UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആയിരത്തി യൊരുന്നൂറു രൂപയ്ക്ക് നിര്‍ബന്ധിത വന്ധ്യംകരണം ( ആദിവാസി വികസനം; കേരള മോഡല്‍)

എം കെ രാംദാസ്

വയനാട്ടില്‍ ആദിവാസികള്‍ക്കിടയില്‍ വീണ്ടും നിര്‍ബന്ധിത വന്ധ്യംകരണം. അതും പ്രാക്തന ഗോത്ര സമൂഹമായ കാട്ടുനായ്ക്കര്‍ക്കിടയില്‍. പുല്‍പ്പള്ളിക്കടുത്ത് ചേപ്പില പാലമൂല കാട്ടുനായ്ക കോളനിയിലെ ചന്ദ്രന്‍ തന്നെ പ്രലോഭിപ്പിച്ചും നിര്‍ബന്ധിച്ചും വന്ധ്യംകരണത്തിന് വിധേയനാക്കിയെന്നാണ് ജില്ല കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച്ച (സെപ്തംബര്‍ 11) പുല്‍പ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നടന്ന ക്യാമ്പില്‍ വന്ധ്യംകരണം നടന്നെന്നാണ് ചന്ദ്രന്റെ പരാതി. മുപ്പതുകാരനായ ചന്ദ്രന് ഭാര്യയോ മക്കളോ ഇല്ല. അഞ്ചാറുകൊല്ലം മുമ്പ് ചന്ദ്രന്‍ വിവാഹം കഴിച്ചെങ്കിലും ഭാര്യ ഇപ്പോള്‍ കൂടെയില്ല.

ചന്ദ്രന്റെ പരാതി ഇങ്ങനെ: രക്തപരിശോധനയ്ക്കായി ആശുപത്രിയില്‍ കൊണ്ടുപോയി. വന്ധ്യംകരണം നടത്തി. ശാരീരികാസ്വസ്ഥ്യത്തെ തുടര്‍ന്ന് പുല്‍പ്പള്ളി സാമൂഹ്യാരോഗ്യകേന്ദ്രത്തിലെത്തിയപ്പോള്‍ ചികിത്സ നിഷേധിച്ചു. തുടര്‍ന്ന് പുല്‍പ്പള്ളി പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴും ആവലാതി കേള്‍ക്കാന്‍ തയ്യാറായില്ല. നാട്ടുകാരില്‍ ചിലരുടെ സഹായത്തോടെയാണ് പിന്നീട് ചന്ദ്രന്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കുന്നത്. പ്രാഥമിക പരാതിയെത്തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അന്വേഷണത്തിനായി ഡെപ്യൂട്ടി ഡി.എം.ഒ ഡോ. അജയനെ നിയോഗിച്ചു. വിശദമായ അന്വേഷണം വേണമെന്നാണ് ആദ്യ വിലയിരുത്തല്‍. ആരോഗ്യപ്രവര്‍ത്തകര്‍ക്കും അപകാത സംഭവിച്ചുവെന്ന് സംശയിക്കുന്നതായും ഡോ. അജയന്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

ആദിവാസി വന്ധ്യംകരണം വയനാട്ടില്‍ മുമ്പും വിഷയമായിട്ടുണ്ട്. ഒച്ചപ്പാടുകള്‍ കെട്ടടങ്ങിയെങ്കിലും വീണ്ടും ഇതാവര്‍ത്തിക്കുന്നു. മനുഷ്യവന്ധ്യംകരണവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ദേശീയ നയം നിലവിലുണ്ട്. ഈ നിര്‍ദ്ദേശങ്ങളൊന്നും മുഖവിലയ്‌ക്കെടുക്കാതെ ഇവിടെ അരങ്ങേറുന്നത് മനുഷ്യവിരുദ്ധതയാണ്. ആദിമനിവാസികളായ കാട്ടുനായ്ക്കര്‍ ഉള്‍പ്പെടെയുള്ള സമൂഹങ്ങള്‍ പ്രത്യേക പരിരക്ഷ ആവശ്യപ്പെടുന്നവരാണ്. അത്യാവശ്യഘട്ടങ്ങളിലല്ലാതെ ജീനുകളുടെ തുടര്‍ച്ച തടയരുതെന്ന് നിര്‍ദ്ദേശവും ഉണ്ട്. വയനാട്ടിലെ കാട്ടുനായ്ക്കളുടെ കാര്യത്തില്‍ ഇത് ലംഘിക്കപ്പെട്ടിരിക്കുന്നു.

സ്ത്രീകളുടെ സുരക്ഷ മുന്‍നിര്‍ത്തി പുരുഷ വന്ധ്യംകരണം പ്രോത്സാഹിപ്പിക്കാന്‍ ദേശീയതലത്തില്‍ അഭിപ്രായം രൂപപ്പെട്ടതാണ്. ഇതിനു തുടര്‍ച്ചയായാണ് നോണ്‍ സ്‌കാല്‍പല്‍ വാസക്ടമീ പ്രചരിപ്പിക്കാന്‍ തീരുമാനിച്ചത്. പുരുഷ വന്ധ്യംകരണത്തിലെ നവീന സമ്പ്രദായമായ ഈ സംവിധാനം പരീക്ഷിക്കുന്നതിന് തെരഞ്ഞെടുത്ത ജില്ലകളിലൊന്ന് ആദിവാസികളുടെ പ്രധാന ആവാസകേന്ദ്രമായ വയനാട് ആയിരുന്നു. ജനസംഖ്യ വര്‍ദ്ധനവായിരുന്നില്ല തെരഞ്ഞെടുപ്പു മാനദണ്ഡമെന്ന് പകല്‍ പോലെ വ്യക്തം. അങ്ങനെ നടന്ന എന്‍.എസ്.വി. ക്യാമ്പുകളില്‍ വന്ധ്യംകരണത്തിന് വിധിക്കപ്പെട്ടവരില്‍ ഏറെപേരും ആദിവാസികളായിരുന്നു. വയനാട്ടില്‍ മുത്തങ്ങ വനത്തിനുള്ളില്‍ കഴിയുന്ന ചുക്കാലിക്കുനി കാട്ടുനായ്ക്ക കോളനിയിലെ ഒമ്പതുപേര്‍ അതിനിരയായി.

ദാരിദ്ര്യവും അജ്ഞതയും ഈ മനുഷ്യരെ പ്രലോഭനങ്ങളില്‍ വീഴ്ത്തുന്നത് വന്ധ്യംകരണത്തിന് വിധേയരാകുന്നവര്‍ക്ക് പാരിതോഷികമായി വാഗ്ദാനം ചെയ്യപ്പെടുന്ന 1100 രൂപയെന്നത് ഈ മനുഷ്യരെ മോഹിപ്പിക്കുന്നു. നഴ്‌സിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പ്രചോദകര്‍ക്കുമായി 300 രൂപ സര്‍ക്കാര്‍ ചെലവിടുന്നു.

1980 കാലത്ത് കേരളത്തില്‍ നടപ്പിലാക്കിയ ഇന്ത്യ പോപ്പുലേഷന്‍ പ്രോജക്ട് പേരു സൂചിപ്പിക്കുന്നതരത്തില്‍ വിജയിക്കാനുള്ള കാരണവും ആദിവാസികളാണ്. പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കിയ ജില്ലകളെല്ലാം ആദിവാസി കേന്ദ്രീകൃത പ്രദേശങ്ങളായിരുന്നു. ജനസംഖ്യാ നിയന്ത്രണ യജ്ഞത്തില്‍ പങ്കാളികളായവരില്‍ പ്രലോഭിപ്പിക്കപ്പെട്ട ആദിമനിവാസികളായിരുന്നു ഭൂരിഭാഗവും. അവിവാഹിതകളെപ്പോലും അന്ന് വന്ധ്യംകരണത്തിന് വിധേയരാക്കി.

ഇപ്പോഴിതാ വീണ്ടും സമാനരീതികളുമായി ആരോഗ്യവകുപ്പ് രംഗത്ത്. സുരക്ഷാമാനദണ്ഡങ്ങളെല്ലാം ഇവിടെ അവഗണിക്കപ്പെടുന്നു.

രണ്ടു കുട്ടികളുണ്ടെന്നും എന്‍.എസ്.സി.യ്ക്കു താല്‍പ്പര്യമുണ്ടെന്നും ഇപ്പോഴത്തെ ഇരയായ ചന്ദ്രന്‍ പറഞ്ഞുവെന്നാണ് ആരോപണവിധേയരായവരുടെ വാദം. സാധാരണനിലയില്‍ ഇവിടുത്തെ നടപടികള്‍ മറ്റൊന്നാണ്. പങ്കാളിയുടെ സമ്മതപത്രം അതിലൊന്ന്. അടുത്ത നടപടി കൗണ്‍സിലിംഗ്. ഗുണദോഷങ്ങള്‍ വിവരിച്ചു നല്‍കാനുള്ള ഉത്തരവാദിത്വവും അധികൃതര്‍ക്കുണ്ട്. ചന്ദ്രന്റെ കാര്യത്തിലിതൊന്നും നടന്നില്ല. ഇത് സംബന്ധിച്ച പരാതിപോലും സ്വീകരിക്കാന്‍ തയ്യാറാവാതിരുന്ന പുല്‍പ്പള്ളി സാമൂഹ്യാരോഗ്യകേന്ദ്ര അധികൃതരും പോലീസും ചന്ദ്രനെന്ന സാധാരണ മനുഷ്യനെ ഉപേക്ഷിക്കുകയും ചെയ്തു.

(അഴിമുഖം കണ്‍സള്‍ട്ടന്റ് എഡിറ്റര്‍ ആണ് ലേഖകന്‍)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍