UPDATES

ഇന്ത്യ

‘Occupy UGC’: വിവാദ ഉത്തരവിനെതിരായ വിദ്യാര്‍ഥി പ്രതിഷേധം വ്യാപിക്കുന്നു

അഴിമുഖം പ്രതിനിധി

നെറ്റ് യോഗ്യതയില്ലാത്തവര്‍ക്ക് ഫെലോഷിപ്പ് അനുവദിക്കേണ്ടെന്ന യു.ജി.സി തീരുമാനത്തിനെതിരായ പ്രതിഷേധം വ്യാപിക്കുന്നു. ഡല്‍ഹിയില്‍ യു.ജി.സി ആസ്ഥാനത്ത് രണ്ടു ദിവസമായി നടന്നുവരുന്ന ‘ഒക്കുപ്പൈ യു.ജി.സി’ സമരം അവസാനിപ്പിക്കാന്‍ പോലീസ് ഇന്നു വെളുപ്പിനെ വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തുനീക്കി. ജെ.എന്‍.യു, ഡല്‍ഹി യൂണിവേഴ്‌സിറ്റി, ജാമിയ മിലിയ, അംബേദ്ക്കര്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ള നൂറോളം വരുന്ന വിദ്യാര്‍ഥികളെ 500-ഓളം വരുന്ന പോലീസ്, സി.ആര്‍.പി.എഫ് സംഘമാണ് ഇന്നു വെളുപ്പിനെ അറസ്റ്റ് ചെയ്തു നീക്കിയത്. ഇവര്‍ നഗരത്തിലേക്ക് പ്രവേശിക്കാതിരിക്കാന്‍ ഡല്‍ഹിയുടെ പ്രാന്തപ്രദേശമായ ഭല്‍സ്വാ ഡയറി പോലീസ് സ്‌റ്റേഷനിലാണ് ഇവരെ എത്തിച്ചിട്ടുള്ളത്.

 

എന്നാല്‍ വിവാദ തീരുമാനം പിന്‍വലിക്കുന്നതുവരെ സമരം തുടരുമെന്നാണ് സമരത്തിനു നേതൃത്വം നല്‍കുന്ന ജെ.എന്‍.യു സ്റ്റുഡന്‍സ് യൂണിയനും വിവിധ ഇടത് വിദ്യാര്‍ഥി സംഘടനകളും വ്യക്തമാക്കിയിട്ടുണ്ട്. സമരക്കാരെ നേരിടാന്‍ രണ്ടു ദിവസമായി പോലീസിനൊപ്പം എ.ബി.വി.പിയും രംഗത്തുണ്ട്. തീരുമാനം പിന്‍വലിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് യു.ജി.സി. നെറ്റ് ഫെലോഷിപ്പ് നിര്‍ത്തലാക്കിയിട്ടില്ലെന്നും ഫെലോഷിപ്പ് ദുരുപയോഗിക്കപ്പെടുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്നുമാണ് യു.ജി.സി അധികൃതരുടെ വിശദീകരണം.

 

ഈ മാസം ഏഴിന് ചേര്‍ന്ന യോഗമാണ് വിവാദ തീരുമാനം പ്രഖ്യാപിച്ചത്. നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (NET) പാസാകാത്ത പി.എച്ച്.ഡി വിദ്യാര്‍ഥികള്‍ക്കുള്ള 8,000 രൂപയും എം.ഫില്‍ വിദ്യാര്‍ഥികള്‍ക്കുള്ള 5,000 രൂപയും എന്ന ഫെലോഷിപ്പ് തുക പുതുക്കി നിശ്ചയിക്കുക എന്നതായിരുന്നു യോഗത്തിന്റെ അജണ്ടയെങ്കിലും അടുത്ത അധ്യയന വര്‍ഷം മുതല്‍ ഇത് നിര്‍ത്തലാക്കാനായിരുന്നു യോഗത്തിനൊടുവില്‍ യു.ജി.സി എടുത്ത തീരുമാനം. ശക്തമായ പ്രതിഷേധമാണ് ഇതിനെ തുടര്‍ന്ന് വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.

 

 

ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ മേഖല പൂര്‍ണമായി സ്വകാര്യവത്ക്കരിക്കുന്നതിന്റെ ഭാഗമായി കരുതിക്കൂട്ടിയുള്ള നീക്കമാണ് ഇപ്പോഴത്തേത് എന്നാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്. രാജ്യത്തെ വിവിധ സര്‍വകലാശാലകളിലുള്ള നൂറുകണക്കിന് വിദ്യാര്‍ഥികളെയാണ് പുതിയ തീരുമാനം പ്രതികൂലമായി ബാധിക്കുക. സമൂഹത്തിലെ അവശ വിഭാഗങ്ങള്‍, ഗ്രാമീണ മേഖലകളില്‍ നിന്നു വരുന്നവര്‍ തുടങ്ങിയവര്‍ക്ക് പലപ്പോഴും നെറ്റ് പരീക്ഷ ഒറ്റയടിക്ക് പാസാവുക എളുപ്പമല്ല. പി.എച്ച്.ഡിക്കും എം.ഫിലിനും ചേര്‍ന്നതിനു ശേഷം പരീക്ഷ പാസാവാന്‍ ശ്രമിക്കുക എന്നതാണ് ഇപ്പോഴവര്‍ ചെയ്യുന്നത്. ജീവിത സാഹചര്യങ്ങള്‍ പ്രതികൂലമായവര്‍ക്കും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും യു.ജി.സി ഇപ്പോള്‍ നല്‍കി വരുന്ന ഫെലോഷിപ്പാണ് ഏക ആശ്രയം. ഇത് അവസാനിപ്പിക്കുന്നതോടു കൂടി സമൂഹത്തിലെ ഒരു വിഭാഗം ആളുകള്‍ക്ക് മാത്രമായി ഉന്നത വിദ്യാഭ്യാസ മേഖല തീറെഴുതിക്കൊടുക്കപ്പെടും എന്നതാണ് വിദ്യാര്‍ഥികളുടെ ആശങ്ക. ഡല്‍ഹി ടീച്ചേഴ്‌സ് അസോസിയേഷനും വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

 

ഇപ്പോള്‍ ഡല്‍ഹിയിലെ വിവിധ സര്‍വകലാശാലകളില്‍ നടക്കുന്ന സമരം രാജ്യത്തെ വിവിധ ക്യാംപസുകളിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം. ഹൈദരാബാദിലെ ഇഫ്‌ളു, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി, പോണ്ടിച്ചേരി, കൊല്‍ക്കത്തയിലെ വിവിധ സര്‍വകലാശാലകള്‍, രാജ്യത്തെ മിക്ക നഗരങ്ങളിലുമുളള കേന്ദ്ര-സംസ്ഥാന സര്‍വകലാശാലകള്‍ എന്നിവിടങ്ങളിലുള്ള വിദ്യാര്‍ഥികളും യു.ജി.സിയുടെ വിവാദ ഉത്തരവിനെതിരെ രംഗത്തിറങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. ഫെലോഷിപ്പുമായി മാത്രം ബന്ധപ്പെട്ട കാര്യമല്ല ഇതെന്നും രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ ഒന്നടങ്കം മാറ്റിത്തീര്‍ക്കുന്നതിനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ തീരുമാനങ്ങളുടെ ഭാഗമാണ് ഇതെന്നുമാണ് വിദ്യാര്‍ഥികള്‍ വ്യക്തമാക്കുന്നത്.

 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍