UPDATES

ഡല്‍ഹി രാംജാസ് കോളേജിലെ എബിവിപി ഗുണ്ടായിസം; സെമിനാറില്‍ പങ്കെടുത്ത അനന്യ വാജ്‌പേയിക്ക് പറയാനുള്ളത്

എന്തിനെയാണ് ഈ ഹിന്ദു തീവ്രവാദികള്‍ ഭയക്കുന്നത്? ആരാണ് സംസാരിക്കുന്നത് എന്നതാണോ? അതോ എന്താണ് സംസാരിക്കുന്നത് എന്നതിനെയാണോ?

ഇംഗ്ലീഷ് വിഭാഗത്തിലെ ബിരുദ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച ‘പ്രതിഷേധത്തിന്റെ സംസ്‌കാരങ്ങള്‍’ എന്ന സെമിനാറില്‍ പങ്കെടുക്കുന്നതിന് ഡല്‍ഹി സര്‍വകലാശാലയുടെ നോര്‍ത്ത് കാമ്പസിലുള്ള രാംജാസ് കോളേജില്‍ ഫെബ്രുവരി 21ന് എത്തിയ അനന്യ വാജ്‌പേയ് ബിജെപിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എബിവിപി സെമിനാറിനെതിരെ കോളേജില്‍ നടത്തിയ ഗുണ്ടായിസത്തെ കുറിച്ച് സ്‌ക്രോള്‍ ഡോട്ട് ഇന്‍ എഴുതിയ ലേഖനത്തില്‍ വിവരിക്കുന്നു.

‘എന്റെ പ്രബന്ധാവതരണം ആരംഭിച്ചപ്പോള്‍ തന്നെ പുറത്ത് ‘ഭാരത് മാതാ കി ജയ്’ ‘വന്ദേ മാതരം’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ തുടങ്ങിയിരുന്നു. ദേശീയതയില്‍ ഊന്നിയ മുദ്രാവാക്യങ്ങളെ കുറിച്ച് ഒരു തമാശ പറഞ്ഞതിന് ശേഷം ഞാന്‍ പ്രബന്ധാവതരണം തുടര്‍ന്നു. പക്ഷെ പുറത്ത് തടസ്സപ്പെടുത്തല്‍ തുടര്‍ന്നു. അടുത്ത ആള്‍ പ്രബന്ധം അവതരിപ്പിക്കാന്‍ തുടങ്ങിയപ്പോഴേക്കും പറത്തുനിന്നുള്ള ഹിന്ദി പാട്ടുകളുടെ ബഹളത്തില്‍ ഞങ്ങളുടെ ശബ്ദങ്ങള്‍ മുങ്ങി.

ഞങ്ങളുടെ പരിപാടി അവസാനിപ്പിച്ചപ്പോള്‍, ഉച്ച തിരിഞ്ഞ് പ്രബന്ധം അവതരിപ്പിക്കുന്നതിന് ജെഎന്‍യു വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിനെ ക്ഷണിച്ചതിനെതിരായി എബിവിപി നടത്തുന്ന പ്രതിഷേധങ്ങളും അതിനെ സഹായിക്കുന്ന പോലീസിന്റെ നടപടിയും കോളേജ് അധികൃതരെ സമ്മര്‍ദത്തിലാക്കിയതായി സംഘാടകര്‍ ഞങ്ങളെ അറിയിച്ചു. ജെഎന്‍യു കാമ്പസില്‍ നിന്നും സെമിനാറിനായി പുറപ്പെട്ട ഉമര്‍ ഖാലിദിനോട് സുരക്ഷ കാരണങ്ങളാല്‍ മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണെന്നും അവര്‍ അറിയിച്ചു.

സംഘാടകരായ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും അസ്വസ്ഥരായി. ഉമര്‍ ഖാലിദിനുള്ള ക്ഷണം പിന്‍വലിച്ചതിനെതിരെ ശക്തമായും എന്നാല്‍ സമാധാനപരമായും പ്രതിഷേധം നടത്താന്‍ എല്ലാവരും സഹകരിക്കണമെന്ന് അവര്‍ ഞങ്ങളോട് അഭ്യര്‍ത്ഥിച്ചു. ആസാദി മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി നീങ്ങിയ വിദ്യാര്‍ത്ഥികളോടൊപ്പം ഞങ്ങളും പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തു.

അതിനുശേഷം ഭക്ഷണം കഴിക്കുന്നതിനായി കോളേജ് കാന്റീനില്‍ എത്തിയപ്പോള്‍ അവിടെ എബിവിപി പ്രവര്‍ത്തകരെ കൊണ്ട് നിറഞ്ഞിരിക്കുകയായിരുന്നു. സ്ത്രീകള്‍ക്കും അദ്ധ്യാപകര്‍ക്കും എതിരെ ഉള്‍പ്പെടെ അവര്‍ ശാരീരിക അതിക്രമങ്ങള്‍ ഉള്‍പ്പെടെ അഴിച്ചുവിടാന്‍ തുടങ്ങി. സംഭവ സ്ഥലത്തേക്ക് പോലീസ് എത്തി. എന്നാല്‍ സംഭവത്തില്‍ ഇടപെടാന്‍ അവര്‍ തയ്യാറായില്ല. എന്നെയും ചിലര്‍ പിടിച്ചു തള്ളുന്നുണ്ടായിരുന്നു. കോണ്‍ഫറന്‍സ് ഹോള്‍ കെട്ടിടത്തിന്റെ മുകളില്‍ കയറിയ വിധ്വംസക പ്രവര്‍ത്തകര്‍ കൂടി നിന്ന ആള്‍ക്കൂട്ടത്തിനിടയിലേക്ക് മരക്കഷ്ണങ്ങള്‍ വലിച്ചെറിയുകയും ഭീഷണിയെന്ന പോലെ സ്റ്റീല്‍ ബക്കറ്റുകള്‍ തൂക്കിയിടുകയും ചെയ്യുന്നുണ്ടായിരുന്നു. ഒരു വിദ്യാര്‍ത്ഥിക്ക് ഇതില്‍ പരിക്കേല്‍ക്കുകയും ചെയ്തു.

ഈ സമയത്ത് എബിവിപി പ്രവര്‍ത്തകരും മറ്റു വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തു. എന്നാല്‍ പ്രശ്‌നം തണുപ്പിക്കാനുള്ള ഒരു നടപടിയും പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല. വീണ്ടുവിചാരമില്ലാത്ത ഒരു സംഘം എന്റെ നേരെ പാഞ്ഞടുത്തപ്പോള്‍ ഒരു കെട്ടിടത്തില്‍ ഞാന്‍ അഭയം തേടി. പാര്‍ക്കിംഗ് ഏരിയ നിറയെ പോലീസ് ഉദ്യോഗസ്ഥരും അവരുടെ വാഹനങ്ങളുമായിരുന്നു. ഒരു വാഹനത്തിന്റെ പിറകില്‍ കാവി കുറിവരച്ച, ബിജെപി നേതാവ് എന്ന് തോന്നുന്ന ഒരാള്‍ ഇരിക്കുന്നുണ്ടായിരുന്നു. എന്റെ വാഹനം എടുക്കണമെന്ന് പറഞ്ഞപ്പോള്‍ മൊബൈലില്‍ സംസാരിച്ചുകൊണ്ടിരുന്ന അയാള്‍ തലയാട്ടി. കിട്ടിയ ഇടത്തുകൂടി വാഹനമെടുത്ത് ഞാന്‍ പുറത്തേക്ക് പാഞ്ഞു. അപ്പോഴും കൂടുതല്‍ പോലീസ് വാഹനങ്ങള്‍ കാമ്പസിലേക്ക് വരുന്നുണ്ടായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി അവിടെ നടക്കുന്ന അതിക്രമങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബലം പ്രയോഗിച്ച് സെമിനാര്‍ നിറുത്തുന്നതിനെതിരെയും എബിവിപിയുടെ ഗുണ്ടായിസത്തിനെതിരെയും ചില പ്രത്യേക ക്ഷണിതാക്കളെ നിയന്ത്രിക്കുന്നതിന് പോലീസ് കാണിക്കുന്ന അമിതോത്സാഹത്തിനെതിരെയും പ്രതികരിച്ചവരെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഹോസ്റ്റലില്‍ നിന്നും പുറത്തിറങ്ങളുതെന്ന് വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കുകയും അവരുടെ ഉപകരണങ്ങള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു.

ഉമര്‍ ഖാലിദിനെയും ഷെഹ്ല റഷീദിനെയും പങ്കെടുപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് എബിവിപികാര്‍ ആക്രോശിക്കുന്നത്. വലതുതീവ്രവാദ വിദ്യാര്‍ത്ഥി സംഘടനയ്ക്കും ഹിന്ദു ഭൂരിപക്ഷ ഭരണകൂടവും ഈ രണ്ട് വ്യക്തികളെ മാത്രം ലക്ഷ്യം വെക്കുന്നതിന്റെ ഉത്തരം ലളിതമാണ്. അവര്‍ രണ്ടും മുസ്ലീം നാമധാരികളും ഇടതുപക്ഷ അനുഭാവികളുമാണ്. കൂടാതെ ബിജെപി ഭരണകൂടത്തിന് ദഹിക്കാത്ത കാശ്മീര്‍ പ്രശ്‌നം മുതല്‍ ദളിത്, ആദിവാസി അവകാശങ്ങളെ കുറിച്ചുവരെ അവര്‍ വര്‍ഷങ്ങളായി സംസാരിക്കുന്നു. ഇവരുടെ പാണ്ഡിത്യവും ഇംഗ്ലീഷിലും ഹിന്ദിയിലും അനായാസമായി കാര്യങ്ങള്‍ വിശദീകരിക്കാനുള്ള കഴിവും അവരെ അലട്ടുന്നു. 2016ല്‍ പ്രത്യേകിച്ച് കുറ്റമൊന്നും ചെയ്യാത്ത ഉമര്‍ ഖാലിദിനെ ജയിലിലടച്ച് നിശബ്ദനാക്കാന്‍ നോക്കിയെങ്കില്‍ ഷെഹ്ല റഷീദിനെ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിക്കാനും ഭീഷണിപ്പെടുത്താനുമാണ് അവര്‍ ശ്രമിച്ചത്.

വിദ്യാഭ്യാസ വിചക്ഷണരും മാധ്യമപ്രവര്‍ത്തകരും കലാകാരന്മാരും സാമൂഹിക പ്രവര്‍ത്തകരും ഉള്‍പ്പെട്ട ഒരു സെമിനാറില്‍ ലിംഗനീതിയും ലൈംഗീകതയും മുതല്‍ ചരിത്രവും രാഷ്ട്രീയവും കലയും സംസ്‌കാരവും മാധ്യമവിചാരവും സംഘര്‍ഷങ്ങളും ഒക്കെ ചര്‍ച്ച ചെയ്യുന്നതിനെ നിര്‍ലജ്ജമായി തടസ്സപ്പെടുത്തിയതിലും നമ്മള്‍ ആശങ്കാകുലരാവണം. അതും ഒരു കാമ്പസിന്റെ നടത്തിപ്പ് പോലീസ് ഏറ്റെടുക്കുകയും മറ്റുള്ളവര്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് പകരം അക്രമികള്‍ക്ക് പരസ്യമായി പിന്തുണ നല്‍കുകയും ചെയ്ത ഒരു സാഹചര്യത്തില്‍.

എന്തിനായാണ് ഈ ഹിന്ദു തീവ്രവാദികള്‍ ഭയക്കുന്നത്? ആരാണ് സംസാരിക്കുന്നത് എന്നതാണോ? അതോ എന്താണ് സംസാരിക്കുന്നത് എന്നതിനെയാണോ? അതോ ഈ സ്വതന്ത്രരാജ്യത്തിലെ പൗരന്മാര്‍ക്ക് സംസാരിക്കാന്‍ അവകാശമുണ്ടെന്ന വിശ്വാസത്തെയോ? സംസാരിക്കുന്നത് ദേശവിരുദ്ധമാണെങ്കില്‍, അത് ഇന്ത്യയെ ഏത് തരത്തിലുള്ള രാജ്യമായിരിക്കും മാറ്റുക? തുടങ്ങിയ ചോദ്യങ്ങല്‍ ഉന്നയിച്ചുകൊണ്ടാണ് ഡല്‍ഹി സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റീസിലെ ഫെലോ കൂടിയായ അനന്യ വാജ്‌പേയ് തന്റെ ലേഖനം അവസാനിപ്പിക്കുന്നത്.’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍