UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തെറ്റയിലിനെതിരെ എന്നെ ഉപയോഗിക്കുകയായിരുന്നു: നോബി അഗസ്റ്റിന്‍

അനീഷ് വലിയകുന്ന്

സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മന്ത്രിമാര്‍ക്കുമെതിരെ സരിത നായര്‍ ഉന്നയിച്ച പരാതികള്‍ക്കു പിന്നാലെ യുഡിഎഫ് സര്‍ക്കാരിനെതിരെ വിശ്വാസ വഞ്ചനയാരോപിച്ച് മറ്റൊരു സ്ത്രീയും. മുന്‍ മന്ത്രിയും ജനതാദള്‍(എസ്) നേതാവുമായ ജോസ് തെറ്റയില്‍ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന പരാതി ഉന്നയിച്ച നോബി അഗസ്റ്റിനാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനു വേണ്ടി മന്ത്രി ബാബുവും എംഎല്‍എമാരായ സി പി മുഹമമ്മദും ബന്നി ബഹനാനും ചേര്‍ന്ന് തന്നെ ചതിച്ചെന്ന ആരോപണവുമായി രംഗത്തു വന്നിരിക്കുന്നത്. പട്ടാമ്പിയില്‍ സി പി മുഹമ്മദിനെതിരെ സ്ഥാനാര്‍ത്ഥിയായി നില്‍ക്കുന്ന നോബി ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പങ്കുവയ്ക്കുന്നു.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഞ്ചു വര്‍ഷത്തെ ഭരണം നിലനിര്‍ത്തിയത് എന്റെ മാനം ഉപയോഗിച്ചാണ്. ജോസ് തെറ്റയിലിനും മകന്‍ ആദര്‍ശിനുമെതിരെ വ്യക്തിപരമായി നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ ഭരണം നിലനിര്‍ത്തുന്നതിനും സോളാര്‍ കേസില്‍ നിന്നും ജനശ്രദ്ധ തിരിക്കുന്നതിനും ഉപയോഗിക്കുകയായിരുന്നു. മുഖ്യമന്ത്രിക്കു വേണ്ടി മന്ത്രി കെ ബാബു, പട്ടാമ്പി എംഎല്‍എ സി പി മുഹമ്മദ്, തൃക്കാക്കര എംഎല്‍എ ബന്നി ബെഹനാന്‍ എന്നിവരാണ് എന്നെ സമീപിച്ചത്. ജോസ് തെറ്റയിലുമായുള്ള സ്വകാര്യനിമിഷങ്ങളുടെ ദൃശ്യങ്ങള്‍ തന്ത്രപരമായാണ് ഇവര്‍ കൈക്കലാക്കിയത്. ജോസ് തെറ്റയിലിനെതിരെ പരാതി നല്‍കിയാല്‍ മൂന്നുകോടി രൂപയും ആദര്‍ശുമായുള്ള തന്റെ വിവാഹത്തിനുള്ള സൗകര്യവും താമസിക്കാന്‍ ബംഗളൂരുവില്‍ ഫ്ലാറ്റും ആയിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വാഗ്ദാനം. കിടപ്പറ ദൃശ്യങ്ങള്‍ വക്കീലിനെ കാണിക്കാനാണെന്നു പറഞ്ഞ് കൈവശപ്പെടുത്തി. പിന്നീട് എന്റെ അറിവോ സമ്മതമോ ഇല്ലാതെ മാധ്യമങ്ങള്‍ക്ക് നല്‍കുകയായിരുന്നു. മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിക്കപ്പെട്ടതോടെ സി പി മുഹമ്മദും ബെന്നി ബഹനാനും കൃത്യമായി മറുപടി പറയാതെ ഒഴിഞ്ഞുമാറി. ക്ലീന്‍ ഇമേജുള്ള തെറ്റയിലിനെതിരെ ആരോപണം ഉന്നയിക്കുമ്പോള്‍ ജനം വിശ്വസിക്കാന്‍ വേണ്ടിയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടതെന്നായിരുന്നു പിന്നീടവരുടെ മറുപടി. എന്റെ മാനവും ജീവിതവും ഉപയോഗപ്പെടുത്തി വിശ്വാസവഞ്ചനയിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്തിയവര്‍ ഇതുവരെ വാക്ക് പാലിക്കാന്‍ തയ്യാറായിട്ടില്ല. കേസ് നല്‍കാനും നടത്തിപ്പിനുമായും വക്കീലിനെ ഏര്‍പ്പാട് ചെയ്തു തന്നതും ഇവരായിരുന്നു. ആറു മാസം പൊലീസ് പ്രൊട്ടക്ഷനും ഏര്‍പ്പാടാക്കി തന്നു. ഇതിനു ശേഷം കാശു നല്‍കാനുള്ള തീയതികള്‍ ഓരോ കാരണങ്ങള്‍ പറഞ്ഞ് നീട്ടിക്കൊണ്ടുപോവുകയായിരുന്നു. തനിക്കു വാഗ്ദാനം ചെയ്ത മൂന്നുകോടിയില്‍ ഇടനിലക്കാരായി നിന്ന കോണ്‍ഗ്രസ് നേതാക്കളില്‍ പലരും ഇരുപത്തിയഞ്ച് ലക്ഷം രൂപ കൈപ്പറ്റിയതായാണ് അറിഞ്ഞത്.

തൃക്കാക്കരയില്‍ ബന്നി ബഹനാന്റെ വീട്ടിലും പട്ടാമ്പിയില്‍ സി പി മുഹമ്മദിന്റെ വീട്ടിലും പല തവണ പോയെങ്കിലും പറഞ്ഞ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ഇവര്‍ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് പട്ടാമ്പിയില്‍ സി പി മുഹമ്മദിനെതിരെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. എംഎല്‍എയുടെ മാന്യത എന്താണെന്നു ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനു വേണ്ടിയാണ് എന്റെ പോരാട്ടം. ഒരു സ്ത്രീയുടെ മാനം ഉപയോഗപ്പെടുത്തി രാഷ്ട്രീയലാഭം നേടിയതിനുശേഷം അവരെ ഉപേക്ഷിക്കുന്ന പരിപാടി മറ്റൊരു സ്ത്രീയുടെ ജീവിതത്തിലും ഇവര്‍ നടത്താതിരിക്കാന്‍ വേണ്ടിയാണ് പട്ടാമ്പിയില്‍ മത്സരിക്കാനെത്തിയത്. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ പത്രിക നല്‍കാനാണ് ശ്രമിച്ചതെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ നടന്നില്ല. പട്ടാമ്പിയില്‍ സ്ഥാനാര്‍ത്ഥിയാകുമെന്നറിഞ്ഞതോടെ സി പി മുഹമ്മദ് അനുരഞ്ജനത്തിനായി ബന്ധപ്പെടുന്നുണ്ട്.

തൃക്കാക്കരയില്‍ ബന്നി ബഹനാന്റെ വീട്ടില്‍ വച്ചു നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെടുന്നതുവരെ എന്റെ പോരാട്ടങ്ങള്‍ തുടരും. ഉമ്മന്‍ ചാണ്ടിക്കുവേണ്ടി സി പി മുഹമ്മദും ബെന്നി ബഹനാനും താനുമായി സംസാരിച്ചതിന്റെയും വാഗ്ദാനങ്ങള്‍ നല്‍കിയതിന്റെയും തെളിവുകള്‍ ആവശ്യമായ ഘട്ടത്തില്‍ പുറത്തുവിടും. സി പി മുഹമ്മദ് എംഎല്‍എ വാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്നു കാണിച്ച് ഷൊര്‍ണൂര്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിക്കപ്പെട്ടതിനാല്‍ തുടര്‍ നടപടികളൊന്നും ഉണ്ടായില്ല.

പത്തു വോട്ടുപോലും നേടുമെന്ന് ഉറപ്പില്ലാത്ത ഞാന്‍ ജയിക്കാന്‍ വേണ്ടിയല്ല, പട്ടാമ്പിയിലെ സ്ത്രീകളെയെങ്കിലും ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്താനുള്ള സൗകര്യമായാണ് സ്ഥാനാര്‍ത്ഥിത്വത്തെ കാണുന്നത്. വരുംദിവസങ്ങളില്‍ മണ്ഡലത്തില്‍ സജീവമാകും. എന്റെ സ്ഥാനാര്‍ത്ഥിത്വത്തിനു പിന്നില്‍ ഇടതുപക്ഷത്തിന് യാതൊരു പങ്കുമില്ല.

(മാധ്യമപ്രവര്‍ത്തകനാണ് അനീഷ് വലിയകുന്ന്)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍