UPDATES

നിസാമിനെ ഭരണ കക്ഷിയിലെ ചിലര്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നു; പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി

അഴിമുഖം പ്രതിനിധി

വിവാദമായ തൃശ്ശൂര്‍ ചന്ദ്രബോസ് കൊലക്കേസിലെ മുഖ്യപ്രതി മുഹമ്മദ് നിസാമിനെ ഭരണകക്ഷിയിലെ ചിലര്‍ രക്ഷിക്കാന്‍ ശ്രമിച്ച സംഭവം സഭ നിറുത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അവതരിപ്പിച്ച അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. തൃശ്ശൂര്‍ ഡിസിസി പ്രസിഡന്റ്, പി എ മാധവന്‍ എംഎല്‍എ തുടങ്ങിയവര്‍ക്ക് നിസാമുമായി ബന്ധമുണ്ടെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് സിപിഎമ്മിലെ ബാബു എം പാലിശ്ശേരി ആരോപിച്ചു.

ബംഗളൂരു യാത്രയ്ക്കിടെയാണ് നിസാമിനെ രക്ഷിക്കുന്നതിനുള്ള ശ്രമം നടന്നത്. ബോധമുണ്ടായിരുന്ന സമയത്തും ആശുപത്രിയില്‍ ചെന്ന് ചന്ദ്രബോസിന്റെ മൊഴിയെടുത്തില്ല. സംഭവ സമയത്ത് ധരിച്ചിരുന്ന രക്തം പുരണ്ട വസ്ത്രങ്ങള്‍ നശിപ്പിച്ചുവെന്നും പ്രതിപക്ഷം ആരോപിച്ചു.

അതേസമയം, നിസാമിനെതിരായ എല്ലാ കേസുകളും അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സഭയെ അറിയിച്ചു. കേസിന്റെ ഗൗരവം പരിഗണിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഒത്തുതീര്‍പ്പാക്കിയ കേസുകള്‍ വിജിലന്‍സ് അന്വേഷിക്കും. നിഷാമിന്റെ സാമ്പത്തിക ഇടപാടുകള്‍ സിബിസിഐഡി അന്വേഷിക്കും. കേസുകളില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചന്ദ്രബോസിന്റെ വസ്ത്രങ്ങള്‍ നഷ്ടമായത് ആശുപത്രിയില്‍ നിന്നാണ്. വസ്ത്രം സംരക്ഷിക്കുന്നതില്‍ വീഴ്ച പറ്റിയത് ആശുപത്രി ജീവനക്കാര്‍ക്കാണ്. ഇവര്‍ക്കെതിരെ നടപടി ആലോചിക്കുന്നുവെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് പ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍