UPDATES

ട്രെന്‍ഡിങ്ങ്

വെള്ളമില്ലാത്തതിനാല്‍ ശൗചാലയങ്ങള്‍ ഉപയോഗരഹിതം; സ്വച്ഛ ഭാരത് പിന്നോട്ട്

ജലത്തിന്റെയും ഓടയുടെ അഭാവം മൂലം മധ്യപ്രദേശിലെയും യുപിയിലെയും ജനങ്ങള്‍ പുതുതായി നിര്‍മ്മിച്ച ശൗച്യാലയങ്ങള്‍ അടുക്കളയായും കലവറയായും ഉപയോഗിക്കുന്നതായി സമീപകാലത്ത് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു

ജലവിതരണ സംവിധാനത്തിലെ അപര്യാപ്തതകള്‍ കേന്ദ്ര സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ സ്വച്ഛ ഭാരത് അഭിയാനെ പിന്നോട്ടടിക്കുന്നതായി ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനം നടത്തിയ സര്‍വെയില്‍ വ്യക്തമാകുന്നു. ഇത് മൂലം പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച ഭൂരിപക്ഷം ശൗചാലയങ്ങളും ഉപയോഗരഹിതമാകുന്നതായി സര്‍വെ ചൂണ്ടിക്കാട്ടുന്നു. 2019 ഒക്ടോബറോടെ തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജ്ജനം നടക്കാത്ത രാജ്യമായി ഇന്ത്യയെ പ്രഖ്യാപിക്കാന്‍ ലക്ഷ്യമിട്ട് പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതിയാണ് ഇപ്പോള്‍ ചോദ്യചിഹ്നമാവുന്നത്.

2015-16 വര്‍ഷത്തില്‍ ഇന്ത്യയിലെ പൊതുശുചിത്വ പശ്ചാത്തല സൗകര്യങ്ങളില്‍ നേരിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ സ്വച്ഛ ഭാരത് അഭിയാന്റെ ലക്ഷ്യം നേടുന്നതിന് വളരെ ദൂരം സഞ്ചരിക്കേണ്ടി വരുമെന്നും നാഷണല്‍ സാമ്പിള്‍ സര്‍വെ ഓഫീസ് (എന്‍എസ്എസ്ഒ) നടത്തിയ സര്‍വെയില്‍ വ്യക്തമാകുന്നു. 2014ല്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സര്‍ക്കാര്‍ സബ്‌സിഡിയോടെ 3.5 കോടി പുതിയ ശൗചാലയങ്ങളാണ് നിര്‍മ്മിച്ചത്. 2001ല്‍ ഉണ്ടായിരുന്നതിലും ഇരട്ടിയിലേറെ ശൗചാലയങ്ങളാണ് ഇപ്പോള്‍ രാജ്യത്തുള്ളത്. ദരിദ്രകുടുംബങ്ങള്‍ക്ക് 9000 രൂപയും അല്ലാത്തവര്‍ക്ക് 3,000 രൂപയുമായിരുന്നു സബ്‌സിഡി പ്രഖ്യാപിച്ചത്. അടുത്ത പൊതു തിരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്ത് എല്ലാ വീടുകളിലും ശൗചാലയങ്ങള്‍ നിര്‍മ്മിക്കുക എന്നതായിരുന്നു ലക്ഷ്യം.

എന്നാല്‍ ഇങ്ങനെ നിര്‍മ്മിച്ച ശൗചാലയങ്ങളില്‍ ശരിയായ ജലവിതരണ സംവിധാനവും ഓട സംവിധാനവും പ്രവര്‍ത്തിക്കാത്തതിനാല്‍ ഗ്രാമീണ മേഖലയിലുള്ള 55.4 ശതമാനം പേരും ഇപ്പോഴും തുറസ്സായ ഇടങ്ങളില്‍ തന്നെയാണ് മലമൂത്ര വിസര്‍ജ്ജനം നടത്തുന്നത്. നഗരങ്ങളില്‍ തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തുന്നത് ജനസംഖ്യയുടെ 7.5 ശതമാനം ആളുകളാണ്. ശുചീകരണസംവിധാനങ്ങള്‍ പരിമിതമായതിനാല്‍ നഗരങ്ങളില്‍ 833 ദശലക്ഷം ആളുകളുടെയും നഗരങ്ങളിലെ 377 ദശലക്ഷം ആളുകളുടെയും ആരോഗ്യത്തിന് ഭീഷണി നേരിടുന്നുണ്ടെന്നും സര്‍വെ വെളിപ്പെടുത്തുന്നു.

ജലത്തിന്റെയും ഓടയുടെ അഭാവം മൂലം മധ്യപ്രദേശിലെയും യുപിയിലെയും ജനങ്ങള്‍ പുതുതായി നിര്‍മ്മിച്ച ശൗചാലയങ്ങള്‍ അടുക്കളയായും കലവറയായും ഉപയോഗിക്കുന്നതായി സമീപകാലത്ത് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കാര്‍ഷികമേഖലയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി നിലനില്‍ക്കുന്ന പ്രതിസന്ധിമൂലം നഗരങ്ങളിലേക്കുള്ള കുടിയേറ്റം വര്‍ദ്ധിച്ചത് അവിടുത്തെ കാര്യങ്ങള്‍ പരുങ്ങലിലാക്കിയതായും സര്‍വെ കണ്ടെത്തി.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വച്ഛ ഭാരത് അഭിയാന്‍ ഒരു ശ്രദ്ധയും നല്‍കിയിട്ടില്ലെന്ന് മാഗ്‌സാസെ പുരസ്‌കാര ജേതാവും സാമൂഹിക പ്രവര്‍ത്തകനുമായ ബെസ്വാഡ വില്‍സണ്‍ പറയുന്നു. വൃത്തിയാക്കാന്‍ ജീവനക്കാരെ വയ്ക്കാതെയാണ് പൊതുശൗചാലയങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

അസം, പഞ്ചാബ്, ഒഡീഷ സംസ്ഥാനങ്ങളില്‍ അഭിയാന്റെ കീഴില്‍ നിര്‍മ്മിച്ച സാമൂഹിക ശൗചാലയങ്ങളില്‍ പോലും ശുചിയാക്കല്‍ തൊഴിലാളികളില്ല. ഗ്രാമങ്ങളിലെ 40 ശതമാനം ശൗചാലയങ്ങളിലും ഓട സംവിധാനം ഇല്ലെന്നും സര്‍വെ ഫലം കണ്ടെത്തി. ഇത്തരം ശൗചാലയങ്ങളില്‍ ഭൂരിപക്ഷവും പ്രാദേശിക ജലസ്രോതസുകളിലേക്ക് നേരിട്ട് മാലിന്യം നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. ഇത് ഉള്ള വെള്ളം മലിനപ്പെടുത്തുകയും വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതായും പഠനം വെളിപ്പെടുത്തുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍