UPDATES

ഇതെന്‍റെ ഐഡിയ അല്ല, എന്‍റെ ഐഡിയ ഇങ്ങനല്ല….: നോട്ട് പിന്‍വലിക്കാന്‍ മോദിയെ ഉപദേശിച്ച അനില്‍ ബോകില്‍

അഴിമുഖം പ്രതിനിധി

നോട്ട് അസാധുവാക്കിക്കൊണ്ട് കള്ളപ്പണത്തിനെതിരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പൊടിപൊടിക്കുന്നതിനിടെ മോദിയ്ക്ക് ഈ ഐഡിയ പറഞ്ഞുകൊടുത്തയാളെന്ന പേരില്‍ പ്രശസ്തനമായ അനില്‍ ബോകില്‍ മോദിയെ കൈവിട്ടു. നോട്ട് അസാധുവാക്കല്‍ നടപ്പാക്കിയ രീതിയെ രൂക്ഷമായി വിമര്‍ശിച്ചാണ് അനില്‍ ബോകില്‍ രംഗത്ത് വന്നത്. അര്‍ത്ഥ ക്രാന്തി പ്രതിഷ്ഠാന്‍ എന്ന എന്‍ജിഒയുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ് പൂനെ സ്വദേശിയായ അനില്‍ ബോകില്‍.

ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുന്നിലുള്ള നീണ്ട ക്യൂവും ജനങ്ങളുടെ ദുരിതവും ചൂണ്ടിക്കാട്ടി, തന്‌റെ ഉപദേശം തെറ്റായ രീതിയിലാണ് നടപ്പാക്കപ്പെട്ടതാണെന്നും അനില്‍ ബോകില്‍ പറഞ്ഞു. ചൊവ്വാഴ്ച ന്യൂഡല്‍ഹിയില്‍ പോയി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുന്നുണ്ടെന്നാണ് അനില്‍ ബോകില്‍ പറയുന്നത്. ഇത് സംബന്ധിച്ച് പിഎംഒ പ്രതികരിച്ചിട്ടില്ല.

പ്രധാനമായും അഞ്ച് നിര്‍ദ്ദേശങ്ങളാണ് താന്‍ പ്രധാനമന്ത്രിയുടെ മുന്നില്‍ വച്ചതെന്ന് അനില്‍ ബോകില്‍ പറയുന്നു:

1. നിലവില്‍ പ്രത്യക്ഷത്തിലും പരോക്ഷത്തിലുമുള്ള എല്ലാ കേന്ദ്ര, സംസ്ഥാന, തദ്ദേശ നികുതികളും ഒഴിവാക്കുക.

2. എല്ലാ നികുതിക്കും പകരമായി ബാങ്ക് ട്രാന്‍സാക്ഷന്‍ ടാക്‌സ് ഏര്‍പ്പെടുത്തണം. പണമിടപാടുകള്‍ക്ക് രണ്ട് ശതമാനം ലെവി ചുമത്തണം. ഇതിന്‌റെ വിഹിതം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കും ബാങ്കിനും ലഭിക്കും. ബിടിടി നിരക്ക് തീരുമാനിക്കുന്നത് റിസര്‍വ് ബാങ്കായിരിക്കണം.

3. പണം പിന്‍വലിക്കുമ്പോള്‍ നികുതി ബാധകമാവില്ല.

4. 50 രൂപയ്ക്ക് മുകളിലുള്ള കറന്‍സി നോട്ടുകള്‍ പിന്‍വലിക്കണം.

5. പണമിടപാടുകള്‍ 2000 രൂപയിലേയ്ക്ക് നിജപ്പെടുത്തണം.

മുകളില്‍ പറഞ്ഞ നിര്‍ദ്ദേശങ്ങളെല്ലാം ഒന്നിച്ച് നടപ്പാക്കിയിരുന്നെങ്കില്‍ സാധാരണക്കാരന് ബുദ്ധിമുട്ടുണ്ടാകില്ല എന്നാണ് ബോകിലിന്‌റെ വാദം. അനസ്‌തേഷ്യയില്ലാതെ ഓപ്പറേഷന്‍ നടത്തിയ പോലെ ആയിരുന്നു സര്‍ക്കാരിന്‌റെ നടപടി. ഇതാണ് രോഗികള്‍ക്ക് ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയത്. 2000ല്‍ അര്‍ത്ഥ ക്രാന്തി രൂപീകരിച്ച മുതല്‍ ഇക്കാര്യം ആലോചിച്ച് വരുകയാണ്. 2000 രൂപയുടെ നോട്ട് ഉപേക്ഷിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ചെറിയൊരു വഴിത്തിരിവ് മാത്രം. യഥാര്‍ത്ഥ നടപടികള്‍ വരാനിരിക്കുന്നതേയുള്ളൂ – അനില്‍ ബോകില്‍ കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍