UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആധാര്‍ ഇല്ലാത്ത സ്കൂള്‍ കുട്ടികള്‍ക്ക് സ്കൂളില്‍ ഉച്ചഭക്ഷണം നല്‍കേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍

ജൂണിനുള്ളില്‍ ആധാര്‍ കാര്‍ഡുകള്‍ എടുക്കാത്ത സ്‌കൂള്‍ കുട്ടികള്‍ക്ക് സൗജന്യ ഉച്ചഭക്ഷണം വിതരണം ചെയ്യേണ്ടതില്ലെന്ന തീരുമാനമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

സ്‌കൂള്‍ കുട്ടികള്‍ക്ക് സൗജന്യ ഉച്ചഭക്ഷണം ലഭിക്കുന്നതിന് ആധാര്‍ നമ്പര്‍ നിര്‍ബന്ധിതമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. വരുന്ന ജൂണിനുള്ളില്‍ ആധാര്‍ കാര്‍ഡുകള്‍ എടുക്കാത്ത സ്‌കൂള്‍ കുട്ടികള്‍ക്ക് സൗജന്യ ഉച്ചഭക്ഷണം വിതരണം ചെയ്യേണ്ടതില്ലെന്ന തീരുമാനമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ആധാര്‍ നമ്പര്‍ ലഭ്യമാകുന്നതുവരെ ആധാറിന് അപേക്ഷ സമര്‍പ്പിച്ചതിന്റെ തെളിവിനോടൊപ്പം മറ്റെന്തെങ്കിലും തിരിച്ചറിയല്‍ രേഖകളും സമര്‍പ്പിക്കണമെന്നാണ് പുതിയ നിര്‍ദ്ദേശം. ഇത്തരം തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിക്കാത്ത കുട്ടികള്‍ക്ക് സൗജന്യ ഉച്ചഭക്ഷണം നല്‍കേണ്ടതില്ലെന്നാണ് പുതിയ നിര്‍ദ്ദേശത്തില്‍ പറയുന്നത്. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെതാണ് നിര്‍ദ്ദേശം.

മുതിര്‍ന്ന പൗരന്‍മാരില്‍ 98 ശതമാനവും ആധാറില്‍ പേര് ചേര്‍ത്തിട്ടുണ്ട് എന്നാണ് സര്‍ക്കാര്‍ കണക്ക്. എന്നാല്‍ കുട്ടികള്‍ക്ക് ഈ കണക്ക് ബാധകമല്ല. കുട്ടികള്‍ക്ക് ആധാറിന് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ബയോമെട്രിക് രേഖകള്‍ നിര്‍ബന്ധമല്ല. എന്നാല്‍, കുട്ടികള്‍ക്കിടയിലെ പോഷകാഹാരക്കുറവില്‍ ഒന്നാം സ്ഥാനത്തുള്ള ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇത്തരം തീരുമാനം കനത്ത പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇന്ത്യയിലെ പത്തുകോടി കുട്ടികള്‍ക്ക് സ്‌കൂളുകള്‍ വഴി സൗജന്യ ഉച്ചഭക്ഷണം നല്‍കപ്പെടുന്നുണ്ട് എന്നാണ് കണക്ക്. ഈ പദ്ധതിയെ തന്നെ അട്ടിമറിക്കാന്‍ ഇപ്പോഴത്തെ തീരുമാനം കാരണമാകുമെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. കുട്ടികളെ സ്‌കൂളില്‍ വിടുന്നതിന് രക്ഷിതാക്കള്‍ക്കുള്ള വലിയ പ്രചോദനമാണ് എന്ന് വിലയിരുത്തപ്പെടുന്ന പദ്ധതിയാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ നിര്‍ബന്ധബുദ്ധി മൂലം അവതാളത്തിലാവുന്നത്. സര്‍ക്കാര്‍ ക്ഷേമ പരിപാടികള്‍ പ്രാപ്യമാക്കുന്നതിന് ആധാര്‍ നിര്‍ബന്ധിതമാക്കുന്നതിലൂടെ വ്യാജ ഗുണഭോക്താക്കളെ ഒഴിവാക്കാനും പൊതുപണത്തിന്റെ ദുര്‍വ്യയം അവസാനിപ്പിക്കാനും സാധിക്കുമെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. എന്നാല്‍, ആധാര്‍ നിര്‍ബന്ധിതമാക്കുന്നതിലൂടെ അര്‍ഹപ്പെട്ട ബഹുഭൂരിപക്ഷത്തിനും ക്ഷേമ പരിപാടികളുടെ ഗുണം ലഭിക്കുന്നില്ലെന്ന് പല പഠനങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു.

ആധാറില്‍ പേര് ചേര്‍ക്കുന്നതിന്റെ പേരില്‍ ദരിദ്രജനങ്ങളെ സമ്മര്‍ദത്തിലാക്കാന്‍ മാത്രമേ പദ്ധതികൊണ്ട് സാധിച്ചിട്ടുള്ളു എന്നും വിലയിരുത്തപ്പെടുന്നു. ഇപ്പോള്‍ സര്‍ക്കാരിന്റെ തെറ്റായ നയം കുട്ടികളെയാണ് ലക്ഷ്യം വെക്കുന്നത്. 2017 മാര്‍ച്ചോടെ ഇന്ത്യയിലെ നൂറ് ശതമാനം പൗരന്‍മാരെയും ആധാറിന് കീഴില്‍ കൊണ്ടുവരികയാണ് ലക്ഷ്യമെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. രാജ്യത്തെ 90 ശതമാനം കുട്ടികളും ആധാര്‍ രേഖകള്‍ക്ക് പുറത്താണെന്നാണ് കണക്കുകള്‍ പറയുന്നത്. ഒഴിഞ്ഞ വയറുകള്‍ നിറയ്ക്കുന്നതിനെക്കാള്‍, കണക്കുകളിലെ കളികളിലാണ് കേന്ദ്ര സര്‍ക്കാരിന് താല്‍പര്യമെന്നാണ് പുതിയ നടപടി സൂചിപ്പിക്കുന്നതെന്നും ആരോപണം ഉയരുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍