UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സോളാര്‍ എന്നു കേട്ടാല്‍ ഇനി മോദിയും പേടിക്കും

അഴിമുഖം പ്രതിനിധി

ഒരാഴ്ച മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ മണ്ഡലമായ വരാണസിയില്‍ വിതരണം ചെയ്ത ഇ-ബോട്ടിലെ ചാര്‍ജ് തീര്‍ന്നു. ഇപ്പോള്‍ ബോട്ടുകാര്‍ കായികാദ്ധ്വാന ശേഷി കൊണ്ടാണ് ബോട്ട് പ്രവര്‍ത്തിക്കുന്നത്. ഇ-ബോട്ടുകള്‍ സോളാര്‍ ഊര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്നവയാണെന്നാണ് മോദി അവകാശപ്പെട്ടിരുന്നത്. 11 ബോട്ടുകളാണ് വാഗ്ദാനം ചെയ്തിരുന്നത്. അവയില്‍ അഞ്ചെണ്ണം വിതരണം ചെയ്തു.

റീചാര്‍ജ്ജ് ചെയ്യാവുന്ന ബാറ്ററിയാണ് ബോട്ടില്‍ ഉപയോഗിച്ചിരുന്നത്. സോളാര്‍ പാനല്‍ ഉപയോഗിച്ച് റീചാര്‍ജ് ചെയ്യാം. എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും ഘട്ടില്‍ റീച്ചാര്‍ജ്ജ് ചെയ്യാനുള്ള പവര്‍ പോയിന്റുകള്‍ സ്ഥാപിച്ചിട്ടില്ല. അതുകാരണം ബാറ്ററികളിലെ ചാര്‍ജ്ജ് തീര്‍ന്നു. ബോട്ടുകാര്‍ ബാറ്ററി ഇളക്കിയെടുത്ത് കൊണ്ടു പോയി ചാര്‍ജ്ജ് ചെയ്യേണ്ട സാഹചര്യമാണുള്ളത്.

സോളാര്‍ സെല്ലുകള്‍ ഉപയോഗിച്ച് ചാര്‍ജ്ജ് ചെയ്യുന്നതിനെ കുറിച്ചും ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. ചിലര്‍ കരുതുന്നത് ബോട്ടിന്റെ മേല്‍ക്കൂരയില്‍ പാനലുകള്‍ സ്ഥാപിക്കുമെന്നാണ്. മറ്റു ചിലരാകട്ടെ ചാര്‍ജ്ജിങ് പോയിന്റുകളില്‍ നിന്ന് ബാറ്ററി ചാര്‍ജ്ജ് ചെയ്യണമെന്നും കരുതുന്നു.

സോളാര്‍ പാനല്‍ ബോട്ടിന് മുകളില്‍ സ്ഥാപിച്ചാല്‍ മേല്‍ക്കൂരയുടെ ഭാരം വര്‍ദ്ധിക്കുകയും ബോട്ടിന്റെ നില തെറ്റുമെന്ന ഭീതിയുമുണ്ട്. ഇത് ബോട്ടിലെ യാത്ര അപകടകരമാക്കും. വാരണാസിയില്‍ ഗംഗാ നദിയില്‍ 2,500 ഓളം വിവിധ തരം ബോട്ടുകളാണുള്ളത്. ആ തിരക്കിനിടയിലൂടെ ഇ-ബോട്ട് ഗതാഗതം നടത്തുമ്പോള്‍ ബോട്ടിലെ പ്ലാസ്റ്റിക്കില്‍ നിര്‍മ്മിച്ച പ്രൊപ്പലറുകള്‍ തകര്‍ന്നു പോകുമെന്നും പരാതിയുണ്ട്.

മഴക്കാലത്ത് ഗംഗയില്‍ വെള്ളം പൊങ്ങുമ്പോള്‍ ഈ ബോട്ടുകളെ ഓടിക്കാനാകുമോയെന്ന സംശയവും ചില ബോട്ടുടമകള്‍ ഉയര്‍ത്തുന്നുണ്ട്. മോദി വിതരണം ചെയ്ത ഇ-ബോട്ടുകള്‍ തടാകം പോലെ നിശ്ചല ജലമുള്ള ഇടങ്ങളിലെ ഓടിക്കാനാകൂ. ഡീസലിനായി ഒരു ദിവസം ഉപയോഗിച്ചിരുന്ന 500 രൂപ ബോട്ടുകാര്‍ക്ക് ലാഭിക്കാമെന്നായിരുന്നു മോദി വിതരണം ചെയ്ത വേളയില്‍ പറഞ്ഞിരുന്നത്.

മോദി നല്‍കിയ ബോട്ട് ദുരിതമാണ് സമ്മാനിച്ചതെങ്കിലും പിന്‍മാറാന്‍ ബോട്ടുകാര്‍ ഒരുക്കമല്ല. അവര്‍ പ്രധാനമന്ത്രിക്കും വൈദ്യുത മന്ത്രി പീയുഷ് ഗോയലിനും പരാതി അയക്കാന്‍ ഒരുങ്ങുകയാണ്. വരാണസിയിലെ വോട്ടര്‍ പട്ടികയില്‍ നിര്‍ണായക സ്വാധീനമുള്ള നിഷാദ് സമുദായക്കാരെ കൈയിലെടുക്കാന്‍ ഇ-ബോട്ട് ദാനത്തിന് കഴിയുമെന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷ.

കേരളത്തിലെത്തി സോളാറെന്ന് പറയാന്‍ ഭയമെന്നാണ് കഴിഞ്ഞ ദിവസം മോദി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞത്. എന്നാല്‍ സ്വന്തം മണ്ഡലത്തിലെ സോളാര്‍ ബോട്ടുകള്‍ അദ്ദേഹത്തിന് പാരയാകുമോ എന്നത് കാത്തിരുന്നു കാണാം. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍