UPDATES

സിനിമാ വാര്‍ത്തകള്‍

2016-മലയാള സിനിമയ്ക്ക് നഷ്ടപ്പെട്ട പ്രിയപ്പെട്ടവര്‍

മലയാളിക്ക് ഒഎന്‍വിയേയും കലാഭവന്‍ മണിയേയും നഷ്ടമായത് 2016 ല്‍ ആയിരുന്നു

മലയാള സിനിമയെ സംബന്ധിച്ച് നഷ്ടങ്ങളുടെ വര്‍ഷമായിരുന്നു 2016. അപ്രതീക്ഷിതമായി ഒട്ടേറെ പ്രിയപ്പെട്ടവരെയാണ് സിനിമയ്ക്ക് നഷ്ടമായത്. കലാഭവന്‍ മണി, ഒഎന്‍വി, രാജേഷ് പിള്ള, കല്‍പ്പന തുടങ്ങി ജഗന്നാഥ വര്‍മയെ വരെ മരണം കൊണ്ടുപോയപ്പോള്‍ സിനിമയ്ക്ക് ഇല്ലാതായിപോയത് പകരക്കാരില്ലാത്ത പ്രതിഭകളെയായിരുന്നു. ആ നഷ്ടം സിനിമയുടേതുമാത്രമല്ല, മലയാളിയുടേതു കൂടിയാണ്.

2016 ല്‍ വിടപറഞ്ഞ പ്രമുഖര്‍ ഇവരായിരുന്നു.

ജനുവരി

കല്‍പ്പന
തികച്ചും അപ്രതീക്ഷിതമായിരുന്നു കല്‍പ്പനയുടെ വിയോഗം. തോഴ എന്ന തെലുങ്കു ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഹൈദരാബാദില്‍ ഉള്ളപ്പോഴായിരുന്നു മരണം ആ ചിരി അണച്ചു കളഞ്ഞത്. ഹൃദ്രോഗബാധിതയായിരുന്ന കല്‍പ്പന ഉറക്കത്തില്‍ ആണ് മരണത്തിലേക്ക് യാത്രയായത്.

കല്‍പ്പനയെ കൂടാതെ ജനുവരിയില്‍ മരണം തട്ടിയെടുത്ത മറ്റു ചിലര്‍ കൂടിയുണ്ട്. മലയാള സിനിമയില്‍ ഒരുകാലത്ത് പേരുകേട്ട പ്രൊഡക്ഷന്‍ കമ്പനിയായിരുന്ന മഞ്ഞിലാസിന്റെ എം ഒ ജോസഫ് വിടപറയുന്നതും ജനുവരിയിലാണ്. പൊന്നി, വാഴ്‌വേമായം, അരനാഴികനേരം തുടങ്ങി ഒട്ടേറെ സിനിമകള്‍ ജോസഫ് മലയാളത്തിനു നല്‍കിയിരുന്നു.
പറക്കുംതളിക, വന്ദനം, ചെപ്പ് എന്നീ ചിത്രങ്ങളുടെ രചയിതാവും കാക്കത്തൊള്ളായിരം എന്ന സിനിമയുടെ സംവിധായകനുമായ വി ആര്‍ ഗോപാലകൃഷ്ണന്‍, നടന്‍ കൊല്ലം ജി കെ പിള്ള, സുധാകരന്‍ എന്നിവരും ജനുവരിയില്‍ നമ്മെ വിട്ടുപോയി.

ഫെബ്രുവരി

ഒഎന്‍വി കുറുപ്പ്
ഫെബ്രുവരിയില്‍ നമുക്ക് നഷ്ടപ്പെട്ടത് മലയാളത്തിന്റെ പ്രിയ കവി ഒഎന്‍വി കുറുപ്പിനെയാണ്. ജ്ഞാനപീഠ ജേതാവായ കവി മലയാള സിനിമയ്ക്ക് നല്‍കിയത് മരണമില്ലാത്ത ഒരുപിടി ഗാനങ്ങള്‍. ആ പാട്ടുകള്‍ കേള്‍ക്കുവോളം മലയാളിയുടെ മനസില്‍ ഒഎന്‍വിക്കു മരണമില്ല. ഫെബ്രുവരി 13 നായിരുന്നു ഒഎന്‍വിയുടെ അന്ത്യം.

ഒഎന്‍വിയെ കൊണ്ടു പോയ മരണം വീണ്ടും ഞെട്ടിച്ചുകൊണ്ടേയിരുന്നു. വേട്ട എന്ന തന്റെ പുതിയ സിനിമ റിലീസ് ചെയ്ത അതേ ദിവസം തന്നെയാണ് സംവിധായകന്‍ രാജേഷ് പിള്ളയെ കരള്‍രോഗത്തിന്റെ രൂപത്തിലെത്തിയ മരണം കൂട്ടിക്കൊണ്ടുപോയത്. അതേമാസം തന്നെ സംഗീത സംവിധായകന്‍ രാജാമണിയേയും കാമറാമാന്‍ ആനന്ദകുട്ടിനെയും തിരക്കഥാകൃത്ത് മണി ഷൊര്‍ണൂരിനേയും നമുക്ക് നഷ്ടമായി. ഫെബ്രുവരിയില്‍ ഏറെ നോവിച്ച മറ്റൊരു നഷ്ടമായിരുന്നു സംഗീത സംവിധായകന്‍ ജോണ്‍സന്റെ മകള്‍ ഷാന്‍ ജോണ്‍സന്റെത്. അച്ഛനും സഹോദരനും കൈവിട്ടുപോയ ജീവിതത്തില്‍ സിനിമയുട പിന്തുണയോടെ തിരിച്ചുവവരവു നടത്തുകയായിരുന്നു ഷാന്‍. പക്ഷേ മരണം ആ കുടുംബത്തോട് ഒരിക്കല്‍ കൂടി ക്രൂരത കാണിച്ചു.

മാര്‍ച്ച്

കലാഭവന്‍ മണി
മലയാളി ഒട്ടും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ദിവസമായിരിക്കും 2016 മാര്‍ച്ച് 6. കേരളത്തെ കരയിപ്പിച്ച് കലാഭവന്‍ മണി യാത്ര പോയ ദിവസം. അടുത്തകാലത്തൊന്നും കേരളം സാക്ഷ്യം വഹിക്കാത്ത ജനസാഗരമായിരുന്നു മണിയെ അവസാനമായി ഒന്നു കാണാന്‍ ചാലക്കുടിയിലെ മണിക്കൂടാരത്തില്‍ എത്തിയത്. പക്ഷേ ആ മരണം ഇന്നും തീരാത്തൊരു സംശയം ബാക്കി നിര്‍ത്തുന്നു എന്നതാണ് അതിലേറേ വേദന.

മണിയുടെ മരണം തന്ന അതേ വേദനയായിരുന്നു ജിഷ്ണുവിനെ നഷ്ടപ്പെട്ടപ്പോഴും. കാന്‍സറിന്റെ പിടിയിലായിട്ടും ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ പൊരുതിയ ജിഷ്ണു ഒടുവില്‍ തന്റെ പരാജയം സമ്മതിക്കുമ്പോള്‍ സിനിമയ്ക്ക് നഷ്ടപ്പെട്ടത് മിടുക്കനായ ഒരു നടനെയായിരുന്നു.

മാര്‍ച്ചില്‍ തന്നെയായിരുന്നു, വി ഡി രാജപ്പന്‍, സംവിധായകരായ സജി പരവൂര്‍, നന്ദന്‍ കാവില്‍, മോഹന്‍രൂപ് എന്നിവരും രംഗമൊഴിഞ്ഞത്.

ഏപ്രില്‍

അവരുടെ രാവുകള്‍ എന്ന സിനിമയുടെ നിര്‍മാതാവ് അജയ്കൃഷ്ണന്‍, സിനിമ-സീരിയല്‍ നടന്‍ കൊച്ചനിയന്‍ എന്നവരുടെ മരണം ഏപ്രിലില്‍ ആയിരുന്നു.

മേയ്

നടന്‍ മാന്നാര്‍ രാധാകൃഷ്ണന്‍, തിരക്കഥകൃത്തും നോവലിസ്റ്റുമായ മാത്യു മറ്റം എന്നിവര്‍ അന്തരിച്ചു.

ജൂണ്‍

കവാലം
നാടക-ചലച്ചിത്ര-സാഹിത്യ രംഗങ്ങള്‍ക്ക് തീരാനഷ്ടമായി കവാലം നാരായണ പണിക്കര്‍ വിടപറയുന്നത് ഈ ജൂണില്‍ ആയിരുന്നു. നാടന്‍ശീലുകള്‍ കൊണ്ട് താളാത്മകമായ നിരവധി സിനിമാഗനങ്ങള്‍ സമ്മാനിച്ചാണ് കാവാലം യാത്ര പോയത്.

ജൂലൈ

പ്രമുഖ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് വക്കം മോഹന്‍ അന്തരിച്ചു. 500 ല്‍ അധികം ചിത്രങ്ങള്‍ക്ക് മോഹന്‍ മലയാളത്തില്‍ ശബ്ദം നല്‍കിയിട്ടുണ്ട്.

ഓഗസ്റ്റ്

നാരായം, കുഞ്ഞിക്കൂനന്‍, ഗുരുശിഷ്യന്‍ എന്നീ സിനിമകളിലൂടെ പ്രശസ്തനായ സംവിധായകന്‍ ശശിശങ്കറിന്റെ ജീവിതത്തിനു മരണം കട്ട് പറയുന്നത് ഓഗസ്റ്റ് മാസത്തിലായിരുന്നു. മിമിക്രി വേദിയില്‍ നിന്നും സിനിമയിലെത്തി മലയാളി ഓര്‍ത്തിരിക്കുന്ന നിമിഷങ്ങള്‍ സമ്മാനിച്ചിട്ടുള്ള സാഗര്‍ ഷിയാസ് യാത്ര ചൊല്ലിയതും അതേ മാസമാണ്.

സെപ്തംബര്‍

ടി എ റസാഖ്

മനുഷ്യജീവിതത്തിന്റെ നോവുകളും സന്തോഷങ്ങളും കണ്ടറിഞ്ഞെഴുതിയ എഴുത്തുകാരന്‍ ടി എ റസാഖിനെ സിനിമയ്ക്ക് നഷ്ടപ്പെട്ടത് സെപ്തംബറില്‍ ആയിരുന്നു.

ഒക്ടോബര്‍

ഒക്ടോബര്‍ കൊണ്ടുപോയത് രണ്ടു നടിമാരെയായിരുന്നു. ശ്രീലത മേനോന്‍, രേഖ മോഹന്‍ എന്നിവരെയാണ് സിനിമയ്ക്ക് നഷ്ടമായത്.

നവംബര്‍

എം ബാലമുരളീകൃഷ്ണ

കര്‍ണാടക സംഗീതത്തിലെ വിസ്മയം എം ബാലമുരളീകൃഷ്ണയുടെ വിയോഗം രാജ്യത്തിനു മൊത്തം നേരിട്ട നഷ്ടമായിരുന്നു. സ്വാതി തിരുന്നാള്‍, കൊടുങ്ങല്ലൂരമ്മ, എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു എന്നീ സിനിമകളിലൂടെ ആ സംഗീതപ്രതിഭയുടെ ഗാനങ്ങള്‍ കേള്‍ക്കാനും മലയാളിക്ക് ഭാഗ്യമുണ്ടായി.

ഡിസംബര്‍

ജഗന്നാഥ വര്‍മ

ഏറെ നഷ്ടങ്ങള്‍ സിനിമയ്ക്ക് സമ്മാനിച്ച 2016 കടന്നുപോകുന്ന ഡിസംബറിലും സിനിമയ്ക്ക് വീണ്ടുമൊരു വിയോഗ വാര്‍ത്ത കേള്‍ക്കേണ്ടി വന്നു, ജഗന്നാഥ വര്‍മയുടെ. ചെറിയ വേഷങ്ങളില്‍ ആയിരുന്നെങ്കിലും വര്‍മ പ്രേക്ഷകരുടെ മനസില്‍ സ്ഥിരസാന്നിധ്യമായിരുന്നു. അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്ക് മരണമില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍