UPDATES

ട്രെന്‍ഡിങ്ങ്

ചൈനാക്കാരന്‍ ഇന്ത്യന്‍ ദേശീയപതാക വലിച്ചുകീറി; നോയ്ഡയില്‍ ഒപ്പോ ഓഫീസിന് മുന്നില്‍ പ്രതിഷേധം

സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ കമ്പനി മേധാവികള്‍ തയ്യാറായിട്ടില്ല

നോയ്ഡയിലെ സെക്ടര്‍ 63ലുള്ള ഒപ്പോ ഓഫീസിലെ ചൈനീസ് പൗരനായ ജീവനക്കാരന്‍ ഇന്ത്യന്‍ പതാക വലിച്ചുകീറി ചവറ്റുകുട്ടയിലിട്ടതിനെ തുടര്‍ന്ന് വന്‍ പ്രതിഷേധം. കമ്പനിയിലെ പ്രൊഡക്ഷന്‍ മാനേജരായ ഇയാള്‍ക്കെതിരെ മറ്റ് ജീവനക്കാര്‍ നല്‍കിയ പരാതിയില്‍ ഫേസ് 3 പോലീസ് കേസെടുത്തു.

സംഭവത്തില്‍ ചൈനീസ് പൗരനെ അറസ്റ്റ് ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒപ്പോയിലെ ജീവനക്കരും വിശ്വഹിന്ദു പരിഷത് പ്രവര്‍ത്തകരും ഉള്‍പ്പെടെ നൂറോളം പേരാണ് ഇവിടെ നാല് മണിക്കൂറോളം പ്രതിഷേധിച്ചത്. ചൈനീസ് പൗരനെ അറസ്റ്റ് ചെയ്യണമെന്ന് പ്രക്ഷോഭകര്‍ ആവശ്യം ഉന്നയിച്ചതോടെ സ്ഥിതിഗതികള്‍ പ്രക്ഷുബ്ദമായി. തൊഴില്‍ നിയമങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും പ്രക്ഷോഭകരും ഉന്നയിച്ചതോടെ സമരം കമ്പനിക്കെതിരെയുമായി.

ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ഇരുന്നൂറിലേറെ പോലീസുകാരാണ് സംഭവ സ്ഥലത്ത് തടിച്ചുകൂടിയത്. വാര്‍ത്ത പുറത്തുവന്നതോടെ സമീപത്തെ കോളനികളിലെ വീടുകളില്‍ താമസിക്കുന്നവര്‍ പ്രതിഷേധ സൂചകമായി വീടുകള്‍ക്ക് മുകളില്‍ ദേശീയ പതാക സ്ഥാപിച്ചു. ഓഫീസിന്റെ എല്ലാ മൂലയിലും സുരക്ഷ ക്യാമറകളുണ്ടെന്നും ഇത് പരിശോധിച്ച് വസ്തുത മനസിലാക്കണമെന്ന് തങ്ങള്‍ പോലീസിനോട് ആവശ്യപ്പെട്ടതായും പ്രക്ഷോഭകരില്‍ ഒരാളായ വിനീത് ആര്യ അറിയിച്ചു. ദേശീയ പതാകയെ അവഹേളിക്കുന്ന യാതൊന്നും തങ്ങള്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജില്ലാ ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയപ്പോള്‍ മാത്രമാണ് പ്രക്ഷോഭകര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായത്. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കാമെന്നും തൊഴില്‍ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാമെന്നും അധികൃതര്‍ ഉറപ്പു നല്‍കി. നാളെ വൈകുന്നേരം വരെ സ്ഥാപനം അടച്ചിട്ടിരിക്കുകയാണ്. രണ്ട് ഷിഫ്റ്റുകളിലായി നാലായിരത്തോളം ജോലിക്കാരാണ് ഇവിടെ മൊബൈല്‍ അസംബ്ലിംഗ് ജോലികളില്‍ ഏര്‍പ്പെടുന്നത്.

തിങ്കളാഴ്ച ആദ്യ ഷിഫ്റ്റിന് ശേഷമാണ് സംഭവമുണ്ടായതെന്ന് ഫേസ് 3 പോലീസ് സ്‌റ്റേഷന്‍ സ്‌റ്റേഷന്‍ ഓഫീസര്‍ ഉമേദ് സിംഗ് യാദവ് അറിയിച്ചു. ഓഫീസിന്റെ ഭിത്തിയില്‍ പതിച്ചിരുന്ന ദേശീയ പതാക ചൈനീസ് പൗരന്‍ വലിച്ചുകീറി ചവറ്റുകുട്ടയിലിടുകയായിരുന്നു. അതേസമയം സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ കമ്പനി മേധാവികള്‍ തയ്യാറായിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍