UPDATES

ന്യൂസ് അപ്ഡേറ്റ്സ്

5/20 നിയമവും വിമാന കമ്പനികള്‍ തമ്മിലുള്ള മത്സരവും; ടാറ്റയുടെ താത്പര്യത്തിന് പിന്നില്‍

Avatar

ടീം അഴിമുഖം

രാജ്യാന്തര സര്‍വീസ് നടത്താന്‍ ആവശ്യമായ 5/20 മാനദണ്ഡത്തില്‍ മാറ്റം വരുത്തുന്നതു സംബന്ധിച്ച രത്തന്‍ ടാറ്റയുടെ അഭിപ്രായം ഗൗരവമായ പരിഗണന അര്‍ഹിക്കുന്നു. ഇപ്പോഴത്തെ നിലയ്ക്ക് 20 വിമാനങ്ങളും കുറഞ്ഞത് അഞ്ചുവര്‍ഷത്തെ ആഭ്യന്തര സര്‍വീസ് പരിചയവും ഉള്ള എയര്‍ലൈനുകള്‍ക്കു മാത്രമേ രാജ്യാന്തര സര്‍വീസിന് അനുമതി ലഭിക്കൂ.

ടാറ്റാ ഗ്രൂപ്പിന് ഇതില്‍ ബിസിനസ് താല്‍പര്യങ്ങളുണ്ടായിരിക്കാം. എയര്‍ ഏഷ്യ, വിസ്റ്റാര എന്നീ പുതിയ എയര്‍ലൈനുകളുടെ സഹപ്രമോട്ടര്‍മാരാണ് ടാറ്റ. ഇവയെ 5/20 മാനദണ്ഡം പ്രതികൂലമായി ബാധിക്കും. പക്ഷേ ഇത് രത്തന്‍ ടാറ്റയുടെ വിമര്‍ശനത്തിന്റെ അടിസ്ഥാനവാദങ്ങള്‍ ഇല്ലാതാക്കുന്നില്ല.

മേഖലയില്‍ ആധിപത്യം ഉറപ്പിച്ച വിമാനക്കമ്പനികള്‍ കുത്തകസമ്മര്‍ദവും സ്വാധീനവും ഉപയോഗിച്ച് അവരുടെ മേധാവിത്വം നിലനിര്‍ത്താന്‍ ശ്രമിക്കുകയാണെന്നാണ് രത്തന്‍ ടാറ്റയുടെ അഭിപ്രായം. കച്ചവട താല്‍പര്യങ്ങളല്ല ഉപഭോക്തൃ താല്‍പര്യങ്ങളാണ് ഇവിടെ യഥാര്‍ത്ഥ പ്രശ്‌നം.

തുറന്ന സമ്പദ്‌വ്യവസ്ഥയില്‍ ഉപഭോക്താക്കളില്‍ നിന്ന് വിമാനക്കമ്പനികള്‍ ഈടാക്കുന്ന നിരക്ക് തീരുമാനിക്കാന്‍ സര്‍ക്കാരിനാകില്ല. മത്സരം അനുവദിക്കുന്ന നിയന്ത്രിത സാഹചര്യം ഉറപ്പാക്കുക മാത്രമാണ് ചെയ്യാനാകുക. ഇങ്ങനെ നോക്കുമ്പോള്‍ 5/20 നിയമം പുതിയ വിമാന സര്‍വീസുകള്‍ക്കു കൂച്ചുവിലങ്ങിടുകയും ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ ടിക്കറ്റ്, കൂടുതല്‍ മികച്ച സേവനം, പുതിയ റൂട്ടുകള്‍, സൗകര്യപ്രദമായ യാത്ര എന്നിവയ്‌ക്കെല്ലാമുള്ള അവസരം നിഷേധിക്കുകയും ചെയ്യുന്നു.

സുരക്ഷയിലും പരിചയത്തിലും സാമ്പത്തിക അടിത്തറയിലും വിശ്വാസ്യത തെളിയിച്ച വിമാനക്കമ്പനികള്‍ക്കു മാത്രം സര്‍വീസ് നടത്താന്‍ അവസരം നല്‍കുക എന്നതാണ് 5/20 മാനദണ്ഡത്തിനു പിന്നിലുള്ള ഉദ്ദേശ്യം. എന്നാല്‍ സഹപ്രമോട്ടര്‍മാരെന്ന നിലയില്‍ രാജ്യാന്തര സര്‍വീസുകളില്‍ പരിചയമുള്ള കമ്പനികള്‍ക്കുപോലും സര്‍വീസ് നടത്താനാകാത്ത സാഹചര്യമാണ് ഈ മാനദണ്ഡം ഉണ്ടാക്കുന്നത്. ഈ സംഭവത്തില്‍ രണ്ട് സംയുക്തസംരംഭങ്ങളില്‍ പരിചയമുള്ള ടാറ്റയ്ക്കാണ് അസരം കിട്ടാതെ പോകുന്നത്.

ഇന്നത്തെ ലോകത്തില്‍ ആഭ്യന്തര, രാജ്യാന്തര സര്‍വീസുകള്‍ തമ്മില്‍ വലിയ വ്യത്യാസമില്ലെന്നതാണ് ഇതോടനുബന്ധിച്ച് ആലോചിക്കേണ്ട മറ്റൊരു കാര്യം. വിദേശത്തു ജോലി ചെയ്യുന്ന, ഇന്ത്യയുടെ ഉള്‍പ്രദേശങ്ങളില്‍ വസിക്കുന്ന പലരും ഇന്ന് ആഭ്യന്തര സര്‍വീസുകള്‍ ഉപയോഗിച്ച് രാജ്യാന്തര വിമാനത്താവളങ്ങളിലെത്തി യാത്ര തുടരുകയാണ്. അതിസമ്പന്നരല്ലാത്ത ഇവര്‍ക്ക് സുഗമമായ വിമാനസര്‍വീസുകള്‍ പ്രയോജനം ചെയ്യും.  നിരക്ക് കുറവും ഇതുവരെ ഉപയോഗിക്കപ്പെടാത്ത പുതിയ റൂട്ടുകളുടെ വരവും ഇവര്‍ക്കു സഹായകമാകും.

ആത്യന്തികമായി ഇത് വ്യോമയാനരംഗത്തും മറ്റ് വ്യവസായരംഗങ്ങളിലും പ്രവേശന തടസം ഇല്ലാതാക്കുന്നതിനെപ്പറ്റിയാണ്. വ്യോമഗതാഗത നയം പ്രഖ്യാപിക്കുമ്പോള്‍ ഈ മാനദണ്ഡം എടുത്തുകളയാന്‍ എന്‍ഡിഎ സര്‍ക്കാര്‍ തയാറാകണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍