UPDATES

സിനിമ

ഞാന്‍ അത്രയൊന്നും ആവാത്ത സ്റ്റീവ് ലോപ്പസിനെക്കുറിച്ച്

Avatar

വിവേക് ചന്ദ്രന്‍

‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന പരിചയപ്പെടുത്തല്‍ സൌഹൃദ ക്ഷണമായി കണ്ട് ടിക്കറ്റ്‌ എടുത്ത് അകത്തു കയറിയാല്‍ സ്റ്റീവ് ഒരു മടിയുമില്ലാതെ അവന്‍റെ സ്വകാര്യതകളിലേക്ക് നമ്മളെ വിളിച്ചു കൊണ്ടുപോകും. അവന്‍റെ അര്‍ദ്ധബോധക്കാഴ്ചകള്‍, കുളിമുറി സാഹസങ്ങള്‍/ഒളിഞ്ഞു നോട്ടങ്ങള്‍, രാത്രി കറക്കങ്ങള്‍, വാട്സാപ്പ്‌ ഇന്‍ബോക്സ്, പ്രണയം അങ്ങനെ എല്ലാം ഒരു മറയും കൂടാതെ നമുക്ക് മുന്നില്‍ അവതരിപ്പിക്കും. “ഞാനും സ്റ്റീവ് ലോപ്പസ്”, എന്ന് നമ്മള്‍ പറഞ്ഞു പോകും വിധം നമ്മളിലെക്ക് അവന്‍ ‘അതിക്രമിച്ചു കടക്കും’. ‘നമ്മള്‍ ജീവിക്കുന്ന നഗരത്തിന്‍റെ അരക്ഷിതാവസ്ഥകളിലേക്ക് എടുത്തെറിയപ്പെടാന്‍ നമ്മളെ പാകപ്പെടുത്തുക’ എന്ന സാമാന്യ ലക്ഷ്യമാണ് ഇങ്ങനെ ഒരു അതിസൗഹൃദം കൊണ്ട് രചയിതാവ് കൂടിയായ സംവിധായകന്‍ രാജീവ്‌ രവി നേടിയെടുക്കുന്നത്. പപ്പുവിന്‍റെ ക്യാമറയും ഈ ‘ആഭിചാര’ത്തിന് സംവിധായകന് കൂട്ടാവുന്നു.

സ്റ്റീവ് ഏറ്റവും നിരുത്തരവാദപരമായി, സൌഹൃദങ്ങളും പ്രണയവും ഒക്കെയായി നഗരത്തിലൂടെ പുളച്ചു നടക്കുന്ന കാലത്താണ് ചിത്രം തുടങ്ങുന്നത്. നഗരം/പിതാവ് അവനെ ഏറെ ശ്രദ്ധയോടെ സംരക്ഷിച്ചു പോരുകയും അവന്‍റെ ചെറിയ നിയമ ലംഘനങ്ങള്‍ വാത്സല്യത്തോടെ പൊറുക്കപ്പെടുകയും ചെയ്യുന്നു. എന്നാല്‍ സാമാന്യമായ നമ്മുടെ കാഴ്ച/ അനുഭവത്തിന് അപ്പുറത്ത് ഒരു counter സമൂഹം ഉണ്ടെന്ന തിരിച്ചറിവ് അവനു കിട്ടുകയും അതിന്‍റെ രുചി അറിയുകയും ചെയ്യുന്നതോടു കൂടി അവന്‍റെ ചുറ്റുപാടുകള്‍, കണ്ടതിനെ ഒക്കെ മറന്നു കളയാന്‍ ആവശ്യപ്പെട്ട്, അവനെ പല രീതിയില്‍/തലത്തില്‍ ബ്ലാക്ക്മെയില്‍ചെയ്തു തുടങ്ങുന്നു. സാഹസികനാണ് സ്റ്റീവ്. അപകടപ്പെടുത്തുന്ന ജിജ്ഞാസയോടെ അവന്‍ നടന്നു കയറുന്നത് നഗരത്തിന്‍റെ ക്രൈം സിന്‍ഡികേറ്റില്‍ പെട്ട ഹരി എന്ന യുവാവിന്‍റെ സ്വകാര്യ ജീവിതത്തിലേക്കാണ്. ഇവിടെ സമൂഹത്തിനും കുടുംബത്തിനും വ്യത്യസ്ത റെഫെറന്‍സ് ഫ്രെയിമുകള്‍ ആണെന്നുള്ള വസ്തുതയിലേക്ക് നമ്മള്‍ വീണ്ടും എത്തുന്നു. സമൂഹം ബ്ലാക്ക് ലിസ്റ്റ്ചെയ്ത പലരും സ്വന്തം കുടുംബത്തിന്‍റെ എല്ലാ നിയമങ്ങള്‍ക്കും വഴങ്ങി ജീവിക്കുന്നു എന്ന് പറയുമ്പോള്‍ നമ്മുടെ സമൂഹത്തിനു എന്തോ ഗുരുതരമായ പ്രശ്നം ഉണ്ടെന്നു വരുന്നു. എന്നാല്‍, ഹരിയിലെ മനുഷ്യനെ അടയാളപ്പെടുത്തുന്നതില്‍ സംവിധായകന്‍ ഒട്ടൊക്കെ വിജയിച്ചെങ്കില്‍ കൂടി, നമ്മള്‍ കണ്ടു പരിചയിച്ചതില്‍ നിന്നും ഒട്ടൊന്നും വ്യത്യസ്തമായ അവതരണം. അല്ല അയാളുടേത്. ഗുണ്ടകളുടെ പെണ്മക്കള്‍ (അതത്രയേ ഉള്ളു) നാരങ്ങ മിഠായി ആണ് സാധാരണയായി തിന്നാറ്, നമുക്കതറിയാം.

തന്നെ തടവിലാക്കുന്ന ഹരിയോട് സ്റ്റീവിന് Stockholm syndromeല്‍ നിന്നുടലെടുക്കുന്ന ഒരടുപ്പം തോന്നിയിരുന്നെന്ന് വേണം കരുതാന്‍. (സ്ഫോടനം നടന്ന ഹോട്ടലില്‍ നിന്നും മറ്റാരൊക്കെ ബാക്കി ഉണ്ടെന്നു പോലും നോക്കാന്‍ മിനക്കെടാതെ, തന്നോട് സൌഹൃദപരമായി പെരുമാറിയ ഹരിയുടെ ‘എര്‍ത്തി’നെ പോലും അവഗണിച്ച്, ഹരിയെ മാത്രം കൊണ്ടാണ് സ്റ്റീവ് യാത്ര തിരിക്കുന്നത്. ഹരിക്ക് എന്ത് സംഭവിച്ചു എന്നറിയാനുള്ള അത്ര ജിജ്ഞാസ താന്‍ തന്നെ ആശുപത്രിയില്‍ ആക്കിയ പ്രതാപന്‍റെ അനിയന്‍റെ കാര്യത്തില്‍ സ്റ്റീവ് കാണിക്കുന്നില്ല എന്നതും ശ്രദ്ധേയം ആണ്. ) ഈ ഘട്ടത്തില്‍ സ്റ്റീവ് ലോപ്പസ് ഇംതിയാസ് അലിയുടെ ‘ഹൈവേ’യുമായി ചില അതിരുകള്‍ പങ്കു വെക്കുന്നു. എന്നാല്‍ ‘ഹൈവേ’യില്‍ കൈവിട്ടു പോയ പലതും രാജീവ്‌ രവി കൈയ്യൊതുക്കത്തോടു കൂടി സ്വരൂപിച്ചു നമുക്ക് തരുന്നു.

പെട്ടെന്ന് ഒരു നിമിഷം ഹരി മാഞ്ഞു പോയതിനുള്ള കാരണം സ്റ്റീവ് ചോദിക്കുമ്പോള്‍ ഭരണകൂടത്തിന്‍റെ പ്രതിനിധിയായ “പയല്”കള്‍ അത് ഏറ്റവും ധാര്‍ഷ്ട്യത്തോട് കൂടി അവഗണിക്കുന്നു. (“സാത്താന്‍ എന്നൊരാള്‍ ജീവിച്ചിരുന്നതിന് നിങ്ങള്‍ക്ക് വല്ല തെളിവും ഉണ്ടോ, Mr. ലോഹിതദാസ് ?” എന്ന ‘സ്റ്റോപ്പ്‌ വയലന്‍സി’ലെ പോലിസ് ചോദ്യം തന്നെ!). ഒട്ടും യാദൃശ്ചികം അല്ലാത്ത തിരഞ്ഞെടുപ്പാണ് സുജിത് ശങ്കര്‍ അവതരിപിച്ച കഥാപാത്രത്തിന് ഹരി എന്ന പേര്. സ്റ്റീവിന്‍റെ “ഹരിക്കെന്തു പറ്റി ?” എന്ന ചോദ്യത്തിനുള്ള മറുപടി 28 വര്‍ഷം മുന്‍പ് ഇറങ്ങിയ ഭരണകൂട ഭീകരത ചര്‍ച്ച ചെയ്ത ജോണ്‍ അബ്രഹാമിന്‍റെ ‘അമ്മ അറിയാ’നിലെ കഥാപാത്രം ആവര്‍ത്തിക്കുന്നുണ്ട്, “നമ്മുടെ ഹരിയില്ലേ? അവന്‍ മരിച്ചു”. സ്റ്റീവ് ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങുന്നതോടുകൂടി അത്ര കാലം “മോനെ” എന്ന് വിളിച്ചിരുന്ന മോഹനന്‍ അങ്കിള്‍ അതൊരു തെറി വാക്കായി ഉപയോഗിക്കുന്നു. “നീയെന്‍റെ അനിയന്‍ തന്നെയാണ്” എന്ന് പറയുന്ന പ്രതാപേട്ടനോട് ചോദ്യം ആവര്‍ത്തിക്കുമ്പോള്‍ “ദേ ഈ പടി കയറിയാല്‍ മെയിന്‍ റോഡ്‌ ആയി, നേരെ വിട്ടോ” എന്ന് പറയുന്നതും ശ്രദ്ധേയം ആണ്. സ്റ്റീവിന്‍റെ ചോദ്യങ്ങള്‍ അവന്‍റെ അമ്മ പോലും എത്ര നിസംഗമായാണ്‌ കൈകാര്യം ചെയ്യുന്നത് എന്നത് അല്‍പ്പം വിചിത്രമായി തോന്നാം. മകന്‍ വീട് വിട്ടു പോകുമ്പോഴും അവര്‍ അതിനു കാരണക്കാരന്‍ ആയ അവന്‍റെ അച്ഛനെ, അദ്ദേഹത്തിന്‍റെ ദൌര്‍ബല്യത്തെ, അല്ല കുറ്റപ്പെടുത്തുന്നത്, പകരം മകനോടാണ് ചോദിക്കുന്നത്, “നിനക്ക് എന്ത് പറ്റിയെടാ” എന്ന്. ഭരണകൂടത്തിന്‍റെ രീതികളോട് അവര്‍ അത്രയധികം സമരസപ്പെട്ട് കഴിഞ്ഞിരിക്കുന്നു എന്നത് മനസിലാക്കാം, എന്നാല്‍  മകനെ നഷ്ടപ്പെട്ട് തുടങ്ങുന്നു എന്ന ഘട്ടത്തില്‍ പോലും അവര്‍ക്ക് അതിനെ ചോദ്യം ചെയ്യാന്‍ കഴിയുന്നില്ല എന്നുള്ളത് ഒരല്‍പം ഭയപ്പെടുത്തുന്ന അവസ്ഥയാണ്.

ഒരു സമരസപ്പെടലിലൂടെ തന്‍റെ ജീവിത സൌഭാഗ്യങ്ങളിലേക്ക് തിരിച്ചു വരാന്‍ ഏതു ഘട്ടത്തിലും പറ്റുമായിരുന്നിട്ടും സ്റ്റീവ് അതിനൊന്നും നില്‍ക്കാതെ അവന്‍റെ  പ്രായത്തില്‍ പറയാന്‍ കഴിയുന്ന ഏറ്റവും ഘനമുള്ള സത്യം ഹരിയുടെ ഭാര്യക്ക് മുന്നില്‍ അവതരിപ്പിച്ചു മറഞ്ഞു പോയി. സ്റ്റീവിനെ നമുക്ക് അങ്ങോട്ട്‌ പിടികിട്ടുന്നില്ല എന്നുള്ളത് തന്നെയാണ് ഈ കാലഘട്ടത്തില്‍ ഈ ചിത്രത്തിന്‍റെ പ്രസക്തി. സാമാന്യ അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ‘ഞാന്‍’ എന്ന പ്രേക്ഷകന് ‘സ്റ്റീവ് ലോപ്പസ്’ എന്ന ചെറുപ്പക്കാരനിലേക്ക് എത്താന്‍ എടുക്കുന്ന ദൂരം ആണ് ‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ചലച്ചിത്രം. മനുഷ്യത്വം ഉള്ളവര്‍ക്ക് ഈ കാലഘട്ടത്തില്‍ ജീവിക്കണമെങ്കില്‍ ഒന്നുകില്‍ സ്റ്റീവിനെ പോലെ നിരന്തരം കലഹിച്ചും അല്ലെങ്കില്‍ അവന്‍റെ കൊച്ചച്ഛനെ പോലെ മിക്കവാറും സമയങ്ങളില്‍ ബോധം നശിപ്പിച്ചും മാത്രമേ കഴിയൂ എന്ന് പറഞ്ഞു വെക്കുന്നു സ്റ്റീവ് ലോപ്പസ്.  

“അന്നയും റസൂലും” പറയുന്നത് പ്രണയമെന്ന കലാപത്തെ കുറിച്ചാണ്. സമൂഹവും ഭരണകൂടവും കുടുംബവും പലകുറി എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടും അത് വകവെക്കാതെ മുന്നോട്ടു പോകാന്‍ ശ്രമിച്ച്, വീട് വിട്ടിറങ്ങി, കടപ്പുറത്തെ രക്ഷകനില്‍ അഭയം പ്രാപിച്ച്, വര്‍ദ്ധിച്ച ഉള്‍ക്കരുത്തോടെ തിരിച്ചു വന്ന് സമൂഹത്തോട് ഏറ്റുമുട്ടി തോല്‍വി അടയുന്ന നായകന്‍ തന്നെയാണ് ഒരു തരത്തില്‍ സ്റ്റീവും.പലകുറി ആവര്‍ത്തിച്ച ‘മതം-മട്ടാഞ്ചേരി-സാമൂഹ്യ വിരുദ്ധര്‍-തീവ്രവാദി എന്ന സമവാക്യം പൊളിക്കല്‍ ശ്രമങ്ങള്‍’ പിന്‍പറ്റുന്ന, ഒരല്‍പം ആശയക്കുഴപ്പമുള്ള രാഷ്ട്രീയം പേറുന്ന, പ്രണയ കഥയാണ്‌ അന്നയും റസൂലും എങ്കില്‍ സ്റ്റീവ് ലോപ്പസ് കൃത്യമായ കണ്‍വിക്ഷനോട് കൂടി നിര്‍മിച്ച ലക്ഷണമൊത്ത രാഷ്ടീയ ചിത്രം ആണ്. ‘അന്നയും റസൂലും’ ബലിക്കല്ലിനെ ഓര്‍മിപ്പിക്കും എങ്കില്‍ ‘സ്റ്റീവ് ലോപ്പസ്’ ബലിക്കത്തിയെ ഓര്‍മിപ്പിക്കും.

ബെസ്റ്റ് ഓഫ് അഴിമുഖം 

ഉറക്കെ കൂവുന്ന സ്റ്റീവ് ലോപ്പസിനെ കൂവി തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നവര്‍-അമല്‍ ലാല്‍ എഴുതുന്നു
സ്റ്റീവ് ലോപ്പസ് നിങ്ങളെ അസ്വസ്ഥരാക്കും, അത്ഭുതപ്പെടുത്തും
പച്ച ടിവിഎസ് മോപ്പെഡില്‍ വരുന്ന സൂപ്പര്‍സ്റ്റാര്‍
നിങ്ങള്‍ക്കും വെജിറ്റേറിയനാകാം; എങ്ങനെയെന്ന് ശൈവം പഠിപ്പിക്കും
വീനസ് ഇന്‍ ഫര്‍: ഞരമ്പ് രോഗത്തിനും ഹിംസയ്ക്കുമപ്പുറം നമ്മോട് പറയുന്നതെന്ത്?

 ‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ ചിലപ്പോള്‍ ‘കിരീട’ത്തിലെ ഹെഡ് കോണ്‍സ്റ്റബിള്‍ അച്യുതന്‍ നായരെയും മകന്‍ സേതുമാധവനെയും ഓര്‍മിപ്പിക്കും, അല്ലെങ്കില്‍, കുറ്റകൃത്യങ്ങളെ കുറിച്ച് ഭരണകൂടത്തിനു ഒറ്റിക്കൊടുത്തതിനു രക്തസാക്ഷിയാകേണ്ടി വന്ന ‘ധന’ത്തിലെ ശിവശങ്കരനെ. നല്ല സൌഹൃദങ്ങള്‍, കാത്തിരിക്കാന്‍ ഒരു പെണ്ണ്, ഏറെ ആഗ്രഹിച്ചു കിട്ടാന്‍ പോകുന്ന ജോലി, പോലീസുകാരനായ അച്ഛനിലൂടെ നിയമ വ്യവസ്ഥയില്‍ നിന്നും തരമാവുന്ന ചെറിയ ഇളവുകള്‍, ആരോഗ്യകരമായ കുടുംബാന്തരീക്ഷം എന്നിങ്ങനെ ഹൃദ്യമായ ജീവിത ചുറ്റുപാടുകളില്‍ നിന്നും രാമപുരത്തെ തെരുവിലേക്ക് എടുത്തെറിയപ്പെട്ട് അവസാനം ഒട്ടും പ്രതീക്ഷിക്കാത്ത മരണത്തില്‍ (സ്റ്റീവിന്‍റെ അന്തിമ വിധിയോടു ഏറെ സാമ്യം ഉള്ള) ചെന്നെത്തിയ സേതുമാധവന്‍ പക്ഷെ ഒരിക്കലും ഇത്ര ആത്മവിശ്വാസത്തോട് കൂടി ‘ഞാന്‍ സേതുമാധവന്‍’ എന്ന് പറയില്ല. കാരണം, സേതുമാധവനും ശിവശങ്കരനും ഒക്കെ ഗതികേട് അല്ലെങ്കില്‍ സ്വാര്‍ത്ഥത കൊണ്ടാണ് പ്രതികരണ ശേഷി കൈവരിക്കുന്നതെങ്കില്‍ സ്റ്റീവ് തന്‍റെ വഴി സ്വയം തിരഞ്ഞെടുക്കുകയാണ്.

നന്മ തിന്മകളെ കൃത്യമായി കഥാപാത്രങ്ങളില്‍ പങ്കു വെച്ച് കൊടുത്ത് അവര്‍ തമ്മില്‍ തല്ലി തീര്‍ക്കുമ്പോള്‍ നമുക്ക് സ്വസ്ഥമായി വീട്ടില്‍ പോകാന്‍ കഴിയുന്ന ജനപ്രിയ സമീപനം അല്ല രാജീവ്‌ രവി തുടക്കം മുതലേ പിന്‍ പറ്റുന്നത്. എല്ലാ യഥാര്‍ത്ഥ കഥനങ്ങളെയും പോലെ ‘സ്റ്റീവ് ലോപ്പസ്’ ഒരു തുടര്‍ച്ചയാണ്. ക്ലൈമാക്സ്‌ ഫ്രീസ് ചെയ്യപ്പെടുമ്പോള്‍ സ്റ്റീവ് പതിയെ നമുക്കുള്ളില്‍ വളരുന്നു. ഇനി ശ്രദ്ധിച്ചാല്‍ സ്റ്റീവിന്‍റെ അംശങ്ങള്‍ സംവിധായകന്‍ രാജീവ്‌ രവിയിലും കാണാന്‍ സാധിക്കും. ജനപ്രിയ സിനിമ സംരംഭങ്ങളില്‍ തന്‍റെ മേല്‍വിലാസം കൊണ്ട് സ്വീകാര്യനായിരുന്നിട്ടും വ്യക്തമായ രാഷ്ട്രീയം സംസാരിക്കുന്ന, വലിയ സാമ്പത്തിക വിജയങ്ങള്‍ ആവാന്‍ തരമില്ലാത്ത, സിനിമകള്‍ ചെയ്യാന്‍ രാജീവ്‌ രവി കാണിക്കുന്ന ധൈര്യത്തിന് ഒരു പടക്കം കൈയ്യടി. അതി സൂക്ഷ്മമായി ഒരുക്കപെട്ട ഒന്നാണ് സ്റ്റീവ് ലോപ്പസ്സിന്‍റെ അവസാന രംഗം. സ്റ്റീവിന്‍റെ ഭ്രമകല്‍പ്പനകളും, കഥാപാത്രങ്ങളുടെ മുറുക്കമുള്ള നിശബ്ദതയും, പൊടുന്നനെയുള്ള അന്ത്യവും ചിത്രത്തിന് പല തരത്തില്‍ ഉള്ള വ്യാഖ്യാനങ്ങള്‍ നല്‍കാന്‍ ഉതകുന്നതാണ്. അവസാനരംഗം ഹരിയെ നഷ്ടപ്പെടുത്തിയ കുറ്റബോധത്തില്‍  നിന്നുടലെടുത്ത സ്റ്റീവിന്‍റെ ഭ്രമകല്‍പ്പന മാത്രമാണെന്നും, ഹരിയുടെ ഭാര്യയോടു നടത്തിയ കുമ്പസാരത്തോട് കൂടി അത് അവസാനിക്കുന്നില്ലെന്നും, എന്നിരിക്കിലും സ്റ്റീവ് സുരക്ഷിതന്‍ ആണെന്നും കരുതി സ്വസ്ഥമായി വീട്ടിലേക്ക് നടക്കാന്‍ ആണ് ഞാന്‍ ആഗ്രഹിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍