UPDATES

സിനിമ

സ്റ്റീവ് ലോപ്പസ് നിങ്ങളെ അസ്വസ്ഥരാക്കും, അത്ഭുതപ്പെടുത്തും

Avatar

മാധവി  പരിയാത്ത്

നിഷ്കളങ്കതയെ കുറിച്ചുള്ള നഷ്ടബോധമാണ് ഓരോ കലാപത്തിന്റെയും കാതല്‍”

ഇത് പറഞ്ഞത് ആരായാലും, ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന പരീക്ഷണ സിനിമ തുടങ്ങുന്നത് ഈ വാചകത്തിന്റെ നിഴലിലാണ്. അത് കടന്നു പോകുന്ന വഴികള്‍ പിന്തുടരുന്നതും ഈ ആശയം തന്നെ. 

വെള്ളിത്തിരയില്‍ ‘loss of innocence’ന്റെ കഥ ഇതിനു മുന്‍പ് അന്നയിലൂടെയും റസൂലിലൂടെയും മട്ടാഞ്ചേരിയുടെ കായല്‍ വഴികളില്‍ വച്ച് പറഞ്ഞ രാജീവ്‌ രവി എന്ന മികച്ച ക്യാമറക്കണ്ണുള്ള  സംവിധായകന്‍ ഇത്തവണ കാന്‍വാസാക്കുന്നത് തിരുവനന്തപുരം നഗരമാണ്. നമ്മുടെ യാഥാര്‍ഥ്യങ്ങളും യാഥാര്‍ഥ്യങ്ങള്‍ എന്ന് നാം ധരിക്കുന്നവയും തമ്മിലെ അന്തരം ഓരോ നിമിഷവും ഓര്‍മിപ്പിച്ചു കൊണ്ട്, വളരെ ലളിതമായി കഥ പറഞ്ഞു എന്ന് തോന്നിപ്പിക്കെത്തന്നെ കാഴ്ചക്കാരന്റെ ഉള്ളിലേക്ക് ആഴത്തില്‍ ഇറങ്ങിയെത്തുന്ന അനുഭവമാവുകയാണ് ഞാന്‍ സ്റ്റീവ് ലോപ്പസ്.

‘മുടുക്കുകളും’ രാജവീഥികളും ഒരു താരതമ്യത്തിന് ശ്രമിക്കുന്ന പോലെ മാറിമാറി പറയുന്ന കഥ ഒരേ നഗരത്തിലെ ഏതാനും മനുഷ്യരുടേതാണ്. അറിയാതെ കെട്ട് പിണയുന്ന അവരുടെ ജീവിതങ്ങളുടേതാണ്. എന്നാല്‍ ആ കഥകള്‍ നടക്കുന്നത് പല തലങ്ങളിലാണ്. ഒരു കുമിള പോലെ, നഗരത്തിന്റെ രാജവീഥികളില്‍ ഇടയ്ക്കു പൊങ്ങി മറയുന്ന ചില അടിയൊഴുക്കുകളിലേക്ക് തികച്ചും ആകസ്മികമായി ചെന്ന് പെടുന്ന സ്റ്റീവ് എന്ന കൌമാരക്കാരന്റെ ജീവിതം അതുവരെയും ഒരു സുരക്ഷിത സുഖവലയത്തിലായിരുന്നു. അയല്‍ക്കാരിയായ പെണ്‍കുട്ടിയോടുള്ള തരളമായ പ്രണയം, വലിയ ഒച്ചപ്പാടുകളില്ലാത്ത കുടുംബാന്തരീക്ഷം, പ്രിയപ്പെട്ട കുറച്ചു സുഹൃത്തുക്കള്‍, അവരുടെ കൂടെയുള്ള ചില കൊച്ചു ‘സന്തോഷങ്ങള്‍’, പിന്നെ ചില ബന്ധുക്കള്‍; പരുക്കനായ പോലീസുകാരനാണെങ്കിലും മകന്റെ കൌമാരം കാണിക്കുന്ന കുഞ്ഞു കുസൃതികളോട് കണ്ണടക്കുന്ന, മകനെ ഒരുപാട് സ്നേഹിക്കുന്ന അച്ഛന്‍. അങ്ങനെ സാമാന്യം സ്വച്ഛമായ ഒരു ജീവിതം.

അവന്റെ മുന്നില്‍ വിചാരിച്ചിരിക്കാതെ തുറക്കുന്ന ജീവിതങ്ങളും അതുവരെ ഉപരി-മധ്യവര്‍ഗ ജീവിതം അവനെ കാണിക്കാന്‍ കൂട്ടാക്കാത്തതും അവന്‍ കാണേണ്ടി വന്നിട്ടില്ലാത്തതുമായ തികച്ചും വ്യത്യസ്തമായ ചിലതുണ്ട്. അവിടെ ആയുധമേന്തി ആക്രോശിക്കുന്ന, ചോര ചീറ്റാന്‍ മടിയില്ലാത്ത ഒരു മറുവശമുണ്ട്. അവന്‍ അച്ഛനും ഭര്‍ത്താവും മകനും കൂട്ടുകാരനുമാണ്. അവന്റെ പഴ്സില്‍ അവന്റെ പെണ്ണിന്റെ പടമുണ്ട്, മൊബൈലില്‍ അവളുടെ പേര് വിളിക്കുന്ന പാട്ടുണ്ട്, അവരുടെ കുഞ്ഞിന്റെ കൊഞ്ചല്‍ കേള്‍ക്കാന്‍ അവന്‍ അവരെ ഇടയ്ക്കു വിളിക്കുന്നുമുണ്ട്. എന്നാല്‍ ഇവയൊന്നും ഒരു തരത്തിലും അവരുടെ തൊഴിലോ മനോഭാവമോ സാധൂകരിക്കുന്നില്ല എന്നതും സ്വാഗതാര്‍ഹമാണ്. പോലീസിന്റെ മകന്റെ കഥ പോലെ തന്നെ ഗുണ്ടയുടെയും കഥ ഇവിടെ പറയുന്നു, പച്ചയായി. അവരും മറ്റുള്ളവരെപ്പോലെ ജനിക്കുന്നു, സ്നേഹിക്കുന്നു, മരിക്കുന്നു, പിണങ്ങുന്നു, ഇണങ്ങുന്നു.

സ്റ്റീവ് ലോപ്പസിന്റെ ജീവിതം അടി പതറുന്ന നിമിഷം അപ്രതീക്ഷിതമാണെങ്കിലും, പിന്നീടങ്ങോട്ട് അതിന്റെ യഥാര്‍ത്ഥ ചതിക്കുഴികള്‍ മനസ്സിലാകാതെ പോകുന്നത് അവന്‍ മാത്രമാണ്. എന്തുകൊണ്ട് നഗര ജീവിതത്തില്‍ മുന്നില്‍ വന്നു പെടുന്ന ചിലതിനോട് കണ്ണടക്കണം എന്ന് മനസ്സിലാക്കാതെ, പിന്നെ അത് മറ്റുള്ളവര്‍ അവനെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍, അത് ഉള്‍ക്കൊള്ളാന്‍ അവനിലെ മനുഷ്യന് ആകാതെ വരുമ്പോള്‍, സ്റ്റീവ് കടന്നു പോകുന്ന അഗ്നിപരീക്ഷ നഷ്ടപ്പെടുത്തുന്നത് അവന്റെ നിഷ്കളങ്കത തന്നെയാണ്. ജീവിതത്തെ കുറിച്ചും വ്യക്തികളെക്കുറിച്ചും ഉള്ള അവന്റെ കാഴ്ചപ്പാടുകള്‍ തന്നെയാണ്. അവന്‍ തേടുന്ന ഉത്തരം ഒടുവില്‍ വരേയ്ക്കും കിട്ടാതെ വരുമ്പോള്‍ ആ നഷ്ടം ഒരു കലാപമായി, ഒരു സ്വാതന്ത്ര്യ പ്രഖ്യാപനമായി ഉയരുകയാണ്.

അപ്പോള്‍ ആടി ഉലയുന്നത് അവന്റെ അച്ഛന്റെ, കൂട്ടുകാരുടെ, കാമുകിയുടെ അങ്ങനെ ആരുടെയൊക്കെയോ മനസ്സുകളാണ്, അവര്‍ക്ക് സ്റ്റീവ് എന്ന വ്യക്തിയെക്കുറിച്ചുള്ള ചിത്രമാണ്. സ്വാഭാവികമായ, പ്രതീക്ഷിതമായ ഒരു പരിസമാപ്തിയിലേക്ക് സിനിമ വന്നു നില്‍ക്കുമ്പോള്‍ കാഴ്ചയുടെ അനുഭവം ചെന്നെത്തുന്ന പച്ചയായ യാഥാര്‍ത്ഥ്യത്തിന്റെ ആ ഉന്നതമായ ഇടം കാഴ്ചക്കാരനെ വിട്ടു പിരിയാന്‍ കൂട്ടാക്കുകയില്ല. അതിശയോക്തിയോ, ആഡംബരമോ ഇല്ലാതെ, ഒതുക്കത്തോടെ, ഒഴുക്കോടെ ഇങ്ങനെ കഥ പറഞ്ഞു പോകുമ്പോള്‍ ഈ സിനിമ എടുക്കുന്ന റിസ്ക്‌ ചില്ലറയല്ല. അതും ആകെ പുതുമുഖങ്ങള്‍ നിരക്കുന്ന വെള്ളിത്തിരയില്‍.

ഫാസില്‍ കുടുംബത്തിലെ ഇളമുറക്കാരന്‍ ഫര്‍ഹാന്‍ ആണ് സ്റ്റീവ് ആയി എത്തുന്നത്‌. കളി മാറാത്ത പ്രകൃതം എന്ന് കാമുകി തന്നെ പരാതി പറയുന്ന ഈ കഥാപാത്രം പൊതുവേ നിസ്സംഗനാണ്. ജീവിതം ആ മുഖംമൂടി ചീന്തി എറിയുമ്പോഴും അമിതാഭിനയത്തിലേക്ക് തീരെ വഴുതി പോകാതെ സ്റ്റീവ് എന്ന കഥാപാത്രമായി ജീവിക്കാന്‍ ഫര്‍ഹാന് കഴിഞ്ഞിട്ടുണ്ട്.

ഉപകഥാപാത്രങ്ങളായി വന്നെത്തിയ പലരും മനസ്സില്‍ തങ്ങി നില്‍ക്കുന്ന ചില വരകള്‍ കോറിയിട്ടു പോയിട്ടുണ്ട്. എടുത്തു പറയേണ്ടത് ഫ്രെഡി കൊച്ചച്ചന്‍, ഹരി എന്ന ഗുണ്ട, അയാളുടെ ഭാര്യ, മോഹന്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്‍ എന്നീ കഥാപാത്രങ്ങളാണ്. അലന്‍സിയര്‍, വിനായകന്‍, ഡോ.അംബി എന്നിവര്‍ പതിവ് പോലെ തങ്ങളെ  ഏല്‍പ്പിച്ച ജോലി ഭംഗിയായി ചെയ്തു. നായകന്റെ കാമുകി മോശമായില്ല. നായകന്റെ സുഹൃത്തുക്കള്‍, അമ്മ, അയല്‍ക്കാരി, ഇടയ്ക്ക് കഥാവസരം അവശ്യമാക്കുന്ന ഡോക്ടര്‍, ഗുണ്ടയുടെ കൂട്ടാളികള്‍ ഇങ്ങനെ കുഞ്ഞു റോളുകള്‍ ചെയ്തവരും മനസ്സില്‍ തങ്ങി നില്‍ക്കുന്നു.

ഭദ്രമായ സ്ക്രിപ്റ്റ്, സ്വാഭാവികമായ വെളിച്ചത്തിന്റെ നിഴലുകളും നിറങ്ങളും ചന്തം ചോര്‍ന്നു പോകാതെ ഒപ്പിയെടുത്ത ക്യാമറ,  അലോസരപ്പെടുത്താതെ കഥയുടെ ഗതിക്കൊപ്പം നിന്ന സംഗീതം, കൃത്യവും വിദഗ്ദ്ധവുമായ ചിത്രസംയോജനം, ഇങ്ങനെ ഒട്ടനവധി നല്ല കാര്യങ്ങള്‍ ഈ സിനിമയെ കുറിച്ച് പറയാനുണ്ട്. എന്നാലും എടുത്തു പറയേണ്ട കാര്യം ഇങ്ങനെ റിയാലിറ്റി കാണിക്കുമ്പോഴും കഥ പറയുന്നത് ഒട്ടും ഇഴഞ്ഞില്ല എന്നതാണ്. അന്നയും റസൂലും കണ്ടപ്പോള്‍ ഒരു പ്രധാന പരാതിയായി തോന്നിയത് അതായിരുന്നു.

ബെസ്റ്റ് ഓഫ് അഴിമുഖം

സ്വപ്നങ്ങളുടെ നോട്ടുപുസ്തകം മഞ്ജു വാര്യര്‍ വീണ്ടും തുറക്കുമ്പോള്‍
അതിര്‍ത്തികളില്ലാത്ത ഫില്‍മിസ്ഥാന്‍
ബാംഗ്ലൂര്‍ ഡെയ്സിലെ ചെറു പുഞ്ചിരികള്‍
‘കൂതറ’യും കോട്ടുവായിടുന്ന കൂതറകളും
ഫഹദ് ഫാസില്‍ എന്ന മെട്രോ കോടാലിക്കൈ

തിരുവനന്തപുരത്തിന്റെ ഭാഷയും കാഴ്ചകളും അരസികമാക്കാതെ വെള്ളിത്തിരയില്‍ എത്തിച്ചതും നല്ല കാര്യം. ഇവിടെ അതിശയോക്തി കലര്‍ത്താന്‍ എത്ര എളുപ്പമായിരുന്നു. അത് സംവിധായകന്‍ ഒഴിവാക്കിയത് നന്നായി. ‘ഊരാകെ കലപില’ എന്നൊരു തിരുവനന്തപുരം ഭാഷപ്രയോഗത്തിലുള്ള പാട്ട് ആദ്യം ഈ സംശയം തോന്നിച്ചെങ്കിലും അത് അങ്ങനെ അവസാനിച്ചില്ല. അതും നന്നായി.

കണ്ടു തിരികെ എത്തി ഒരുപാട് നേരം കഴിഞ്ഞും ഈ സിനിമ നിങ്ങളെ അസ്വസ്ഥരാക്കും, വിഷമിപ്പിക്കും. ഗൌരവമായി സിനിമയെ കാണുന്നവര്‍ക്ക് സിനിമയെ കുറിച്ചുള്ള തങ്ങളുടെ സങ്കല്പം തന്നെ ഈ ലോപ്പസ് മാറ്റിമറിച്ചു എന്ന്  തോന്നിയാല്‍ അദ്ഭുതപ്പെടാനില്ല. തീര്‍ച്ചയായും  മലയാള സിനിമയുടെ വഴി തിരിച്ചു വിട്ട ഒരു സിനിമയായി ഞാന്‍ സ്റ്റീവ് ലോപ്പസ് എണ്ണപ്പെടുക തന്നെ ചെയ്യും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍