UPDATES

k c arun

കാഴ്ചപ്പാട്

k c arun

ന്യൂസ് അപ്ഡേറ്റ്സ്

നൊബേല്‍ സമ്മാനത്തിന്‍റെ ജൂത രാഷ്ട്രീയം

k c arun

ലോകത്തിന്റെ മുഴുവൻ ശ്രദ്ധയാകർഷിക്കുന്ന നൊബേൽ സമ്മാനത്തിനെപ്പറ്റി എല്ലാക്കാലത്തും വിമർശനങ്ങളും ചർച്ചകളും ഉയരുന്നത് ഒരു ശീലമാക്കുന്നതും,  വിമർശനങ്ങളെ ആഗോളതലത്തിൽ വിവാദമാക്കുന്നതും വഴിതിരിച്ച് വിടുന്നതുമെല്ലാം നൊബേൽ കമ്മിറ്റി തന്നെ. വേറിട്ട കാഴ്ചകളുള്ള ചിന്തകന്മാരും സാധാരണമനുഷ്യരും സ്വതന്ത്ര അഭിപ്രായങ്ങൾ മുന്നോട്ട് വയ്ക്കുമ്പോൾ, ഖണ്ഡിച്ച് ഇല്ലാതാക്കി  വിവാദ വ്യവസായം ആഗോളതലത്തിൽ വിജയകരമായി സൃഷ്ടിച്ചെടുക്കുന്നത് നൊബേൽ കമ്മിറ്റിയുടെ മഹത്തായ സാധനയാണ്.

ഇപ്പോൾ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. ആരും പ്രതീക്ഷിക്കാത്ത വിധം ഫ്രഞ്ച് നോവലെഴുത്തുകാരനായ പാട്രിക് മോദിയാനോവിന് സമ്മാനം നൽകപ്പെട്ടു.

ലോകത്തെങ്ങുമുള്ള മാധ്യമങ്ങൾ ജാപ്പനീസ് എഴുത്തുകാരനായ ഹറുകി മുറാകാമിയെയാണ് മുന്നിൽ നിർത്തിയിരുന്നത്. ആ വരിയിൽ അമേരിക്കൻ എഴുത്തുകാരനായ ഫിലിപ്രോദ്, ചെക്ക് വംശജനായ ഫ്രഞ്ച് എഴുത്തുകാരൻ മിലൻ കുന്ദേര, ഉക്രേൻ എഴുത്തുകാരനായ സ്വെറ്റ്ലാന അലെക്സിയോവിച്, സിറിയൻ കവി അഡോണിസ്… എന്നിങ്ങനെ പ്രവചനങ്ങൾ പറഞ്ഞു കൊണ്ടേയിരുന്നു. എന്നാലും, മുറാകാമിയുടെ പേര് തുടർച്ചയായി  പറഞ്ഞ് പറഞ്ഞ് ആഗോള സാഹിത്യപ്രേമികളുടെ മനസ്സിൽ കൊത്തി വച്ചു അവർ.

മുറാകാമിയുടെ എഴുത്തിനെ സംബന്ധിച്ചിടത്തോളം സമകാലീന സാഹിത്യമായും അതേ സമയം ബെസ്റ്റ് സെല്ലിംഗ് എന്നും സാഹിത്യവിമർശകർ കണക്കാക്കുന്നു. എന്നാൽ, അദ്ദേഹത്തിന്റെ സൃഷ്ടികൾ, തനത് കല, സംസ്കാരം എന്നിവയെ നിരാകരിക്കുകയും പടിഞ്ഞാറൻ ആശയങ്ങളെ മുന്നോട്ട് വയ്ക്കുന്നെന്നും പറയുന്നു. അദ്ദേഹവും തന്നെപ്പറ്റി ‘I’m an outcast of the Japanese literary world’ എന്ന് അഭിമാനത്തോടെ പറയുന്നുണ്ട്. ആഗോളതലത്തിലെ പോപ്പുലർ പ്രസാധകർ അദ്ദേഹത്തിന്റെ പേര് മുന്നോട്ട് വയ്ക്കുന്നതിന്റെ കാരണവും ഇത് തന്നെ.  ‘തീവ്രമായ സാഹിത്യം മാത്രമല്ലാതെ, വാണിജ്യഗുണവും ചേർന്ന സാഹിത്യരചനയും തത്സമയം പ്രധാനപ്പെട്ടത് തന്നെ എന്ന കാഴ്ചപ്പാട് സൃഷ്ടിക്കുന്ന മുറാകാമിയുടെ എഴുത്ത്’. പടിഞ്ഞാറൻ ചിന്തകളെ മുൻ നിർത്തി എഴുതുന്നതാണ് ‘ലോകസാഹിത്യം’ എന്ന വിശേഷണത്തിനർഹമാകുന്നത് എന്നാണ് ആഗോളഎഴുത്തുകാരുടെ മനസ്സുകളിൽ ഉള്ളത്…. എന്നിങ്ങനെ പല കാരണങ്ങൾ പറയാം. മാധ്യമങ്ങളുടെ ആഗോള പുസ്തക വിപണിയുടെ രാഷ്ട്രീയവും ഇവിടെ പരിശോധിക്കാം.

ഈ എഴുത്തുകാരെപ്പറ്റി മാധ്യമങ്ങൾ മുന്നോട്ട് വയ്ക്കുന്ന നിഗമനങ്ങൾ ഒന്ന് സൂക്ഷ്മമായി നോക്കാം:

ആഗോളതലത്തിൽ ആധുനികതയുടെ വായന വലിയ അളവിൽ ചർച്ച ചെയ്തുകൊണ്ടിരുന്ന സമയത്താണ് മിലൻ കുന്ദേരയുടെ എഴുത്ത് പരിചയപ്പെടുന്നത്. Immortality എന്ന അദ്ദേഹത്തിന്റെ നോവൽ പ്രധാനപ്പെട്ട സാഹിത്യസൃഷ്ടിയായി അദ്ദേഹത്തിന്റെ രചനകളെക്കുറിച്ചുള്ള ചർച്ചകളിൽ കണക്കാക്കപ്പെട്ടു. എഴുത്തിന്റെ പല തരം പരിണാമങ്ങൾ വിടർത്തിക്കാണിക്കുന്ന അദ്ദേഹത്തിന്റെ ചെറുകഥകൾ വളരെ സ്വാരസ്യമുള്ള കളികൾ (Game) അടങ്ങിയവയാണ്. മനുഷ്യമനസ്സുകളുടെ വിചിത്രമായ ചിന്താസരണികളെ മനോഹരമായും സ്വാരസ്യമായും വിവരിക്കുന്നു. അദ്ദേഹത്തിന്റെ The Art of the Novel എന്ന പുസ്തകം, നോവൽ കലയുടെ അനേകം പരിണാമങ്ങളെ, സാദ്ധ്യതകളെ മുന്നിൽ നിർത്തുന്ന എഴുത്തിന്റെ സൌന്ദര്യമുള്ളതാണ്.

ബെസ്റ്റ് ഓഫ് അഴിമുഖം

ആഗോള ‘കാര്‍ബണ്‍ ട്രേഡിങ്ങില്‍’ ആദിവാസികളുടെ മൂല്യമെത്ര?ഉന്മാദവും ഉന്മാദകലയും
ഡിസ്കവറി ചാനൽ ആയുധവില്‍പനയ്ക്ക് കുടപിടിക്കുമ്പോള്‍
സമാധാനത്തിനുള്ള നൊബേല്‍ ഇന്ത്യാക്കാരനും പാക്കിസ്ഥാനിക്കും നല്‍കിയതിലെ സൂചനകള്‍
നഷ്ട മനുഷ്യന്‍: പാട്രിക് മോഡിയനോയെ അറിയുമ്പോള്‍

സിറിയയിലെ അറബ് കവിയായ അഡോണിസ്, അറബ് ജീവിതത്തിനെ വരച്ച് കാണിക്കുന്നവരിൽ പ്രധാനപ്പെട്ടയാളാണ്. സൂഫി ചിന്തകളെ തന്റെ അറബിക്കവിതകളിൽ കൊണ്ടുവന്ന അദ്ദേഹത്തിന്റെ ഏറെ ചർച്ച ചെയ്യപ്പെട്ട രാഷ്ട്രീയ നിലപാടുകൾ കാരണം കുഴപ്പങ്ങൾ നിറഞ്ഞ ജീവിതം നയിക്കുന്ന അദ്ദേഹത്തിന്റെ പേര് 1988 മുതൽ തുടർച്ചയായി നൊബേൽ സമ്മാനപ്പട്ടികയിൽ വരാറുണ്ട്.

അതുപോലെ, സ്വെറ്റ്ലാനാ അലെക്സിയോവിച്ചിന്റെ സൃഷ്ടികളും, സോവിയറ്റ്, സോവിയറ്റാനന്തര പൌരന്റെ ആവേശകരമാ‍യ ചരിത്രത്തിന്റെ സാഹിത്യരൂപമായി വിമർശകർ കണക്കാക്കുന്നു.സോവിയറ്റ് – ആബ്കാൻ ബോർ, സോവിയറ്റിന്റെ പതനം, ചെർണോബിയൻ ദുരന്തം പോലെയുള്ള ചരിത്രസംഭവങ്ങൾ അടങ്ങിയിരിക്കുന്നു. 1950 – 60 കളിൽ ലോകസാഹിത്യത്തിലെ ഉന്നതമായി കണക്കാക്കപ്പെട്ടിരുന്ന റഷ്യൻ സാഹിത്യം പതുക്കെ മങ്ങിപ്പോകുന്ന അവസ്ഥ മാറി ഇപ്പോൾ വീണ്ടും പുത്തനുണർവ്വോടെ ഉയർത്തെഴുന്നേൽക്കുന്നതായി കാണാം.

“ആധുനിക റഷ്യൻ എഴുത്തുകാർ പല വിഷയങ്ങളെപ്പറ്റി പല പുതിയ വടിവുകളിൽ എഴുതുന്നവരും, അളക്കാനാവാത്ത വിധം പ്രതിഭാശാലികളും ആണ്. കുറേ വർഷങ്ങളായി കമ്മ്യൂണിസ്റ്റ് ഭരണത്തിൽ അടയ്ക്കപ്പെട്ടിരുന്ന റഷ്യൻ സാഹിത്യത്തിനോടുള്ള ജനങ്ങളുടെ വിശ്വാസം അവർ തിരിച്ച് പിടിക്കുന്നെന്ന് തന്നെ പറയാം” എന്ന് സമകാലീന അവസ്ഥയെ നിരീക്ഷിക്കുന്നു റഷ്യൻ നിരുപകനായ എലീനാ ഡിമോവ് (Contemporary Russian Literature 



നൊബേൽ കമ്മിറ്റിയ്ക്ക്, സോവിയറ്റ് റഷ്യൻ കാലത്ത് നിന്ന് തന്നെ ഇടതുപക്ഷചിന്തകളെ ആദരിക്കുന്നവരെ പട്ടികയിൽ ഉൾപ്പെടുത്താറില്ലെന്നതാണ് നിലപാടെന്ന് അവരുടെ പ്രവർത്തികളിൽ നിന്നും മനസ്സിലാക്കാവുന്നതാണ്.

1901 മുതൽ 1912 വരെ, നൊബേൽ സമ്മാന കമ്മിറ്റി പറയുന്നത്, ആൽബർട്ട് നൊബേലിന്റെ വിൽ‌പ്പത്രപ്രകാരം, അദ്ദേഹത്തിന്റെ നിബന്ധനകൾക്കനുസരിച്ചുള്ള സിദ്ധാന്തം പിന്തുടർന്നാണ് സമ്മാനങ്ങൾ നൽകപ്പെടുന്നതെന്നാണ്. അതുകൊണ്ട്, ടോൾസ്റ്റോയ്, ഇബ്സൺ, എമിലി സോള, മാർക്ക് ട്വെയിൻ തുടങ്ങിയ എഴുത്തുകാർ ഒഴിവാക്കപ്പെട്ടു. അതിനുശേഷം ഒന്നാം ലോകമഹായുദ്ധത്തിൽ പ്രധാനഭാഗം എടുത്ത് യുദ്ധത്തിൽ പങ്കെടുത്ത നാടുകളും തങ്ങളുടെ കൂട്ടാളികളായ നാടുകൾക്കും സമ്മാനം കൊടുത്തു. എന്നാൽ സ്വിഡനും റഷ്യയ്ക്കും ഇടയിൽ ഉണ്ടാ‍യ വൈരാഗ്യം കാരണം ടോൾസ്റ്റോയിയും, ആന്റൻ ചെക്കോവും അവസാനം വരെ പട്ടികയിൽ സ്ഥാനം നേടിയില്ലായെന്നത് ചരിത്രത്തിലെ മോശം ഏടുകളിലൊന്നാണ്.

സോവിയറ്റ് റഷ്യയെ വിമർശിക്കുന്നത് ആ കാലഘട്ടത്തിലെ പ്രധാനപ്പെട്ട കലാപ്രവർത്തിയായിരുന്നു. കലാകാരന്മാരോടും, സോവിയറ്റ് സർക്കാർ വിരോധികളോടും വേറിട്ട് ചിന്തിക്കുന്നവരോടും സ്റ്റാലിന്റെ അടിച്ചമർത്തലുകൾ ഭീകരമായി തുടർന്നു. ഈ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ആന്ദ്രേയ് ചിന്യാവ്സ്കി എന്ന വളരെ പ്രധാനപ്പെട്ട എഴുത്തുകാരൻ സോവിയറ്റ് അടിച്ചമർത്തലുകളെ എതിർത്തു. സോവിയറ്റിലെ പ്രശസ്തമായ സോഷ്യലിസ്റ്റ് റിയലിസം എന്ന ആശയത്തിനെ നിശിതമായി വിമർശിച്ച് On Socialist Realism (1959) എന്ന തലക്കെട്ടിൽ പുസ്തകമായി പുറത്തിറക്കി. എബ്രാം ടെർട്ടസ് എന്ന തൂലികാനാമത്തിൽ, അണ്ടർഗ്രൌണ്ടിൽ ഇരുന്ന് ഈ രാഷ്ട്രീയ അടിച്ചമർത്തലുകളെ വിമർശിക്കുന്ന പുസ്തകങ്ങൾ എഴുതിക്കൊണ്ടിരുന്നു അദ്ദേഹം. രൂപക നോവലുകളായും, അലഗറികളായും ഫാന്റസി നോവലുകളായും വിമർശനങ്ങൾ തൊടുത്തു. എന്ന അദ്ദേഹത്തിന്റെ The Makepeace Experiment (1963) നോവലിൽ റഷ്യ പിന്തുടരുന്ന ഒരു മാർക്സിയൻ സാങ്കല്പികവാദമാണെന്ന് ലെനിനെ ഓർമ്മപ്പെടുത്തുന്ന നായകബിംബത്തിനെ വച്ച് പരിഹസിച്ചു. ഇങ്ങനെയുള്ള ഏകാധിപത്യത്തിനോടുള്ള എതിർപ്പ് രീതി പിന്തുടർന്ന ഉത്തരാധുനിക എഴുത്തുകാർ തന്നെയാണ് അതേ കാലഘട്ടത്തിൽത്തന്നെ ലാറ്റിൻ അമേരിക്കയിൽ ഏകാധിപത്യ ഭരണത്തിന് എതിരായി മാജിക്കൽ റിയലിസം കൊണ്ടുവന്നത്. നാസി ഭരണത്തിനെ എതിർക്കുന്ന മുഖമായി തന്റെ ഓസ്കാർ എന്ന നായകനെ മുന്നിൽ നിർത്തി ജർമ്മൻ എഴുത്തുകാരൻ ഗ്യൂന്തർ ഗ്രസ് എഴുതിയ നൊബേൽ സമ്മാനം നേടിയ The Tin Drum  എന്ന നോവലും ഈ കൂട്ടത്തിലുള്ള മാജിക്കൽ റിയലിസം തന്നെ.

ഇവരുടെ സഹയാത്രികനായ ഉരുക്കുമുഷ്ടിയെ കഠിനമായി വിമർശിച്ച ബോറിസ് പാസ്റ്റർനാക്കിന് 1958 ൽ നൊബേൽ ലഭിച്ചു. എന്നാൽ ആ സമ്മാനം വാങ്ങാൻ സോവിയറ്റ് സർക്കാർ അദ്ദേഹത്തിനെ അനുവദിച്ചില്ല. ആ ദു:ഖത്തിനെ ‘കെണിയിൽ വീണ മൃഗത്തിനെപ്പോലെ’ എന്ന് ‘നൊബേൽ സമ്മാനം’ എന്ന കവിതയിൽ അദ്ദേഹം എഴുതി.

ഇതുപോലെ സോവിയറ്റ് റഷ്യയെ കാൻസർ വാർഡ് എന്ന് ഉപമിച്ച് എഴുതിയ അലക്സാണ്ടർ സോൾസെനിറ്റ്സന്ന്, ആ വർഷത്തെ നൊബേൽ ലഭിച്ചു(1970). അദ്ദേഹത്തിന്റെ The Gulag Archipelago എന്ന നോവൽ സോവിയറ്റ് റഷ്യയുടെ ഇരുണ്ട കാലഘട്ടത്തിനെ തുറന്ന് കാണിച്ചു. സ്റ്റാലിന്റെ കാലത്ത് സർക്കാരിനെ വിമർശിച്ചതിന് കഠിനതടവിൽ അടയ്ക്കപ്പെട്ട കവി ബ്രാഡ്സ്കിയ്ക്കും സമ്മാനം (1987) ലഭിച്ചു.

ഈ നിലയിൽ, ഇടതുപക്ഷ സർക്കാരുകളെ എതിർക്കുന്നവർക്കേ നൊബേൽ കൊടുക്കാറുള്ളൂയെന്ന് ഉയർന്ന വിമർശനങ്ങളെ തുടർന്ന്, ഇടയ്ക്കെല്ലാം, ഇടതുപക്ഷമനോഭാവം ഉള്ള ആൽബേർ കമ്യൂ, സാർത്രെ, മാർക്കേസ് എന്നിവർക്ക് സമ്മാനം കൊടുത്തു. എന്നാൽ, അവരുടെ സാഹിത്യം ഉന്നത സാഹിത്യം ആയിരുന്നു എന്നതും ഇവിടെ ചൂണ്ടിക്കാണിക്കാം. കമ്യൂവിനെ സാഹിത്യലോകം മനുഷ്യജീവിതത്തിന്റെ നിസ്സാരതയെ മുന്നോട്ട് വയ്ക്കുന്നു. സാർത്ര് ന്റെ എഴുത്തുകളാകട്ടെ ആധുനികതയിലെ അസ്തിത്വസമസ്യകൾ നിറഞ്ഞ മനുഷ്യജീവിതത്തിനെപ്പറ്റിയുള്ള കുറിപ്പുകളായിരുന്നു. (അദ്ദേഹം സമ്മാനം നിരസിച്ചത് ചർച്ച ചെയ്യേണ്ട വേറെ വിഷയം ആണ്). മാർക്കേസിന്റെ എഴുത്തുകൾ മാജിക്കൽ റിയലിസം നിറഞ്ഞതായിരുന്നെന്നും ഇവിടെ പരിഗണിക്കണം.

ഇങ്ങനെ ധാരാളം ചർച്ചകളും രാഷ്ട്രീയ കാരണങ്ങൾ, വിവാദങ്ങൾ, സമ്മർദ്ദങ്ങൾ എന്നിങ്ങനെ ഇന്നും വിമർശനങ്ങൾ ഉയർന്ന് കൊണ്ടിരിക്കുന്നു.ഞാൻ ഇവിടെ ചർച്ച ചെയ്യുന്നത് ഇതൊന്നുമല്ല.

ഈ ആഗോളമാധ്യമങ്ങളുടെ രാഷ്ട്രീയത്തിൽ മൂന്നാം ലോക എഴുത്തുകാരുടെ പേരുകൾ തുടർച്ചയായി ഒളിപ്പിച്ച് വയ്ക്കുന്നു. (ഇടയ്ക്കെല്ലാം വഴിപാട് പോലെ ചില നാട്യങ്ങൾ ഉണ്ടാവാറുണ്ട്) ഏത് മാധ്യമവും മൂന്നാം ലോകരാജ്യങ്ങളിലെ എഴുത്തുകാരേയോ, കോളനിയാനന്തര രാഷ്ട്രീയ നിലപാടുകളുടെ സൌന്ദര്യാത്മകതയോ ഒന്നാമത്തെ വരിയിൽ വയ്ക്കാൻ പോകുന്നില്ല. ഇതിന് പിന്നിലുള്ള സൂക്ഷ്മരാഷ്ട്രീയം കല, സൌന്ദര്യാത്മകത എന്നിങ്ങനെയുള്ള പേരുകളിനേക്കാൾ തീവ്രമായ, നിലവാരമുള്ള, മികച്ച ബദൽ സംസ്കാരങ്ങളെ, ബദലെഴുത്തുകളെ ഒരിക്കലും സമ്മാനം കൊടുത്ത് അംഗീകരിക്കില്ല. പകരം, ഉന്നതസാഹിത്യമായി തങ്ങൾ അംഗീകരിച്ചിരിക്കുന്ന എഴുത്തുരീതികളെ പിന്തുടർന്ന് ആരൊക്കെ എഴുതുന്നുവോ അവരേ സമ്മാനത്തിന് അർഹരാകുന്നുള്ളൂ.

നൊബേൽ സമ്മാനം ഒരു ശ്രദ്ധേയമായ ബഹുമതി മാത്രമല്ല, അതൊരു അധികാരക്രമം കൂടിയാണ്.

ഈ സമ്മാനത്തിനായുള്ള മത്സരത്തിന്റെ പട്ടികയിൽ മാധ്യമങ്ങൾ അത്രയ്ക്ക് ശ്രദ്ധിക്കാത്ത കെനിയൻ എഴുത്തുകാരൻ സൂകി വാ ത്യോങോയെപ്പറ്റി പ്രധാനമായും സംസാരിക്കേണ്ടതുണ്ട്. (ദി ഗാർഡിയൻ മാത്രം ഇദ്ദേഹത്തിനെ കണ്ടു)

“ഒരു ഭാഷയെ തങ്ങളുടെ കോളനിവാഴ്ചയിലാക്കണമെങ്കിൽ, അതിന്റെ മേലെ തങ്ങളുടെ ഭാഷയെ അടിച്ചേൽ‌പ്പിച്ച് സാഹിത്യപരമായി ആഘാതം ഏൽ‌പ്പിക്കുകയാണ് വേണ്ടത്. കോളോണിസ്റ്റുകൾ തങ്ങളുടെ ഭാഷയെ രാജകീയമായതും സ്റ്റാറ്റസിന്റെ അടയാളമായും നൽകുന്നതുമായി ചിത്രീകരിച്ച് ജനങ്ങളിൽ അധമബോധം സൃഷ്ടിച്ച് അതിന്റെ വീര്യത്തിനെ അടിച്ചമർത്തുന്നു’ സൂകി വാ ത്യാങോ പറയുന്നു.

എന്റെ മാതൃഭാഷയായ ഗികുയു വിൽ മാത്രമേ എഴുതൂയെന്ന് പ്രഖ്യാപിച്ച് സ്വന്തം ഭാഷയിൽ എഴുതി വരുന്ന അദ്ദേഹത്തിന്റെ പുസ്തകങ്ങൾ കോളനിയാനന്തര രാഷ്ട്രീയം നിറഞ്ഞവയാണ്. അദ്ദേഹത്തിന്റെ പുസ്തകങ്ങൾ ധാരാളം ഭാഷകളിൽ മൊഴിമാറ്റ ചെയ്യപ്പെട്ടിട്ടുണ്ട്. 1977 ൽ പ്രസിദ്ധീകരിച്ച Petals of Blood എന്ന അദ്ദേഹത്തിന്റെ നോവൽ, കെനിയ, ബ്രിട്ടീഷ് ഭരണത്തിൽ നിന്നും സ്വതന്ത്രമായതിന് ശേഷം, അതുകൊണ്ട് ഉണ്ടായ പടിഞ്ഞാറൻ സംസ്കാരവും, മുതലാളിത്തവും, രാഷ്ട്രീയമാറ്റവും എല്ലാം ചേർന്ന് കെനിയൻ ജീവിതത്തിനെ തകർത്തെറിഞ്ഞതിനെ വിശദീകരിക്കുന്നെന്ന് നിരൂപകർ പറയുന്നു. വേറിട്ട കാഴ്ചകളേയും, മാറിയ രാഷ്ട്രീയം, മാറിയ എഴുത്ത്, മാറിയ സംസ്കാരം എന്നിങ്ങനെയുള്ള അഭിപ്രായങ്ങളെ മുൻ നിർത്തുന്ന അദ്ദേഹത്തിന്റെ സൃഷ്ടികൾ കോളനിയാനന്തര രാഷ്ട്രീയത്തിലെ സമകാലീന അവസ്ഥയെപ്പറ്റിയുള്ള പ്രധാനപ്പെട്ട നിരീക്ഷണങ്ങളായി കണക്കാക്കപ്പെടുന്നു. നൊബേൽ കമ്മിറ്റി ഇദ്ദേഹത്തിനെ പരിഗണിക്കേണ്ടതായിരുന്നു.

നമ്മുടെ സംസ്കാരത്തിന്റെ ആഴവും, നമ്മുടേതായ സാഹിത്യത്തിന്റെ വലിപ്പവും നമ്മുടെ ഭാഷയിൽത്തന്നെ ഉണ്ടെന്ന് പ്രഖ്യാപിച്ച്, യൂറോപ്യൻ സാഹിത്യത്തിനേയും അതിന്റെ സൂക്ഷ്മരാഷ്ട്രീയത്തിനേയും അതിനുള്ളിൽ അടങ്ങിയിരിക്കുന്ന അധികാരകേന്ദ്രത്തേയും എതിർത്ത് പോരാടിക്കൊണ്ടിരിക്കുന്ന സൂകിയ്ക്കാണ് എന്റെ വോട്ട്.

അതിരിക്കട്ടെ, മോദിയാനോയെ തിരഞ്ഞെടുത്തതിന്റെ കാരണം എന്താണെന്നാണ് നൊബേൽ കമ്മിറ്റി പറയുന്നത്?

ജൂതന്മാരുടെ കഷ്ടപ്പാടുകൾ, നാസികളുടെ ക്രൂരതകൾ, സമൂഹത്തിൽ അടയാളമില്ലാതാകുക എന്നിങ്ങനെയുള്ള കാര്യങ്ങൾ അതിന്റെ തീവ്രമായ വശങ്ങളോടെ അദ്ദേഹത്തിന്റെ സൃഷ്ടികളിൽ അടങ്ങിയിരിക്കുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ സമയത്ത്, ഫ്രാൻസിനെ ജർമ്മനിയിലെ നാസിപ്പട ആക്രമിച്ച സംഭവത്തിനെ വളരെ ശക്തമായി തന്റെ രചനകളിൽ വിവരിച്ചിരിക്കുന്നു. വൈദേശികാക്രമണത്തിൽ ഉണ്ടായ ദുരിതജീവിതവും, മാനുഷികവ്യവഹാരങ്ങളെ, ആധാരമാക്കിയുള്ള അദ്ദേഹത്തിന്റെ കലയ്ക്ക് നൊബേൽ സമ്മാനം കൊടുക്കുന്നെന്ന് കമ്മിറ്റി പറയുന്നു.

കല എന്നത് കൊണ്ട് അവർ ഉദ്ദേശിക്കുന്നതെന്താണ്? ഈ സമ്മാനങ്ങൾ മുന്നോട്ട് വയ്ക്കുന്ന എഴുത്തിന്റെ സൌന്ദര്യം എന്നാലെന്താണ്?

ഇനിയും എത്ര നാളാണ് രണ്ടാം ലോകമഹായുദ്ധത്തിന്റെ സംഭവ വിവരണങ്ങൾ വച്ച് ഉഡായിപ്പ് കാണിക്കും ഈ സമ്മാനക്കമ്മിറ്റി എന്നറിയാൻ വഴിയില്ല. ഇപ്പോൾ രണ്ടാം ലോകമഹായുദ്ധത്തെ തോൽ‌പ്പിക്കുന്ന മഹായുദ്ധങ്ങൾ ഈ ലോകത്ത് നടന്നുകൊണ്ടിരിക്കുന്നു. ആഗോളരാഷ്ട്രീയത്തിന്റെ ചതുരംഗക്കളിയിൽ സാധാരണജനതയുടെ ജീവിതങ്ങൾ താറുമാറായിക്കൊണ്ടിരിക്കുന്നു. വംശീയ രാഷ്ട്രീയങ്ങൾ, കോളനിയാനന്തര രാഷ്ട്രീയങ്ങൾ, മതരാഷ്ട്രീയങ്ങൾ…എന്നിങ്ങനെ പല കണ്ണികളിൽ കുടുങ്ങിക്കിടക്കുന്ന കാഫ്കയുടെ കീടത്തിനെപോലെ മനുഷ്യർ രൂപാന്തരം പ്രാപിച്ചുകൊണ്ടിരിക്കുന്ന ഉത്തരാധുനികാവസ്ഥയിൽ, മനുഷ്യജീവിതം അസംബന്ധമായിക്കൊണ്ടിരിക്കുന്നു. 

മൂന്നാം ലോകരാജ്യങ്ങളിലെ യുദ്ധങ്ങൾ മാത്രം കണക്കിലെടുക്കുകയാണെങ്കിൽ രണ്ടാം ലോകമഹായുദ്ധം, മൂന്നാം ലോകമഹായുദ്ധം എന്നിങ്ങനെ പേരിടുന്ന പടിഞ്ഞാറൻ ചിന്തകർക്ക്, മൂന്നാം ലോകരാജ്യങ്ങളിൽ ചെറിയ സമൂഹങ്ങൾക്കിടയിൽ നടക്കുന്ന ക്രൂരമാ‍യ നരഹത്യകൾ, യുദ്ധം തന്നെയാണെന്ന് തിരിച്ചറിയാൻ കഴിയാതെ പോകുന്നു. തീവ്രവാദത്തിനെ ഇല്ലാതാക്കാനെന്ന പേരിൽ വംശീയവാദികളുടെ രാഷ്ട്രീയാവസ്ഥയെ ശ്രദ്ധിക്കപ്പെടാതെ പോകുന്നു. മോദിയാനോ പറയുന്ന സാമൂഹികാസ്തിത്വം എന്നത്, സമകാലീന ഉത്തരാധുനികാവസ്ഥയിൽ, ഈ യുദ്ധങ്ങൾ തന്നെയാണെന്ന് മനസ്സിലാക്കൂ.

വിശാലമായ ഈ ലോകത്ത് അത്യാധുനിക ആയുധങ്ങളും, ആണവായുധങ്ങളും, മനുഷ്യശരീരങ്ങൾക്ക് താക്കീത് നൽകുന്നു. അതേ സമയം, സൂക്ഷ്മമായ ലോകത്ത് പലതരം രാഷ്ട്രീയ, അധികാര, അധിനിവേശ ചിന്തകൾ മനുഷ്യജീവിതത്തിനെ ശിഥിലമാക്കുന്നു. ഈ യുദ്ധരാഷ്ട്രീയം ഉണ്ടാക്കുന്ന അസംബന്ധമാണ് കണ്മുന്നിൽ ജീവിതമായി തെളിഞ്ഞ് നിൽക്കുന്നത്. ആരുടേതോ പോലെ; ഈ ആരുടേതോ പോലെ എന്ന Illusion  തന്നെ കല.

ഈ കലയെയാണ് മൂന്നാം ലോകരാജ്യങ്ങളിലെ എഴുത്തുകാർ എഴുതുന്നത്.

ആഫ്രിക്ക, ലങ്ക, വിയറ്റ്നാം, ലാറ്റിൻ അമേരിക്ക തുടങ്ങിയ മൂന്നാം ലോകരാജ്യങ്ങളിലെ യുദ്ധത്തിൽ രക്തവും മാംസവുമായി എഴുതപ്പെട്ടിരിക്കുന്ന രചനകളെ ഇവർ പരിശോധിക്കാനെങ്കിലും എടുത്ത് നോക്കുന്നുണ്ടാകുമോ? വംശീയ, കോളനീയാനന്തര വീക്ഷണങ്ങളെ, മൂല്യങ്ങളെ, യാഥാർഥ്യങ്ങളെ കണക്കിലെടുക്കാറുണ്ടോ?

ഈ അവസരത്തിൽ തമിഴിലെ മഹാകവി പിരമിൾ എഴുതിയ കവിത ഓർമ്മ വരുന്നു.

ചിറകിൽ നിന്നും കൊഴിഞ്ഞ തൂവലൊന്ന് കാറ്റിൽ തീരാത്ത അദ്ധ്യായങ്ങളിൽ ഒരു പക്ഷിയുടെ ജീവിതം എഴുതുന്നു!

പക്ഷിയുടെ ചിറകിൽ നിന്നും കൊഴിഞ്ഞ തൂവൽ എന്നത് വെറും തൂവൽ അല്ല, അതൊരു ചരിത്രം എഴുതുന്ന കലയാണെന്ന് മനസ്സിലാക്കിത്തരുന്ന ചിന്തയാണ് മൂന്നാം ലോകരാജ്യങ്ങളുടെ കല.

ഇതൊന്നും മനസ്സിലാക്കാത്ത കുട്ടികളാണോ നൊബേൽ കമ്മിറ്റിയിലുള്ളത്? ഈ ചരാചരം മുഴുവൻ ഭരിക്കുന്ന ഏകാധിപത്യവും, വംശീയ വിദ്വേഷവും സൂക്ഷ്മരാഷ്ട്രീയവും കൈവശം വയ്ക്കുന്നവരായിപ്പോയല്ലോ അവർ. അപ്പോൾ, ജൂതവംശത്തിലുള്ള മോദിയാനോയെ തിരഞ്ഞെടുത്തതിലെ സൂക്ഷ്മരാഷ്ട്രീയത്തെ ഒന്ന് വിശദമായി പരിശോധിക്കാം.

പലസ്തീനിൽ, ഗാസയിൽ, ഇസ്രായേലിന്റെ ജൂതർ മുസ്ലീം വംശജരെ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. രണ്ടാം ലോകമഹായുദ്ധത്തിൽ ഒതുക്കപ്പെട്ട ജൂതരല്ല ഇവർ, അധികാരവും ശക്തിയും ഉള്ള സാമ്രാജ്യത്വത്തിന്റെ ആളുകളായി അവർ മാറിപ്പോയിരിക്കുന്നു. ആ യാഥാർഥ്യം ആരെങ്കിലും മനസ്സിലാക്കുന്നതിന് മുമ്പ് തങ്ങൾ അനുഭവിച്ച കഷ്ടപ്പാടുകൾ ആദ്യം മുന്നോട്ട് വയ്ക്കണം. തങ്ങളുടേ അസ്തിത്വം നഷ്ടപ്പെട്ടത് ചൂണ്ടിക്കാണിക്കണം. തങ്ങളോട് നാസികൾ കാണിച്ച ചരിത്രപരമായ ക്രൂരതകളിൽ നിന്നും തങ്ങൾ ഉയർത്തെഴുന്നേറ്റ് ‘ഫീനിക്സ് പക്ഷിയെപ്പോലെ’ യായത് എടുത്ത് കാണിക്കണം. കണ്മുന്നിൽ നടക്കുന്ന സമകാലീന യാഥാർഥ്യത്തെ ഒളിപ്പിച്ച് ഒരു ഉത്തരാധുനിക യാഥാർഥ്യത്തിനെ ലോകമെങ്ങും പ്രചരിപ്പിക്കണം.

എത്ര അതിശയകരമായ ഉത്തരാധുനിക രാഷ്ട്രീയം.

ഇതാണ് 2005 ഇൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം വാങ്ങിയ ഇംഗ്ലീഷ് എഴുത്തുകാരൻ ഹെറാൾഡ് പിന്റർ തന്റെ നൊബേൽ പ്രഭാഷണത്തിൽ പറഞ്ഞ കല-സത്യം-രാഷ്ട്രീയം എന്നത്.

മൊഴിമാറ്റം: എസ് ജയേഷ്

k c arun

k c arun

മാധ്യമ പ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍