UPDATES

സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം കൊളംബിയന്‍ പ്രസിഡന്റ് യുവാന്‍ മാനുവല്‍ സാന്റോസിന്

അഴിമുഖം പ്രതിനിധി

സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കരത്തിനു കൊളംബിയന്‍ പ്രസിഡന്റ് ഹുവാന്‍ മാനുവല്‍ സാന്റോസ് അര്‍ഹനായി. രാജ്യത്ത് ആരനൂറ്റാണ്ടിലേറെയായി നിലനിന്നിരുന്ന ആഭ്യന്തര കലാപം അവസാനിപ്പിച്ചതിനാണ് സാന്റോസ് പുരസ്‌കാരത്തിന് അര്‍ഹനായത്. 52 വര്‍ഷക്കാലം നിലനിന്ന ആഭ്യന്തരകലാപത്തിനു വിരാമം കുറിച്ച് സര്‍ക്കാരും ഇടതു ഗറില്ല ഗ്രൂപ്പായ റവല്യൂഷനറി ആംഡ് ഫോഴ്‌സ് ഓഫ് കൊളംബിയയും(ഫാര്‍ക്) തമ്മില്‍ ഉണ്ടാക്കിയ സമാധാന കരാറിനു മുന്‍കൈയെടുത്തത് സാന്റോസായിരുന്നു. ഈ പ്രവര്‍ത്തനം പരിഗണിച്ചാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തതെന്നു പുരസ്‌കാര കമ്മിറ്റി അറിയിച്ചു. കഴിഞ്ഞമാസം അവസാനമാണ് സാന്റോസും ഫാര്‍ക് റിബല്‍ ഗ്രൂപ്പ് നേതാവ് റോഡ്രിഗോ ലന്‍ഡാനോ(തിമോഷെങ്കോ) ഉപ്പുവച്ച സമാധാന കരാര്‍ നിലവില്‍ വന്നത്. ലോകത്ത് സമാധാനം സ്ഥാപിക്കാന്‍ എല്ലാവരേയും പ്രേരിപ്പിക്കാന്‍ സാന്റോസിനു നല്‍കുന്ന പുരസ്‌കാരത്തിലൂടെ സാധിക്കുമെന്നാണ് നൊബേല്‍ പുരസ്‌കാര കമ്മിറ്റി വിലയിരുത്തുന്നത്.

അതേസമയം സര്‍ക്കാരും വിമതരും തമ്മില്‍ ഉണ്ടാക്കിയ സമാധാനക്കരാറില്‍ കൊളംബിയന്‍ ജനതയുടെ ഭൂരിഭാഗവും വിശ്വാസിക്കുന്നില്ലെന്നാണ് വിവരം. അതുകൊണ്ടു തന്നെ സാന്റോസിനു നല്‍കിയിരിക്കുന്ന പുരസ്‌കാരം വിവാദത്തിനും കാരണമായേക്കാം. ഇത്തരമൊരു നീക്കം ഉണ്ടായേക്കുമെന്നു കണ്ടുകൊണ്ട് തന്നെ ഈ തീരുമാനം ഒരുതരത്തിലും കൊളംബിയന്‍ ജനതയെ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ലെന്ന മുന്‍കൂര്‍ ജാമ്യം നൊബേല്‍ പുരസ്‌കാര കമ്മിറ്റി എടുത്തിട്ടുണ്ട്. കൊളംബിയയില്‍ സമാധാനം പൂര്‍ണ അര്‍ത്ഥത്തില്‍ സംജാതമായെന്നല്ല, എന്നാല്‍ രാജ്യത്തെ മുഴുവന്‍ രാഷ്ട്രീയകക്ഷികള്‍ക്കും അവരവരുടേതായ രീതിയില്‍ സമാധാനം നിലനിര്‍ത്താന്‍ പ്രേരണയാകുമെന്നാണ് തങ്ങള്‍ കരുതുന്നതെന്നും നൊബേല്‍ കമ്മിറ്റി വക്താവ് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍