UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇവിടെ കാര്യങ്ങള്‍ ഗുരുതരമാണ്; കാശ്മീരില്‍ നിന്ന്‍എന്‍കെ പ്രേമചന്ദ്രന്‍ എംപി

Avatar

കാശ്മീര്‍ താഴ്വരയിലെ സംഘര്‍ഷങ്ങള്‍ ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ജനങ്ങളുടെ സാധാരണജീവിതം നഷ്ടപ്പെട്ടിട്ട്  57 ദിവസങ്ങള്‍ പിന്നിട്ടു. സമാധാന ശ്രമങ്ങളുടെ ഭാഗമായി സര്‍വ്വകക്ഷി സംഘത്തോടൊപ്പം കാശ്മീരിലെത്തിയ ആര്‍.എസ്.പി എം.പി എന്‍കെ പ്രേമചന്ദ്രന്‍ എഴുതുന്നു.  

 

കഴിഞ്ഞ 57ദിവസമായി കാശ്മീരില്‍ കടകള്‍ പോലും തുറക്കുന്നില്ല. ചില സമയങ്ങളില്‍ മാത്രമാണ് കര്‍ഫ്യൂവില്‍ ഇളവു വരുത്തുന്നത്. കടകമ്പോളങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളുമെല്ലാം അടഞ്ഞുകിടക്കുന്നു. സര്‍ക്കാര്‍ ഓഫീസുകളില്‍ നാമമാത്രമായ ഹാജര്‍ മാത്രമാണുള്ളത്. വാഹനങ്ങളൊന്നും ഓടുന്നില്ല. രാവിലെയും വൈകുന്നേരവും കുറച്ചു സമയം മാത്രമാണ് കര്‍ഫ്യുവില്‍ ഇളവ് വരുന്നത്. സര്‍വ്വകക്ഷി സംഘം പ്രധാനമായും ഉന്നയിച്ച ആവശ്യവും അത് തന്നെയായിരുന്നു. സ്കൂളുകളും സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു തുടങ്ങണം. മുന്‍ കാലങ്ങളില്‍ ശ്രീനഗര്‍ പോലെയുള്ള നഗരങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രക്ഷോഭങ്ങളും കലാപങ്ങളുമാണ് നടന്നിരുന്നത്. പക്ഷെ, ഇപ്പോഴത് ഗ്രാമീണ മേഖലകളിലേക്ക് വരെ വ്യാപിച്ചിട്ടുണ്ടെന്നത് ആശങ്കാജനകമാണ്. ഗ്രാമീണമേഖലയില്‍ മതിയായ സുരക്ഷാസംവിധാനങ്ങളില്ല. നിയന്ത്രണാതീതമായ നിലയിലേക്ക് സാഹചര്യങ്ങളെത്തുന്നതും അതുകൊണ്ടാണ്.

ഇന്നലെയും ഇന്നുമായി 300-ലധികം ആളുകളുമായി സര്‍വ്വകക്ഷിസംഘം ചര്‍ച്ച നടത്തി. മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍, സാമുദായികസംഘടനകള്‍, സാംസ്ക്കാരിക സംഘടനകള്‍, അക്കാദമിക് തലത്തിലുള്‍പ്പെടെയുള്ളവരുമായി സംഘം ചര്‍ച്ച നടത്തിക്കഴിഞ്ഞു. മെഹ്ബൂബ മുഫ്തി ഗവണ്‍മെന്‍റുമായും സെക്യൂരിറ്റി ഫോഴ്സുമായും സര്‍വ്വകക്ഷിസംഘം ചര്‍ച്ച നടത്തി. എന്നാല്‍ വിഭാഗീയത ഉന്നയിക്കുന്ന ഹുറിയത് ഉള്‍പ്പെടെയുള്ള വിഘടനവാദികള്‍ ചര്‍ച്ചയ്ക്ക് തയ്യാറായില്ല. സര്‍ക്കാരുമായി ഒരു തരത്തിലും സഹകരിക്കില്ലെന്ന നിലപാടാണ് അവര്‍ സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയ്ക്കകത്തു നിന്നുള്ള ഒരു ചര്‍ച്ചയ്ക്കും അവര്‍ തയ്യാറല്ല. ഹൂറിയത് വിഭാഗങ്ങളെല്ലാം സ്വതന്ത്ര കാശ്മീര്‍ എന്ന നിലപാടിലാണ് ഉറച്ചു നില്‍ക്കുന്നത്. രാത്രി 8 മണിയോടെ സംഘം ഗവര്‍ണറുമായും ചര്‍ച്ച നടത്തി. സംഘത്തില്‍ നിന്ന് മാറി വ്യക്തിപരമായി സംഭാഷണത്തിന് അനുവദിക്കണമെന്ന സീതാറാം യെച്ചൂരി, ശരത് യാദവ്, ഡി. രാജ എന്നിവരടങ്ങുന്ന സംഘത്തിന്‍റെ അഭ്യര്‍ഥനയും ഹുറിയത് തള്ളി. വീട്ടുതടങ്കലിലായ ഹുറിയത് ചെയര്‍മാന്‍ സയ്യിദ് അലി ഷാ ഗീലാനിയെ കാണാനുള്ള സംഘത്തിന്‍റെ ശ്രമങ്ങളും പരാജയപ്പെട്ടു. ചര്‍ച്ചയ്ക്ക് ക്ഷണിച്ചെങ്കിലും അവര്‍ അതിന് തയ്യാറായിരുന്നില്ല. ക്ഷണം ഗിലാനി നിരസിച്ചെങ്കിലും സീതാറാം യെച്ചൂരിയും സംഘവും ഗിലാനിയെ കാണാന്‍ ശ്രമിച്ചു. പക്ഷെ ശ്രമം പരാജയപ്പെടുകയാണ് ചെയ്തത്. ഗീലാനിയെ കാണാന്‍ ചെന്ന സംഘത്തിനു മുമ്പില്‍ കതകു തുറക്കുന്നതിനു പോലും അവര്‍ തയ്യാറായില്ല. സംഘത്തിനു നേരെ അവര്‍ മുദ്രവാക്യം വിളിക്കുകയും ആക്രോശിക്കുകയും ചെയ്തു. ശ്രീനഗറിലെ ജയിലില്‍ ചെന്ന് മിര്‍വാഇസിനെ അസസുദ്ദീന്‍ ഒവൈസി സന്ദര്‍ശിച്ചെങ്കിലും ചര്‍ച്ചയ്ക്ക് തയ്യാറായില്ല.

അവിടെ നടത്തിയ ചര്‍ച്ചകളില്‍ നിന്നെല്ലാം മനസിലാകുന്നത്, 2010ല്‍ നടന്ന സര്‍വ്വകക്ഷിയോഗത്തിലും പിന്നീട് പലപ്പോഴായി നടന്ന മധ്യസ്ഥ ചര്‍ച്ചകളിലും ഉയര്‍ന്നു വന്ന ശുപാര്‍ശകള്‍ ഒന്നും തന്നെ നടപ്പിലാക്കിയിട്ടില്ല എന്നതാണ്. ഇതുവരെ നടത്തിയ ചര്‍ച്ചകളില്‍ ബഹുഭൂരിപക്ഷം പേരും ഇതിനെതിരെ ശക്തമായ പ്രതികരണങ്ങളാണറിയിച്ചത്. സര്‍വ്വകക്ഷിസമ്മേളത്തിന്‍റെയും പാര്‍ലമെന്‍ററി സമിതികളുടെയും ശുപാര്‍ശകള്‍ ഇത്രയും കാലം നടപ്പിലാക്കിയിട്ടില്ല എന്നുള്ളതു കൊണ്ട് തന്നെ ഈ സര്‍വ്വകക്ഷി സംഘത്തോടുള്ള അവിശ്വാസം നേരിയ തോതിലെങ്കിലും മധ്യസ്ഥര്‍  പ്രകടിപ്പിച്ചു. എന്നാല്‍ പോലും അവര്‍ ചര്‍ച്ചകള്‍ക്ക് തയ്യാറായി, അവരുടേതായ നിര്‍ദ്ദേശങ്ങള്‍ മുമ്പോട്ടു വെച്ചു. മനസിലാക്കിയിടത്തോളം ഇപ്പോള്‍ കാശ്മീരിലെ സ്ഥിതി 2008നെയും 2010ലെയും അപേക്ഷിച്ച് തികച്ചും വ്യത്യസ്തമാണ്.

 

 

ഇന്ന് കാശ്മീരില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ ഏതെങ്കിലും പ്രത്യേക നേതൃത്വത്തിന്‍റെ കീഴിലല്ല. വിദ്യാര്‍ഥികളും യുവജനതയുമാണ് പ്രക്ഷോഭത്തിന്‍റെ മുന്‍നിരയിലുള്ളത്. ആയിരക്കണക്കിന് പേരാണ് ഇതിലേക്ക് കടന്നു വരുന്നത്. സാമ്പത്തികവികാസത്തിനു വേണ്ടിയോ തൊഴില്‍ ലഭിക്കുന്നതിനു വേണ്ടിയിട്ടോ മറ്റേതോ ആവശ്യങ്ങള്‍ക്കു വേണ്ടിയിട്ടോ ഉള്ള പ്രക്ഷോഭമല്ല നടക്കുന്നത്. ഇപ്പോളുണ്ടായിരിക്കുന്ന പ്രക്ഷോഭങ്ങളുടെ മാനങ്ങള്‍ പുതിയ രൂപത്തില്‍ കൈവന്നിരിക്കുകയാണ്. നിലവിലുള്ള ഭരണസംവിധാനത്തിനെതിരെയുള്ള ഒരു വലിയ പ്രതിഷേധമാണ് വളര്‍ന്നു വന്നത്. ഈ സാഹചര്യങ്ങളെ പ്രയോജനപ്പെടുത്തിയത് വിഘടനവാദികളും വിഭജനവാദികളുമാണ്. അവരുടെ താല്‍പര്യങ്ങള്‍ക്ക് ഈ പ്രക്ഷോഭത്തെ ഉപയോഗിക്കുകയാണ് ചെയ്യുന്നത്.

 

ഹുറിയത് ഉള്‍പ്പെടെയുള്ള മൂന്ന് വിഘടനവിഭാഗങ്ങള്‍ ഒരുമിച്ചു ചേര്‍ന്നുള്ള പ്രസ്താവനയാണിപ്പോള്‍ നടത്തിയിരിക്കുന്നത്. ഇവര്‍ പ്രക്ഷോഭകാരികള്‍ക്ക് കലണ്ടര്‍ പ്രോഗ്രാമാണ് നടപ്പിലാക്കാനേല്‍പ്പിച്ചിരിക്കുന്നത്. എവിടെ എപ്പോള്‍ തടയണം, റോഡ് ബ്ലോക്ക് ചെയ്യണം തുടങ്ങി കലണ്ടര്‍ ഓഫ് ഇവന്‍റ്സാണ് അവര്‍ പദ്ധതിയിട്ട് നടപ്പിലാക്കുന്നത്. അവര്‍ ആവിഷ്ക്കരിക്കുന്ന ഇത്തരം പദ്ധതികള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുകയാണിപ്പോള്‍ പ്രക്ഷോഭകാരികള്‍. അതിര്‍ത്തു കടന്നുള്ള സഹായങ്ങളും ഇവര്‍ക്ക് ലഭിക്കുന്നുണ്ടെന്നുളളത് വ്യക്തമാണ്. പോലീസ് ഉദ്യോഗസ്ഥര്‍, സിആര്‍പിഎഫ്, സെക്യൂരിറ്റി ഫോഴ്സിന്റെ ഡിജിപി കമാന്‍ഡറുള്‍പ്പെടെയുള്ളവരുമായും സര്‍വ്വകക്ഷി സംഘം ചര്‍ച്ച നടത്തി. ആ ചര്‍ച്ചകളില്‍ നിന്ന് മനസിലാക്കാന്‍ കഴിയുന്നത് പാകിസ്ഥാനില്‍ നിന്ന് ഫണ്ട് ഒഴുകുന്നുണ്ടെന്നതാണ്. കാശ്മീരിലെ മൂവ്മെന്‍റുകളില്‍ പാകിസ്ഥാന്‍ സഹായമെത്തുന്നുണ്ടെന്നത് വ്യക്തമാണ്.

കാശ്മീരില്‍ നടക്കുന്നത് നേതൃത്വമില്ലാത്ത അത്യപൂര്‍വ്വമായ ഒരു പ്രക്ഷോഭമാണ്. കാശ്മീരിലെ 2008ലെയും 2010ലെയും പ്രക്ഷോഭങ്ങളില്‍ നിന്ന് വ്യത്യസ്തമായ, നേതാവില്ലാത്ത പ്രക്ഷോഭമാണിത്. ബുര്‍ഹാന്‍ വാനിയുടെ വധത്തിനു ശേഷം ഒരു മൂവ്മെന്‍റായി മാറി കാശ്മീരിലെ സംഭവവികാസങ്ങള്‍. മുന്‍കാലങ്ങളിലേക്കാള്‍ രാഷ്ട്രീയമാനങ്ങളുണ്ടിതിന്. അതീവഗൌരവത്തോടെ പരിഗണിച്ചില്ലെങ്കില്‍ വളരെ മോശം ഫലമുണ്ടാകാനുള്ള എല്ലാ സാധ്യതകളുമുണ്ട്. ഇന്ത്യാവിരുദ്ധ ക്യംപയിനുകളാണ് ഇവിടെ നടക്കുന്നത്. കാശ്മീര്‍ ജനതയെ വിശ്വാസത്തിലെടുത്തു കൊണ്ടു മാത്രമേ ശാശ്വതമായ പരിഹാരത്തിനു കഴിയൂ. കഴിഞ്ഞ 58 ദിവസമായി നടക്കുന്ന സംഘര്‍ഷങ്ങളും പ്രശ്നങ്ങളുമെല്ലാം ജനങ്ങളെ പൊതുധാരയില്‍ നിന്നകറ്റിയിട്ടുണ്ടെന്നുള്ളതാണ് ഇവിടെ കാണാന്‍ കഴിയുന്നത്. എല്ലാവരുമായി നടന്ന ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞു വന്ന ആശയങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുകയാണ് വേണ്ടത്. കാശ്മീര്‍ ജനതയുടെ വിശ്വാസം സര്‍ക്കാരിനും സുരക്ഷാസോനയ്ക്കും ആര്‍ജിക്കാന്‍ കഴിയണം. എങ്കില്‍ മാത്രമേ ഗുണപരമായ പരിഹാരം സാധ്യമാകുകയുള്ളു.

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍