UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എല്‍ഡിഎഫ് വരും, വന്നു കഴിഞ്ഞാല്‍ ശരിയാക്കേണ്ടത് പ്രാദേശിക നേതാക്കളെ

Avatar

അഴിമുഖം പ്രതിനിധി

പോമോനെമോദി ഹാഷ് ടാഗിനെ മറക്കൂ, കേരളത്തിന് തെരഞ്ഞെടുക്കാന്‍ ഇടതുപക്ഷത്തിന്റെ ഗുണ്ടാരാജും കോണ്‍ഗ്രസിന്റെ അഴിമതിയും മാത്രമേയുള്ളൂ. സ്‌ക്രോള്‍.ഇന്‍ എന്ന ഇംഗ്ലീഷ് ഓണ്‍ലൈന്‍ മാധ്യമത്തില്‍ കേരള നിയമസഭ തെരഞ്ഞെടുപ്പിനെ കുറിച്ചു വന്ന അവലോകനത്തില്‍ നിന്നുള്ളതാണ് ഈ വാചകം.

പ്രശസ്ത സോപാന സംഗീതജ്ഞനായ ഞരളത്ത് രാമപ്പൊതുവാളിന്റെ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ ഇത്തവണ എല്‍ഡിഎഫിനോ യുഡിഎഫിനോ അല്ല വോട്ടു ചെയ്തത്. ഉറച്ച കോണ്‍ഗ്രസുകാരിയായ അവര്‍ ഒരിക്കല്‍ എല്‍ഡിഎഫിനും വോട്ടു ചെയ്തിട്ടുണ്ട്. എന്തുകൊണ്ട് അവര്‍ വോട്ടു ചെയ്തില്ലെന്നും നിരവധി അഭിപ്രായ വ്യത്യാസങ്ങള്‍ പ്രാദേശിക സിപിഐഎം നേതാക്കളുമായുണ്ടെങ്കിലും എന്തുകൊണ്ട് താനൊരു കമ്മ്യൂണിസ്റ്റായി തുടരുമെന്നും മകന്‍ ഞരളത്ത് ഹരിഗോവിന്ദന്‍ ഫേസ് ബുക്കില്‍ വിശദീകരിക്കുന്നു. പക്ഷേ, ഇടതിന്റെ ഗുണ്ടാരാജിനും കോണ്‍ഗ്രസിന്റെ അഴിമതിക്കും പകരം മറ്റു ചിലര്‍ക്കുവേണ്ടിയും വോട്ട് രേഖപ്പെടുത്താമെന്ന് രാമപ്പൊതുവാളിന്റെ ഭാര്യയുടെ വോട്ട് ഓര്‍മ്മിപ്പിക്കുന്നു.

ഞരളത്ത് ഹരിഗോവിന്ദന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ഉറച്ച കോണ്‍ഗ്രസ് വോട്ടര്‍ ആയിരുന്നു അമ്മ. ആ അമ്മയെക്കൊണ്ട് ഞാന്‍ നിര്‍ബന്ധിച്ച് ആദ്യമായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.ശശികുമാറിനു വോട്ട് ചെയ്യിച്ചു. അങ്ങനെ മാറി ചെയ്യേണ്ടി വന്നതില്‍ അമ്മ വോട്ടു കഴിഞ്ഞു വന്നു ശരിക്കും വേദനയോടെ എന്നോട് പറഞ്ഞു. അയാള്‍ അന്നു ജയിച്ചു. ഞങ്ങളുടെ ഗ്രാമത്തിനുപകാരമാവുംവിധം ഞെരളത്തിനൊരു സ്മാരകമുണ്ടാക്കുന്ന കാര്യം, അമ്മയുടെ പെന്‍ഷന്‍ കാര്യം തുടങ്ങി യാതൊന്നിലും അദ്ദേഹത്തിനു യാതൊന്നും ചെയ്യാനായില്ലെന്നു മാത്രമല്ല പ്രാദേശിക പാര്‍ടി പ്രവര്‍ത്തകരില്‍ ചിലരുടെ അപക്വവും അസൂയാവഹവുമായ റിപ്പാര്‍ട്ടിംഗ് വിശ്വസിക്കേണ്ടുന്ന ഗതികേടിന് വിധേയനായതുകൊണ്ട് ഈ വക വിഷയത്തില്‍ ചെയ്യാവുന്ന യാതൊരു ഉപകാരവും അന്നു ചെയ്തില്ല. ഒടുവില്‍ ഇടക്കലേല വിവാദാനന്തരം അക്കാദമി നിശ്ചയിച്ച ഒരു സംഗീതോല്‍സവം മാത്രം വെറും 13 പേര്‍ കാണികളായി പങ്കെടുക്കും വിധം വഴിപാടായി നടത്തി.

അടുത്ത തെരഞ്ഞെടുപ്പില്‍ ആര്‍ക്കു വോട്ടു ചെയ്യണമെന്നു ഞാന്‍ അമ്മയോട് പറഞ്ഞില്ല. ആ ശശികുമാര്‍ മഞ്ഞളാംകുഴി അലിയോട് തോറ്റു. വാര്‍ഡ് മെമ്പര്‍ മുതല്‍ എംഎല്‍എ വരെ യുഡിഎഫുകാര്‍ വന്നു. ലീഗിന്റെ പഞ്ചായത്ത് പ്രസിഡണ്ട്, കോണ്‍ഗ്രസിന്റെ വാര്‍ഡ് മെമ്പര്‍ എന്നിവര്‍ ഒരു അപേക്ഷപോലും നല്‍കാതെ കലാശ്രമത്തിലേക്കു റോഡ് ടാര്‍ ചെയ്യിച്ചു. എല്‍ഡിഎഫിന്റെ പഞ്ചായത്ത് പ്രസിഡണ്ട് അങ്ങോട്ട് റോഡ് ഉണ്ടാക്കുമെന്നു കലാശ്രമത്തില്‍ വന്നു പ്രഖ്യാപിച്ചു പോയ വീഡിയോ കിടക്കുന്നു.!! ആ വ്യക്തിയാണ് ഇന്നു ആ മണ്ഡലത്തില്‍ എംഎല്‍എ ആവാന്‍ ജനവിധി തേടിയ എല്‍ഡിഎഫുകാരന്‍!!!

യുഡിഎഫിലെ എ.പി.അനില്‍കുമാര്‍ ഒരു അപേക്ഷ പോലും നല്‍കാതെ കലാശ്രമത്തില്‍ 25 ലക്ഷം രൂപയുടെ മ്യൂസിയം കെട്ടിടം ഡിടിപിസി വഴി നിര്‍മിച്ചു. ഉദ്യോഗസ്ഥരുടെ തെമ്മാടിത്തം കൊണ്ട് ഇപ്പോഴും ആ കെട്ടിടത്തിനു നമ്പര്‍ പോലും ഇട്ടിട്ടില്ല. വീണ്ടും ഒരു അപേക്ഷ പോലും നല്‍കാതെ തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ സര്‍ക്കാര്‍ ചെലവില്‍ ആദ്യമായി സോപാന സംഗീതോല്‍സവം നടത്തി. ഈ മേഖലയില്‍ എനിക്കാവശ്യമുള്ളതെല്ലാം ചെയ്തത് യുഡിഎഫ്! എല്‍ഡിഎഫ് ഒന്നും ചെയ്തില്ലെന്നു മാത്രമല്ല കിട്ടുന്ന സന്ദര്‍ഭങ്ങളിലെല്ലാം പ്രാദേശിക സിപിഐഎമ്മുകാരില്‍പ്പെട്ട പലരും (ഔദ്യോഗിക പാര്‍ടി തീരുമാന പ്രകാരമൊന്നുമല്ല കെട്ടോ) കണക്കറ്റു ദ്രോഹിച്ചു. വേദനിപ്പിച്ചു.

കലാശ്രമത്തില്‍ രണ്ടു തവണ കുമ്മനം രാജ ശേഖരന്‍ സ്വയം സന്നദ്ധനായി വന്നുപോയിട്ടുണ്ട്. പി.ടി.തോമസും, വി.ടി.ബല്‍റാമും സ്വയം സന്നദ്ധരായും, പി.ശ്രീരാമകൃഷ്ണനും, ടി.കെ.ഹംസയും ഞാന്‍ ക്ഷണിച്ച പ്രകാരവും വന്നിട്ടുണ്ട്. പി.ടി.തോമസ് ലൈബ്രറി നിര്‍മിക്കാന്‍ മൂന്ന് ലക്ഷം അനുവദിച്ചു. ഫണ്ട് മലപ്പുറം ഓഫീസില്‍ വന്നെങ്കിലും സാങ്കേതികത്വം പറഞ്ഞു അത് വാങ്ങാനാവാതെ തിരിച്ചുപോയി. മ്യൂസിയത്തിനു ഭരണസമിതിയുണ്ടാക്കാനായി കൂടിയ യോഗത്തിലും സിപിഐഎമ്മിന്റെ പഞ്ചായത്ത് മെമ്പര്‍ സ്ഥാനത്തിരിക്കുന്ന ഭൂമി കച്ചോടക്കാരനും മേല്‍ പറഞ്ഞ മുന്‍ എല്‍ഡിഎഫ് പഞ്ചായത്ത് പ്രസിഡണ്ടും രാഷ്ട്രീയം പറഞ്ഞ് ഭീഷണി മുഴക്കി യോഗം കലക്കി പോയി. ”ആ പ്രദേശത്ത് ഭൂരിപക്ഷം സിപിഎഎം അനുഭാവികളാണെന്നും ഞങ്ങളെ മാനിക്കാതെ ഹരിഗോവിന്ദനു ഒന്നും ചെയ്യാനാവില്ലെന്നും ഹരിഗോവിന്ദന്‍ ”SURRENDER’ ആവണമെന്നും ഒക്കെയാണ് യോഗത്തില്‍ സിപിഐഎമ്മുകാര്‍ പറഞ്ഞത്. കാതലായ വിഷയത്തില്‍ ഒന്നും നടന്നില്ല.നമ്പര്‍ പോലും ഇട്ടിട്ടില്ലാത്ത കെട്ടിടത്തിന് ഭരണസമിതിയുണ്ടാക്കലും കുളം.!

ആ വീരവാദങ്ങള്‍ കഴിഞ്ഞ ഉടന്‍ വന്ന തെരഞ്ഞെടുപ്പില്‍ എന്റെ ജന്‍മഗ്രാമത്തില്‍ ആ പഞ്ചായത്തിന്റെ ചരിത്രത്തിലാദ്യമായി ബി.ജെ.പി. അക്കൗണ്ട് തുറന്നു. അപ്പോഴേക്കും ഞാന്‍ ഷൊര്‍ണൂരിലേക്കു താമസം മാറിയിരുന്നു. ടി.പി.വധവുമായി ബന്ധപ്പെട്ട് എന്റെ പ്രതികരണങ്ങളില്‍ എന്നോട് ഔദ്യോഗിക സിപിഐഎമ്മിനു അകല്‍ച്ച ഉണ്ടെന്നറിയാമെങ്കിലും നവകേരള മാര്‍ച്ചിനു ക്ഷണിച്ചപ്പോള്‍ മടി കൂടാതെ പോയി. ഇപ്പോള്‍ കുടിലുകളുണ്ടാക്കുന്ന എന്റെ സ്ഥലം പാര്‍ടിക്കു വിട്ടുകൊടുക്കാമെന്നു രേഖാമൂലം ഉറപ്പും നല്‍കിയിരുന്നു. ആവുന്നത്ര സന്ദര്‍ഭങ്ങളില്‍ എല്‍ഡിഎഫിന്റെ പ്രചാരകനായി ഇപ്പോഴും പ്രവര്‍ത്തിക്കുന്നു. എന്റെ വ്യക്തി ജീവിതത്തില്‍ ആ പേരും പറഞ്ഞു നടക്കുന്ന ചെറിയൊരു ശതമാനത്തിന്റെ ഭാഗത്തു നിന്നും കടുത്ത ദ്രോഹവും വേദനയും അനുഭവിച്ചിട്ടുണ്ട് എങ്കിലും എല്ലാരും എല്‍ഡിഎഫിനു വോട്ടു ചെയ്യണമെന്നേ അഭ്യര്‍ഥിച്ചിട്ടുള്ളു. ആ പാര്‍ടിയിലും മുന്നണിയിലും വിവരം കെട്ട ഒരുപാട് കഴുതകള്‍ നാടുമുഴുവന്‍ സാധുക്കളെ ദ്രോഹിച്ചും വിരട്ടിയും കഴിയുന്നുണ്ട്. അതിന്റെ ദോഷം പാര്‍ടി അനുഭവിക്കുന്നുമുണ്ട്. എന്നെ പിന്തുണച്ചില്ല, എന്നെ ദ്രോഹിച്ചു, എന്നെ വേദനിപ്പിച്ചു എന്നതൊക്കെ കണക്കിലെടുത്താല്‍ ഞാനിന്ന് ഏറ്റവും വെറുക്കേണ്ടത് സിപിഐഎമ്മിനെയാണ്. പക്ഷെ എന്റെ വ്യക്തിപരമായ സ്വാസ്ഥ്യത്തിനുള്ളതല്ല എന്റെ ഒരു വിശ്വാസങ്ങളും. ഞാന്‍ മറ്റൊരു പാര്‍ടിയെ പിന്‍തുണക്കാന്‍ പോയാല്‍ അവിടെയും ഇതേപോലെ ചില താപ്പാനകളും മാടമ്പിമാരും അന്തംകമ്മികളും ഗുണ്ടകളും മോറല്‍ പോലീസുകാരും എല്ലാം ഉണ്ടാവും. അത്തരം ചാഞ്ചാട്ടങ്ങള്‍ക്കൊന്നും ഞാനില്ല. ജനാധിപത്യരീതിയില്‍ വിജയിച്ചു വന്നവര്‍ ആരായാലും അവരെ മാനിക്കും. വിധേയപ്പെടില്ല. ആരു വന്നാലും വ്യക്തിപരമല്ലാത്ത ചെറിയ ചില പൊതു കാര്യങ്ങള്‍ ഞാന്‍ ആവശ്യങ്ങളായി അവതരിപ്പിക്കും.

എന്റെ അമ്മ ഈ തവണ എല്‍ഡിഎഫിനും യുഡിഎഫിനും അല്ല വോട്ട് ചെയ്തത് എന്നറിഞ്ഞു. ആര്‍ക്കു ചെയ്യണമെന്ന് ഞാന്‍ പറയാനേ പോയില്ല. ഒരു സാധാരണ നാട്ടിന്‍പുറത്തുകാരിയായ അമ്മയ്ക്ക് മകനെ ദ്രോഹിച്ചവരോടും ആ സമയത്തൊന്നും പ്രതികരിക്കാതെ കയ്യുംകെട്ടി നോക്കി നിന്നവരോടും പൊറുക്കാനായിട്ടുണ്ടാവില്ല. കേരളത്തിലെ ഒരുസാധാരണ അമ്മയുടെ മനസാണത്. ഞാന്‍ പൊറുക്കുംപോലെ അവര്‍ക്കാവില്ലല്ലോ. ആകയാല്‍ എല്‍ഡിഎഫ് വന്നാല്‍ ആദ്യം ശരിയാക്കേണ്ടത് പാര്‍ടിയിലെ പ്രാദേശിക നേതാക്കളെയാണ് എന്ന് അഭ്യര്‍ഥിക്കുന്നു. അവര്‍ക്കു വ്യക്തി വൈരാഗ്യങ്ങള്‍ തീര്‍ക്കാനും മേല്‍ ഘടകങ്ങളിലേക്ക് നുണയും തെറ്റും റിപ്പോര്‍ട് ചെയ്യാനും ഭൂമി കച്ചോടവും പാടം നികത്തലും നടത്താനും പാര്‍ടിയെ സമ്മര്‍ദ്ദത്തിലാക്കും വിധമുള്ള കൊലപാതകങ്ങള്‍,മോറല്‍ പോലീസിംഗ് വിരട്ടലുകള്‍ എന്നിവ നടത്താനും ഉള്ള ലൈസന്‍സല്ല എല്‍സി മെമ്പര്‍, സെക്രട്ടറി തുടങ്ങിയ അടിസ്ഥാന പദവികള്‍ എന്നു അവരെ ബോധ്യപ്പെടുത്തുക. പോസ്റ്ററൊട്ടിക്കലും മുദ്രാവാക്യം വിളിയും പോലീസ് സ്റ്റേഷന്‍ മാര്‍ച്ചു നടത്താനും സര്‍ക്കാര്‍ പദ്ധതികളുടെ ഉദ്ഘാടന ഘോഷം സംഘടിപ്പിക്കാനും വോട്ടിനായി പ്രത്യേക വിഭാഗങ്ങളെ പ്രീണിപ്പിക്കാനും മാത്രമുള്ളതല്ല പാര്‍ടി. പകരം കുളങ്ങള്‍ ശുദ്ധീകരിക്കുക, പാവങ്ങള്‍ക്കായി വീട് നിര്‍മ്മിക്കാന്‍ അധ്വാനിക്കുക, വിഷമില്ലാത്ത പച്ചക്കറി, ഗ്രാമ നന്‍മകളുടെ സംരക്ഷണം, കോര്‍പറേറ്റുകളെ പ്രതിരോധിക്കുന്ന വ്യക്തിജീവിത പ്രചാരണം, ജാതിമതാദി ജീവിതങ്ങളുടെ നിരുല്‍സാഹപ്പെടുത്തല്‍ എന്നിവ ഒറ്റപ്പട്ട രീതിയില്‍ പാര്‍ടി പ്രവര്‍ത്തകര്‍ ചെയ്തു വരുന്നുണ്ടെങ്കിലും അവ വിപുലവും ശക്തവുമാക്കണം.

എല്‍ഡിഎഫ് വരും. പക്ഷെ ആദ്യം ശരിയാക്കേണ്ടത് മേല്‍പറഞ്ഞവയാണ്. അപ്പോള്‍ അധികാരവും സര്‍ക്കാര്‍ ഫണ്ടും ഒന്നുമില്ലെങ്കിലും എല്ലാം ശരിയാവും. വിരട്ടിയല്ല സ്‌നേഹിച്ചും പിന്‍തുണച്ചും പൊറുത്തും മുന്നണിയിലേക്ക് ആളെ കൂടുതല്‍ ആകര്‍ഷിക്കാനാണ് എല്‍ഡിഎഫില്‍ ഇനി ശ്രമം ശക്തമാക്കേണ്ടത്. ഇന്നു ഞാന്‍ എല്‍ഡിഎഫിലെ പി.കെ.ശശിക്കു വോട്ടു ചെയ്തു. അയാളോ മുന്നണിയോ എല്ലാം തികഞ്ഞവരായിട്ടല്ല. എത്ര വേദനകള്‍ അതില്‍പെട്ട ചില വിവരദോഷികളില്‍ നിന്നും ഉണ്ടായാലും എനിക്കിഷ്ടമാണാ ആശയം. ആതില്‍ നിന്നും യെച്ചൂരി വരെ വ്യതിചലിച്ചേക്കാം. പക്ഷെ എന്നെപ്പോലെ ആയിരങ്ങള്‍ക്ക് കമ്യൂണിസ്‌ററ് ആവാതെ ജീവിക്കാനറിയില്ല. അതിന്റെ സ്ഥാപനങ്ങളില്‍ നിന്നും വ്യക്തിപരമായി ഒന്നും നേടില്ല. മരണം വരെ. പക്ഷെ 80 നോടടുക്കുന്ന എന്റെ അമ്മ മാറിയിരിക്കുന്നു. ”എന്റെ കുട്ടിയെ ദ്രോഹിച്ചോരാ” എന്നും പറഞ്ഞുവത്രേ! അമ്മയുടെ സമാന മനസ്‌കരെ എല്‍ഡിഎഫ് ഗൗരവമായി തന്നെ പരിഗണിച്ച് തെറ്റുകള്‍ തിരുത്തണം. അപ്പോള്‍ എല്ലാം എല്ലാം താനേ ശരിയാവും. എല്‍ഡിഎഫ് വരികയല്ല…ഇനി പോവുകയേ ഇല്ല. പോവാന്‍ അനുവദിക്കരുത്. 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍