UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിഴലാട്ടം ഓര്‍മ്മിപ്പിക്കുന്നു; യുവത്വം ആഘോഷം മാത്രമല്ല, ഇടപെടല്‍ കൂടിയാണ്

Avatar

പിജിഎസ് സൂരജ്

തിരുവനന്തപുരത്തിന്റെ സാംസ്‌കാരിക ഭൂമികയില്‍ കടന്നുകയറി തനിക്കുവേണ്ട മണ്ണ് അളന്നെടുത്ത് അവിടെ പുതിയ വിപ്ലവത്തിന്റെ കൊടിനാട്ടിക്കൊണ്ടാണ് രതീഷ് രോഹിണി എന്ന ചെറുപ്പക്കാരന്റെ സാംസ്‌കാരിക ജീവിതയാത്രയുടെ തുടക്കം. പരമ്പരാഗതമായ സാംസ്‌കാരിക പുരാവൃത്തങ്ങളുടെ കാഴ്ച സിദ്ധാന്തങ്ങളെ പാടേ തള്ളിക്കളഞ്ഞുകൊണ്ട് ‘നിഴലാട്ടം’ എന്ന ഓണ്‍ലൈന്‍ കൂട്ടായ്മ രൂപീകരിക്കുമ്പോള്‍ രതീഷ് രോഹിണിയുടെ മനസ്സില്‍ ഒറ്റ ചിന്തയെ ഉണ്ടായിരുന്നുള്ളൂ. ഗോഡ്ഫാദര്‍മാര്‍ ഇല്ലാതെ കലാപ്രവര്‍ത്തനത്തിലേയ്ക്ക് കടന്നുവരാന്‍ താല്‍പ്പര്യമുള്ള യുവമനസുകളെ കണ്ടെത്തുക, പ്രോത്സാഹിപ്പിക്കുക, കൂടെനില്‍ക്കുക. രതീഷിന്റെ ശ്രമം പൂര്‍ണമായി വിജയിച്ചു എന്നുതന്നെ പറയാം.

അഞ്ചുവര്‍ഷങ്ങള്‍ക്കു മുന്‍പ് ഫേസ്ബുക്കിലൂടെ രൂപീകരിച്ച നിഴലാട്ടം എന്ന സൗഹൃദകൂട്ടായ്മയുടെ വര്‍ദ്ധിച്ചുവരുന്ന ജനകീയത സംഘാടകരെപോലും അത്ഭുതപ്പെടുത്തുന്നതാണ്. പുതിയ ചിന്തകളുടെ, സമീപനങ്ങളുടെ, പ്രതീക്ഷകളുടെ, സ്വപ്നങ്ങളുടെ സ്വതന്ത്രമായ പച്ചപ്പുകളിലേയ്ക്കുള്ള പ്രയാണമാണ് നിഴലാട്ടം. അവിടെ അനാവശ്യ ബന്ധനങ്ങളുടെ ദുര്‍ഗ്രാഹ്യതകള്‍ ഇല്ല, വരട്ടു വാദങ്ങളുടെ മനംപുരട്ടലുകള്‍ ഇല്ല, തന്‍പ്രമാണിത്ത ധാര്‍ഷ്ട്യങ്ങള്‍ ഇല്ല… ഉള്ളത് സര്‍ഗാത്മകതയുടെ കാണാകാഴ്ചകള്‍ തേടി ഭ്രാന്തമായ അന്വേഷണം നടത്തുന്ന ഒരു കൂട്ടം യുവമനസ്സുകള്‍ മാത്രം.

രതീഷ് രോഹിണിക്ക് ഒരു ദിവസം ഒറ്റയ്ക്കിരുന്നപ്പോള്‍ തോന്നിയ വെളിപാടല്ല നിഴലാട്ടം എന്ന കൂട്ടായ്മയുടെ പിറവിക്കു കാരണം. കലാപങ്ങളും കലഹങ്ങളും മാത്രമായ അരാജകത്വത്തിന്റെ ഒരു ഭൂതകാലം രതീഷിനുണ്ടായിരുന്നു. കമ്മ്യൂണിസം മുറിച്ചുമാറ്റാന്‍ കഴിയാത്ത അവയവം പോലെ ശരീരത്തിന്റെ ഭാഗം തന്നെയായിരുന്നു. പാതി വഴിയില്‍ നിലച്ചുപോയ സ്‌കൂള്‍ വിദ്യാഭ്യാസം ഇന്നോളം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ആരാജകമുഹൂര്‍ത്തങ്ങളുടെ തനിയാവര്‍ത്തനങ്ങളാല്‍ ജീവിതം ചിലപ്പോള്‍ എന്നന്നേയ്ക്കുമായി കൈവിട്ടുപോകും എന്ന അവസ്ഥയില്‍ അരുവിക്കരയിലെ വീടുവിട്ടു തിരുവനന്തപുരത്തേയ്ക്കു ചേക്കേറി. ചില സൗഹൃദ മനസുകളുടെ സഹായത്താല്‍ തിരുവനന്തപുരത്ത് താമസിക്കാന്‍ ഒരു മുറിയും നിന്നുപറ്റാന്‍ വേണ്ട സാമ്പത്തികവും കിട്ടി. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം നിലച്ചുപോയെങ്കിലും വായനയിലൂടെ ലോകത്തെ അറിയുകയായിരുന്നു രതീഷ്. കലയോടും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളോടും കുട്ടിക്കാലം മുതലേ വലിയ താത്പര്യമുണ്ടായിരുന്ന രതീഷിന്റെ മനസിലേയ്ക്ക് നിഴലാട്ടം എന്ന സാംസ്‌കാരിക കൂട്ടായ്മയുടെ ആശയം തെളിയുകയായിരുന്നു. ഫേസ്ബുക്ക് സജീവമായി തുടങ്ങിയ 2010-11 കാലഘട്ടത്തില്‍ തന്റെ മനസ്സില്‍ വന്ന ഈ ആശയം ഫേസ്ബുക്കിലൂടെ തന്നെ രതീഷ് തന്റെ സുഹൃത്തുകളുമായി പങ്കുവച്ചു. പ്രതീക്ഷിച്ചതിലും കൂടുതല്‍പേര്‍ കൂടെനില്‍ക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് പറഞ്ഞു രതീഷിനെ സമീപിച്ചു. അങ്ങനെ Breaking the Boundaries എന്ന ടാഗ് ലൈനില്‍ നിഴലാട്ടം എന്ന സാംസ്‌കാരിക കൂട്ടായ്മ പിറവിയെടുത്തു.

നിഴലാട്ടത്തിന്റെ പിറവിയെ കുറിച്ച് രതീഷ് രോഹിണി സംസാരിക്കുന്നു;

‘നവമാധ്യമങ്ങള്‍ സജീവമായി തുടങ്ങിയ 2010 കാലഘട്ടത്തില്‍ ആണ് ഞാന്‍ തിരുവനന്തപുരത്തേയ്ക്ക് വരുന്നത്. ഇന്നു തുറന്നു പറയാന്‍ കഴിയാത്ത ഭീകരമായ രാഷ്ട്രീയ സാഹചര്യങ്ങള്‍ കൊണ്ടും അരക്ഷിതവും ദരിദ്രവുമായ കുടുംബാന്തരീക്ഷവും കാരണം നാട്ടില്‍നിന്നും ഒരു ഒളിച്ചോട്ടം അത്യാവശ്യമായിരുന്നു. എന്റെ പ്രായത്തിലുള്ള മിക്ക ചെറുപ്പക്കാരെയും പോലെ ഞാനും ഫേസ്ബുക്കിലൂടെ ചാറ്റ് ചെയ്യുന്നത് പതിവായിരുന്നു. വളരെ പെട്ടെന്നു തന്നെ ഫേസ്ബുക്കിലൂടെ അനവധി സമാനചിന്താഗതിക്കാരായ കൂട്ടുകാരെ എനിക്ക് ലഭിച്ചു. ഇടയ്ക്ക് നിലച്ചുപോയ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കണം എന്ന ആഗ്രഹം മനസ്സില്‍ ഉണ്ടായിരുന്നു. എന്നാല്‍ ആരെയും അഭിമുഖീകരിക്കുവാന്‍ കഴിയാത്തതരത്തില്‍ അപകര്‍ഷതാബോധം എന്നെ വരിഞ്ഞുമുറുക്കിയിരുന്നു. ഒന്നിനും കഴിയാത്തതരത്തിലുള്ള ഒരുതരം മരവിപ്പ്. എന്നാല്‍ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട കൂട്ടുകാര്‍ എല്ലാത്തിനും ധൈര്യം തന്നു കൂടെനിന്നു.

വളരെ പെട്ടെന്ന് എന്റെ മനസില്‍ വന്ന ആശയമാണ് നിഴലാട്ടം എന്ന സംഘടനയുടെ തുടക്കമായത്. ഇന്ന് ഗോഡ്ഫാദര്‍മാരില്ലാതെ കലാപ്രവര്‍ത്തനത്തിലേയ്ക്കുള്ള കടന്നുവരവ് വളരെ ദുഷ്‌കരമാണ്. കലാപരമായ കഴിവുകള്‍ ഉണ്ടായിട്ടും അതൊന്നും പ്രകടിപ്പിക്കുവാന്‍ വേണ്ട വേദിയോ അവസരമോ ലഭിക്കാതെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന അനവധി വിദ്യാര്‍ത്ഥികളും ചെറുപ്പക്കാരുമുണ്ട് നമ്മുടെ നാട്ടില്‍. അത്തരക്കാരെ കണ്ടെത്തുകയും അവരുടെ കലാപരവും സാംസ്കാരികവുമായ സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ട അവസരമൊരുക്കുക എന്നതായിരുന്നു നിഴലാട്ടത്തിന്റെ പ്രഥമ ദൗത്യമായി ഞങ്ങള്‍ തീരുമാനിച്ചത്. യുവാക്കള്‍ നവമാധ്യമങ്ങളുടെ മുന്നില്‍ സമയം കളയുന്നു എന്ന ആരോപണം ശക്തമായി നില്‍ക്കുന്ന സമയത്തു തന്നെ നമ്മള്‍ ഫെയ്‌സ്ബുക്കിലൂടെ ഒരു വലിയ സാംസ്‌കാരിക വിപ്ലവത്തിനു തുടക്കമിടുകയായിരുന്നു. എന്റെ ഒരു സുഹൃത്ത് സമ്മാനമായി വാങ്ങിത്തന്ന ഡി.എസ്.എല്‍.ആര്‍ ക്യാമറയായിരുന്നു നിഴലാട്ടത്തിന്റെ ആദ്യപ്രവര്‍ത്തനത്തിന് തുടക്കമായത്.’

ഫോട്ടോ എക്‌സിബിഷന്‍ 
ക്യാമറ കിട്ടിയതോടെ ഞാന്‍ സ്വന്തമായി ഫോട്ടോഗ്രഫി പഠിച്ചു. ഫെയ്‌സ്ബുക്കിലൂടെ അനവധി ഫോട്ടോഗ്രാഫേഴ്‌സിനെ പരിചയപ്പെട്ടു. അവരുമായി ചേര്‍ന്ന് 2011 ല്‍ നിഴലാട്ടത്തിന്റെ ആദ്യ പരിപാടിയായ ഫോട്ടോ എക്‌സിബിഷന്‍ സംഘടിപ്പിച്ചു. അമേരിക്കയില്‍ നിന്നുവരെ ഫോട്ടോഗ്രാഫര്‍മാര്‍ ഞങ്ങള്‍ക്ക് ഫോട്ടോസ് അയച്ചുതന്നു. ഇന്ത്യയിലെ അറിയപ്പെടുന്ന പല പ്രശസ്തരായ ഫോട്ടോഗ്രാഫര്‍മാരോടൊപ്പം തന്നെ നമ്മുടെ നാട്ടിന്‍പുറത്തുള്ള പുതു തലമുറയ്ക്കും ആ എക്‌സിബിഷനില്‍ ഇടംനല്‍കുകയായിരുന്നു. സാധാരണ ഫോട്ടോ എക്‌സിബിഷനില്‍ കാണുന്നതുപോലുള്ള വര്‍ണാഭമായ ചിത്രങ്ങളായിരുന്നില്ല അത്. നിറമില്ലാത്തവര്‍ എന്ന ലേബല്‍ ഒട്ടിച്ചു സമൂഹത്തിന്റെ ഇരുണ്ട ഇടങ്ങളില്‍ പ്രതിഷ്ഠിച്ചവരുടെ ചിത്രങ്ങള്‍ ആയിരുന്നു കൂടുതലും. കരിമടം, ചെങ്കല്‍ച്ചൂള്ള, ഗുണ്ടുകാട് തുടങ്ങിയ കോളനികളിലെ നിഷ്‌കളങ്കരായ മനുഷ്യരുടെ ദയനീയ ജീവിതത്തിന്‍റെ നിറമില്ലാത്ത നേര്‍ക്കാഴ്ചകളായിരുന്നു ആ ചിത്രങ്ങള്‍. അതുപോലെതന്നെ എല്ലാവരും അല്‍പ്പം പരിഹാസത്തോടെ മാത്രം കണ്ടിരുന്ന വിവാഹ ഫോട്ടോഗ്രാഫര്‍ മാരുടെ വെഡിംഗ് ഫോട്ടോകള്‍ ഒരു ഫോട്ടോ എക്‌സിബിഷനില്‍ ആദ്യമായി വയ്ക്കുന്നത് നിഴലാട്ടം ആണ്. പലപ്പോഴും അമേച്വര്‍ ഫോട്ടോഗ്രാഫര്‍മാരായി തരംതാഴ്ത്തുന്ന അത്തരക്കാരെ തിരുവനന്തപുരം നഗരത്തില്‍ പ്രധാനമായും സംഘടിപ്പിച്ചത് നിഴലാട്ടം ആണ്. 

ഫോട്ടോഗ്രാഫി എക്‌സിബിഷന് ശേഷം തിരുവനന്തപുരത്തെ അസംഘടിതരായിട്ടുള്ള ചിത്രകാരന്മാരെ സംഘടിപ്പിച്ചുകൊണ്ട് സ്ട്രീറ്റ് പെയിന്റിംഗ്, വാള്‍ പെയിന്റിംഗ് തുടങ്ങിയ തിരുവനന്തപുരത്തിന് പരിചിതമല്ലാത്ത ഒരു ചിത്രകല സംസ്‌കാരം തന്നെ ഞങ്ങള്‍ക്ക് കൊണ്ടുവരാന്‍ കഴിഞ്ഞു. അതിന്റെയെല്ലാം തുടര്‍ച്ച എന്ന നിലയില്‍ ആണ് തിരുവനന്തപുരം നഗരത്തില്‍ ഇന്ന് കാണുന്ന ആര്‍ട്ടീരിയ ഒക്കെവന്നത്. നമ്മുടെ നാട്ടിലെ ഒരു സാധാരണ ചിത്രകാരന് എങ്ങനെ ഇത്തരം സാദ്ധ്യതകളിലേയ്ക്ക് വരാന്‍ കഴിയും. പല ചിത്രകാരന്മാരും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും സ്വന്തമായി ഒരു എക്‌സിബിഷനൊന്നും സംഘടിപ്പിക്കാന്‍ പ്രാപ്തിയിലാത്തവരും ആയിരിക്കും. അത്തരം കലാകാരന്മാരെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരാന്‍ കഴിഞ്ഞു എന്നതാണ് ചുരുങ്ങിയ കാലംകൊണ്ടുള്ള നിഴലാട്ടത്തിന്റെ പ്രധാന നേട്ടമായി ഞാന്‍ കാണുന്നത്.

ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍സ്
ഫോട്ടോ എക്‌സിബിഷന് ശേഷം ഞങ്ങള്‍ തുടക്കമിട്ട പ്രധാന പരിപാടിയായിരുന്നു ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍. ഇന്നു കേരളത്തില്‍ 125 ഓളം ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍സ് നടക്കുന്നതില്‍ പത്തോളം ഫെസ്റ്റിവല്‍സ് ആണ് നിലവാരമുള്ള രീതിയില്‍ നടക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് അത്തരം നിലവാരമാര്‍ന്ന ഫെസ്റ്റിവല്‍സിന്റെ ഭാഗമാകാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. തിരുവനന്തപുരം കാര്‍മല്‍ സ്‌കൂളിലെ എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ അണിയിച്ചൊരുക്കിയ ഡോക്യുമെന്ററിയോടൊപ്പം വിദേശ രാജ്യങ്ങളിലെ പ്രശസ്തരായ ചലച്ചിത്രകാരന്മാരുടെ ചിത്രങ്ങളും ആദ്യത്തെ ഫെസ്റ്റിവല്‍സില്‍ ഉണ്ടായിരുന്നു. തിരുവനന്തപുരത്ത് IDSFFK കഴിഞ്ഞാല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍സിനു മറ്റൊരു മികച്ച വേദിയില്ല എന്നതാണ് യാഥാര്‍ഥ്യം. IDSFFK യില്‍ നിന്ന് പല മികച്ച ഷോര്‍ട്ട് ഫിലിംസും സെലക്ഷന്‍ കമ്മിറ്റിയിലെ കോക്കസുകളുടെ ഭാഗമായി ഒഴിവാക്കപ്പെടാറുണ്ട്. അത്തരം സിനിമകള്‍ സ്‌ക്രീന്‍ ചെയ്യാന്‍ അവസരംകൊടുക്കുന്ന ഒരു ഫെസ്റ്റിവല്‍ ആണ് ഞങ്ങളുടേത്. ചലച്ചിത്ര സംവിധായകനായ ഡോ.ബിജു ആണ് നിഴലാട്ടത്തിന്റെ ആദ്യ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തത്. ഈ വര്‍ഷം നാലാം സീസണിലേയ്ക്ക് കടക്കുന്ന ഫെസ്റ്റിവല്‍ വന്‍ വിജയമാക്കാനാണ് ഞങ്ങളുടെ തീരുമാനം.

പഞ്ചമി രാവ്
ഈ കഴിഞ്ഞ വനിതാദിനത്തില്‍ കേരളത്തിലെ വിദ്യാഭ്യാസ നവോത്ഥാനത്തിന് കാരണക്കാരിയായ പഞ്ചമി എന്ന പെണ്‍കുട്ടിയുടെ സ്മരണാര്‍ഥം പഞ്ചമി രാവ് എന്ന പരിപാടി ഞങ്ങള്‍ സംഘടിപ്പിക്കുകയുണ്ടായി. അയ്യങ്കാളിയുടെ കാലഘട്ടത്തില്‍ തിരുവനന്തപുരം ഊരൂട്ടമ്പലം സ്വദേശിയായ പഞ്ചമി എന്ന താഴ്ന്ന ജാതിയില്‍ പെട്ട പെണ്‍കുട്ടിയ്ക്ക് അന്നത്തെ സവര്‍ണ മാടമ്പികള്‍ വിദ്യാഭ്യാസം നിഷേധിച്ചിരുന്നു. പഞ്ചമി പഠിച്ച സ്‌കൂളും അവള്‍ ഇരുന്നു പഠിച്ച ക്ലാസ് റൂമും ബെഞ്ചും എല്ലാം അവര്‍ അടിച്ചു തകര്‍ത്തു. ഈ സംഭവത്തിന് ശേഷമാണ് അയ്യങ്കാളിയുടെ നേതൃത്വത്തില്‍ താഴ്ന്ന ജാതിക്കാരായ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നേടാനുള്ള അവകാശ സമരങ്ങള്‍ക്ക് തുടക്കമാകുന്നത്. കഴിഞ്ഞ വനിതാദിനത്തില്‍ ശംഖമുഖം കടപ്പുറത്ത് വച്ചാണ് പഞ്ചമി രാവ് നടന്നത്. നമ്മള്‍ പുറന്തള്ളുന്ന മാലിന്യങ്ങള്‍ പെറുക്കിയെടുത്തു നഗരത്തെ ക്ലീന്‍ ആക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷനിലെ ക്ലീനിംഗ് തൊഴിലാളികളായ അഞ്ചു അമ്മമാരെയും ട്രാന്‍സ്‌ജെന്‍ഡര്‍ ആയ വിനീതിനെയും ഞങ്ങള്‍ പഞ്ചമിരാവില്‍ വച്ച് ആദരിക്കുകയുണ്ടായി.

കുന്നുകുഴി വാര്‍ഡിലെ പ്ലാസ്റ്റിക് നിര്‍മാര്‍ജനം 
തിരുവനന്തപുരം കുന്നുകുഴി വാര്‍ഡിലെ അതിഭീകരമായ പ്ലാസ്റ്റിക് കൂമ്പാരം നിര്‍മാര്‍ജനം ചെയ്തതില്‍ നിഴലാട്ടത്തിന്റെ പങ്കു വളരെ വലുതാണ്. ആ പ്രദേശത്തെ ബാധിച്ചിരുന്ന ഒരു വലിയ പ്രശ്‌നമായിരുന്നു അവിടെ കുന്നുകൂടി കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍. അതെല്ലാം ഞങ്ങളുടെ മേല്‍നോട്ടത്തില്‍ നിര്‍മ്മാര്‍ജനം ചെയ്യുകയും പ്ലാസ്റ്റിക് കുന്നുകൂടിയാല്‍ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെകുറിച്ച് അവരെ ബോധവത്കരണം നടത്തി അവിടെ നൂറോളം വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കുകയും ചെയ്തു. സാധാരണ പരിസ്ഥിതി ദിനത്തില്‍ വൃക്ഷ തൈകള്‍ വച്ചുപിടിപ്പിക്കുകയും സേവനദിനത്തില്‍ അത് വെട്ടിക്കളയുകയും ആണ് പതിവ്. എന്നാല്‍ ഞങ്ങള്‍ കുന്നുകുഴിയില്‍ നട്ട എല്ലാ വൃക്ഷതൈകളും പുഷ്ഠിയോടെ തന്നെ ഇപ്പോഴും നില്‍ക്കുന്നുണ്ട്.

അക്ഷര വീഥി എന്ന തുറന്ന വായനശാല
പൊതു വീഥികളില്‍ ഒരു വായനായിടം എന്ന വേറിട്ട ആശയവുമായി ഞങ്ങള്‍ തുടങ്ങിയ പുതിയ സംരംഭമാണ് അക്ഷരവീഥി എന്ന പേരില്‍ മാനവീയം വീഥിയില്‍ ആരംഭിച്ച തുറന്ന വായനശാല. പ്രശസ്ത എഴുത്തുകാരി വി. എസ് ബിന്ദുവിന്റെ നെറ്റിയില്‍ മുറിവുള്ള കല്ല് എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനത്തോടെയാണ് അക്ഷര വീഥിക്ക് തുടക്കമായത്. വിശാലമായ വായനയും ചര്‍ച്ചകളും ഉണ്ടായിരുന്ന ഭൂതകാല സംസ്‌ക്കാരം തിരിച്ചുകൊണ്ടുവരികയാണ് ഈ ഉദ്യമത്തിലൂടെ ഞങ്ങള്‍ ലക്ഷ്യമിടുന്നത്. ഞായറാഴ്ചകളില്‍ പുസ്തകം തെരഞ്ഞെടുക്കാനും രണ്ടാഴ്ച കാലാവധിക്കുള്ളില്‍ തിരിച്ചെത്തിക്കാനുള്ള സൗകര്യവും, മറ്റു ദിവസങ്ങളില്‍ പത്രങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യവുമാണ് ഞങ്ങള്‍ ഇപ്പോള്‍ ഒരുക്കിയിരിക്കുന്നത്. പുതിയ എഴുത്തുകാരെ പരിചയപ്പെടുത്താനുള്ള വേദിയായി കൂടി അക്ഷര വീഥി മാറും. മെമ്പര്‍ഷിപ്പ് വ്യവസ്ഥകളില്ലാതെ പുസ്തക കൈമാറ്റത്തിലൂടെ വായനയും സൗഹൃദവും വ്യാപിപ്പികുകയും, ജനകീയ കൂട്ടായ്മയിലൂടെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും ആണ് അക്ഷരവീഥിയുടെ ലക്ഷ്യം. ഫാസിസത്തിന്റെ ഈ കാലത്ത് അതിനെ പ്രതിരോധിക്കണമെങ്കില്‍ ആളുകളില്‍ വായനശീലം വളര്‍ന്നെ മതിയാകൂ. വായനയെ സ്‌നേഹിക്കുന്നവരില്‍ നിന്നും പലപ്പോഴായി ശേഖരിച്ച പുസ്തകങ്ങള്‍ കൂട്ടിവച്ചാണ് ഞങ്ങള്‍ ഈ പദ്ധതിയ്ക്ക് തുടക്കമിട്ടത്. എല്ലാ ഞായറാഴ്ചകളിലും സ്റ്റാച്യൂ ജഗ്ഷനിലെ ഞങ്ങളുടെ ഒറ്റമുറി ഓഫീസ്സില്‍ നിന്നും പുസ്തകള്‍ ഇവിടെകൊണ്ടുവന്നു വയ്ക്കാറാണ് പതിവ്. തുടങ്ങിയ ദിവസം മുതല്‍ തന്നെ മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്. ഒരാഴ്ചയായപ്പോള്‍ തന്നെ പുതിയ ഒരുപാട് വായനക്കാര്‍ പുസ്തകങ്ങള്‍ സംഭാവന നല്‍കാനായി രംഗത്ത് വന്നു. സമൂഹ മാധ്യമങ്ങള്‍ വഴി വന്‍ പ്രചാരണം ആണ് ഞങ്ങള്‍ക്ക് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ ദൂരദേശങ്ങളില്‍ നിന്നുവരെ പുസ്തകങ്ങള്‍ തരാമെന്നു പറഞ്ഞു ആളുകള്‍ വിളിക്കുന്നുണ്ട്. പണ്ട് കാലത്ത് ഏറ്റവും കൂടുതല്‍ ഗ്രന്ഥശാലകള്‍ ഉദയം ചെയ്തത് നാട്ടിന്‍ പുറങ്ങളില്‍ ആണ്. ആ നാട്ടിന്‍പുറങ്ങളില്‍ പോലും ഗ്രന്ഥശാലകള്‍ പൂട്ടിപോകുകയും പുസ്തകങ്ങള്‍ നശിച്ചുപോകുകയും ചെയ്യുന്ന ഈകാലത്ത് നഗരവാസികളായ ഞങ്ങള്‍ ഒരു നാടിനെ അതിന്റെ മറന്നുപോയ വായനാ സംസ്‌കാരത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്നത്.

ഉറഞ്ഞുകൂടുന്ന അസഹിഷ്ണുത 
നിഴലാട്ടം തിരുവനന്തപുരത്തിന്റെ സാംസ്‌കാരിക മണ്ഡലത്തില്‍ വേറിട്ട വഴിയിലൂടെ സഞ്ചരിക്കുന്ന പ്രസ്ഥാനമായി മാറുകയാണ്. ഓരോ ആഴ്ചയിലും ഞങ്ങള്‍ പുതിയ പരിപാടികള്‍ ആവിഷ്‌കരിച്ചുകൊണ്ടേയിരിക്കുന്നു. പരമ്പരാഗതമായ സാംസ്‌കാരിക ബുദ്ധിജീവി കാപട്യങ്ങളില്‍ ഞങ്ങള്‍ക്ക് വിശ്വാസമില്ല. ഞങ്ങളുടെ കൂട്ടായ്മയില്‍ ഉള്ള ഭൂരിഭാഗം പേരും 30 വയസ്സില്‍ താഴെ ഉള്ളവരാണ്. അതുകൊണ്ട് തന്നെ ഞങ്ങളെ വേണ്ട രീതിയില്‍ ഉള്‍ക്കൊള്ളുവാനോ അംഗീകരിക്കുവാനോ തിരുവനന്തപുരത്തെ തനതു സാംസ്‌കാരിക സംഘടനകള്‍ തയ്യാറല്ല. ഞങ്ങള്‍ക്കിടയില്‍ ബുദ്ധിജീവി നാട്യങ്ങളോ, ദുര്‍ഗ്രാഹ്യതകളോ, പടലപിണക്കങ്ങളോ ഇല്ല. രജനീകാന്തിന്റെ കബാലി കണ്ടാലും മോഹന്‍ലാലിന്റെ പുലിമുരുകന്‍ കണ്ടാലും അടൂരിന്റെ പിന്നെയും കണ്ടാലും ഞങ്ങള്‍ കയ്യടിക്കും. ഞങ്ങള്‍ തുടക്കമിടുന്ന എല്ലാ പരിപാടികള്‍ക്കും ലഭിക്കുന്ന ജനപങ്കാളിത്തവും മാധ്യമശ്രദ്ധയും പുരോഗമന വാദികള്‍ എന്ന് അവകാശപ്പെടുന്ന ചില സംഘങ്ങളുടെ നെറ്റിയിലെ ചുളിവുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നുണ്ട്.

ബാധ്യതകള്‍ മാത്രം ബാക്കി
ഞങ്ങള്‍ ചെയ്യുന്ന ഓരോപരിപാടിയും കഴിയുമ്പോള്‍ കടുത്ത സാമ്പത്തിക ബാധ്യതയും ആത്മസുഖവും അല്ലാതെ മറ്റൊരു നേട്ടവും ഉണ്ടാകുകയില്ല. ഇതില്‍ പ്രവര്‍ത്തിക്കുന്ന പല അംഗങ്ങള്‍ക്കും നല്ല രീതിയില്‍ ഉള്ള സാമ്പത്തിക ബാധ്യതയുണ്ട്. ചിലര്‍ തരുന്ന സംഭാവനകള്‍ ഒഴിച്ചാല്‍ കാര്യമായ സാമ്പത്തിക സഹായമൊന്നും ഞങ്ങള്‍ക്ക് ലഭിക്കാറില്ല. ഓരോ പ്രോഗ്രാം കഴിയുമ്പോഴും ഉള്ള കടം തീര്‍ക്കാനായി ഞങ്ങള്‍ ഓരോരോ ജോലികള്‍ക്കുപോകും. കടം വീട്ടിയതിനു ശേഷം വീണ്ടും ഒത്തുകൂടി അടുത്ത കാമ്പയിനെ പറ്റി ആലോചിക്കും. ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍സ് കഴിഞ്ഞപ്പോള്‍ ഉള്ള കടം രണ്ടു ലക്ഷം രൂപയാണ്. സ്‌ക്രീനിംഗ് നടത്തുന്ന കനകകുന്നിലെ ഓഡിറ്റോറിയത്തിന് മാത്രം ഒരു ദിവസം 25000 രൂപയാണ് വാടക.

ഇവരില്ലെങ്കില്‍ നിഴലാട്ടം ഇല്ല 
നിഴലാട്ടത്തിന്റെ പ്രവര്‍ത്തനത്തിന് എന്നോടൊപ്പം മുഴുവന്‍ സമയവും നിന്ന് പ്രവര്‍ത്തിക്കുന്ന നിരവധി സുഹൃത്തുകള്‍ ഉണ്ട്. വി. എസ് സജീവ് കുമാര്‍ എന്ന ചെറുപ്പക്കാരന്‍ ഇല്ലായിരുന്നെങ്കില്‍ ഇന്ന് ഈ കൂട്ടായ്മ ഉണ്ടാകുമായിരുന്നില്ല. തുടക്കകാലം മുതല്‍ ഇന്നുവരെ അവന്റെ കാശ് ഒരു പാട് ഈ കൂട്ടയ്മയ്ക്കുവേണ്ടി ചിലവാക്കിയിട്ടുണ്ട്. ഇപ്പോഴും കടം തങ്ങാതെവരുന്ന സമയത്ത് (ആഹാരം കഴിക്കാന്‍ പോലും കാശില്ലാത്ത അവസ്ഥ) അവന്റെ കാശുകൊണ്ടാണ് ഞങ്ങള്‍ കഴിഞ്ഞുകൂടുന്നത്. അതുപോലെ തന്നെ ശങ്കര്‍ തങ്കരാമന്‍, നിതീഷ് രമേശ്, അജിത് പ്രേംകുമാര്‍ , അരുണ്‍ സമുദ്ര, ആനന്ദ് ജി അയ്യര്‍, കണ്ണന്‍ നായര്‍, രവിശങ്കര്‍, പവി ശങ്കര്‍, അല്‍ ജസീം തുടങ്ങിയ സുഹൃത്തുക്കള്‍ മുഴുവന്‍ സമയവും ഉള്ള നിഴലാട്ടത്തിന്റെ സജീവ പ്രവര്‍ത്തകര്‍ ആണ്. 

ആദ്യ കാലം മുതല്‍ തന്നെ സ്‌നേഹോപദേശങ്ങള്‍ നല്‍കി ഞങ്ങളോടൊപ്പം നിന്ന കമലാലയം രാജന്‍,വി. എസ് ബിന്ദു ടീച്ചര്‍, കെ. ജി സൂരജ്, ചലച്ചിത്ര നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി, അരുണ്‍ സോള്‍ തുടങ്ങിയവരെ നിഴലാട്ടത്തിന് മറക്കാന്‍ കഴിയില്ല.

(സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനാണ് പിജിഎസ് സൂരജ്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍