UPDATES

കത്രിക വയ്‌ക്കേണ്ട; സെന്‍സര്‍ ബോര്‍ഡ് നിയമങ്ങള്‍ മാറുന്നു

അഴിമുഖം പ്രതിനിധി

ചലച്ചിത്രങ്ങളുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമേല്‍ കത്രിക വയ്ക്കുന്ന സെന്‍സര്‍ബോര്‍ഡ് നയങ്ങള്‍ക്കെതിരെ ഉയര്‍ന്ന പ്രതിഷേധം ഫലം കാണുന്നു. സെന്‍സര്‍ ബോര്‍ഡിന്റെ അവകാശം സിനിമകള്‍ക്കു സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നതില്‍ മാത്രം ഒതുക്കി, സെന്‍സര്‍ ചെയ്യാനുള്ള അധികാരം ഇല്ലാതാക്കാനുള്ള ഭേദഗതിക്കു വാര്‍ത്തവിതരണമന്ത്രാലയം ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് സിനിമാട്ടോഗ്രഫി ആക്ടില്‍ മാറ്റം വരുത്തി പാര്‍ലമെന്റിന്റെ അടുത്ത ശൈത്യകാല സമ്മേളനത്തില്‍ ബില്ല് അവതരിപ്പിക്കുമെന്നാണ് മന്ത്രാലയവുമായി ബന്ധപ്പെട്ടവര്‍ നല്‍കുന്ന വിവരം.

സിനിമ സര്‍ട്ടിഫിക്കേഷന്‍ നടപടികളിലും മാറ്റം കൊണ്ടുവരും. രണ്ടു കമ്മറ്റികള്‍ ഇതിനായി രൂപീകരിക്കും. ഒരു റിവ്യു കമ്മിറ്റിയും മറ്റൊരു മോണിറ്ററിംഗ് കമ്മിറ്റിയും. ഈ രണ്ടു കമ്മിറ്റികളിലേക്കുമുള്ള അംഗങ്ങളായി ദേശീയ വനിത കമ്മിഷന്‍, ബാലാവാകശ കമ്മിഷന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരെയും ഒപ്പം ഒരു മനശാസ്ത്രജ്ഞനെയും നിയമിക്കും. കൂടാതെ സിനിമകള്‍ക്ക് U12+, U15+, A, A+( വയലന്‍സിന്റെയും സെക്‌സിന്റെയും അതിപ്രസരമുള്ള സിനിമകള്‍ക്ക്) എന്നീ വിഭാഗങ്ങളായിക്കിയായിരിക്കും സര്‍ട്ടിഫിക്കറ്റ് നല്‍കുക.

ഈ രണ്ടു കമ്മിറ്റിയും ഒരു ദിവസം രണ്ടു ചിത്രങ്ങളില്‍ കൂടുതല്‍ പരിശോധിക്കില്ല. റിലീസ് ചെയ്യാന്‍ തിടുക്കമുള്ള സിനിമകളുണ്ടെങ്കില്‍ അവയ്ക്കായി ‘തത്കാല്‍’ മാതൃക ഏര്‍പ്പെടുത്തും. എന്നാല്‍ ഇത്തരം ചിത്രങ്ങള്‍ക്ക് അധിക ചാര്‍ജ് ഈടാക്കുന്നതായിരിക്കും.

സര്‍ട്ടിഫിക്കേഷനായി ഈടാക്കുന്ന പണം തൊഴില്‍ മന്ത്രാലയത്തിലേക്കായിരിക്കും നല്‍കുക. ഈ തുക സിനിമപ്രവര്‍ത്തകരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി തന്നെ വിനിയോഗിക്കുന്നതായിരിക്കും. അതിനൊപ്പം പരിഗണനയിലുള്ള മറ്റൊരു മാറ്റം ലഹരി വസ്തുകളുടെ ഉപയോഗമുള്ള സീനുകളിലെല്ലാം മുന്നറിയിപ്പുകള്‍ പ്രദര്‍ശിപ്പിക്കേണ്ടതിനു പകരം സിനിമയുടെ ആരംഭത്തില്‍ മാത്രം ഇതു സംബന്ധിച്ച അറിയിപ്പ് നല്‍കുകയെന്നതാണെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

പ്രേക്ഷകന്‍ എന്താണോ കാണാന്‍ ആഗ്രഹിക്കുന്നത് അത് കാണാന്‍ അവരെ അനുവദിക്കുക എന്നതാണ് ഇത്തരം മാറ്റങ്ങള്‍ക്കായി പ്രേരണയെന്നാണ് സര്‍ക്കാര്‍വൃത്തങ്ങള്‍ പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍