UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജോണ്‍ നാഷ്: യുക്തിയിലും വിഭ്രമത്തിലും ജീവിച്ച മഹാഗണിതകാരന്‍

Avatar

എമിലി ലാംഗര്‍
(വാഷിംഗ്ടണ്‍പോസ്റ്റ്)

മത്സരസിദ്ധാന്തത്തിന്റെ ഗണിതശാഖയെ വിപ്ലവവത്കരിച്ച ജോണ്‍ എഫ് നാഷ് ജൂനിയര്‍, വളരെ മൗലികമായതും ആഴത്തില്‍ അസ്വസ്ഥമായതുമായ ഒരു മനസ്സാല്‍ അനുഗ്രഹീതനായിരുന്നു. എന്നാല്‍ ഹോളിവുഡിന്റെ വ്യാഖ്യാനത്തിലൂടെയാണ് മിക്കവര്‍ക്കും ഇത് അറിയാന്‍ കഴിഞ്ഞത്. അദ്ദേഹത്തിന്റെ മനസ് മനോഹരമായിരുന്നു.

മാനസിക രോഗത്തിന് കീഴ്‌പ്പെടുകയും അതില്‍ നിന്ന് മോചിതനാവുകയും ചെയ്ത ഗണിതശാസ്ത്രത്തിലെ നൊബേല്‍ പുരസ്‌കാര ജേതാവ് ഡോ. നാഷാണ് അക്കാദമി അവാര്‍ഡ് നേടിയ ‘എ ബ്യൂട്ടിഫുള്‍ മൈന്‍ഡ്’ എന്ന ചിത്രത്തിന് പ്രചോദനമായത്. ന്യൂ ജേഴ്‌സി ടേണ്‍പൈക്കില്‍ ഉണ്ടായ കാറപകടത്തില്‍പ്പെട്ട് മെയ് 23നാണ് അദ്ദേഹം അന്തരിച്ചത്. അപ്പോള്‍ അദ്ദേഹത്തിന് 86 വയസ്സായിരുന്നു. 82 വയസ്സുകാരിയായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ അലീസിയയും അന്തരിച്ചു.

ന്യൂ ജേഴ്‌സി സ്റ്റേറ്റ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍ അനുസരിച്ച് ഡ്രൈവറിന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുമ്പോള്‍ ദമ്പതികള്‍ ഒരു ടാക്‌സി കാബില്‍ മോണ്‍റോക്കിന് അടുത്ത് സൗത്ത്ബൗണ്ടിലൂടെ യാത്ര ചെയ്യുകയായിരുന്നു. ന്യൂ ജേഴ്‌സിയിലെ പ്രിന്‍സ്ടണ്‍ ജംഗ്ഷനിലായിരുന്നു ദമ്പതികള്‍ താമസിച്ചിരുന്നത്. 

സാമ്പത്തിക ശാസ്ത്രത്തില്‍ 1994ല്‍ ഡോ. നാഷ് നോബേല്‍ പുരസ്‌കാരം നേടിയപ്പോള്‍, അതൊരു ബൗദ്ധിക വിജയം എന്നതിലുപരി ഒരു വ്യക്തിപരമായ വിജയം കൂടിയായിരുന്നു. നാല് ദശാബ്ദങ്ങള്‍ക്കും മുമ്പ്, പ്രിന്‍സ്ടണ്‍ സര്‍വ്വകലാശാലയിലെ ബിരുദ വിദ്യാര്‍ഥിയായിരിക്കെ മത്സര സിദ്ധാന്തത്തെക്കുറിച്ച് 27 പേജുള്ള പ്രബന്ധം അദ്ദേഹം സമര്‍പ്പിച്ചിരുന്നു. സംഘര്‍ഷ സാഹചര്യങ്ങളില്‍ തീരുമാനത്തിലെത്തുന്നതിന്റെ പ്രയുക്ത ഗണിതശാസ്ത്രപഠനമായിരുന്നു അതിന്റെ കാതല്‍, ആ രംഗത്തെ ഏറ്റവും ആഘോഷിക്കപ്പെട്ട ഉദ്യമങ്ങളില്‍ ഒന്നായിരുന്നു അത്.

ഡോ. നാഷിന്റെ നേട്ടങ്ങളെ പണ്ഡിതലോകം മുഴുവനായും തിരിച്ചറിയും മുമ്പ് സ്കീസോഫ്രീനീയ എന്ന മാനസിക രോഗത്തിന് അദ്ദേഹം കീഴ്‌പ്പെട്ടുകഴിഞ്ഞിരുന്നു. ഒരിക്കല്‍ പരമോന്നതമായ അദ്ദേഹത്തിന്റെ യുക്തിബോധം 20 വര്‍ഷത്തില്‍ ഏറെക്കുറെ മുഴുവനായും മതിഭ്രമത്തിന്റെയും വിഭ്രാന്തിയുടെയും ആക്രമണത്തില്‍പ്പെട്ടിരുന്നു.

തന്റെ അസ്വസ്ഥതകളില്‍ നിന്ന് ഡോ. നാഷ് തിരിച്ചെത്തുമ്പോഴേക്കും അദ്ദേഹത്തിന്റെ ആശയങ്ങള്‍ സാമ്പത്തിക ശാസ്ത്രം, വിദേശ കാര്യം, രാഷ്ട്രീയം, ജൈവശാസ്ത്രം എന്ന് തുടങ്ങി ജീവിതത്തിന്റെ മത്സരാധിഷ്ഠിതമായ എല്ലാ തുറകളിലും സ്വാധീനം ചെലുത്തിക്കഴിഞ്ഞിട്ടുണ്ടായിരുന്നു. എന്നാല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് ഏറെ നാളായി അപ്രത്യക്ഷനായിരുന്ന അദ്ദേഹം മരിച്ചുവെന്നാണ് ചില പണ്ഡിതര്‍ കരുതിയിരുന്നത്.

”പകല്‍വെളിച്ചത്തിലേക്ക് അദ്ദേഹത്തെ കൊണ്ടുവരാന്‍ ഞങ്ങള്‍ സഹായിച്ചു”, സാമ്പത്തിക ശാസ്ത്രത്തിലെ നോബേല്‍ പുരസ്‌കാര സമിതിയുടെ മുന്‍ ചെയര്‍മാന്‍ അസ്സര്‍ ലിന്റ്‌ബെക്ക് ഡോ. നാഷിന്റെ ജീവചരിത്രകാരി സില്‍വിയാ നാസറോട് പറഞ്ഞു. ”ഒരു തരത്തില്‍ ഞങ്ങള്‍ അദ്ദേഹത്തെ പുനരുജ്ജീവിപ്പിച്ചു.”

‘എ ബ്യൂട്ടിഫുള്‍ മൈന്‍ഡ് ‘ എന്ന പേരിലുള്ള നാസറിന്റെ പുസ്തകം 1998ലാണ് പ്രസിദ്ധീകരിക്കുന്നത്, മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം അത് ചലച്ചിത്രമാവുകയും ചെയ്തു. ഗണിതശാസ്ത്രജ്ഞന്റെ ജീവിതം കാല്പനികവത്കരിച്ചു എന്ന വിമര്‍ശനം നേരിടേണ്ടി വന്നുവെങ്കിലും മികച്ച ചിത്രത്തിനുള്ളത് ഉള്‍പ്പെടെ നാല് ഓസ്‌കാറുകള്‍ ഈ സിനിമ നേടി. റസല്‍ ക്രോവ് അവതരിപ്പിച്ച ഡോ. നാഷ് രാജ്യാന്തര സെലിബ്രിറ്റിയായി മാറി- ഒരു പക്ഷെ അടുത്തകാലത്തെ ഏറ്റവും പ്രശസ്തനായ ഗണിതശാസത്രജ്ഞന്‍.

മത്സരത്തിലെ സങ്കീര്‍ണത
ആധുനിക മത്സരസിദ്ധാന്തം ആദ്യമായി വ്യക്തമാക്കിയത് ഗണിതശാസ്ത്രജ്ഞന്‍ ജോണ്‍ വോണ്‍ ന്യൂമാനും സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഓസ്‌കാര്‍ മോര്‍ഗെന്‍സ്‌റ്റേര്‍ണും കൂടിയാണ്, ‘തിയറി ഓഫ് ഗെയിംസ് ആന്റ് എക്കണോമിക് ബിഹേവിയറി’ന്റെ 1994ലെ വാല്യത്തില്‍.

അതിന്റെ ഉദ്ദേശ്യം: പ്രസ്തുത ചുറ്റുപാടുകളില്‍ എതിരാളികള്‍ തമ്മിലുള്ള പാരസ്പര്യങ്ങളെ മനസ്സിലാക്കുക അന്തിമമായി പ്രവചിക്കുക. അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലെ ശീതയുദ്ധ കാലത്ത്, മത്സര സിദ്ധാന്തം കൂടുതല്‍ സ്വീകാര്യവും പ്രയോജനകരവുമായി മാറി.

ചെക്കര്‍ പോലുള്ള ‘സീറോ-സം’ ഗെയിമിന്റെ നിലനില്‍പ്പ് വോണ്‍ ന്യൂമാനും മോര്‍ഗന്‍സ്‌റ്റേണും ഏറ്റെടുത്തിരുന്നു, ഒരാള്‍ക്ക് നഷ്ടം സംഭവിക്കുന്നത് മറ്റേയാളുടെ നേട്ടമാണ്. കുട്ടിക്കാലം തൊട്ട് സാമൂഹിക വ്യവഹാരങ്ങളില്‍ ബുദ്ധിമുട്ടിയിരുന്നതായി പറയപ്പെടുന്ന ഡോ. നാഷ് വിരോധാഭാസമെന്ന രീതിയില്‍ നിരീക്ഷിച്ചത് അത്രയും ലളിതമായ രൂപത്തില്‍ ഒരു മാനുഷിക സ്പര്‍ദ്ധയും പ്രവര്‍ത്തിക്കുന്നില്ല എന്നാണ്. 

സഹകരണാടിസ്ഥാനത്തിലുള്ള മത്സരങ്ങളെയും (കരാറുകള്‍ ഉണ്ടാക്കാന്‍ പറ്റുന്നത്) സഹകരണാടിസ്ഥാനത്തിലല്ലാത്ത മത്സരങ്ങളെയും (കരാറുകള്‍ ഉണ്ടാക്കാന്‍ പറ്റാത്തത് ) ഉള്‍ക്കൊള്ളിക്കാന്‍ വേണ്ടി അദ്ദേഹം മത്സര സിദ്ധാന്തം വികസിപ്പിച്ചു, പിന്നെ പരസ്പര നേട്ടത്തിന്റെ സാധ്യത അനുവദിക്കാന്‍ കൂടി വേണ്ടി. അത്തരത്തിലൊന്നിന്റെ അനന്തരഫലമാണ് നാഷ് ഇക്വിലീബ്രിയം എന്ന് അറിയപ്പെട്ടത്.

ഗണിത ചിഹ്നങ്ങളുടെ ചിത്രലിപി സമ്പ്രദായത്തില്‍ നിര്‍വചിക്കപ്പെട്ട നാഷ് ഇക്വിലിബ്രിയം എല്ലായിടത്തും നിലനില്‍ക്കുന്നു. രണ്ടു പേര്‍ക്കും പരമാവധി ലാഭം കിട്ടിയേക്കാമെന്നുള്ളത് കൊണ്ട് രണ്ട് മാഗസിനുകള്‍ ഒരേ വില ചുമത്തിയേക്കാം. ആയുധശേഖരം നിയന്ത്രിക്കപ്പെടുന്ന ആയുധ കരാറുകളില്‍ രണ്ട് ശത്രു രാഷ്ട്രങ്ങള്‍ ധാരണയില്‍ എത്തുമ്പോള്‍ അത് ഇരു രാജ്യങ്ങള്‍ക്കും ഒരളവില്‍ സുരക്ഷയും കൂടിയാണ് നല്‍കുന്നത്. 

ഡോ. നാഷിന്റെ പഠനങ്ങളുടെ ഉപയോഗയോഗ്യതക്ക് പരിമിതികളുണ്ട്. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങള്‍ പറയുന്നത് പോലെ ശത്രുക്കള്‍ മറുവശത്തെ നയതന്ത്രങ്ങള്‍ എപ്പോഴും മുഴുവനായും അറിയുന്നില്ല എന്നുള്ളതാണ് ഒന്ന്. പലപ്പോഴും ഒരു സംഘര്‍ഷത്തിന്റെ അനന്തരഫലം ഒന്ന് മാത്രമാകണമെന്നില്ല അനേകം അനന്തരഫലങ്ങള്‍ക്കും സാധ്യതയുണ്ടെന്നതാണ് മറ്റൊരു പരിമിതി. ആ മേഖലയിലെ സംഭാവനകള്‍ക്ക് ഡോ നാഷിനൊപ്പം 1994ലെ നൊബേല്‍ പുരസ്‌കാരം മത്സര സൈദ്ധാന്തികരായ ജോണ്‍ ഹര്‍സനായിയും റെയ്ന്‍ഹാര്‍ഡ് സെല്‍ട്ടണും പങ്കിട്ടുണ്ട്. ‘വഴിതെളിക്കുന്ന അപഗ്രഥനങ്ങള്‍ക്ക് ‘ മൂന്ന് പേരും പുരസ്‌കാര പത്രത്തില്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നു. 

കൃത്യതയുടെ തെളിവുകള്‍ കണ്ടെത്താനാകുന്നതിന് മുമ്പെ അദ്ദേഹത്തിന് ഉള്‍ക്കാഴ്ചകള്‍ ഉണ്ടാകുന്നതായും പഠനത്തിലൂടെയുള്ള കണ്ടെത്തലുകള്‍ എന്നതിനേക്കാള്‍ വെളിപാടുകള്‍ പോലെയാണ് അദ്ദേഹത്തിലേക്ക് ചിന്തകള്‍ വരുന്നതെന്നും, ഡോ. നാഷ് വ്യാഖാനിക്കപ്പെട്ടിട്ടുണ്ട്. മുമ്പെ 1958ല്‍ തന്നെ, കാലഘട്ടത്തിന്റെ മഹാന്മാരായ ഗണിതശാസ്ത്രജ്ഞരുടെ കൂട്ടത്തില്‍ ഫോര്‍ച്യൂണ്‍ മാഗസിന്‍ അദ്ദേഹത്തെയും ഉള്‍പ്പെടുത്തിയിരുന്നു. 

”പര്‍വതത്തില്‍ എവിടെയോ ഉള്ള പാത കണ്ടെത്താന്‍ മറ്റുള്ള എല്ലാവരും ഒരു ശിഖരം കയറിയേക്കാം”, സഹപ്രവര്‍ത്തകന്‍ പറയുന്നതായി നാസര്‍ ഉദ്ധരിക്കുന്നു. ”നാഷ് മറ്റൊരു പര്‍വതം മുഴുവനായും കയറുകയും ദൂരെയുള്ള ഒരു ശിഖരത്തില്‍ നിന്ന് ആദ്യത്തെ ശിഖരത്തിലേക്ക് വെളിച്ചം തെളിക്കുകയും ആയിരിക്കും ചെയ്യുക. ”

അന്റാര്‍ട്ടിക്കയുടെ ചക്രവര്‍ത്തി
നാഷിന്‍െ ഔദ്യോഗിക ജീവിതത്തിന്റെ ഏറ്റവും സമ്പന്നമായ കാലഘട്ടമാകുമായിരുന്ന, മുപ്പതിനോടടുത്ത പ്രായത്തിലാണ് അദ്ദേഹത്തിന് മാനസിക രോഗം ഉണ്ടാകുന്നത്. ഡോ. നാഷ് ആ സമയം മസാച്ചുസെറ്റസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ ജോലി ചെയ്യുകയും ക്വാണ്ടം സിദ്ധാന്തം പഠിക്കുകയുമായിരുന്നു.

സ്ഥിതി മോശമായപ്പോള്‍, ഡോ. നാഷിന് ചിത്തഭ്രമവും, വേട്ടയാടപ്പെടുന്നു എന്ന തോന്നലും ഉണ്ടായി. ചുവന്ന ടൈകള്‍ കെട്ടിയ ആളുകള്‍ പ്രഛന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആളുകളാണെന്ന് അദ്ദേഹം വിശ്വസിച്ചു.

അന്യഗ്രഹ ജീവികളില്‍ നിന്നുള്ള സന്ദേശങ്ങളാണ് ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിക്കുന്നതെന്നും അവരുടെ ഭാഷ തനിക്ക് മനസിലാകുമെന്നും അദ്ദേഹം വിചാരിച്ചു. താരസമൂഹങ്ങള്‍ക്ക് ബാധകമായ ഒരു ഡ്രൈവിംഗ് ലൈസന്‍സാണ് ഒരു വിദ്യാര്‍ഥിക്ക് അദ്ദേഹം നല്‍കിയതെന്നും നാസര്‍ എഴുതിയിട്ടുണ്ട്.

ഒരു ഘട്ടത്തില്‍, അന്റാര്‍ട്ടിക്കയുടെ ചക്രവര്‍ത്തിയാകാനുള്ള കാത്തിരിപ്പിലാണ് താനെന്ന വിശ്വാസത്തില്‍ ചിക്കാഗോ സര്‍വ്വകലാശാലയിലേക്കുള്ള ആദരണീയമായ പദവി അദ്ദേഹം വേണ്ടെന്നു വെച്ചു. മറ്റൊരു ഘട്ടത്തില്‍, മഹത്തായതും എന്നാല്‍ രഹസ്യപ്രധാനമായതുമായ മിശിഹയുടെ പ്രതിരൂപമാണ് താനെന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്ന്‌ ഒരിക്കല്‍ അദ്ദേഹത്തിന്റെ വിശിഷ്ടമായ പ്രാഗല്‍ഭ്യത്തിന്റെ ഉപാധികളായിരുന്ന അക്കങ്ങളെ രഹസ്യ സന്ദേശങ്ങള്‍ക്കായി തെരഞ്ഞുവെന്ന് നാസര്‍ പ്രസ്താവിക്കുന്നു.

”ഒരു പ്രത്യേക സംഖ്യ കണ്ടാല്‍ എനിക്ക് ഒരു ദൈവികമായ വെളിപാടുണ്ടായേക്കാമെന്ന് എനിക്ക് തോന്നി; അതൊരു വലിയ യാദൃശ്ചികതയായിരിക്കും; സ്വര്‍ഗത്തില്‍ നിന്നുള്ള സന്ദേശം പോലെ അപഗ്രഥിക്കാനാകുന്നത്”, വര്‍ഷങ്ങള്‍ക്ക് ശേഷം പിബിഎസിന്റെ ‘അമേരിക്കന്‍ എക്‌സ്പീരിയന്‍സിന്’ വേണ്ടി ‘എ ബ്രില്ല്യന്റ് മാഡ്‌നസ് ‘ എന്ന ഡോക്യുമെന്ററിയില്‍ ഡോ. നാഷ് പറഞ്ഞു.

അദ്ദേഹം തന്റെ മുടി നീട്ടി വളര്‍ത്തി. വിദേശങ്ങളിലേക്ക് യാത്ര ചെയ്തു, യു എസ് പൗരത്വം ഉപേക്ഷിക്കാന്‍ ശ്രമിച്ചു, പിന്നെ നിരവധി ഘട്ടങ്ങളില്‍ ജപ്പാനിലെ ഷോഗുണായും, ബൈബിളിലെ ഇയ്യോബായും, പലസ്തീനിയന്‍ അഭയാര്‍ഥിയായും സ്വയം കരുതി.

മാനസിക കേന്ദ്രങ്ങളില്‍ താമസിക്കുന്ന കാലഘട്ടത്തില്‍ ഒരിക്കല്‍ ഒരു മുന്‍ സഹപ്രവര്‍ത്തകന്‍ സന്ദര്‍ശനത്തിനായി ചെന്നു.

”കാരണങ്ങള്‍ക്കും യുക്തിപരമായ തെളിവുകള്‍ക്കും സ്വയം സമര്‍പ്പിച്ച ഗണിതശാസ്ത്രജ്ഞനായ താങ്കള്‍ക്കെങ്ങനെയാണ് അന്യഗ്രഹജീവികള്‍ സന്ദേശം അയക്കുന്നുവെന്ന് വിശ്വിസിക്കാനായത്?” അദ്ദേഹം ചോദിച്ചതായി നാസര്‍ ഉദ്ധരിക്കുന്നു.

”കാരണം,” ഡോ. നാഷ് പ്രതികരിച്ചു, ”അമാനുഷിക ജീവികളെക്കുറിച്ചുള്ള ആശയങ്ങള്‍ എന്റെയുള്ളില്‍ എത്തിയത് ഗണിതപരമായ ആശയങ്ങള്‍ എന്നിലേക്ക് എത്തുന്നത് പോലെ തന്നെയായിരുന്നു. അതുകൊണ്ട് ഞാന്‍ അത് ഗൗരവമായി എടുത്തു.”

പശ്ചിമ വെര്‍ജീനിയയിലെ ബ്ലൂഫീല്‍ഡില്‍ 1928 ജൂണ്‍ 13നാണ് ജോണ്‍ ഫോര്‍ബ്‌സ് നാഷ് ജൂനിയര്‍ ജനിക്കുന്നത്. അദ്ദേഹത്തിന്റെ അച്ഛന്‍ ഒരു ഇലക്ട്രിക്കല്‍ എഞ്ചിനിയര്‍ ആയിരുന്നു, അമ്മ ഒരു ഇംഗ്ലീഷ്, ലാറ്റിന്‍ അധ്യാപികയും. 

കുട്ടിയായിരിക്കുമ്പോള്‍ ജോണ്‍ ജൂനിയര്‍ ഒരു ഇരട്ടപ്പേര് സമ്പാദിച്ചിട്ടുണ്ടായിരുന്നു, ‘ബിഗ് ബ്രെയ്ന്‍സ് .’ അദ്ദേഹത്തിന്റെ കുടുംബം വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിച്ചിരുന്നു, എന്നാല്‍ തന്റെ നൊബേല്‍ ജീവചരിത്രക്കുറിപ്പില്‍ അദ്ദേഹം ഓര്‍ത്തെടുക്കുന്നത് ”ആസന്നമായിട്ടുള്ള സമൂഹത്തില്‍ നിന്ന് കിട്ടുന്ന അറിവില്‍ നിന്ന് ഉള്ളതിനേക്കാള്‍ ലോകത്തിന്റെ അറിവില്‍ നിന്ന് പഠിക്കേണ്ടതിന്റെ ആവശ്യകതയാണ് ”.

1945ല്‍ പിറ്റ്‌സ്ബര്‍ഗിലെ കാര്‍ണിജ് മെലന്‍ സര്‍വ്വകലാശാലയില്‍ ചേര്‍ന്നു, കെമിക്കല്‍ എഞ്ചിനിയറിങ്ങില്‍ നിന്ന് രസതന്ത്രത്തിലേക്കും ഒടുവില്‍ ഗണിതശാസ്ത്രത്തിലേക്കും മാറി അദ്ദേഹം ബിരുദം പഠനം പൂര്‍ത്തിയാക്കി. 1948 ആകുമ്പോഴേക്കും ഗണിതശാസ്ത്രത്തില്‍ ബിരുദത്തോടൊപ്പം തന്നെ ബിരുദാനന്തര ബിരുദവും നേടാന്‍ കഴിഞ്ഞത്രയും മഹത്തരമായിരുന്നു അദ്ദേഹത്തിന്റെ പുരോഗതി. അതിന് ശേഷം അദ്ദേഹം പ്രിന്‍സടണ്‍ സര്‍വ്വകലാശാലയിലേക്ക് മാറി, അവിടെ രണ്ടാം വര്‍ഷ വിദ്യാര്‍ഥി ആയിരിക്കെ അദ്ദേഹം എഴുതിയ തീസിസ് മത്സരസിദ്ധാന്തത്തിനായി അദ്ദേഹത്തിന്റെ സംഭാവനകള്‍ക്ക് ബൗദ്ധിക അടിത്തറ നല്‍കുന്ന ഒന്നായിരുന്നു.

ഡോ. നാഷ് ഒരു ‘ദൈവത്തെ പോലെ സുന്ദരന്‍’ ആയിരുന്നുവെന്ന് മുന്‍ സഹപാഠി നാസറിനോട് പറഞ്ഞു, എന്നാല്‍ വളരെ അസാധാരണത്വമുള്ള ആളുമായിരുന്നു. അദ്ദേഹം ഒരു സൈക്കിളിനെ എട്ട് ആകൃതിയില്‍ ഓടിച്ചു. സങ്കീര്‍ണമായ കളികളില്‍ ഏര്‍പ്പെടുക എന്ന പ്രിന്‍സ്ടണ്‍ സമ്പ്രദായം തുടര്‍ന്നിരുന്ന ഒരു സംഘം വിദ്യാര്‍ഥികളുടെ കൂടെ കൂടുകയും, പുതുതായി ഒരു കളി കണ്ടെത്തുകയും ചെയ്തു നാഷ്.

1950-ലാണ് ഡോ. നാഷിന് ഡോക്ടറേറ്റ് ലഭിക്കുന്നത്, മസാച്ചുസെറ്റസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ ഫാക്കല്‍ട്ടിയായി ചേരുകയും കാലിഫോര്‍ണിയയിലെ റാണ്ട് കോര്‍പ്പൊറേഷനില്‍ അധികം വൈകാതെ തന്നെ ഗവേഷകനാവുകയും ചെയ്തു. അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിലെ ആ കാലഘട്ടത്തില്‍, ഡിഫറന്‍ഷ്യല്‍ ജിയോമെട്രിയും പൊതു ആപേക്ഷികതയും ആയി ബന്ധപ്പെട്ട ‘ശ്രേഷ്ഠമായ പരിഹരിക്കാത്ത പ്രശ്‌നം’ എന്ന് അദ്ദേഹം വിവരിച്ചതിന്റെ കുരുക്ക് അദ്ദേഹം അഴിച്ചു.

ആ കാലഘട്ടത്തില്‍ തന്നെയാണ് എലിയനോര്‍ സ്റ്റിയറുമായി ഡോ. നാഷ് കണ്ടുമുട്ടുന്നതും 1953ല്‍ അവര്‍ക്ക് ഒരു മകനുണ്ടാകുന്നതും, ജോണ്‍ ഡേവിഡ് സ്റ്റിയര്‍. ഒരു വര്‍ഷത്തിന് ശേഷം കാലിഫിലെ സാന്റാമോണിക്കായില്‍ നിന്ന് പുരുഷന്മാരുടെ റെസ്റ്റ് റൂമില്‍ അപമര്യാദയായി പെരുമാറിയതിന് ഡോ. നാഷ് അറസ്റ്റിലാവുകയും റാന്റില്‍ നിന്ന് ഉടനെ തന്നെ പുറത്താക്കപ്പെടുകയും ചെയ്തു. നാസര്‍ എഴുതിയ ജീവചരിത്രത്തില്‍ പറയുന്നതനുസരിച്ച് സ്റ്റിയറിന്റെയും അവരുടെ മകന്റെയും ചിത്രം റാന്റ് ഉദ്യോഗസ്ഥര്‍ക്ക് തെളിവായി സമര്‍പ്പിച്ച് കൊണ്ട്, ഡോ. നാഷ് താന്‍ ഒരു സ്വവര്‍ഗ്ഗാനുരാഗിയാണെന്നത് നിഷേധിക്കുകയുണ്ടായി. 

അദ്ദേഹം പിന്നെ എംഐടി യിലേക്ക് മടങ്ങി, അവിടെ വെച്ച് എല്‍ സാല്‍വദോറില്‍ നിന്നുള്ള ഭൗതിക ശാസ്ത്ര വിദ്യാര്‍ഥിനിയായ അലീസിയ ലാര്‍ഡിനെ കണ്ടുമുട്ടി, 1957ല്‍ അവര്‍ വിവാഹിതരാവുകയും ചെയ്തു. കുറച്ചു കാലങ്ങള്‍ക്ക് ഉള്ളില്‍ തന്നെ അലീസിയ, ജോണ്‍ ചാള്‍സ് മാര്‍ട്ടിന്‍ നാഷിനെ ഗര്‍ഭം ധരിക്കുകയും, ഡോ. നാഷ് മാനസിക അസ്ഥിരതയുടെ ലക്ഷണങ്ങള്‍ കാട്ടിത്തുടങ്ങുകയും ചെയ്തു.

രോഗസമയത്ത് ഡോ. നാഷ് ഭാര്യയില്‍ നിന്ന് വിവാഹമോചനം നേടി, ആശുപത്രികള്‍ കയറി ഇറങ്ങി, ഇന്‍സുലിന്‍-കോമ തെറാപ്പികള്‍ ഉള്‍പ്പെടെയുള്ള അപകടകരമായ ചികിത്സക്ക് വിധേയനായി. പിന്നീട് അലീസിയ അദ്ദേഹത്തെ തന്റെ വീട്ടിലേക്ക് കൊണ്ടു വരികയും, വിവാഹിതരല്ലെങ്കില്‍ക്കൂടി ശുശ്രൂഷിക്കുകയും ചെയ്തു.

പ്രിന്‍സ്ടണ്‍ ക്യാമ്പസ്സിലാണ് ജീവിതത്തിലെ കൂടുതല്‍ സമയവും അദ്ദേഹം ചെലവഴിച്ചത്, അദ്ദേഹത്തിലെ പ്രതിഭയെ തിരിച്ചറിഞ്ഞ ചിലര്‍ ഉള്ള ഇടമായിരുന്നു അവിടം. ഫൈന്‍ ഹാളിലെ ഭൂതമായിട്ടാണ് മറ്റുള്ളവര്‍ അദ്ദേഹത്തെ അറിഞ്ഞത്. ഗണിതശാസ്ത്ര വിഭാഗം ഉള്‍ക്കൊള്ളുന്ന കെട്ടിടത്തിന്റെ പേരാണത്.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

സമയമെടുത്ത്, എല്ലാ വൈചിത്രങ്ങള്‍ക്കും എതിരായി, ദീര്‍ഘകാലം തന്നെ ഗ്രസിച്ച രോഗത്തില്‍ നിന്ന് അദ്ദേഹം മറികടന്നതായി തോന്നിച്ചു. തന്റെ രോഗമുക്തി താന്‍ നിശ്ചയിച്ചിരുന്നതായി അദ്ദേഹം ശഠിച്ചു.

”യുക്തിപരമായി ചിന്തിക്കാന്‍ തുടങ്ങുകയാണെന്ന് ഞാന്‍ തീരുമാനിച്ചു,” ഡോ. നാഷ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.

2001 ഡോ. നാഷും അലീസിയയും വീണ്ടും വിവാഹിതരായി. ”അതൊരു നല്ല ആശയമാണെന്ന് ഞങ്ങള്‍ക്ക് തോന്നി,” അലീസിയ പിന്നീട് പറഞ്ഞു. ”എല്ലാത്തിലുമുപരി ഞങ്ങളുടെ ജീവിതത്തിന്റെ ഭൂരിഭാഗം സമയവും ഞങ്ങള്‍ ഒന്നിച്ചായിരുന്നു.”

മക്കളായ ജോണ്‍ ഡേവിഡ് സ്റ്റിയര്‍, ജോണ്‍ ചാള്‍സ് മാര്‍ട്ടിന്‍ നാഷ് പിന്നെ ഒരു സഹോദരി എന്നിവരാണ് ശേഷിക്കുന്നവര്‍.

‘ശാരീരികമായ ബലഹീനതകളില്‍ നിന്നും നല്ല ആരോഗ്യം വീണ്ടെടുത്ത ഒരാളെപ്പോലെ മുഴുവനായും സന്തോഷദായകമായ കാര്യമായിരുന്നില്ല’ യുക്തിപരമായ ശാസ്ത്ര ചിന്തകളുടെ ലോകത്തേക്കുള്ള തന്റെ മടങ്ങിവരവെന്ന് നൊബേല്‍ ജീവചരിത്രക്കുറിപ്പില്‍ ഡോ. നാഷ് കുറിച്ചിട്ടുണ്ട്.

‘ഭ്രാന്തില്ലായിരുന്നെങ്കില്‍?’ ഡോ. നാഷ് എഴുതി, ‘ജീവിച്ചിരിക്കുകയും പിന്നീട് മറക്കപ്പെടുകയും ചെയ്യുന്ന ലക്ഷക്കണക്കിന്, കോടിക്കണക്കിന് മനുഷ്യരെ പോലെയാകുമായിരുന്നു തീര്‍ച്ചയായും സാരാതുഷ്ട്രയും.’

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍