയും സ്ഥാനാര്‍ത്ഥിയെന്ന് തന്നെയാണ് ലീഗ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ബിജെപി ഇനിയും മനസ്സ് തുറന്നിട്ടില്ല. മഞ്ചേശ്വരം പോലെ തന്നെ ബിജെപിക്ക് ഒരുപക്ഷേ അപ്രതീക്ഷിത വിജയം നേടിയെടുക്കാവുന്ന മണ്ഡലം തന്നെയാണ് കാസര്‍ഗോഡെന്ന് 20 വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ അവര്‍ വിലയിരുത്തിയതാണ്. മുസ്ലിം ന്യൂനപക്ഷവും കന്നഡ ഭാഷ സംസാരിക്കുന്നവരും സഹവര്‍ത്തിത്വം നിലനിര്‍ത്തുന്ന കാസര്‍ഗോഡ് ഒരു ജാതീയവും വംശീയവും വര്‍ഗീയവുമായ ധ്രുവീകരണത്തിന് ഏറെക്കാലമായി ബിജെപി ശ്രമിച്ചു വരുന്നു. അവിടേക്ക് അവര്‍ കരുതി വച്ചിരിക്കുന്ന സ്ഥാനാര്‍ത്ഥി ഒട്ടും മോശമാകാന്‍ ഇടയില്ലെന്നാണ് ആര്‍ എസ് എസ് നല്‍കുന്ന സൂചന. ഒരുപക്ഷേ, പോരാട്ടം മഞ്ചേശ്വരത്തേക്ക് തളച്ചിട്ട് കാസര്‍ഗോഡൊരു താമര വിരിയിക്കാനുള്ള ശ്രമവും നടന്നുകൂട. സിപിഐഎമ്മിനെ സംബന്ധിച്ച് കാസര്‍ഗോഡ്, മഞ്ചേശ്വരം പോലെ അത്ര ഗതിയുള്ള സീറ്റല്ല. സാധാരണ ഗതിയില്‍ ഘടകകക്ഷികള്‍ക്ക് വിട്ടു കൊടുത്തു തടിതപ്പുകയാണ് അവര്‍ ചെയ്യാറ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അവിടെ ആരാണെന്ന കാര്യത്തില്‍ സിപിഐഎം ക്യാമ്പിനുള്ളിലും വ്യക്തമായ ധാരണയില്ല.

കാഞ്ഞങ്ങാട്ടേയ്ക്ക് എത്തുമ്പോള്‍ സീറ്റു മോഹികളുടെ ഒരു വന്‍പട തന്നെയാണ് കോണ്‍ഗ്രസിലുള്ളത്. ഡിസിസി പ്രസിഡന്റ് സി കെ ശ്രീധരന്‍ തുടങ്ങി ബാലകൃഷ്ണന്‍ പെരിയ, ഡിസിസി ജനറല്‍ സെക്രട്ടറി പി ജി ദേവ് തുടങ്ങിയവരൊക്കെ രംഗത്തുണ്ട്. ഇതില്‍ പിജി ദേവ് സുധീരന്‍ കോണ്‍ഗ്രസ് പക്ഷക്കാരനാണ്. ഇത് കൂടാതെ മലയോര നസ്രാണികളുടെ ഒരു വലിയ സ്ഥാനാര്‍ത്ഥി പട തന്നെയുണ്ട് കോണ്‍ഗ്രസില്‍. എങ്കിലും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത് അനുസരിച്ച് കോണ്‍ഗ്രസിന് അവിടെ വിജയ സാധ്യത കുറവാണ്. സി പി ഐയുടെ ഇ ചന്ദ്രശേഖരന് തന്നെയാണ് സാധ്യത. സിപിഐഎമ്മും ആ സ്ഥാനാര്‍ത്ഥിയെ മാറ്റാന്‍ ശ്രമിക്കില്ലെന്ന് വേണം കരുതാന്‍.

ഉദുമയില്‍ കോണ്‍ഗ്രസ് പാളയത്തില്‍ നിന്ന് നല്‍കുന്ന പേരുകളില്‍ ഒന്ന് സ്ഥിരം നിന്ന് തോറ്റു പോകുന്ന പാവം കെ പി കുഞ്ഞിക്കണ്ണന്റേതാണ്. കെസി വേണുഗോപാലിനെ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ച് നയിച്ച കെ പി കുഞ്ഞിക്കണ്ണന്‍ പിന്നീട് കരുണാകര ഭക്തരായ യുവ തുര്‍ക്കികള്‍ കളം മാറി ചവിട്ടിയപ്പോള്‍ ഒറ്റപ്പെട്ടുപോയ ആളാണ്. മുരളിക്കൊപ്പം ഡിഐസികെയില്‍ ഉണ്ടായിരുന്ന കെപി കുഞ്ഞിക്കണ്ണന്‍ ശുദ്ധിയുള്ള കോണ്‍ഗ്രസ് മുഖമുള്ള ഒരു വ്യക്തിത്വമാണ്. എങ്കിലും ഉദുമയില്‍ നിന്ന് ഒരു തവണ ജയിക്കാനും പിന്നീട് തോല്‍ക്കാനുമായിരുന്നു അദ്ദേഹത്തിന്റെ വിധി.

ഉദുമയിലേക്ക് സിപിഐഎം പരിഗണിക്കുന്നതായി കേള്‍ക്കുന്ന പേരുകളിലൊന്ന് ഡോ. വി പി എച്ച് മുസ്തഫയുടേതാണ്. നിലവില്‍ ജില്ലാ പഞ്ചായത്ത് അംഗമായ മുസ്തഫയ്ക്ക് ഇനി ഒരു ഊഴം കിട്ടില്ലെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. അങ്ങനെ വന്നാല്‍ ചിലപ്പോള്‍ തൃക്കരിപ്പൂരില്‍ മുസ്തഫയെ പരിഗണിച്ചേക്കാം. സിപിഐഎമ്മിന്റെ സ്ഥാനാര്‍ത്ഥിയെ ആശ്രയിച്ചിരിക്കും യുഡിഎഫ് ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തുക. കാസര്‍ഗോഡ് ജില്ലയിലെ സിപിഐഎമ്മിനുള്ളിലെ അവഗണിക്കപ്പെടുന്നവരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയാണ് പലപ്പോഴും പ്രതീക്ഷിക്കുന്നതിനേക്കാള്‍ വോട്ടുകള്‍ ഈ മണ്ഡലങ്ങളില്‍ യുഡിഎഫ് നേടിയെടുത്തിട്ടുള്ളത്.

ഇ കെ നായനാരുടെ പഴയ മണ്ഡലമായ തൃക്കരിപ്പൂരില്‍ കെ കുഞ്ഞിരാമന്‍, മുന്‍ എംഎല്‍എയും നിലവിലെ കാസര്‍ഗോഡ് ജില്ലാ സെക്രട്ടറിയുമായ കെ പി സതീശ് ചന്ദ്രനേയും പരിഗണിക്കുന്നുണ്ടെന്ന് കേള്‍ക്കുന്നു. ഇനിയിപ്പോള്‍ ഈ ജില്ലയില്‍ ആരൊക്കെ എന്തൊക്കെയെന്ന് അവസാന പട്ടിക വരുമ്പോള്‍ അറിയാം.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍