UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുംബൈ ഭീകരാക്രമണ സമയത്ത് പോരാടിയ ഒരു സൈനികന് പറയാനുള്ളത്

Avatar

അഴിമുഖം പ്രതിനിധി 

“സൈന്യവുമായി ബന്ധപ്പെട്ട മലയാളം ചാനലുകളിലെ ചർച്ച ഇപ്പോൾ കാണാറേയില്ല. അവർ ആഗ്രഹിക്കുന്ന ഉത്തരത്തിലേക്കു എത്തിക്കാനാണ് മുൻവിധിയുമായി എത്തുന്ന അവതാരകർ ശ്രമിക്കുന്നത്. അതുകൊണ്ടു തന്നെ പല ചർച്ചകളിലും പങ്കെടുക്കാറില്ല. ചാനല്‍ അവതാരകന്റെ ചോദ്യം അതിരു കടന്നപ്പോൾ ഫോൺ കട്ട് ചെയ്തു പോകേണ്ടിവന്നു.” മുംബൈ ഭീകരാക്രമണത്തിൽ കസബിനെയും കൂട്ടരെയുംഅമർച്ച ചെയ്യാനായി മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ഒപ്പം പങ്കെടുത്ത കണ്ണൂരുകാരൻ മനേഷ് പിവി മലയാളം മാധ്യമങ്ങളെക്കുറിച്ചുള്ള അഭിപ്രായം അഴിമുഖവുമായി പങ്കുവച്ചത് ഇങ്ങനെയാണ്. സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി പട്ടാമ്പിയിലെ നാഷണൽ ഇൻസ്റ്റിറ്റൂട്ട് ഫോർ കോമ്പറ്റിറ്റീവ് എക്സാം സംഘടിപ്പിച്ച പ്രഭാഷണത്തിലും മലയാള മാധ്യമരംഗത്തെയും സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന അനഭിലഷണീയമായ പോസ്റ്റുകൾക്കെതിരെയും മനേഷ് വിയോജിപ്പ് പ്രകടിപ്പിച്ചു. 

“നവംബർ 26 മുബൈ ഭീകരാക്രമണത്തിന്റെ വാർഷികമായിരുന്നു. പത്രം വായിച്ചപ്പോൾ ഞെട്ടിപ്പോയി, രാജ്യത്തെ നടുക്കിയ  ഈ സംഭവത്തെകുറിച്ചോ നമ്മുടെ സൈന്യം ഈ അതിക്രമം അമർച്ച ചെയ്തതിനെക്കുറിച്ചോ ഒരു വരിപോലുമില്ല, എന്നു മാത്രമല്ല ആഘോഷിക്കുന്ന വാർത്ത കാവ്യാ മാധവനെ  ദിലീപ് കല്യാണം കഴിച്ചെന്നും മകൾ മീനാക്ഷി സാക്ഷി എന്നൊക്കെയായിരുന്നു. എന്ത് സന്ദേശമാണ് ഇത്തരം വാർത്തകളിലൂടെ പുതിയ തലമുറയ്ക്ക് പകർന്നു നൽകുന്നത്. വിവാഹബന്ധം വേർപെട്ടവർ ആദ്യമായിട്ടാണോ വിവാഹം കഴിക്കുന്നത്? ഇത്ര പ്രാധാന്യത്തോടെ കൊടുക്കാൻ എന്താണ് ഈ വിവാഹത്തിനുള്ളിൽ ഉള്ളത്? ഇങ്ങനെയുള്ള വാർത്തകളെ എന്തുകൊണ്ട് തള്ളിക്കളയാന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കുന്നില്ല.

കഴിഞ്ഞ ദിവസം എനിക്ക് എത്തിയ വാട്സ്ആപ് മെസേജിന്റെ ഉള്ളടക്കം ഇങ്ങനെ ആയിരുന്നു ‘പെറ്റമ്മയെ വിറ്റ് എ.കെ 47 തോക്ക് വാങ്ങി അതുമെടുത്തു സൈന്യത്തിൽ ചേർന്ന് മാന്യമായ ശമ്പളം, ആനുകൂല്യവും കൈപ്പറ്റി ജീവിക്കുന്ന സൈനികർ മാത്രമല്ല ഈ നാട്ടിലെ കർഷകരും യാചകരുമൊക്കെ നാടിന്‍റെ അഭിമാനമാണ്. മഹത്വം സൈന്യത്തിൽ ജോലിക്കു മാത്രമല്ല എല്ലാ ജോലിക്കുമുണ്ട്. ജോലിക്കിടെ വീരമൃത്യു വരിച്ചാൽ കർത്തവ്യമാണ്, മഹത്വമല്ല’ ഇങ്ങനെ പോകുന്നു സന്ദേശം. ഒടുവിൽ ചേർത്തിരിക്കുന്നവരികളിൽ പറയുന്നു, ‘സൈനികരെ നിങ്ങളോടല്ല, നിങ്ങൾക്ക് വേണ്ടി വാദിക്കുന്നവർക്കായിട്ടാണ് ഇതെഴുതുന്നത്.’

വാട്സ്ആപ്പിൽ എഴുതാൻ മാത്രം കുത്തിയിരിക്കുന്ന ചിലർ ഉണ്ട്. വായിച്ചു പലരും ഷെയർ ചെയ്യും. ഇത്തരം  സന്ദേശം ഷെയർ ചെയ്യുമ്പോൾ തന്നെ ഒരു കാര്യം കൂടി ആലോചിക്കണം, ഒരു കോടി രൂപ തരികയാണെങ്കിൽ പോലും ആരെങ്കിലും മരിക്കാൻ തയാറാകുമോ?  

15 വർഷം രാജ്യത്തിന് വേണ്ടി സേവനമനുഷ്ഠിക്കുന്ന ഒരു ജവാന് ലഭിക്കുന്ന പരമാവധി ലീവ് ഒരുമിച്ചെടുത്താൽ രണ്ടര വർഷം മാത്രമായിരിക്കും. കമാൻഡോ ആയി വിദേശത്തും സ്വദേശത്തും ഉൾപ്പെടെ നിരവധി പരിശീലനം ലഭിച്ചു. ലീവ്, സമയത്ത് ലഭിക്കാത്തതിനാൽ വിവാഹം ഉറപ്പിച്ച പെൺകുട്ടിയെ താലികെട്ടാൻ കഴിഞ്ഞില്ല. ഒടുവിൽ മറ്റൊരു പെൺകുട്ടിയെ ബന്ധുക്കൾ കണ്ടെത്തുകയായിരുന്നു. ഭക്ഷണം ഉണ്ടെങ്കിലും ഒരിക്കലും സമയത്തു  കഴിക്കാൻ കഴിയില്ല. ബങ്കറുകളിൽ കഴിയുമ്പോൾ ഇരുട്ടിന്റെ മറവിൽ വേണം പ്രാഥമിക കൃത്യങ്ങൾപോലും ചെയ്യേണ്ടത്. ഭക്ഷണം കഴിക്കാൻ കൂടുതൽ സമയമെടുത്താൽ അതൊരു പക്ഷേ അവസാനത്തെ ഭക്ഷണം ആകാനും സാധ്യതയുണ്ട്. കുറഞ്ഞ സമയം ഉറങ്ങിയും ഭക്ഷണം കഴിച്ചും എതിരാളികളെ സധൈര്യം നേരിടാൻ ഇറങ്ങുമ്പോഴും സ്വന്തം കുടുംബത്തെകുറിച്ച് ആലോചിക്കാറില്ല. എന്റെ കുടുംബത്തിന് നാട്ടുകാർ ഉണ്ട് എന്ന ധൈര്യമാണ് മുന്നോട്ടു പോകാൻ ധൈര്യം നൽകുന്നത്. താൻ ചെയ്ത കാര്യത്തെകുറിച്ച് ഒരു സൈനികനും പറയാറില്ല. കാർഗിൽ യുദ്ധത്തിൽ പരുക്കേറ്റപ്പോഴും മുബൈ അറ്റാക്കിൽ പരിക്കുപറ്റി ഒന്നരവർഷം ആശുപത്രിയിൽ കഴിയുമ്പോഴും ചിതറിത്തെറിച്ച ഗ്രനേഡ് ചീള് തലയിൽ ചുമന്നു ജീവിക്കേണ്ടി വരുമ്പോഴും നാട്ടുകാർ നൽകുന്ന സ്നേഹമാണ് തുടർന്നും ജീവിക്കാൻ പ്രേരണ നൽകുന്നത്.

മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാമിനെ ആദരപൂർവം കാണുന്ന കോടിക്കണക്കിനു ആളുകളിൽ ഒരാളാണ് ഞാൻ.  അടുത്ത് കാണണം എന്ന ആഗ്രഹം പൂവണിയിച്ചത് കലാം സാർ തന്നെ ആയിരുന്നു. കണ്ണൂരിൽ ഉള്ളപ്പോൾ ഗസ്റ് ഹൗസിലേക്കു കുടുംബസഹിതം വിളിപ്പിച്ചു. അടുത്തിരുന്നു സംസാരിച്ചു. എന്റെ മകനെ തലയിൽ കൈവച്ചു അനുഗ്രഹിച്ചു. ജീവിതത്തിലെ ഏറ്റവും സുവർണ്ണ നിമിഷങ്ങൾ ലഭിച്ചത് ഒരു സൈനികൻ ആയതു കൊണ്ടാണ്.

ജയ് ജവാൻ ജയ് കിസാൻ എന്ന മുദ്രാവാക്യം നമ്മൾ വെറുതെ പറയുന്നതാണ് എന്ന് തോന്നുന്നു. ഭക്ഷണത്തിനു ക്ഷാമം തോന്നുമ്പോൾ ആണ് കർഷകനെക്കുറിച്ചും സുരക്ഷാ പ്രശ്‌നം ഉണ്ടാകുമ്പോൾ ആണ് ജവാനെ കുറിച്ചും ഓർക്കുന്നത്. സുരക്ഷ വെല്ലുവിളി ഇല്ലാതിരിക്കുന്ന സമയത്തും ജവാനെ ആദരിക്കുമ്പോഴാണ് യഥാർത്ഥ ആദരം ലഭിക്കുന്നത്.”

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍