UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചോരയില്‍ കുതിര്‍ന്ന മണ്ണ്

Avatar

ടീം അഴിമുഖം
 

ഇന്ത്യയുടെ വടക്കുകിഴക്കന്‍ ഭാഗത്ത് നിന്നും വീണ്ടും നിലവിളികള്‍ ഉയരുന്നു. രാജ്യത്തിന്റെ ഈ മറക്കപ്പെട്ട ഭാഗത്തുള്ള ഫലഭൂയിഷ്ടവും മനോഹരവുമായ മണ്ണില്‍ നിരപരാധികളുടെ ചോര വീണ്ടുമൊഴുകുന്നതിന് ഏതാനും ദിവസങ്ങളായി നമ്മളും സാക്ഷ്യം വഹിക്കുന്നുണ്ട്. 70,000 പേര്‍ ഇന്നലെ വരെ ഭവനരഹിതരാകുകയും ചെയ്തു. 

നാഷണല്‍ ഡമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്റിന്റെ (NDFB) ഒരു വിഭാഗം 70 ആദിവാസികളെ കൂട്ടക്കൊല ചെയ്തത്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ നേരിടുന്ന കടുത്ത വെല്ലുവിളികളിലേക്കാണ് വിരല്‍ചൂണ്ടുന്നത്. കലാപങ്ങള്‍ക്കും കൂട്ടക്കൊലകള്‍ക്കും ഒരു മതവും വിശുദ്ധ പുസ്തകങ്ങളുമില്ലെന്ന യാഥാര്‍ത്ഥ്യവും ഇത് വെളിച്ചത്ത് കൊണ്ടുവരുന്നു.

നാഷണല്‍ ഡമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്റ്-സോംഗ്ബിജിത്ത് വിഭാഗത്തിനെതിരായ എല്ലാ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നുണ്ടെന്നും പോലീസും അര്‍ദ്ധസൈനിക വിഭാഗങ്ങളും സൈന്യവും സംയുക്തനീക്കങ്ങളിലൂടെ സംസ്ഥാനത്ത് കലാപം പടരുന്നത് തടയാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്നും കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നു. എന്നാല്‍ 2012-ല്‍ നാല് ലക്ഷം പേര്‍ക്ക് തങ്ങളുടെ ഗ്രാമങ്ങളില്‍ നിന്നും പലായനം ചെയ്യേണ്ടി വന്ന മുസ്ലീം-ബോഡോ കലാപം ആവര്‍ത്തിക്കുമെന്ന ഭീതി നിലനില്‍ക്കുകയാണ്.

എന്‍ഡിഎഫ്ബി-എസില്‍ നിന്നുള്ള ഒരു ഭീഷണിയും താന്‍ കാര്യമായി എടുക്കുന്നില്ലെന്ന് അസം മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് ചൊവ്വാഴ്ച പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് കൊലപാതകങ്ങള്‍ ആരംഭിച്ചത്. തീവ്രവാദികള്‍, സ്ത്രീകളെയും ഒരുവയസില്‍ താഴെയുള്ള കുട്ടികളെയും വരെ നിരത്തി നിറുത്തി വെടിവെക്കുകയായിരുന്നു. കലാപം ബുധനാഴ്ചയും തുടര്‍ന്നു. ആദിവാസികള്‍ ബിശ്വനാഥ് ചൈരാലി ഉപഡിവിഷനിലെ ബോഡോ ഭൂരിപക്ഷ ഗ്രാമങ്ങളിലുള്ള 150 ഓളം വീടുകള്‍ അഗ്നിക്കിരയാക്കി. 2000-ത്തോളം വരുന്ന ആദിവാസികള്‍ അമ്പും വില്ലുമായി ദെക്കിയജൂലി പോലീസ് സ്‌റ്റേഷന്‍ വളഞ്ഞതോടെ പോലീസ് വെടിവെക്കാന്‍ നിര്‍ബന്ധിതമായി. വെടിവെപ്പില്‍ മൂന്ന് പ്രതിഷേധക്കാര്‍ മരിക്കുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ ഏഴ് പേരുടെ നില ഗുരുതരമാണ്.

മരിച്ചവര്‍ക്ക് അഞ്ച് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഗുവഹത്തിയിലേക്ക് എത്തുകയും സുരക്ഷാ പുനരവലോകന യോഗങ്ങള്‍ നടത്തുകയും ചെയ്തു.

എന്നാല്‍ ഇത്തരം നടപടികള്‍ക്കൊക്കെ എന്തെങ്കിലും ഫലം കാണാന്‍ സാധിക്കുമോ? ഈ കലാപചക്രം അവസാനിക്കുമോ? ഇല്ല എന്നാണ് ഉത്തരം.

നിരവധി ഗോത്രങ്ങള്‍ അധിവസിച്ചിരുന്ന പ്രദേശത്തിന്റെ ചരിത്രത്തില്‍ തന്നെ ആക്രമണങ്ങളുടെയും പ്രത്യാക്രമണങ്ങളുടെയും കഥകള്‍ ആഴത്തില്‍ പതിഞ്ഞ് കിടപ്പുണ്ട്. തോട്ടം തൊഴിലാളികള്‍ എന്ന നിലയിലാണ് ആദിവാസികളെ ബ്രിട്ടീഷുകാര്‍ ഇവിടേക്ക് കൊണ്ടുവരുന്നത്. 20-ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍, ഇപ്പോഴത്തെ ബംഗ്ലാദേശില്‍ നിന്നും നൂറുകണക്കിന് മുസ്ലീങ്ങളും വടക്കുകിഴക്കന്‍ ഭാഗങ്ങളിലേക്ക് കുടിയേറി. നമ്മുടെ വടക്കുകിഴക്കന്‍ പ്രദേശം പ്രകൃതിരമണീയമാണെന്ന് മാത്രമല്ല, ചലനാത്മകമായ ഇന്ത്യന്‍ സാമ്പത്തികരംഗത്തിന്റെ അവിഭാജ്യഭാഗവുമാണ്.

 

വിവിധ വിശ്വാസസംഹിതകള്‍ പിന്തുടരുന്ന വ്യത്യസ്ത ഗ്രൂപ്പുകളുടെ കുടിയേറ്റം സംഘര്‍ഷങ്ങള്‍ക്ക് കാരണമായി. കൂടുതലും ഹിന്ദുക്കളാണെങ്കിലും അവരുടെ ഗോത്ര വിശ്വാസങ്ങള്‍ വ്യത്യസ്തമാണ്. കൂടാതെ ക്രിസ്ത്യാനികളുടെയും മുസ്ലീങ്ങളുടെയും സാന്നിധ്യവുമുണ്ട്. ഇത്തരം വൈവിദ്ധ്യമുള്ള സമൂഹങ്ങള്‍ക്കിടയില്‍ രാഷ്ട്രീയക്കാര്‍ വളരെക്കാലമായി മീന്‍പിടിക്കുകയായിരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കലാപം ഒരിക്കലും അവസാനിക്കാത്ത ഒന്നായി മാറുന്നതിനുള്ള പ്രധാനകാരണവും ഈ രാഷ്ട്രീയക്കാര്‍ തന്നെ. ഇക്കാര്യം ബോധ്യപ്പെടാന്‍ ഒരു നേതാവിനെ മാത്രമായി മാറ്റി നിറുത്തി പരിശോധിക്കേണ്ട കാര്യമില്ല. നമുുടെ ‘മുതിര്‍ന്ന’ ദേശീയ നേതാക്കളുടെ പ്രസംഗങ്ങളും പ്രവര്‍ത്തനങ്ങളും എടുത്ത് പരിശോധിക്കുമ്പോള്‍ തന്നെ നിരപരാധികളായ ജനങ്ങളുടെ ജീവിതത്തില്‍ അവര്‍ കളിക്കുന്ന വൃത്തികെട്ട, നാറുന്ന രാഷ്ട്രീയത്തെക്കുറിച്ച് നിങ്ങള്‍ക്ക് ബോധ്യപ്പെടും.

വടക്കുകിഴക്കന്‍ പ്രദേശങ്ങളെ സാമ്പത്തിക വികസനത്തില്‍ നിന്നും അകറ്റി നിറുത്തുന്ന കലയില്‍ നമ്മുടെ നേതാക്കളെല്ലാം വൈദഗ്ധ്യം നേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന ആക്രമണങ്ങളില്‍ ഭൂരിഭാഗവും കൈയേറ്റ ഭൂമിയിലാണ് നടന്നത്. റിസര്‍വ് വനങ്ങള്‍ ആളുകള്‍ വെട്ടിത്തെളിക്കുകയും അവിടെ ഗ്രാമങ്ങള്‍ സ്ഥാപിക്കുകയും ചെയ്യുന്നു. വാഹനഗതാഗത സൗകര്യമുള്ള സ്ഥലങ്ങളില്‍ നിന്നും ശരാശരി ഒന്നര മണിക്കൂര്‍ യാത്ര ചെയ്താലേ ഇപ്പോള്‍ കൊലപാതകങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ എത്തപ്പെടാന്‍ സാധിക്കൂ എന്നാണ് പ്രാദേശിക അധികൃതര്‍ പറയുന്നത്.

മനുഷ്യവാസമുള്ള പ്രദേശങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നതിനോ വനം കൈയേറുന്നത് തടയുന്നതിനോ സര്‍ക്കാര്‍ യാതൊരു നടപടികളും സ്വീകരിക്കുന്നില്ല. അഴിമതിയില്‍ മുങ്ങിക്കുളിച്ച പ്രാദേശിക ഭരണകൂടങ്ങള്‍ ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുകയും ചെയ്യുന്നു. അഴിമതിമൂലം ജനങ്ങള്‍ വികസനപ്രവര്‍ത്തനങ്ങളില്‍ നിന്നും അകന്നുപോകുമ്പോള്‍, സ്വാഭാവികമായും കലാപങ്ങള്‍ പൊട്ടിപ്പുറപ്പെടും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഈ യാഥാര്‍ത്ഥ്യത്തില്‍ നിന്നും ഒട്ടും വ്യത്യസ്തമാകുന്നില്ല.

അവസാനമായി, ഭീകരവാദം ഏതെങ്കിലും ഒരു മതത്തില്‍ നിന്നും പൊട്ടിപ്പുറപ്പെടുന്ന ഒന്നല്ലെന്ന കടുത്ത യാഥാര്‍ത്ഥ്യമാണ് ഈ കൊലപാതക പരമ്പര വെളിപ്പെടുത്തുന്നത്. ഭീകരവാദത്തിന് അടിസ്ഥാനകാരണം ഇസ്ലാമാണെന്ന മൂഢവാദങ്ങള്‍ വിദ്യാഭ്യാസമില്ലാത്ത ഒരു മനസില്‍ നിന്ന് മാത്രമേ പൊട്ടിപ്പുറപ്പെടൂ. ധാരാളം സമ്പന്നരുടെയും ഭ്രാന്തന്മാരായ കൊലപാതകികളുടെയും പിന്തുണയോടെ മുസ്ലീങ്ങളായ ഒരു വിഭാഗം  കടുത്ത യാഥാസ്ഥിതിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട് എന്ന സമ്മതിക്കുമ്പോള്‍ പോലും മറ്റ് മതവിശ്വാസികളൊന്നും അത്ര നിരപരാധികളല്ല എന്നും നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.

അസമിലെ കാര്യമെടുത്താല്‍ ഇപ്പോള്‍ കൂട്ടക്കൊല നടത്തിയ എന്‍ഡിഎഫ്ബിക്കാരില്‍ ക്രിസ്ത്യന്‍ സമുദായാംഗങ്ങള്‍ക്കാണ് ഭൂരിപക്ഷം. ക്രിസ്ത്യാനികളല്ലാത്ത ബോഡോകളെ മതപരിവര്‍ത്തനം നടത്താന്‍ അവര്‍ നിരന്തരമായി പ്രേരിപ്പിക്കുന്നുണ്ടെന്നും ആരോപണം ഉണ്ട്.

1996 ല്‍ എന്‍ഡിഎഫ്ബി വന്‍തോതില്‍ കലാപം അഴിച്ചുവിട്ടപ്പോള്‍ ആദിവാസി കോബ്ര സേന നിലവില്‍ വരികയും അതിപ്പോള്‍ ശക്തമായ എതിര്‍ സായുധസേനയായി മാറുകയും ചെയ്തിരിക്കുന്നു. ഹിന്ദുക്കള്‍ക്ക് ഭൂരിപക്ഷമുള്ള ബോഡോ ലിബറേഷന്‍ ടൈഗര്‍ ഫോഴ്‌സുമായും എന്‍ഡിഎഫ്ബി പോരാട്ടങ്ങള്‍ നടത്താറുണ്ട്.

 

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന് അംഗീരിക്കുകയാണ് അവിടെ സമാധാനം പുനഃസ്ഥാപിക്കാനുള്ള ആദ്യ മാര്‍ഗ്ഗം. അത് വാക്കുകളിലൂടെയല്ല, മറിച്ച് പ്രവര്‍ത്തിയിലൂടെ തന്നെയായിരിക്കണം. രണ്ടാമതായി സര്‍ക്കാര്‍ ചെയ്യേണ്ടത് ചരിത്രപരമായ പരാതികള്‍ പരിഹരിക്കുക എന്നതാണ്. അവയില്‍ നല്ലൊരു ശതമാനവും ഇപ്പോള്‍ കാലഹരണപ്പെട്ടതാണെങ്കിലും അങ്ങനെയല്ലാത്തവ പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. ഇതോടൊപ്പം ഊര്‍ജ്ജിതമായ വികസനപ്രവര്‍ത്തനങ്ങളും ഏറ്റെടുത്ത് നടപ്പിലാക്കേണ്ടിയിരിക്കുന്നു.

അല്ലെങ്കില്‍ നമ്മുടെ ഏഴ് സഹോദരിമാര്‍ എന്നു വിളിക്കുന്ന ഈ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജീവിതം ദുരിതത്തില്‍ തന്നെയായിരിക്കും. പലപ്പോഴും അവരുടെ നിലവിളികള്‍ അടിച്ചമര്‍ത്തപ്പെടുന്നു. അല്ലെങ്കില്‍ അവ കേട്ടില്ലെന്ന് നാം നടിക്കുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ അംഗീകരിക്കാന്‍ നമ്മുടെ മുഖ്യധാര മാധ്യമങ്ങള്‍ തയ്യാറായത് പോലും നിരവധി കൊലപാതകങ്ങള്‍ക്ക് ശേഷമാണെന്ന യാഥാര്‍ത്ഥ്യം കണ്ടില്ലെന്ന് നടിക്കരുത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍