കേസിലെ തുടര്‍ നടപടികള്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്നും ഡിജിപി
എഴുത്തുകാരന്‍ കമല്‍ സി ചവറയ്‌ക്കെതിരെ അന്വേഷണം നടക്കുന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ഡിജിപി ലോക്‌നാഥ് ബഹ്ര. പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് പ്രസ്തുത കേസിലെ തുടര്‍ നടപടികള്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവില്‍ കമല്‍ സി ചവറയ്‌ക്കെതിരെ യാതൊരു വിധത്തിലുള്ള അന്വേഷണങ്ങളും നടക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനിടെ വിവാദ പുസ്തകം കത്തിക്കുന്നതായും എഴുത്തു നിര്‍ത്തുന്നതായും കമല്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. നിരന്തരമായ വധഭീഷണിയും പോലീസിന്റെ പീഡനവും കാരണം തനിക്ക് ജീവിക്കാനാകാത്ത സാഹചര്യമാണെന്ന് ഫേസ്ബുക്കില്‍ കുറിച്ച ശേഷമായിരുന്നു പ്രഖ്യാപനം.
ശ്മശാനങ്ങളുടെ നോട്ട് പുസ്തകം എന്ന നോവല്‍ പിന്‍വലിച്ച കമല്‍ ഇന്ന് പൊതുജനമധ്യത്തില്‍ വച്ച് തന്റെ എല്ലാ പുസ്തകങ്ങളും കത്തിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു എഴുത്തുകാരനെ ജീവിക്കാന്‍ അനുവദിക്കാത്ത വിധത്തിലാക്കി എഴുത്തു നിര്‍ത്തിച്ചതിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. ഈ സാഹചര്യത്തിലാണ് ഡിജിപിയുടെ വെളിപ്പെടുത്തല്‍.
124 എ പ്രകാരം കമലിനെതിരെ എടുത്ത കേസും സംസ്ഥാനത്ത് യുഎപിഎ പ്രകാരം എടുത്ത കുറ്റപത്രം സമര്‍പ്പിക്കാത്ത കേസുകളും പോലീസ് ആസ്ഥാനത്ത് പുനപരിശോധന നടത്തി വരികയാണെന്നും പോലീസ് മേധാവിയുടെ പത്രക്കുറിപ്പില്‍ പറയുന്നു.