അഴിമുഖം പ്രതിനിധി
മുന്‍ മന്ത്രി ജോസ് തെറ്റയിലിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച അങ്കമാലി സ്വദേശി നോബി അഗസ്റ്റിന്‍ പട്ടാമ്പിയില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക നല്‍കി. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാനദിവസമായ ഇന്നലെയായിരുന്നു നോബി പട്ടാമ്പിയിലെത്തി ബിഡിഒപി ശശീന്ദ്രനു മുമ്പാകെ പത്രിക സമര്‍പ്പിച്ചത്. ഒറ്റയ്ക്കായിരുന്നു പത്രിക സമര്‍പ്പിക്കാന്‍ നോബി എത്തിയത്.
അങ്കമാലിക്കാരിയായ നോബി എന്തുകൊണ്ട് പട്ടാമ്പിയില്‍ സ്ഥാനാര്‍ത്ഥിയാകുന്നതെന്ന ചോദ്യത്തിന് കാരണം പിന്നീട് വ്യക്തമാക്കാമെന്നാണ് നോബി മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്. എന്റെ നാടിനെക്കാള്‍ കൂടുതല്‍ ബന്ധം എനിക്ക് പട്ടാമ്പിയോട് ഉണ്ട്. പക്ഷേ ഞാനിവിടെ വന്നുപോകുന്നതെന്തിനാണെന്നും അതിന്റെ പിന്നിലുള്ള ഉദ്ദേശം എന്തിനാണെന്നും ഇതുവരെ പറഞ്ഞിട്ടില്ല. എന്നാല്‍ അടുത്ത ദിവസങ്ങളില്‍ അതെന്തിനാണെന്നു വെളിപ്പെടുത്തുന്നതായിരിക്കുമെന്നും നോബി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ഇപ്പോള്‍ പറഞ്ഞ് ആരെയും ബുദ്ധിമുട്ടിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.
അതേസമയം പട്ടാമ്പി സിറ്റിംഗ് എംഎല്‍എ സി പി മുഹമ്മദിനെതിരെയാണ് നോബിയുടെ സ്ഥാനാര്‍ത്ഥിത്വമെന്ന് ചില വാര്‍ത്തകള്‍ വരുന്നുണ്ട്. നോബി പത്രിക സമര്‍പ്പിക്കാനെത്തിയ വിവരം പ്രദേശത്തെ മാധ്യമപ്രവര്‍ത്തകരെ അറിയിക്കുന്നത് ചില ഇടതു നേതാക്കള്‍ ആയിരുന്നുവെന്നതും നോബിയുടെ സ്ഥാനാര്‍ത്ഥിത്വത്തിന്‍ മേലുള്ള സംശയം വര്‍ദ്ധിപ്പിക്കുന്നു. ജോസ് തെറ്റയില്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന നോബിയുടെ പരാതിക്കു പിന്നില്‍ ചില കോണ്‍ഗ്രസ് നേതാക്കളാണെന്ന സൂചനകള്‍ നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. പരാതിക്കു പുറമെ തെറ്റയിലുമായി ലൈംഗികബന്ധം നടത്തുന്നതിന്റെ സിസിടിവി കാമറ ദൃശ്യങ്ങളും നോബി പുറത്തുവിട്ടിരുന്നു. എന്നാല്‍ തെറ്റയലിനെ കെണിയില്‍ പെടുത്തുകയായിരുന്നുവെന്ന നിരീക്ഷണത്തിലാണ് കോടതി എത്തിയത്. പീഡനം നടന്നിട്ടില്ലെന്നു ചൂണ്ടിക്കാട്ടി ജോസ് തെറ്റയിലിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.
കോടതിയില്‍ നിന്നും തിരിച്ചടി കിട്ടിയതോടെ താന്‍ ഇത്തരമൊരു നീക്കം നടത്തിയത് കോണ്‍ഗ്രസ് നേതാക്കളുടെ പ്രേരണയാലാണെന്ന സൂചന നോബി തന്നെ പുറത്തുവിട്ടിരുന്നു. എന്നാല്‍ ആരൊക്കെയാണ് ആ നേതാക്കളെന്ന് വ്യക്തമാക്കിയിരുന്നില്ല. ഇപ്പോള്‍ പട്ടാമ്പിയില്‍ സ്ഥാനാര്‍ത്ഥിയാകുന്നതോടെ തെറ്റയിലിനെതിരെ കേസ് നല്‍കാന്‍ നോബിയെ പ്രേരിപ്പിച്ചവരില്‍ ഒരാള്‍ പട്ടാമ്പിയിലെ കോണ്‍ഗ്രസസ് സ്ഥാനാര്‍ത്ഥിയാണോയെന്ന സംശയത്തിലാണ് രാഷ്ട്രീയ കേരളം.
അതേസമയം നോബിയുടെ പരാതിയില്‍ കോടതി കുറ്റവിമുക്തമാക്കിയെങ്കിലും ആ കേസിന്റെ പുറത്ത് ഇത്തവണ അങ്കമാലിയില്‍ തെറ്റയിലിന് സീറ്റ് നഷ്ടമായി. അവസാനം വരെ സീറ്റിനായി പൊരുതി നോക്കിയെങ്കിലും സിപിഐഎമ്മിന്റെ കര്‍ശന നിലപാടിനെ തുടര്‍ന്ന് ജനതദള്‍(എസ്) അവര്‍ക്ക് താത്പര്യമുണ്ടായിട്ടുപോലും ജോസ് തെറ്റയിലിന് സീറ്റ് നിഷേധിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന ഭീഷണി മുഴക്കി ജോസ് തെറ്റയില്‍ രംഗത്തു വന്നിരുന്നു. പിന്നീട് പാര്‍ട്ടിക്കും മുന്നണിക്കും വഴങ്ങി പിന്മാറിയെങ്കിലും അങ്കമാലിയിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെ വിജയ പരാജയത്തില്‍ ജോസ് തെറ്റയില്‍ സാരമായ പങ്കുവഹിക്കും.