UPDATES

സിനിമ

ഞങ്ങളുടെ വീട്ടിലെ കോമാളികളും മന:ശാസ്ത്രത്തിന്റെ അന്ത്യകൂദാശയും

Avatar

എന്‍ രവിശങ്കര്‍

നമ്മുടെ സിനിമകള്‍ പോലെ മനഃശാസ്ത്രത്തിനു ഇത്ര ചീത്ത പേരുണ്ടാക്കുന്ന സിനിമകള്‍ അധികമുണ്ടാവില്ല. മനോരോഗികള്‍ ഇത്ര അധികമുള്ള ഒരു സമൂഹത്തിനു ഈ ശാസ്ത്രശാഖ വളരെ ജനപ്രിയത ഉള്ള ഒരു സങ്കല്‍പ്പമാണ് എന്നതായിരിക്കാം കാരണം. അതു കൊണ്ട് തന്നെ ഏറ്റവും അധികം വ്യാജന്മാര്‍ വിലസുന്ന ഒരു മേഖലയുമാണിത്. വളരെ സങ്കീര്‍ണ്ണമായ കാര്യങ്ങളെ കുട്ടിക്കളി പോലെ കരുതി ഗുളിക രൂപത്തില്‍ സമൂഹത്തിനെ തീറ്റിക്കലാണ് വ്യാജന്മാരുടെ പരിപാടി. ഫലത്തില്‍, ഇവര്‍ സമൂഹത്തെ കൂടുതല്‍ രോഗാവസ്ഥയിലേക്ക് തള്ളിവിടുകയേ ചെയ്യുകയുള്ളൂ. ഇതില്‍ ഏറ്റവും ദുര്‍ബലമായ അവസാനത്തെ കണ്ണി ആണ് ‘ഞങ്ങളുടെ വീട്ടിലെ അതിഥികള്‍’ എന്ന സിനിമ.

പതിവ് പോലെ കൊച്ചു കുടുംബങ്ങളെയാണ്‌ വ്യാജന്മാര്‍ ആക്രമിക്കുക. കാരണം, സിനിമ കാണാന്‍ വരുന്നത് മിക്കവാറും ഇവരാണല്ലോ. സ്നേഹസമ്പന്നമായ കുടുംബം. പൂത്ത കാശും. അവിടേക്ക് ഒരു ദുരന്തം കടന്നു വരുന്നു. കുഞ്ഞിന്റെ മരണം. ഭാര്യയുടെ മനോനില തെറ്റുന്നു. അവള്‍ക്കും ഭര്‍ത്താവിനും ഇടയില്‍ അസ്വാരസ്യം ഉടലെടുക്കുന്നു. അത് മനോരോഗം ആയി മാറുന്നു. ഒടുവില്‍ മനഃശാസ്ത്രജ്ഞന്‍റെ സഹായത്തോടെ അത് പരിഹരിക്കപ്പെടുന്നു. ഒരു കുഞ്ഞിന്റെ സ്ഥാനത്ത് അവര്‍ക്ക് ഇരട്ട കുഞ്ഞുങ്ങള്‍ ഉണ്ടാവുന്നു. ശുഭം.

എത്ര ഒറിജിനല്‍ ആണ് കഥയെന്നു ഇതില് നിന്ന് മനസ്സിലായല്ലോ. പക്ഷെ, അങ്ങനെ കരുതാന്‍ വരട്ടെ. വീട്ടിലേക്കു ചില അതിഥികള്‍ വരാനുണ്ട്. ഭര്‍ത്താവിനു അവിഹിത ബന്ധം ഉണ്ടെന്നു ഭാര്യ സംശയിക്കുന്നു. അയാളുടെ സംഭാഷണങ്ങള്‍ അവള്‍ തെറ്റായി കേള്‍ക്കുകയാണ്. (ഒച്ചകള്‍ കേള്‍ക്കുക എന്നത് സ്കീസോഫ്രേനിയയുടെ ഒരു ലക്ഷണം ആണല്ലോ.) അതിനാല്‍ പകരത്തിനു പകരമായി അവള്‍ തന്നെത്തന്നെ ഒരു കാമുകി ആയി സങ്കല്‍പ്പിക്കുന്നു. രണ്ടു ജാരന്മാര്‍. (അവള്‍ പാണ്ഡവപുരം എന്ന നോവല്‍ വായിക്കുന്നുണ്ട്.) ഒരാള്‍ വക്കീലായ ഭര്‍ത്താവിന്റെ കക്ഷിയായ ഒരു കൊലപ്പുള്ളി. രണ്ടാമത്തെത് വീടിനെതിരെയുള്ള സൈന്‍ബോര്‍ഡിലെ  യുവാവ്. ഇവര്‍ രണ്ടു പേരും കൂടി ഉണ്ടാക്കുന്ന പുകിലുകളാണ് ചിത്രത്തിന്റെ മുഖ്യ ഭാഗവും. ഇവിടെയാണ്‌ വ്യാജന്‍ കിടന്നു കളിക്കുന്നത്.

ഒന്ന് അവള്‍ വ്യാജപ്പേരില്‍ (തന്റെ മരിച്ചു പോയ കൂട്ടുകാരിയുടെ പേരില്‍) കൊലപ്പുള്ളിക്ക് പ്രണയ ലേഖനങ്ങള്‍ അയക്കുന്നു. രണ്ട്, ഇല്ലാത്ത ജാരനുമായി മോണോ ആക്ട്‌ കളിക്കുന്നു. മോണോ ആക്ട്‌ ആണ്  വ്യാജന്റെ മുഖ്യ ആയുധം. ഭാര്യക്ക്‌ അയാള്‍ റിയല്‍ ആണത്രേ. മറ്റുള്ളവര്‍ക്ക് അയാളെ കാണാന്‍ കഴിയുകയുമില്ല. അയാള്‍ ശരിക്കും തന്റെ അടുത്ത് ഉള്ള പോലെ ആണ് ഭാര്യ അയാളോട് പെരുമാറുന്നത്. കണ്ട് നില്‍ക്കുന്ന ഭര്‍ത്താവിനും അത് ചെയ്യേണ്ടി വരുന്നു. അമ്മായി അമ്മയ്ക്കും അമ്മായി അപ്പനും അത് കാണേണ്ടി വരുന്നു. You are the doctor എന്ന് ഭര്‍ത്താവിനോട് പറയുന്ന ഒരു ഡോക്ടറും കൂടിയാവുമ്പോള്‍ വിഡ്ഢിത്തരത്തിന് അതിരില്ലാതാവുന്നു.

ഇല്ലാത്ത ആള്‍ക്ക് കാറിന്റെ ഡോര്‍ തുറന്നു കൊടുക്കേണ്ടി വരുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാവുന്നു നമ്മള്‍. ഭാര്യയും അരൂപിയായ ജാരനും തമ്മില്‍ വഴക്കുണ്ടാക്കുക എന്നതാണത്രേ ചികിത്സ. ഒടുവില്‍ ‘ചികിത്സയുടെ’ (!) ഫലമായി അരൂപിയായ ജാരന്‍ അപ്രത്യക്ഷനാവുമ്പോള്‍ രൂപമുള്ള കൊലപ്പുള്ളിയെന്ന സാങ്കല്‍പ്പിക ജാരന്‍ അഭയം തേടുന്നത് അവര്‍ണനായ ദരിദ്രനായ താന്‍ ഇതൊന്നും മോഹിക്കരുതായിരുന്നു എന്ന ആപ്ത വാക്യത്തിലാണ്. സവര്‍ണയായ ഭാര്യക്ക്‌ അങ്ങിനെയൊരു കത്തെഴുത്തിനെപ്പറ്റി ഓര്‍മയേ ഇല്ല.

അങ്ങനെ ജനനന്മയ്ക്ക് വേണ്ടിയുള്ള ശാസ്ത്രം വിജയിക്കുന്നു. മനഃശാസ്ത്രം വിജയിക്കുന്നു. വ്യാജന്‍ വിജയിക്കുന്നു. സന്തുഷ്ടരായ ദമ്പതികള്‍ക്ക് ഇരട്ടക്കുട്ടികള്‍ ജനിക്കുന്നു. കുടുംബം വിജയിക്കുന്നു.

ഇതില്‍ ഭര്‍ത്താവ് കുറച്ചു വക്കീല്‍പ്പണിയും കുറച്ചു ഭൂമി കച്ചവടവും ഒക്കെയായി കഴിഞ്ഞു കൂടുന്ന സാധാരണ ഒരു മലയാളി ആണ്. പാവം തോന്നും കണ്ടാല്‍. ഭാര്യ അങ്ങനെ അല്ല. സാധാരണ മലയാളി പെണ്ണുങ്ങളെ പോലെയല്ല. ഇവള്‍ കണ്ടമാനം പുസ്തകങ്ങള്‍ വായിക്കും. അവളുടെ മുറി സ്വന്തം മുറി ആണെന്നും ഭര്‍ത്താവിനു അനുവാദമില്ലാതെ കയറാന്‍ പാടില്ലെന്നും പറയുന്ന ആളാണ്‌. അവളുടെ മുറി ബ്രിട്ടീഷ് മ്യൂസിയം പോലെ ആണെന്ന് ഭര്‍ത്താവിനു പരാതി ഉണ്ട്. ഇപ്പോള്‍ കാര്യം പിടിത്തം കിട്ടിയില്ലേ. അവള്‍ ജാര സംസര്‍ഗം ഭാവിച്ചത് അവള്‍ വായിക്കുന്ന കൂട്ടത്തില്‍ ആയതു കൊണ്ടാണ് എന്നാണ് ഭാഷ്യം. വായിക്കാത്ത പെണ്ണുങ്ങളെ കല്യാണം കഴിച്ചാല്‍ പ്രശ്നം തീര്‍ന്നു.

ഇത്രയും ലളിതമായ കാര്യം പറയാനാണ് ഇത്രയും പൈസയും പണവും ചിലവഴിച്ചത്. ചിത്രത്തിന്റെ പ്രധാന പരാധീനത, അത് കൊണ്ട് തന്നെ, രചനയും സംവിധാനവുമാണ്. അടിമുടി കൃത്രിമത്വം നിഴലിക്കുന്നു. ജയറാം പതിവ് ഭര്‍ത്താവിന്റെ റോളില്‍ തന്നെ. പ്രിയാമണിയാണ് ചിത്രത്തിലെ ഏക ആശ്വാസം. കൂടെ കലാഭവന്‍ ഷാജോണും. സംഗീതവും മികച്ചതാണ്.

കടുത്ത മനശാസ്ത്ര പ്രശ്നങ്ങളെ ലാഘവപ്പെടുത്തി കോമാളിക്കളിയാക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെയും പ്രശ്നം. കണ്മുന്നില്‍ വെച്ചു സ്വന്തം കുഞ്ഞു പിടഞ്ഞു മരിക്കുന്നത് കണ്ട ഒരു അമ്മയുടെ കഥയാണ് യഥാര്‍ത്ഥത്തില്‍ ഇതെന്നെങ്കിലും ഇതിന്റെ സൃഷ്ടാക്കള്‍ ഓര്‍ക്കണമായിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍