അഴിമുഖം പ്രതിനിധി
ദുരൂഹസാഹചര്യത്തില്‍ കാസര്‍ഗോഡ് നിന്നും കാണാതായവരില്‍ ഒരാള്‍ വീട്ടുകാരുമായി ബന്ധപ്പെട്ടതായി വിവരം. കാസര്‍കോട് പടന്ന സ്വദേശി ഡോ. ഇജാസിന്റെ ഭാര്യ റഫീലയാണ് ഞായറാഴ്ച വൈകിട്ട് പിതാവിനു ശബ്ദ സന്ദേശമയച്ചത്. തീവ്രവാദികളല്ലെന്നും ജോലിക്കായി വന്നതാണെന്നുമാണ് റഫീലയുടെ സന്ദേശമെന്നു പറയുന്നു.
ജോലി ശരിയായിട്ടുണ്ട്. താമസസൗകര്യം അന്വേഷിക്കുകയാണ്. ഒരു ഫഌറ്റ് ശരിയായെന്നും ഇതിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുകയാണെന്നും സന്ദേശത്തില്‍ തുടരുന്നുണ്ട്.
പക്ഷെ ഇവര്‍ എവിടെയാണുള്ളതെന്ന് സന്ദേശത്തില്‍ വ്യക്തമാക്കിയിട്ടില്ല. സന്ദേശം വന്നതിനെ പിന്തുടര്‍ന്ന് ഇവര്‍ എവിടെയാണുള്ളതെന്നു കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടങ്ങിയതായി അറിയുന്നു.
തൃക്കരിപ്പൂരില്‍ നിന്നുള്ള ഡോ. ഇജാസിന്റെയും പടന്നയിലെ അബ്ദുള്‍ റാഷിദിന്റെയും നേതൃത്വത്തിലാണ് കാസര്‍ഗോഡു നിന്നും പാലക്കാടു നിന്നും 17 ഓളം പേര്‍ രാജ്യം വിട്ടതെന്നാണ് പറയുന്നത്. ഇജാസും അബ്ദുള്‍ റാഷിദും ഐ എസിന്റെ റിക്രൂട്ടിംഗ് ഏജന്റുമാരാണെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച് ഒരു സ്ഥിരീകരണവും സര്‍ക്കാരുകളോ പൊലീസോ നല്‍കിയിട്ടുമില്ല.