UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കറന്‍സി പിന്‍വലിക്കല്‍; രാജ്യമെങ്ങും അരക്ഷിതാവസ്ഥ

അഴിമുഖം പ്രതിനിധി

കള്ളപ്പണം തടയാനെന്ന് പറഞ്ഞ് 500ന്‌റേയും ആയിരത്തിന്‌റേയും നോട്ടുകള്‍ പെട്ടെന്ന് പിന്‍വലിച്ച മോദി സര്‍ക്കാരിന്‌റെ നടപടി രാജ്യത്ത് ജനജീവിതം ഏറെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. പലയിടങ്ങളിലും അരക്ഷിതാവസ്ഥയും സംഘര്‍ഷാവസ്ഥയുമാണുള്ളത്. നിര്‍മ്മാണ മേഖലയും ചെറുകിട വ്യാപാര മേഖലയും അടക്കം വിവിധ രംഗങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ് നോട്ട് മാറ്റം. ദൈനംദിന ജിവിതത്തെ സാരമായി ബാധിക്കുന്ന പെട്ടെന്നുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഭാവികമായും വലിയ അമര്‍ഷമുണ്ടാക്കുന്നുണ്ട്.

രാജ്യത്തിന്‌റെ വിവിധ പ്രദേശങ്ങളില്‍ ബാങ്കുകള്‍, എടിഎമ്മുകള്‍ പോസ്റ്റ് ഓഫീസുകള്‍ എ്ന്നിവയ്ക്ക് മുന്നില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. എടിഎമ്മുകളില്‍ ലോഡ് ചെയ്യുന്ന പണം വളരെ പെട്ടെന്ന് തന്നെ കാലിയായി. പോസ്റ്റ് ഓഫീസുകളില്‍ മതിയായ പണം എത്തിച്ചിരുന്നില്ല 100 രൂപ നോട്ടിന്‌റെ ക്ഷാമം വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയത്. ഇതിനിടെ രാജ്യത്ത് ഉപ്പിന് കടുത്ത ക്ഷാമം അനുഭവപ്പെടുകയാണെന്നും ഉപ്പ് വില കുത്തനെ കൂടിയേക്കുമെന്നുമുള്ള ആശങ്കകള്‍ ശക്തമായി.

ഉത്തര്‍പ്രദേശ് അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഇത് വലിയ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയത്. പലയിടങ്ങളിലും കരിഞ്ചന്തയും പൂഴ്ത്തി വയ്പും ശക്തമായിട്ടുണ്ട്. ചിലയിടങ്ങളില്‍ കിലോയ്ക്ക് 200 രൂപ നിരക്കില്‍ ഉപ്പ് വില്‍ക്കുന്നതായി ആരോപണമുണ്ട്. അതേസമയം ആശങ്കകള്‍ അടിസ്ഥാനരഹിതമാണെന്നും ഉപ്പിന്‌റെ വില കൂട്ടാന്‍ യാതൊരു ഉദ്ദേശവുമില്ലെന്നുമാണ് ഭക്ഷ്യ മന്ത്രി രാം വിലാസ് പാസ്വാനും ഉദ്യോഗസ്ഥരും പറയുന്നത്. ഏതായാലും നോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ചതിന് ശേഷം നാലാം ദിവസമാകുമ്പോള്‍ വലിയ അമര്‍ഷവും പ്രതിഷേധവുമാണ് ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്.

പ്രധാന സംഭവങ്ങളിലൂടെ: 

ഗ്രാമീണ മേഖലയില്‍ പണമിടപാടുകള്‍ കൂടുതലും ബാങ്ക് വഴി അല്ലാത്തത് വലിയ പ്രതിസന്ധിയുണ്ടാക്കുന്നു

ഡല്‍ഹിയിലെ പച്ചക്കറി മാര്‍ക്കറ്രിലെ വ്യാപാരികള്‍ കടകള്‍ അടച്ചിടാന്‍ ആലോചിക്കുന്നു

ഡല്‍ഹിയിലെ സീലാംപൂരില്‍ സൂപ്പര്‍മാര്‍ക്കറ്റ് ഗോഡൗണില്‍ നിന്ന് ഉപ്പ് ചാക്കുകള്‍ മോഷ്ടിച്ചു

മുംബയില്‍ പഴയ നോട്ടുകള്‍ കൊണ്ടുവരുന്നവരില്‍ നിന്ന് പലചരക്ക് കച്ചവടക്കാര്‍ ഉപ്പടക്കമുള്ള സാധനങ്ങള്‍ക്ക് 10 മടങ്ങ് അധിക വില ഈടാക്കുന്നതായി പരാതി

മദ്ധ്യപ്രദേശിലെ ഛത്തര്‍പൂര്‍ ജില്ലയിലുള്ള ബര്‍ദ്വ ഗ്രാമത്തില്‍ 500, 1000 നോട്ടുകള്‍ എടുക്കാതിരുന്നതിനെ തുടര്‍ന്ന് ജനങ്ങള്‍ റേഷന്‍ കട കൊള്ളയടിച്ചു

ഡല്‍ഹിയിലെ ചാന്ദ്‌നി ചൗക്കില്‍ എടിഎമ്മുകള്‍ക്ക് മുന്നില്‍ ഉന്തും തള്ളും ഉണ്ടായി

ഡല്‍ഹിയില്‍ ബാങ്കിന് മുന്നില്‍ സ്ത്രീകള്‍ തമ്മില്‍ അടിപിടിയുണ്ടായി

കൊല്ലം കരുനാഗപ്പള്ളി വവ്വാക്കാട് എസ് ബി ടി ശാഖയുടെ ചില്ലുകള്‍ തകര്‍ന്നു

മുംബയ് ആശുപത്രിയില്‍ 500, 1000 നോട്ടുകള്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ചികിത്സ കിട്ടാതെ നവജാത ശിശു മരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍