UPDATES

വിദേശം

ജുവാന്‍ മാന്വല്‍ സാന്‍റോസിലൂടെ കൊളംബിയ സമാധാനത്തിന്റെ വഴിയിലേക്ക്

Avatar

ടീം അഴിമുഖം

അരനൂറ്റാണ്ടിലേറെ നീണ്ട ഇടതുപക്ഷ ഒളിപ്പോരാളികളുമായുള്ള സായുധസംഘര്‍ഷം അവസാനിപ്പിക്കുന്നതിന് മുന്‍കൈ എടുത്ത കൊളംബിയന്‍ പ്രസിഡണ്ട് ജുവാന്‍ മാന്വല്‍ സാന്‍റോസ് ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നോബല്‍ പുരസ്കാരത്തിന് അര്‍ഹനായി.

നാലു വര്‍ഷത്തെ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് ശേഷം കഴിഞ്ഞ മാസം ഒപ്പിട്ട FARC ഒളിപ്പോരാളികളുമായുള്ള സമാധാന ഉടമ്പടിക്കു നോബല്‍ സമിതി  അദ്ദേഹത്തെ പ്രകീര്‍ത്തിച്ചു. എന്നാല്‍, കഴിഞ്ഞ ആഴ്ച്ച നടന്ന ഹിതപരിശോധനയില്‍ നേരിയ വ്യത്യാസത്തിന് ഉടമ്പടി അംഗീകാരം നേടുന്നതില്‍ പരാജയപ്പെട്ടിരുന്നു.

ഏതാണ്ട് 2,60,000 പേരാണ് ഈ ആഭ്യന്തര സംഘര്‍ഷത്തില്‍ ഇതുവരെയായി കൊല്ലപ്പെട്ടത്. ആറ് ദശലക്ഷത്തിലേറെപ്പേര്‍ ആഭ്യന്തര അഭയാര്‍ത്ഥികളായി.

376 പേരുടെ പട്ടികയില്‍ നിന്നാണ് സാന്റോസിനെ തെരഞ്ഞെടുത്തത്. അതില്‍ 228 വ്യക്തികളും 148 സംഘടനകളുമുണ്ടായിരുന്നു. അതില്‍ സിറിയന്‍ വൈറ്റ് ഹെല്‍മേറ്റ്സ്, ബോംബാക്രമണത്തിന്റെ ഇരകളെ സംരക്ഷിക്കുന്ന സംഘടന, ഇറാന്‍ ആണവ പദ്ധതി നിയന്ത്രിക്കുന്നതിനുള്ള ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ക്ക് മധ്യസ്ഥം വഹിച്ചവര്‍, യൂറോപ്പിലെ അഭയാര്‍ത്ഥി പ്രതിസന്ധിയെ നേരിടുന്ന ഗ്രീക് ഐലാന്‍ഡേഴ്സ് എന്നിവരടങ്ങുന്നു. സാന്റോസിനൊപ്പം കരാറിലൊപ്പിട്ട ഫാര്‍ക് നേതാവ് തിമോച്ചെങ്കോ എന്നറിയപ്പെടുന്ന റോദ്രീഗോ ലോണ്ടോനോക്കു  പുരസ്കാരമില്ല. സാന്‍റോസിനെ തെരഞ്ഞെടുത്തത്തിന്റെ കാരണങ്ങള്‍ പുരസ്കാര സമിതി അദ്ധ്യക്ഷ കാസി കുള്‍മാന്‍ ഫൈവ് ഇങ്ങനെ പറഞ്ഞു:

“കടുത്ത യാതനകളും അക്രമങ്ങളും സഹിച്ചും സമാധാനത്തെക്കുറിച്ചുള്ള പ്രതീക്ഷ കൈവിടാത്ത കൊളംബിയന്‍ ജനതയ്ക്കും ഈ സമാധാന പ്രക്രിയയില്‍ പങ്കുവഹിച്ച എല്ലാ കക്ഷികള്‍ക്കുമുള്ള ആദരം കൂടിയാണിത്. കൊളംബിയന്‍ സര്‍ക്കാരും ഫാര്‍ക് ഒളിപ്പോരാളികളും തമ്മിലുള്ള സമാധാന കരാറിലേക്കെത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ തുടങ്ങിവെക്കാന്‍ പ്രസിഡണ്ട് സാന്‍റോസ് മുന്‍കയ്യെടുത്തു. ഏറെ വിവാദങ്ങള്‍ വിളിച്ചുവരുത്തും എന്നറിഞ്ഞിട്ടും സമാധാനപ്രക്രിയ മുന്നോട്ട് കൊണ്ടുപോകാന്‍ അദ്ദേഹം നിരന്തരം യത്നിച്ചു. കരാറിനെക്കുറിച്ച് കൊളംബിയന്‍ ജനതയ്ക്കുള്ള അഭിപ്രായം രേഖപ്പെടുത്താന്‍ ഹിതപരിശോധന നടത്താനും അദ്ദേഹം തയ്യാറായി. ഹിതപരിശോധനയുടെ ഫലം പ്രസിഡണ്ട് സാന്‍റോസ് ആഗ്രഹിച്ച തരത്തിലായിരുന്നില്ല. ഒരു നേരിയ ഭൂരിപക്ഷത്തിന് കരാര്‍ തള്ളി.  ഈ ഫലം കൊളംബിയയുടെ ഭാവിയെ സംബന്ധിച്ചു വലിയ അനിശ്ചിതത്വം ഉണ്ടാക്കിയിരിക്കുന്നു. സമാധാനപ്രക്രിയ നിലയ്ക്കുകയും ആഭ്യന്തര യുദ്ധം വീണ്ടും പൊട്ടിപ്പുറപ്പെടുകയും എന്ന ആശങ്ക ശക്തമാണ്. പ്രസിഡണ്ട് സാന്‍റോസും ഒളിപ്പോരാളി നേതാവ് റോഡ്രീഗോ ലോണ്ടോനോയും നയിക്കുന്ന കക്ഷികള്‍ വെടിനിര്‍ത്തല്‍ കരാര്‍ മാനിക്കുന്നു എന്നുറപ്പാക്കേണ്ടത് ഈ പശ്ചാത്തലത്തില്‍ അനിവാര്യമാണ്.”

കൊളംബിയയിലെ ഏറ്റവും സ്വാധീനമുള്ള ഉപരിവര്‍ഗകുടുംബങ്ങളിലൊന്നില്‍ ജനിച്ച ജുവാന്‍ മാന്വല്‍ സാന്‍റോസ് എക്കാലത്തും രാഷ്ട്രീയാധികാരത്തിന്റെ അകത്തളങ്ങളിലായിരുന്നു. പ്രസിഡണ്ട് കൊട്ടാരത്തില്‍ നിന്നും സാന്‍റോസ് ഒരിയ്ക്കലും അകലെയായിരുന്നില്ല.

കൊളംബിയന്‍ റിപ്പബ്ലിക് നിലവില്‍ വരുന്നതിന് മുമ്പുതന്നെ സാന്‍റോസ് കുടുംബം ഉദാര രാഷ്ട്രീയത്തിലെയും മാധ്യമരംഗത്തെയും  ഭീമന്മാരായിരുന്നു.

സാന്‍റോസിന്റെ വലിയമ്മാവന്‍ എഡ്വാര്‍ഡോ സാന്‍റോസ് 1938-42-ല്‍ പ്രസിഡണ്ടായിരുന്നു. ബന്ധത്തില്‍പ്പെട്ട സഹോദരന്‍ ഫ്രാന്‍സിസ്കോ ഉറിബെ ഭരണത്തില്‍ വൈസ് പ്രസിഡണ്ടായിരുന്നു.

കൊളംബിയയിലെ പ്രമുഖ പത്രം എല്‍ ടൈംപോ ഈ കുടുംബത്തിന്റെതായിരുന്നു. 1913 മുതല്‍ 2007 വരെ പത്രത്തിന്റെ ഭൂരിഭാഗം ഓഹരികളും ഇവരുടെ പക്കലായിരുന്നു.  അരനൂറ്റാണ്ടിലേറെ സാന്‍റോസിന്റെ അച്ഛനായിരുന്നു അതിന്റെ പത്രാധിപര്‍.

1994-ല്‍ Good Governance Foundation സ്ഥാപിച്ച സാന്‍റോസ് ഭാവി പ്രസിഡണ്ട് പദവിയിലേക്കുള്ള നീക്കം തുടങ്ങുകയായിരുന്നു. ആ ഫൌണ്ടേഷനിലെ പ്രധാനപ്പെട്ടവരെല്ലാം ഇപ്പോള്‍ സാന്‍റോസിന്റെ മന്ത്രിസഭയിലുണ്ട്.

ഏണസ്റ്റോ സാംപര്‍ പ്രസിഡണ്ടായിരുന്ന വിവാദകാലത്ത് സാന്‍റോസ് പിന്തള്ളപ്പെട്ടു. യു.എസിലെ നയതന്ത്ര പ്രതിനിധിയാകാനുള്ള അയാളുടെ ശ്രമം പരാജയപ്പെട്ടു. കുറ്റവാളിയായി കൈമാറിയ അര്‍ദ്ധസൈനികസേന കമാണ്ടര്‍ സാല്‍വത്തൂറോ മാനുസ്കോ നല്കിയ മൊഴിയില്‍ ഇക്കാലത്ത്, കുപ്രസിദ്ധ AUC അര്‍ദ്ധസൈനിക വിഭാഗം മേധാവി കാര്‍ലോസ് കസ്റ്റാനയോട് അര്‍ദ്ധസൈനിക വിഭാഗവും രാഷ്ട്രീയ നേതാക്കളും സാംപറിനെ രാജിവെക്കാന്‍ നിര്‍ബന്ധിതനാക്കുന്ന തരത്തിലുള്ള പട്ടാള അട്ടിമറിക്ക് സാന്‍റോസ് പ്രേരിപ്പിക്കുകയുണ്ടായി എന്നു പറയുന്നുണ്ട്. സാന്‍റോസ് നയിക്കുന്ന പുതിയ നിയമനിര്‍മ്മാണ സഭ ഉണ്ടാക്കുകയാണ് ലക്ഷ്യം. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം പ്രസിഡണ്ട് നിഷേധിച്ചിട്ടുണ്ട്.

സാംപര്‍ക്ക് ശേഷം വന്ന യാഥാസ്ഥിതികനായ ആന്ദ്രെസ് പസ്ട്രാനയുടെ കീഴില്‍, ഇടതുപക്ഷ ഒളിപ്പോരാളികളായ FARC-യുമായുള്ള പരാജയപ്പെട്ട സമാധാന ചര്‍ച്ചയില്‍ അന്താരാഷ്ട്ര കമ്മീഷന്റെ ഭാഗമായിരുന്നു സാന്‍റോസ്.

എന്നാല്‍ ഏകോപനത്തിലെ പിഴവുകള്‍ ചൂണ്ടിക്കാണിച്ച് അയാള്‍ ഉടന്‍ രാജിവെച്ചു. തുടര്‍ന്നയാള്‍ സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനായി-ചുരുങ്ങിയത് 2000-ത്തില്‍ ധനമന്ത്രിയായി നിയമിതനാകും വരെയെങ്കിലും.

2002-ല്‍ അല്‍വാറോ ഉറിബെ പ്രസിഡണ്ടായതോടെ സാന്‍റോസിന്റെ രാഷ്ട്രീയജീവിതം മറ്റൊരു ഘട്ടത്തിലേക്ക് കടന്നു. പാര്‍ട്ടിയുമായുള്ള ബന്ധം വിട്ടു, പ്രസിഡണ്ട് പദവിയിലേക്ക് നീക്കങ്ങള്‍ തുടങ്ങി.

ഉറിബെയുടെ ഭരണം തുടങ്ങുന്ന കാലത്ത് പാര്‍ട്ടിയെ നയിക്കാന്‍ ആഗ്രഹമുള്ള ഒരു നേതാവ് മാത്രമായിരുന്നു സാന്‍റോസ്. എന്നാല്‍ ഉറിബെയെ രണ്ടാമതും തെരഞ്ഞെടുക്കുന്നതിന് ഭരണഘടന ഭേദഗതിയെ അനുകൂലിച്ചു വോട്ടുചെയ്ത 15 കോണ്‍ഗ്രസ് അംഗങ്ങളെ പാര്‍ട്ടി പുറത്താക്കിയതോടെ സാന്‍റോസും പാര്‍ട്ടിയിലെ നേതൃത്വവും തമ്മില്‍ അകല്‍ച്ച തുടങ്ങി.

ലിബറല്‍ പാര്‍ട്ടി ഇക്കാര്യത്തില്‍ രണ്ടു തട്ടിലായതോടെ സോഷ്യല്‍ യൂണിറ്റി കക്ഷി-U പാര്‍ടി- രൂപവത്കരിക്കാന്‍ സാന്‍റോസ് നിര്‍ണായക നേതൃത്വം വഹിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍