UPDATES

യോഗാ ദിനം ഉപരാഷ്ട്രപതിയെ വിമര്‍ശിച്ച് ആര്‍എസ്‌എസ് നേതാവ് രാംമാധവ്

അഴിമുഖം പ്രതിനിധി

അന്താരാഷ്ട്ര യോഗാ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി പങ്കെടുക്കാത്തതിനെ ചോദ്യം ചെയ്ത് ആര്‍എസ്എസ് നേതാവായ രാം മാധവ് ട്വീറ്റ് ചെയ്തത് വിവാദമാകുന്നു. എന്നാല്‍ തന്നെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് ഉപരാഷ്ട്രപതി വിശദീകരിച്ചു. ആര്‍എസ്എസില്‍ നിന്നും ബിജെപിയിലേക്ക് ഡെപ്യൂട്ടേഷനില്‍ വന്നിട്ടുള്ള രാം മാധവ് ഇന്നലെ വൈകുന്നേരമാണ് അന്‍സാരിയെ വിമര്‍ശിച്ച് പോസ്റ്റിട്ടത്. എന്നാല്‍ പിന്നീട് രാം മാധവ് ട്വീറ്റ് പിന്‍വലിക്കുകയും മാപ്പ് പറയുകയും ചെയ്തു. ഉപരാഷ്ട്രപതിക്ക് അസുഖമാണെന്ന് തന്നെ അറിയിച്ചുവെന്നും രാം മാധവ് കൂട്ടിച്ചേര്‍ത്തു. 

അന്‍സാരി അസുഖബാധിതനല്ലെന്ന് ഉപരാഷ്ട്രപതിയുടെ ഓഫീസ് അറിയിച്ചു. അദ്ദേഹത്തെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ല. പ്രോട്ടോക്കോള്‍ പ്രകാരം ബന്ധപ്പെട്ട മന്ത്രി ക്ഷണിച്ചാല്‍ മാത്രമാണ് ഉപരാഷ്ട്രപതി അത്തരം ചടങ്ങുകളില്‍ പങ്കെടുക്കുക. ഈ വിവാദം ഉണ്ടായതില്‍ അന്‍സാരി അസംതൃപ്തനാണെന്ന് അന്‍സാരിയുടെ ഓഫീസ് അറിച്ചു. അദ്ദേഹത്തെ ക്ഷണിച്ചിരുന്നുവെങ്കില്‍ അന്‍സാരി പങ്കെടുക്കുമായിരുന്നു. 

രാഷ്ട്രീയ വൃത്തങ്ങളില്‍ ശക്തമായ പ്രതികരണമാണ് ഈ വിവാദം ഉയര്‍ത്തിയിരിക്കുന്നത്. എങ്ങനെ ഉപരാഷ്ട്രപതി ഒഴിവാക്കപ്പെട്ടുവെന്നതില്‍ ഞാന്‍ അത്ഭുതപ്പെടുന്നുവെന്നും അദ്ദേഹം മുസ്ലിം ആയതു കൊണ്ടാണോ ഒഴിവാക്കിയതെന്നും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് മജീദ് മേമന്‍ ചോദിച്ചു. സര്‍ക്കാരും പ്രധാനമന്ത്രിയും ഇതിന് ഉത്തരം പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യസഭാ ടിവിയില്‍ യോഗ ദിന പരിപാടികള്‍ തത്സമയം സംപ്രേക്ഷണം ചെയ്യാത്തതിന് ചാനലിനെ രാം മാധവ് വിമര്‍ശിച്ച് ട്വീറ്റ് ചെയ്തു. രാജ്യസഭാ ചെയര്‍മാന്‍ എന്ന നിലയില്‍ അന്‍സാരിയാണ് ചാനല്‍ തലവന്‍. എന്നാല്‍ രാജ്യസഭാ ടിവിയുടെ സിഇഒയായ ഗുര്‍ദീപ് സിംഗ് സപ്പല്‍ അതെല്ലാം അടിസ്ഥാനരഹിതമായ കിംവദന്തികളാണെന്ന് പറഞ്ഞു. രാജ്പഥ് പരിപാടി തത്സമയം സംപ്രേക്ഷണം ചെയ്യുക മാത്രമല്ല യോഗയെ കുറിച്ച് മൂന്ന് ഡോക്യുമെന്ററികളും ഒരു സ്‌പെഷ്യല്‍ റിപ്പോര്‍ട്ടും നല്‍കിയെന്ന് അദ്ദേഹം വിശദീകരിച്ചു. ഏകദേശം 36,000 പേരാണ് ഇന്നലെ രാജ്പഥിലെ പരിപാടിയില്‍ യോഗാഭ്യാസം നടത്തിയത്. 44,000 പേര്‍ പങ്കെടുക്കുമെന്നാണ് അറിയിച്ചിരുന്നത്. രാജ്പഥിന്റെ അഭിമാനമായ റിപ്പബ്ലിക് ദിന ആഘോഷങ്ങളെ വെല്ലുന്ന സുരക്ഷാ സംവിധാനങ്ങളാണ് ഇന്നലെ അവിടെ ഒരുക്കിയിരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍